
മലയാളസിനിമകൾ പിൻവലിച്ച നടപടിയിൽ പ്രതിഷേധവുമായി ഫെഫ്ക്ക ഡയറക്ടേഴ്സ് യൂണിയൻ. പി.വി.ആർ കയ്യൂക്ക് കാണിക്കുകയാണെന്ന് ഫെഫ്ക്ക ആരോപിച്ചു. പ്രദർശനം നിർത്തിയതിനെ തുടർന്ന് മലയാള ചിത്രങ്ങൾക്കുണ്ടായ നഷ്ടം നികത്തണം. അല്ലാത്ത പക്ഷം പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല. പിവിആറിനെതിരേ പരസ്യ സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനമെന്നും കൊച്ചിയിൽ വിളിച്ച വാർത്താസമ്മേളനത്തിൽ ഫെഫ്ക ഭാരവാഹികൾ അറിയിച്ചു.
പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.
രണ്ടുദിവസത്തിനു മുമ്പാണ് വിഷു റിലീസായെത്തുന്നതും നിലവിൽ ഓടിക്കൊണ്ടിരിക്കുന്നതുമായ മലയാള ചിത്രങ്ങളുടെ ബുക്കിങ്ങും പ്രദർശനവും പിവിആർ നിർത്തിയത്. ഇതോടെ പ്രദർശിപ്പിച്ചുകൊണ്ടിരുന്നതും വിഷു റിലീസിന് ഒരുങ്ങിയിരുന്നതുമായ സിനിമകൾക്ക് വലിയ നഷ്ടമാണ് ഉണ്ടായതെന്ന് സംവിധായകർ ചൂണ്ടിക്കാണിക്കുന്നു.
മുൻകൂർ ഫീസ് നൽകിയിരുന്നെങ്കിലും തന്റെ ചിത്രം ‘ആടുജീവിത’ത്തിന്റെ പ്രദർശനം ഒരറിയിപ്പുമില്ലാതെ പിവിആർ നിർത്തുകയായിരുന്നെന്ന് സംവിധായകൻ ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെ പ്രദർശനം തുടരാനും അവർ തയ്യാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിവിആർ റിലീസ് നിർത്തിയത് ‘വർഷങ്ങൾക്കു ശേഷ’ത്തിന്റെ റിലീസിനെ ബാധിച്ചു. ഇത് പണത്തിന്റെയോ ലാഭത്തിന്റെയോ പ്രശ്നമല്ല, കലാകാരൻമാരുടെ പ്രശ്നമാണെന്നും വിനീത് ശ്രീനിവാസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സാഹചര്യത്തെ കുറിച്ച് മുഖ്യമന്ത്രിയോടും ലുലു ഗ്രൂപ്പ് ഉടമ യൂസഫലിയോടും സംസാരിച്ചിട്ടുണ്ടെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണൻ അറിയിച്ചു. പിവിആറിനെ നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
പിവിആർ തിയറ്ററുകളുള്ള മാളുകളിൽ ഉൾപ്പെടെ പ്രത്യക്ഷ സമരം നടത്താനാണ് സിനിമാ സംഘടനകളുടെ നീക്കം. വിഷയം മധ്യസ്ഥരുടെ സാന്നിധ്യത്തിൽ പരിഹരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]