
ഹൈദരാബാദ്: അഭിനയജീവിതത്തിനിടെ പുതിയൊരു നേട്ടത്തിന്റെ നിറവിൽ നിൽക്കുകയാണ് തെലുങ്ക് സൂപ്പർതാരമായ ചിരഞ്ജീവി. യു.കെയിലെ പാർലമെന്റ് അംഗങ്ങൾ നൽകുന്ന സമഗ്ര സംഭാവനയ്ക്കുള്ള ഇത്തവണത്തെ പുരസ്കാരം ചിരഞ്ജീവിക്കാണ്. ഈ മാസം 19-ന് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. എം.പിമാരായ നവേന്ദ്രു മിശ്ര, സോജൻ ജോസഫ്, ബോബ് ബ്ലാക്ക്മാൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
സിനിമാ മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചല്ല, മറിച്ച് സാമൂഹ്യ സേവനങ്ങൾ മുൻനിർത്തിയാണ് ചിരഞ്ജീവിയെ പുരസ്കാരത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിനുപുറമേ അംഗീകാരത്തിനുപുറമെ, സിനിമ, പൊതു, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലെ സംഭാവനകൾ പരിഗണിച്ചുള്ള ബ്രിഡ്ജ് ഇന്ത്യയുടെ സമഗ്ര സംഭാവനാ പുരസ്കാരവും ചിരഞ്ജീവിക്ക് നൽകും. സാംസ്കാരിക നേതൃത്വത്തിലൂടെയുള്ള പൊതു സേവനത്തിലെ മികവിനുള്ള പുരസ്കാരമാണിത്.
വിശ്വക് സെൻ നായകനാകുന്ന ലൈല എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിനിടെയാണ് ബഹുമതിയെക്കുറിച്ച് ചിരഞ്ജീവിതന്നെ തുറന്നുപറഞ്ഞത്. തനിക്കൊപ്പം ഒരു ചടങ്ങിൽ പങ്കെടുക്കാൻ ആരൊക്കെ യു.കെയ്ക്ക് വരുന്നുണ്ടെന്നും അവർ വിമാന ടിക്കറ്റ് സ്വയം ബുക്ക് ചെയ്യേണ്ടതാണെന്നുമായിരുന്നു ഇതേക്കുറിച്ച് ചിരഞ്ജീവി തമാശരൂപത്തിൽ പറഞ്ഞത്. ജീവകാരുണ്യ പ്രവർത്തനത്തിലെ മികവ് പരിഗണിച്ച് ചിരഞ്ജീവിക്ക് യു.കെയുടെ ഓണററി പൗരത്വം നൽകുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ അദ്ദേഹവുമായി അടുത്തവൃത്തങ്ങൾ ഇക്കാര്യം നിഷേധിക്കുകയായിരുന്നു.
വിശ്വംഭര എന്ന ചിത്രമാണ് ചിരഞ്ജീവിയുടേതായി ഇനി വരാനുള്ളത്. ഇതിനുശേഷം നടൻ നാനി നിർമിച്ച് ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രത്തിലും ചിരഞ്ജീവി നായകനായെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]