
പോപ് ഇതിഹാസം മൈക്കൽ ജാക്സനുമായി നടത്തിയ കൂടിക്കാഴ്ചയേക്കുറിച്ചോർത്ത് എ.ആർ. റഹ്മാൻ. ഷങ്കർ-രജനികാന്ത് കൂട്ടുകെട്ടിൽ ഇറങ്ങിയ യന്തിരനിൽ മൈക്കൽ ജാക്സൻ പാടേണ്ടതായിരുന്നെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഫ്രീ മലേഷ്യ ടുഡേ ന്യൂസിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ഒരു ചോദ്യത്തിനുത്തരമായാണ് അദ്ദേഹം തന്റെ നടക്കാതെപോയ സ്വപ്നത്തേക്കുറിച്ച് വാചാലനായത്.
2009-ൽ ലോസ് ആഞ്ചലിസിൽ വെച്ചാണ് മൈക്കൽ ജാക്സനും എ.ആർ. റഹ്മാനും കണ്ടുമുട്ടിയത്. 2009-ന്റെ തുടക്കത്തിൽ താൻ ഏജന്റിനൊപ്പം ലോസ് ആഞ്ചലിസിൽ ഉണ്ടായിരുന്നെന്ന് റഹ്മാൻ പറഞ്ഞു. ആ ഏജന്റാണ് അദ്ദേഹത്തിന്റെ സുഹൃത്തും മൈക്കൽ ജാക്സന്റെ കാര്യങ്ങൾ നോക്കുന്ന മറ്റൊരു ഏജന്റിനെ പരിചയപ്പെടുത്തിത്തന്നത്. മൈക്കൽ ജാക്സനെ കാണാൻ പറ്റുമോ എന്ന് താൻ ചോദിച്ചു. ഒരു ഇ മെയിൽ അയക്കാനായിരുന്നു ജാക്സന്റെ ഏജന്റ് ആവശ്യപ്പെട്ടത്. ആദ്യത്തെ ഒരാഴ്ച കഴിഞ്ഞിട്ടും മറുപടി വരാതിരുന്നതുകൊണ്ട് കുഴപ്പമില്ല എന്ന മനോഭാവത്തിലായിരുന്നു താനിരുന്നതെന്ന് റഹ്മാൻ പറഞ്ഞു.
‘ആ സമയത്താണ് എനിക്ക് ഓസ്കർ നോമിനേഷൻ ലഭിക്കുന്നത്. പുരസ്കാരപ്രഖ്യാപനത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കവേ, കൂടിക്കാഴ്ചയ്ക്കു സമ്മതമറിയിച്ച് മൈക്കലിന്റെ മെയിൽ സന്ദേശമെത്തി. പക്ഷേ പുരസ്കാര പ്രഖ്യാപന നിശയിലേക്കുള്ള പ്രകടനത്തിന്റെ പരിശീലനത്തിലായതിനാൽ അപ്പോൾ എനിക്ക് അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയ്ക്ക് വരാൻപറ്റില്ലെന്ന് പറയേണ്ടി വന്നു. ഓസ്കർ പുരസ്കാരം വാങ്ങിയ തൊട്ടടുത്തദിവസംതന്നെ ഞങ്ങൾ കണ്ടു. ജാക്സന്റെ ലോസ് ആഞ്ചലിസിലെ വീട്ടിൽ വൈകീട്ട് ആറരയ്ക്കായിരുന്നു ആ കൂടിക്കാഴ്ച.
സംഗീതത്തെക്കുറിച്ചും ലോകസമാധാനത്തെക്കുറിച്ചുമൊക്കെ ഞങ്ങൾ ദീർഘനേരം സംസാരിച്ചു. സ്ലംഡോഗ് മില്ല്യണയറിലെ ഗാനത്തേക്കുറിച്ച് സംസാരിച്ച അദ്ദേഹം ചില സാങ്കേതികപരമായ കാര്യങ്ങളേക്കുറിച്ചുമുള്ള സംശയങ്ങളും ഉന്നയിച്ചു. അദ്ദേഹത്തിന്റെ മക്കളെ എനിക്കു പരിചയപ്പെടുത്തി. മനസ്സർപ്പിച്ചു നൃത്തം ചെയ്യുന്നതെങ്ങനെയെന്ന് അദ്ദേഹം കാണിച്ചുതന്നു. വളരെ ഹൃദ്യമായ ഒരു കൂടിക്കാഴ്ചയായിരുന്നു അത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ മൈക്കൽ ജാക്സനെ കണ്ടതു മുതലുള്ള എല്ലാ കാര്യങ്ങളും ഞാൻ സംവിധായകൻ ശങ്കറിനോടു പങ്കുവച്ചു. അപ്പോൾ മൈക്കൽ ജാക്സൻ എന്തിരനിൽ പാടുമോ എന്ന് ശങ്കർ എന്നോടു ചോദിച്ചു. അദ്ദേഹം തമിഴില്‍ പാടുമോ എന്നാണ് ഞാന്‍ തിരിച്ചു ചോദിച്ചത്. ഞാൻ മൈക്കൽ ജാക്സനെ വിളിച്ച് സംസാരിച്ചു. നിങ്ങളെന്ത് പറഞ്ഞാലും നമ്മൾ ഒരുമിച്ചത് ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. വീണ്ടും തങ്ങൾ കൂടിക്കാഴ്ച നടത്തി. എന്നാൽ നിർഭാഗ്യവശാൽ അദ്ദേഹത്തെ യന്തിരനിൽ പാടിക്കാൻ സാധിച്ചില്ല. ആ വർഷം ജൂണില്‍ അദ്ദേഹം അന്തരിച്ചുവെന്നും എ.ആർ.റഹ്മാൻ പറഞ്ഞു.