
കുറ്റകൃത്യങ്ങളുടെ ഇരുണ്ടലോകത്തെ ഭീതിയോടെ മാത്രമല്ല, കൗതുകത്തോടെയുമാണ് കാലങ്ങളായി ലോകം കണ്ടുവരുന്നത്. കണ്ടാല്‍ ബോധം മറയുന്ന ആ കാഴ്ചകളിലേയ്ക്ക് കൗതുകപൂര്‍വം കണ്ണെറിയുന്നൊരു വിചിത്രമായ ശീലവമുണ്ട് മനുഷ്യര്‍ക്ക്. ഈ കൗതുകത്തിന്റെ ചോരപുരണ്ട എല്ലിന്‍കഷ്ണം ഉറുഞ്ചിയാണ് ബ്രാം സ്റ്റോക്കറും അഗത ക്രിസ്റ്റിയും മുതല്‍ കോട്ടയം പുഷ്പനാഥും പിവി തമ്പിയും വരെയുള്ളവരുടെ അപസര്‍പ്പക കഥകളും കുറ്റാന്വേഷണകഥകളും തഴച്ചുവളര്‍ന്നത്. കഥകള്‍ പുസ്തകത്താളുകളില്‍ നിന്ന് കാലത്തിന്റെ ഒഴുക്കില്‍ സിനിമയിലേയ്ക്കും കോവിഡാനന്തരം വെബ് സീരീസുകളിലേയ്ക്കും ക്രൈം ഡോക്യുമെന്ററികളിലേക്കും വഴിമാറി വളര്‍ന്നു. മൊബൈലും വീടിന്റെ അത്തളങ്ങളും ഒരുക്കിയ ഒടിടികളുടെ സ്വകാര്യത ഹൊറര്‍, ത്രില്ലറുകള്‍ക്ക് കട്ടും മറയുമില്ലാതെ വളരാനുള്ള ഒന്നാന്തരം വിളഭൂമികളായി. എഴുത്തുകാരുടെ വിഭ്രമകരമായ ഭാവനയ്ക്കപ്പുറത്ത് ഭൂതകാലത്തിലേയ്ക്ക് വേരാഴ്ത്തിയാണ് അവര്‍ അന്നവും ഊര്‍ജവും വലിച്ചെടുത്തത്. കാലപ്പഴക്കത്തില്‍ പൊടിപിടിച്ചുപോയ പല യഥാര്‍ഥ സംഭവങ്ങളും അങ്ങനെ മറനീക്കി സ്ക്രീനിലെത്തി. ഒടിടിയില്‍ ആളെക്കൂട്ടുകയും ചെയ്തു.അതില്‍ ക്രൈം ഡോക്യുമെന്ററികളുടെ പങ്ക് വലുതായിരുന്നു. ലോകത്തെ ഞെട്ടിച്ച സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ഈ ഡോക്യുമെന്ററികള്‍ പലതും സിനിമകളെ വെല്ലുന്ന അനുഭവമാണ് നല്‍കുന്നത്, പ്രത്യേകിച്ച് ജനകീയ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സ് ഒരുക്കുന്നവ. നെറ്റ്ഫ്ളിക്സിലെ ഈ സൂപ്പര്‍ഹിറ്റ് ക്രൈം ഡോക്യുമെന്ററികളുടെ അകത്തളത്തിലൂടെ, ആ സംഭ്രമജനകമായ യഥാര്‍ഥ സംഭവങ്ങളിലൂടെ ഒരു യാത്ര….
ഡാന്‍സിങ് ഫോര്‍ ഡെവിള്‍; ദ 7എം ടിക്ക്ടോക്ക് കള്‍ട്ട്
1994 ല്‍ തെക്കന്‍ കൊറിയയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ റോബര്‍ട്ട് ഷിന് എന്ന വ്യക്തി ഷെക്കിന എന്ന പേരില്‍ ഒരു ആത്മീയ കൂട്ടായ്മ സ്ഥാപിക്കുന്നു. പാസ്റ്റര്‍ എന്ന നിലയില്‍ അയാള്‍ പേരെടുക്കുന്നു. സാമ്പത്തികമായും വ്യക്തിപരമായും കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നവരെ തന്റെ അനുയായികളായി ചേര്‍ത്ത് അവരുടെ നിയന്ത്രണം പൂര്‍ണമായും കയ്യിലെടുക്കുന്നു. അവരെ ചൂഷണത്തിന് ഇരയാക്കുന്നു. കാലം മുന്നോട്ട് പോയപ്പോള്‍ റോബര്‍ട്ട് ചുവടുമാറ്റുകയാണ്. 7 എം എന്ന പേരില്‍ ഒരു പബ്ലിക് റിലേഷന്‍ കമ്പനി സ്ഥാപിച്ചാണ് അയാള്‍ ഇരകളെ ആകര്‍ഷിച്ചത്. ടിക് ടോക്കില്‍ തരംഗം സൃഷ്ടിക്കുന്ന യുവാക്കളായ നര്‍ത്തകരായിരുന്നു അയാളുടെ ലക്ഷ്യം. ദൈവഭയം കുത്തിവച്ച് അവരെ തന്റെ സംഘത്തില്‍ ചേര്‍ക്കുന്നു. താന്‍ ദൈവത്തിന്റെ പ്രതിപുരുഷനാണെന്ന് പലരെയും തെറ്റിദ്ധരിപ്പിക്കുന്നു. നര്‍ത്തകരോട് അവരുടെ കുടുംബങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ അവകാശപ്പെടുന്നു. കള്‍ട്ടില്‍ നിന്ന് രക്ഷപ്പെട്ടവരും കള്‍ട്ടില്‍ നിലവില്‍ അംഗങ്ങളായി പ്രവര്‍ത്തിക്കുന്നവരുടെ മാതാപിതാക്കളും നടത്തുന്ന പോരാട്ടമാണ് ഡോക്യുമെന്ററിയുടെ പ്രമേയം. ഇപ്പോള്‍ വലിയ ചർച്ചയായി മാറിയിരിക്കുന്ന 7 എം കള്‍ട്ടിന്റെ മുഖം മൂടിവലിച്ചു കീറുന്ന ഡോക്യുമെന്ററിയാണ് ഡാന്‍സിങ് ഫോര്‍ ഡെവിള്‍; ദ 7എം ടിക്ക്ടോക്ക് കള്‍ട്ട്.
No of episodes: 3
Network: Netflix
Release: October 8, 2021
ഹൗസ് ഓഫ് സീക്രട്ടസ്; ദ ബുരാരി ഡെത്ത്സ്
2018 ജൂലൈ 1, ഡല്‍ഹിയ്ക്ക് സമീപമുള്ള ബുരാരിയിലെ ഭാട്ട്യ കുടുംബത്തിലെ കുടുംബത്തിലെ 11 പേരുടെ മൃതദേഹം കണ്ടെത്തിയ ഞെട്ടലിലായിരുന്നു പോലീസും നാട്ടുകാരും. ഭാട്ട്യ കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന നാരായണ്‍ ദേവിയൊഴികെ മറ്റു പത്തുപേരും തൂങ്ങി മരിച്ച നിലയിലായിരുന്നു. നാരായണ്‍ ദേവിയുടെ കഴുത്തിലെ പാടുകള്‍ കൊലപാതകത്തിലേക്കും വിരല്‍ ചൂണ്ടി. ദേശീയ മാധ്യമങ്ങളിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും ബുരാരിയിലെ കഥ കാട്ടുതീ പോലെ പടര്‍ന്നു. എന്തായിരുന്നു ഈ കുടുംബത്തില്‍ സംഭവിച്ചത്? ആരാണ് ഇവരെ മരണത്തിലേക്ക് തള്ളിവിട്ടത്? അതിനുള്ള ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഹൗസ് ഓഫ് സീക്രട്ടസ്; ദ ബുരാരി ഡെത്ത്സ് എന്ന ഡോക്യുമെന്ററി. ലീന യാദവ്, അനുഭവ് ചോപ്ര എന്നിവരാണ് ഡോക്യുമെന്ററിയുടെ സംവിധായകര്‍.
House of Secrets: The Burari Deaths
Genre: Documentary
Network: Netflix
Release: October 8, 2022
ഡോണ്ട് ഫക്ക് വിത്ത് കാറ്റ്സ്; ഹണ്ടിങ് ആന്‍ ഇന്‍ര്‍നെറ്റ് കില്ലര്‍
പത്ത് വര്‍ഷം മുന്‍പൊരു ദിവസം യൂട്യൂബില്‍ ഒരു വീഡിയോ പ്രത്യക്ഷപ്പെടുന്നു. ‘വണ്‍ ബോയ് ആന്റ് ടു കിറ്റെന്‍സ് (ഒരു ആണ്‍കുട്ടിയും രണ്ടു പൂച്ചക്കുഞ്ഞുങ്ങളും)’ എന്ന കുറിപ്പോടെ. സ്വര്‍ണമുടിക്കാരനായ ഒരു വെളുത്ത ഇരുപതുകാരനാണ് സ്ക്രീനില്‍. മുഖം ഒട്ടും വ്യക്തമല്ല. അയാള്‍ രണ്ട് പൂച്ചക്കുഞ്ഞുങ്ങളെ ഒരു പ്ലാസ്റ്റിക് കവറിനുള്ളില്‍ ഇറക്കിവയ്ക്കുന്നു. എന്നിട്ട് വാക്വം ക്ലീനറിന്റെ സഹായത്തോടെ അവയെ ശ്വാസം മുട്ടിക്കുന്നു. വൈകിയില്ല. ക്രൂരമായ ആ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ആളുകള്‍ വൈകാരികമായി തന്നെ പ്രതികരിച്ചു. യുവാവിനെ കണ്ടെത്തണമെന്നും ശിക്ഷിക്കണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍, സമൂഹ മാധ്യമങ്ങളിലെ അല്പായുസ്സായ വൈകാരിക പ്രതികരണങ്ങള്‍ പെട്ടെന്നുതന്നെ കെട്ടടങ്ങി. ആളുകള്‍ ഈ ദാരുണസംഭവം മറന്നു.
ആള്‍ക്കൂട്ടത്തിന്റെ മറവിരോഗത്തിന് കീഴ്പ്പെടാത്തവരും ഉണ്ടായിരുന്നു. മറക്കാനും പൊറുക്കാനും തയ്യാറാകാത്തവര്‍. ഡെന്ന തോംസണ്‍ എന്ന ഗെയിം അനലിസ്റ്റും ജോണ്‍ ലെന് എന്ന സാങ്കേതിക വിദഗ്ധനുമായിരുന്നു അവരില്‍ രണ്ടു പേര്. കൊലപാതകിയെ കണ്ടെത്താനായി അവര്‍ ഫെയ്സ്ബുക്കില്‍ ഒരു ഗ്രൂപ്പ് തുടങ്ങി. കണ്ണും കാതും തുറന്നിരുന്നു. കൊലപാതകിയെ തിരിച്ചറിയാനായി ആദ്യം അയാളുടെ വീഡിയോ ഡീ കോഡ് ചെയ്തു.
പൂച്ചക്കുഞ്ഞുങ്ങളെ കൊല്ലുന്ന വീഡിയോ പോസ്റ്റ് ചെയ്ത അക്കൗണ്ടില്‍ മറ്റൊരു വീഡിയോകൂടി അയാള്‍ പോസ്റ്റ് ചെയ്തിരുന്നു.അത് ലിയനാര്‍ഡോ ഡികാപ്രിയോ, ടോം ഹാങ്ക്സ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കാച്ച് മീ ഈഫ് യു കാന്‍ എന്ന സിനിമയിലെ ദൃശ്യങ്ങള്‍. ‘നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ എന്നെ കണ്ടെത്തുക’, അത് അയാളുടെ വെല്ലുവിളിയായിരുന്നു. വൈകാതെ യൂട്യൂബില്‍ മറ്റൊരു വീഡിയോ പ്രത്യക്ഷപ്പെട്ടു. ഒരു പൂച്ചക്കുഞ്ഞിനെ തീയിട്ടു കൊല്ലുന്നതായിരുന്നു ഇക്കുറി. അയാള്‍ പിന്നെയും വ്യത്യസ്ത രീതികളില്‍ പൂച്ചകളെ കൊന്നുകൊണ്ടേയിരുന്നു. വീഡിയോകളുടെ ചുവടുപിടിച്ച് ഡെന്നയും ജോണും അയാള്‍ക്കു പിന്നാലെ സഞ്ചാരവും തുടങ്ങി.
കൊലപാതകങ്ങള്‍ പൂച്ചയില്‍ നിന്നില്ല. അതു മനുഷ്യരിലേക്കു പടര്‍ന്നു. കൈകാലുകള്‍ കെട്ടിയിട്ട്, ഒരാളെ അതിക്രൂരമായി കുത്തിക്കൊല്ലുന്നതായിരുന്നു അടുത്ത വീഡിയോ. അപ്പോഴാണ് നിയമവും പോലീസും കണ്ണു തുറക്കുന്നത്. താമസിയാതെ അയാള്‍ക്കൊരു പേരു കിട്ടി. ക്യാറ്റ് കില്ലര്‍. പൂച്ചക്കൊലയാളി. ക്യാറ്റ് കില്ലര്‍ മാധ്യമ വാര്‍ത്തകളില്‍ നിറഞ്ഞു. വീഡിയോയില്‍ അയാള്‍ കൊലപ്പെടുത്തിയ യുവാവിന്റെ ജഡം കിട്ടിയതോടെ പോലീസും ഞെട്ടി. അയാള്ക്കൊയി പോലീസ് ഒരുക്കിയ വലയില്‍നിന്ന് ഏറെ അകന്ന്, അതെല്ലാം ആസ്വദിച്ച് ക്യാറ്റ് കില്ലറെന്ന സൈക്കോപാത്ത് തന്റെ അടുത്ത വേട്ടയ്ക്കായി ഒരുങ്ങി.
ആരാണ് ക്യാറ്റ് കില്ലര്‍? അയാള്‍ എന്തിനിതെല്ലാം ചെയ്തു? പോലീസ് പിടികൂടിയ വ്യക്തി നിരപരാധിയായിരുന്നുവോ? അയാള്‍ക്ക് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ? ജോണ്‍ ഗ്രീനും ഡെന്നാ തോംസണും കേണ്ടെത്തിയ വിവരങ്ങള്‍ എന്തൊക്കെയായിരുന്നു?
അതിനുള്ള ഉത്തരമാണ് മാര്‍ക്ക് ലൂവിസ് സംവിധാനം ചെയ്ത ഡോണ്ട് ഫക്ക് വിത്ത് കാറ്റ്സ്; ഹണ്ടിങ് ആന്‍ ഇന്‍ര്‍നെറ്റ് കില്ലര്‍ എന്ന ഡോക്യുമെന്ററി. മൂന്ന് എപ്പിസോഡുകളില്‍ ക്രൂരമായ സത്യത്തിന്റെ മുഖം തെളിയുന്നു. നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്ത ക്രൈം ഡോക്യുമെന്ററി സിരകളെ മരവിപ്പിക്കും. ഡെന്നയുടെയും ജോണിന്റെയും അന്വേഷണത്തിലൂന്നിയാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്. സംഭവം അതേപടി പുനരാവിഷ്കരിക്കുകയായിരുന്നില്ല സംവിധായകന്. ആശ്രയിച്ചത് യഥാര്‍ഥ വീഡിയോ ഫൂട്ടേജുകളെയും ചിത്രങ്ങളെയും. ആരായിരുന്നു അയാള്‍…? ഒരു ക്രൈം ത്രില്ലര്‍ സിനിമ കാണുന്ന അതേ നെഞ്ചിടിപ്പോടെ മാത്രമേ ഈ ഡോക്യുമെന്ററി കണ്ടു തീര്‍ക്കാനാകൂ.
Don’t F**k with Cats: Hunting an Internet Killer
Genre: Documentary
No of episodes: 3
Network: Netflix
Release: December 18, 2019
ഇന്ത്യന്‍ പ്രെഡേറ്റര്‍; ദ ഡയറി ഓഫ് എ സീരിയല്‍ കില്ലര്‍
ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തിലെ മാധ്യമപ്രവര്‍ത്തകന്റെ തിരോധാനം. ദിവസങ്ങള്‍ നീണ്ട അന്വേഷണം എത്തുന്നത് നാട്ടിലെ മാന്യനായ ഒരു വ്യക്തിയിലേക്ക്. പോലീസ് പരമാവധി ചോദ്യം ചെയ്തിട്ടും അയാള്‍ ഒന്നും വിട്ടു പറയുന്നില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അയാളില്‍ നിന്ന് ഒരു ഡയറി കണ്ടെടുക്കുന്നു. അതില്‍ പതിനാലോളം പേരുകള്‍ കുറിച്ചിരിക്കുന്നു. സമീപപ്രദേശത്ത് നിന്ന് വ്യത്യസ്ത കാലഘട്ടങ്ങളില്‍ കാണാതായവരുടെ പേരുകളായിരുന്നു എന്നതാണ് പോലീസിനെ നടുക്കിയത്. വിശദമായ അന്വേഷണത്തില്‍ ചുരുളഴിയുന്നത് സീരിയല്‍ കൊലയാളിയുടെ നടുക്കുന്ന ക്രൂരതയിലേക്കാണ്. ഇന്ത്യന്‍ പ്രെഡേറ്റര്‍; ദ ഡയറി ഓഫ് എ സീരിയല്‍ കില്ലര്‍ എന്ന ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത് ഉത്തര്‍പ്രദേശില്‍ നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ്. ധീരജ് ജിണ്ടാലാണ് സംവിധായകന്.
രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. അലഹാബാദിലെ ആജ് എന്ന പ്രാദേശിക പത്രത്തില്‍ ജോലി ചെയ്യുന്ന ധീരേന്ദ്ര സിംഗ് എന്ന മാധ്യമപ്രവര്‍ത്തകനെ കാണാതാകുന്നു. ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വരുമെന്ന വാക്കു നല്‍കിയാണ് ധീരേന്ദ്ര സിംഗ് ജോലി സ്ഥലത്തേക്ക് പോയത്. അദ്ദേഹം തിരികെ വരാതായപ്പോള്‍ പരിഭ്രാന്തരാകുന്ന കുടുംബാംഗങ്ങള്‍ ജോലി സ്ഥലത്തും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ വിശദമായി അന്വേഷിക്കുന്നു. ഒടുവില്‍ പോലീസില്‍ പരാതി നല്കുന്നു. ധീരേന്ദ്ര സിംഗിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആ ഗ്രാമത്തിലെ മാന്യനും മൃദുഭാഷിയുമായ ഒരു വ്യക്തിയിലേക്ക് അന്വേഷണം ചെന്നെത്തുന്നത്. തുടര്‍ന്ന് അയാളുടെ ഡയറിയിലേക്കും അവിടെ നിന്ന് ഇതുവരെ ചുരുളഴിയാത്ത ഒട്ടനവധി പേരുടെ തിരോധാനത്തിലേക്കും പോലീസ് കടന്നു ചെല്ലുന്നു.
അനുതാപമൊട്ടുമില്ലാത്ത, മറ്റുള്ളവര്‍ക്ക് മേല്‍ അധികാരവും നിയന്ത്രണവും ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി ഒരു സൈക്കോ നടത്തിയ കൊലപാതകമാണിതെന്നാണ് പോലീസ് ഭാഷ്യം. കൊലപ്പെടുത്തിയ ശേഷം ഇരയുടെ തലച്ചോറ് പുറത്തെടുത്ത് അത് സൂപ്പാക്കി ഭക്ഷിക്കുന്നതാണ് അയാളുടെ രീതിയെന്നും പോലീസ് പറയുന്നു. പ്രതിയായ വ്യക്തിയ്ക്ക് യാതൊരു കുറ്റബോധവുമില്ലെന്ന് പോലീസ് അടിവരയിട്ട് പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥരും മനശാസ്ത്ര വിദഗ്ധരും ധീരേന്ദ്ര സിംഗിന്റെയും പ്രതിയുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഡോക്യുമെന്ററിയില്‍ അതിഥികളായെത്തുന്നു. കൊലപാതകങ്ങളില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി തന്നെ നേരിട്ടെത്തി, താന്‍ നിരപരാധിയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതാണ് ഡോക്യുമെന്ററിയെ വ്യത്യസ്തമാക്കുന്നത്. ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറയുന്നത് എന്തുകൊണ്ട്? അതിനുള്ള തെളിവുകള്‍ എന്തെല്ലാം? യഥാര്‍ഥത്തില്‍ ഇയാള്‍ കുറ്റം ചെയ്തിട്ടുണ്ടോ? പിന്നോക്ക സമുദായത്തിലെ അംഗമായ ഇയാളുടെ രാഷ്ട്രീയ വളര്‍ച്ചയില്‍ അസൂയാലുക്കളായവരുടെ ചതിയോ? ഇതെല്ലാം പ്രേക്ഷകരുടെ യുക്തിയ്ക്ക് വിട്ടു നല്‍കുകയാണ് ഇന്ത്യന്‍ പ്രെഡേറ്റര്‍; ദ ഡയറി ഓഫ് എ സീരിയല്‍ കില്ലര്‍.
Indian Predator: The Diary of a Serial Killer
Genre: Documentary
No of episodes: 3
Network: Netflix
Release: 7 September 2022
കറി ആന്റ് സയനൈഡ് ; ദ ജോളി ജോസഫ് കേസ്
2019 ഒക്ടോബര്‍ 4, കോഴിക്കോട് ജില്ലയിലെ കൂടത്തായിയില്‍ നാല് മനുഷ്യരെ അടക്കം ചെയ്ത ലൂര്‍ദ് മാതാ പള്ളി സെമിത്തേരിയിലെ രണ്ട് കല്ലറകളും രണ്ടുപേരെ അടക്കം ചെയ്ത കോടഞ്ചേരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിലെ ഒരു കല്ലറയും പോലീസ് അന്വേഷണത്തിന്റെ ഭാഗമായി തുറക്കുന്നു. പോലീസ് എന്തിനാണ് ഈ പഴയ കല്ലറകള്‍ കുത്തിത്തുറക്കുന്നത് എന്നറിയാനുള്ള കൗതുകത്തില്‍ നാട്ടുകാര്‍ ചുറ്റും കൂടി. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ എട്ട് ഫൊറന്‍സിക് ഡോക്ടര്‍മാര്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു മൃതദേഹങ്ങള്‍ പരിശോധിച്ചത്. 2019 ഒക്ടോബര്‍ നാലിന് ആറ് മൃതദേഹങ്ങള്‍ പരിശോധിച്ചു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ എട്ട് ഫൊറന്‍സിക് ഡോക്ടര്‍മാര്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് 2019 ഒക്ടോബര്‍ നാലിന് ആറ് മൃതദേഹങ്ങള്‍ വിശദമായി പരിശോധിച്ച് സാംപിളുകള്‍ ശേഖരിച്ചു.
ഒരു വ്യാജ ഒസ്യത്തിന്മേല് തുടങ്ങിയ അന്വേഷണം ഒടുവില്‍ ചെന്നെത്തിയത് പൊന്നാമറ്റം കുടുംബത്തിലേതടക്കം ആറ് പേരുടെ മരണത്തിന്റെ കാരണങ്ങളിലേക്കാണ്. കൃത്യം രണ്ട് ദിവസങ്ങള്‍ക്ക് ശേഷം പൊന്നാമറ്റം കുടുംബത്തിലെ മരുമകള്‍ ജോളി ജോസഫ് അറസ്റ്റിലാകുന്നു. പിന്നീട് ചുരുളഴിഞ്ഞത് 2001 മുതല്‍ ആരംഭിച്ച കൊലപാതക പരമ്പരയുടെ രഹസ്യങ്ങളാണ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണ് കൂടത്തായി സയനൈഡ് കൊലപാതകം. അതുകൊണ്ടു തന്നെ ഈ കേസിനെ ആസ്പദമാക്കി ക്രിസ്റ്റോ ടോമി, ശാലിനി ഉഷാദേവി എന്നിവര്‍ ഒരുക്കിയ കറി ആന്റ് സയനൈഡ് ; ദ ജോളി ജോസഫ് കേസ് എന്ന ഡോക്യുമെന്ററി വലിയ ശ്രദ്ധയാണ് നേടിയത്. സസ്പെന്‍സ് നിറഞ്ഞ കഥപറച്ചില്‍ ശൈലിയാണ് ഡോക്യുമെന്ററിയുടെ ഏറ്റവും വലിയ ആകര്‍ഷണം.
Curry & Cyanide: The Jolly Joseph Case
Genre: Documentary
Directed by: Christo Tomy
No of episodes: 3
Network: Netflix
Release: 22 December 2023
ദ പപ്പറ്റ് മാസ്റ്റര്‍
സ്വന്തം കുട്ടികളുമായി വളരെ സന്തോഷത്തോടെ കുടുംബജീവിതം നയിക്കുന്ന സാന്ദ്ര. ഭര്‍ത്താവ് പീറ്ററില്‍നിന്ന് വിവാഹബന്ധം വേര്‍പ്പെടുത്തിയെങ്കിലും അദ്ദേഹവുമായി മനോഹരമായ സൗഹൃദം കാത്തുസൂക്ഷിക്കുകയും കുട്ടികളുടെ ഉത്തരവാദിത്തം പങ്കുവയ്ക്കുകയും ചെയ്യുന്നു ഈ നാല്‍പ്പതുകാരി. ഒരു ദിവസം സാന്ദ്രയുടെ ജീവിതത്തിലേക്ക് പ്രണയം നടിച്ച് ഡേവിഡ് എന്നൊരാള്‍ കടന്നുവരുന്നു. ആദ്യം മനോഹരമായ സമ്മാനങ്ങള്‍, ആഡംബര യാത്രകള്‍. ഒടുവില്‍ കുടുംബത്തിന്റെ സര്‍വ്വാധികാരം അയാള്‍ ഏറ്റെടുക്കുന്നു. വേണ്ടപ്പെട്ടവരില്‍ നിന്നെല്ലാം ആ കുടുംബത്തെ അയാള്‍ അകറ്റുന്നു. സാമ്പത്തികമായി ചൂഷണം ചെയ്യുന്നു. അമ്മയെയും കുട്ടികളെയും പരസ്പരം പോരടിപ്പിക്കുന്നു. ഒടുവില്‍ സാന്ദ്ര അയാള്‍ക്കൊപ്പം അപ്രത്യക്ഷയാകുന്നു.
ഇംഗ്ലണ്ടിലെ ഒരു കോളേജ് കാമ്പസിന്റെ പരിസരത്താണ് മറ്റൊരു കഥ നടക്കുന്നത്. ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സിയായ എം.ഐ 5-ന്റെ ഏജന്റ് എന്ന വ്യാജേന ഒരാള്‍ അവിടുത്തെ ഏതാനും വിദ്യാര്‍ഥികളുമായി സൗഹൃദം സ്ഥാപിക്കുന്നു. ഐ.ആര്.എ.(ഐറിഷ് റിപബ്ലിക്കന്‍ ആര്‍മി) സെല്ലിന്റെ ഭീഷണിയെക്കുറിച്ച് അന്വേഷിക്കാനാണ് താന്‍ ഇവിടേക്ക് വന്നതെന്നും വിദ്യാര്‍ഥികള്‍ അവരുടെ ഭീഷണിയിലാണെന്നും പറഞ്ഞു ധരിപ്പിക്കുന്നു. തനിക്കൊപ്പം വന്നാല്‍ ജീവന് ഭീഷണിയില്ലാതെ സംരക്ഷിക്കാമെന്നും കുടുംബാംഗങ്ങള്‍ പോലും അറിയരുതെന്നും ഇയാള്‍ വിദ്യാര്‍ഥികളോട് പറയുന്നു. അയാളുടെ വാക്കുകളെ വിശ്വസിച്ച് രണ്ടു പെണ്കുട്ടികളക്കമുള്ള മൂന്ന് വിദ്യാര്‍ഥികള്‍ യാത്ര ആരംഭിക്കുന്നു. കുടുംബാംഗങ്ങളില്‍നിന്ന് അകറ്റി, അവരെ തന്റെ വരുതിയിലാക്കി, സാമ്പത്തികമായ ചൂഷണം ചെയ്ത് ഇയാള്‍ ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലേക്കും വിദ്യാര്‍ഥികളുമായി യാത്ര ചെയ്യുന്നു. ഭയപ്പാടോടെ അഭയാര്‍ഥികളെപ്പോലെ നീണ്ട പത്ത് വര്‍ഷമാണ് ഈ മൂവര്‍ സംഘം ഇയാളുടെ നിയന്ത്രണത്തില്‍ ജിവിച്ചത്. ഒടുവില്‍ ഇയാളുടെ കള്ളങ്ങള്‍ തിരിച്ചറിയുമ്പോഴാണ് തങ്ങള്‍ക്ക് സംഭവിച്ച നഷ്ടങ്ങള്‍ എത്രത്തോളം വലുതാണെന്ന് അവര്‍ മനസ്സിലാക്കുന്നത്.
മാനസികമായും സാമ്പത്തികമായും അങ്ങനെ എല്ലാ തലത്തിലും ഇയാളുടെ തട്ടിപ്പിനിരയായി തകര്‍ന്നത് ഒട്ടേറെ ജീവിതങ്ങള്‍, കുടുംബങ്ങള്‍. ദ പപ്പറ്റ് മാസ്റ്റര്‍; ഹണ്ടിങ് ദ അള്‍ട്ടിമേറ്റ് കോണ്‍മാന്‍ എന്ന ഡോക്യുമെന്ററി ചിത്രം അക്ഷരാര്‍ഥത്തില്‍ സിരകളെ മരവിപ്പിക്കും. നെറ്റ്ഫ്ളിക്സില്‍ പുറത്തിറങ്ങിയിരിക്കുന്ന ഈ ഡോക്യുമെന്ററി മൂന്ന് എപ്പിസോഡുകളായാണ് ഒരുക്കിയിരിക്കുന്നത്. തട്ടിപ്പിനിരയായ വ്യക്തികളിലൂടെ അവരുടെ വേദന നിറഞ്ഞ അനുഭവങ്ങളിലൂടെയാണ് ദ പപ്പറ്റ് മാസ്റ്റര്‍ സഞ്ചരിക്കുന്നത്. ഒടുവില്‍ ആ വഞ്ചകനിലേക്കും.
The Puppet Master: Hunting the Ultimate Conman
Genre: Documentary
No of episodes: 3
Network: Netflix
Release: 18 January 2022
‘കാച്ചിങ് കില്ലേഴ്സ്’
ഒരാള്‍ മറ്റൊരാളുടെ ജീവനെടുക്കുന്നതിനേക്കാള്‍ നീചമായ ഒരു പ്രവൃത്തിയുണ്ടോ? കേവലം ആത്മരതിക്ക് വേണ്ടിയാണ് ആ കൊലപാതകങ്ങളെങ്കിലോ? അത്തരം കൊലയാളികളെ സീരിയല്‍ കില്ലേഴ്സ് അല്ലെങ്കില്‍ പരമ്പര കൊലയാളികള്‍ എന്ന് വിളിക്കും. അവരില്‍ ഏറ്റവും കൗശലമുള്ളവര്‍ പതിറ്റാണ്ടുകളോളം കാണാമറയത്തിരുന്ന് ഇരകളെ വെട്ടയാടിപ്പിടിക്കും സമൂഹത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തും. അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം കറക്കും. അത്തരത്തിലുള്ള ഏതാനും പരമ്പര കുറ്റവാളികളെ തേടിയുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ യാത്രയാണ് ‘കാച്ചിങ് കില്ലേഴ്സ്’ എന്ന ഡോക്യുമെന്ററി പരമ്പര. നെറ്റ്ഫ്ളിക്സില്‍ രണ്ടു സീസണുകളായി പുറത്തിറക്കിയിരിക്കുന്ന ഈ ഡോക്യുമെന്ററി സീരീസ് അക്ഷരാര്‍ഥത്തില്‍ സിരകളെ മരവിപ്പിക്കും.
തുടര്‍കൊലപാതകങ്ങളുടെ ഭീതിയില്‍ സമൂഹം വിറങ്ങലിച്ചു നില്ക്കുന്ന അവസ്ഥയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്ന മാനസികസംഘര്‍ഷം വാക്കുകള്‍ക്ക് അതീതമാണ്. സൗഹൃദങ്ങള്‍, കുടുംബം, കുട്ടികള്‍ തുടങ്ങിയ ചിന്തകളെല്ലാം മാറ്റിവച്ചുകൊണ്ട്, ഇരുപത്തിനാല് മണിക്കൂറും ഔദ്യോഗികകൃത്യത്തിനായി മാറ്റി വയ്ക്കുമ്പോള്‍ മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ അറിയാതെ ഒപ്പം കൂടും. വര്‍ഷങ്ങള്‍ നീണ്ട പ്രയത്നത്തിന് ശേഷം കുറ്റവാളികളെ വെളിച്ചത്തേക്ക് കൊണ്ടുവരുമ്പോള്‍ ഇവര്‍ വിസ്മൃതിയിലേക്ക് ആഴ്ന്നുപോകും. അവരെ ലോകത്തിന് പരിചയപ്പെടുത്തുകയാണ് ഈ ഡോക്യുമെന്ററി. ക്രൈം ത്രില്ലര്‍ സിനിമകളെ വെല്ലുന്ന തരത്തിലാണ് ‘കാച്ചിങ് കില്ലര്‍’ ഒരുക്കിയിരിക്കുന്നത്.
സൈമണ്‍ ഡെക്കര്‍, ഡയാനാ സോള്‍ വാക്കോ എന്നിവര്‍ നിര്‍മിച്ചിരിക്കുന്ന ഈ ഡോക്യുമെന്ററി സീരീസിന്റെ ആദ്യഭാഗം 2021 ലാണ് പുറത്തിറങ്ങിയത്. രണ്ടാംഭാഗം 2022 ലും. ദ ഗ്രീന്‍ ലിവര്‍ കില്ലര്‍, ദ ഹാപ്പി ഫേസ് കില്ലര്‍, ബിടികെ കില്ലര്‍, ഫീനിക്സ് കില്ലര്‍ തുടങ്ങിയ കൊടുംകുറ്റവാളികളിലേക്കുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ അവിശ്വനീയമായ യാത്രയാണ് ഈ സീരീസില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
Catching Killers
Genre: Documentary
Network: Netflix
Release: 8 December 2021
ടിന്റെര്‍ സ്വിന്റ്ലര്‍
സുന്ദരന്‍, സുമുഖന്‍, വിലയേറിയ വസ്ത്രധാരണം, തൊഴില്‍ വജ്രവ്യാപാരം, പ്രൈവറ്റ് ജെറ്റില്‍ യാത്ര, താമസം ആഡംബര ഹോട്ടലുകളില്‍, ചുറ്റും നിറയെ അംഗരക്ഷകരും സുഹൃത്തുക്കളും, ഡേറ്റിങ് ആപ്പായ ടിന്റെറിലൂടെ ഒട്ടനവധി യുവതികളുടെ ഹൃദയംകവര്‍ന്ന ഒരാളുടെ യഥാര്‍ഥ ജീവിതത്തിലേക്ക് വെളിച്ചം വീശുകയാണ് ടിന്റെര്‍ സ്വിന്റ്ലര്‍ എന്ന ഡോക്യുമെന്ററി. ഫെലിസിറ്റി മോറിസാണയാണ് ഡോക്യുമെന്ററിയുടെ സംവിധായിക. തട്ടിപ്പിന് ഇരയായ യുവതികളുടെ അനുഭവത്തിലൂടെയാണ് ഡോക്യുമെന്ററി കഥപറഞ്ഞു തുടങ്ങുന്നത്. യൂറോപ്പിലൊട്ടാകെ അയാള്‍ നടത്തിയ തട്ടിപ്പില്‍ ഒട്ടനവധി യുവതികളാണ് ഇരയായത്. 10 മില്യണ്‍ ഡോറളാണ് അയാള്‍ ഈ വിധത്തില്‍ മാത്രം തട്ടിച്ചത്.
കൗമാരകാലം മുതല്‍ തന്നെ സൈമണ്‍ വിവിധ തട്ടിപ്പുകേസുകളില്‍ പ്രതിയായിട്ടുണ്ട്. പലപ്പോഴും പിടിക്കപ്പെട്ടുവെങ്കിലും അയാള്‍ വിദഗ്ധമായി രക്ഷപ്പെട്ടുകൊണ്ടേയിരുന്നു. അതു തന്നെയായിരുന്നു ഇയാളുടെ ആത്മവിശ്വാസം ഇരട്ടിയാക്കിയത്. ഒരു കൊമേഴ്സ്യല്‍ മസാല പടത്തേക്കാള്‍, നോവലിനേക്കാള്‍ അതിശയമായി തോന്നുന്നതാണ് സൈമണിന്റെ ഭീകരമായ തട്ടിപ്പിന്റെ ചരിത്രം.
The Tinder Swindler
Genre: Documentary
No of episodes: 3
Network: Netflix
Release: 2 February 2022
ക്രൈം സീന്‍; ദ ടൈംസ് സ്ക്വയര്‍ കില്ലര്‍
1970 കളുടെ അവസാനത്തില്‍ ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറിലും ന്യൂജേഴ്സിയിലും അരങ്ങേറിയ തുടര്‍കൊലപാതകങ്ങളുടെ നേര്‍ക്കാഴ്ചയാണ് ക്രൈം സീന്‍; ദ ടൈംസ് സ്ക്വയര്‍ കില്ലര്‍ എന്ന ഡോക്യുമെന്ററി ചിത്രം. പോണ് വ്യവസായവും അതുമായി ബന്ധപ്പെട്ട പീപ്പ് ഷോകളും മറ്റും ടൈം സ്ക്വയറില്‍ കൊടിക്കുത്തിവാണിരുന്ന കാലത്ത് സ്ത്രീകള്‍ക്കെതിരേ പ്രത്യേകിച്ച് ലൈംഗികത്തൊഴിലാളികള്ക്കെതിരേ അതിക്രൂരമായ അതിക്രമങ്ങളാണ് 1970-1985 കാലഘട്ടത്തില്‍ ടൈം സ്ക്വയറിലും പരിസരപ്രദേശത്തും അരങ്ങേറിയിരുന്നത്.
ലൈംഗികത്തൊഴില്‍ നിയമവിരുദ്ധപ്രവര്ത്തിയായി കണക്കാക്കിയതിനാല്‍ ഇവര്‍ക്ക് അക്രമത്തിനിരയാകുന്നവര്‍ക്ക് പലപ്പോഴും നീതി നിഷേധിക്കപ്പെട്ടിരുന്നു. ഈ സാഹചര്യം ചൂഷകര്‍ നന്നായി ഉപയോഗിച്ചു. ടൈംസ് സ്ക്വയറിലെ കുത്തഴിഞ്ഞ കാലത്തിന്റെ അതിഭയാനകമായ അധ്യായമാണ് ടോര്‍സോ കില്ലറിന്റേത്.
ന്യൂയോര്‍ക്ക് സിറ്റി ഹോട്ടല്‍ റൂമില്‍ തലയും ഇരുകൈകളും നീക്കം ചെയ്ത നിലയില്‍ രണ്ടു സ്ത്രീകളുടെ മൃതദേഹം കണ്ടെത്തുന്നിടത്താണ് ടോര്‍സോ കില്ലറിന്റെ കഥ ആരംഭിക്കുന്നത്. കുറ്റാന്വേഷണത്തിലെ ഡി.എന്‍.എ പോലുള്ള സാങ്കേതിക വിദ്യ നിലവില്‍ വന്നിട്ടില്ലാത്ത കാലമായതിനാല്‍ കൊല്ലപ്പെട്ട സ്ത്രീകള്‍ ആരാണെന്ന് തിരിച്ചറിയുന്നത് ദുഷ്കരമാകുന്നു. ഇരകളിലേക്കും കൊലപാതകിയിലേക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തുന്ന സംഭവബഹുലമായ യാത്രയാണ് ഡോക്യുമെന്ററിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. തുടക്കത്തില്‍ കുറ്റം നിഷേധിക്കുന്ന കൊലപാതകി വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ കൊടുംക്രൂരതയുടെ കഥകളുടെ കെട്ടഴിക്കുന്നു. എന്പതിലേറെ സ്ത്രീകള്‍ തന്റെ ഇരയായിട്ടുണ്ടെന്നാണ് ടോര്‍സോ കില്ലറിന്റെ അവകാശവാദം. അമേരിക്കന്‍ സംവിധായകന് ജോ ബെര്ലിംഗറാണ് ക്രൈം സീന്‍; ദ ടൈം സ്ക്വയര്‍ കില്ലറിന്റെ സംവിധായകന്.
Crime Scene: The Times Square Killer
Genre: Documentary
No of episodes: 3
Network: Netflix
Release: December 29, 2021
‘ദ ഇന്ദ്രാണി മുഖര്‍ജി സ്റ്റോറി; ബറീഡ് ട്രൂത്ത്’
ഷീന ബോറ ജീവിച്ചിരുപ്പുണ്ടോ? അതോ മരണപ്പെട്ടുവോ, അമ്മ ഇന്ദ്രാണി മുഖര്‍ജിയാണോ ഷീനയുടെ കൊലപാതകി? ഈ സംശയങ്ങള്‍ക്ക് മറുപടിയായി ഇന്ദ്രാണിയ്ക്ക് പറയാനുള്ളത് എന്താണ്? അതിനുള്ള ഉത്തരം എന്ന് അവകാശപ്പെട്ടാണ് ഷീന ബോറ കൊലക്കേസിനെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് ഒരുക്കിയ ‘ദ ഇന്ദ്രാണി മുഖര്‍ജി സ്റ്റോറി; ബറീഡ് ട്രൂത്ത്’ എന്ന ഡോക്യുമെന്ററി പുറത്തിറങ്ങിയത്. അസമിലെ ഗുവാഹട്ടിയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് ഐ.എന്‍.എക്സ് മീഡിയയുടെ സ്ഥാപക എന്ന നിലയില്‍ പേരും പ്രശസ്തിയും നേടിയ ഇന്ദ്രാണിയുടെ വളര്‍ച്ച സമാനതകളില്ലാത്തതാണ്. എന്നാല്‍ ഇന്ദ്രാണി പിന്‍കാലത്ത് പ്രശസ്തി നേടുന്നത് മകള്‍ ഷീന ബോറയുടെ ഘാതക എന്ന നിലയിലാണ്.2015 ആഗസ്റ്റ് 25 ന് അറസ്റ്റിലായ ഇന്ദ്രാണി, ആറ് വര്‍ഷത്തിന് ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങി. കേസിന്റെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. അതിനിടെയാണ് ഡോക്യുമെന്ററി പുറത്തുവരുന്നത്. ഇന്ദ്രാണി നേരിട്ടെത്തി സംസാരിക്കുന്നത് തന്നെയാണ് ഈ ഡോക്യുമെന്ററിയെ ശ്രദ്ധേയമാക്കുന്നത്.
The Indrani Mukerjea Story: Buried Truth
Genre: Documentary
No of episodes: 4
Network: Netflix
Release: 29 February 2024
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]