
മാര്‍ച്ച് പതിനഞ്ച് അരവിന്ദന്റെ ഓര്‍മ്മദിനം. ജി. അരവിന്ദന് ജീവിച്ചിരുന്നുവെങ്കില്‍ നവതി ആഘോഷിക്കുമായിരുന്ന വര്‍ഷമാണിത്. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം 56-ാം മത്തെ വയസ്സില്‍ (15.3.1991) അകാലത്തില്‍ കാലയവനികക്കുള്ളില്‍ മറഞ്ഞു. പ്രശസ്തിയുടെ ഔന്നത്ത്യത്തില്‍ നില്‍ക്കവേയായിരുന്നു അദ്ദേഹത്തിന്റെ മരണം. 15.3.1935ന് കോട്ടയത്ത് ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. പത്മരാജന്, ജോണ്‍ എബ്രഹാം തുടങ്ങിയവരെപ്പോലെ അമ്പതുകളില്‍ വിടപറഞ്ഞ പ്രതിഭയാണ് ജി. അരവിന്ദന്. അദ്ദേഹവും സത്യജിത്ത് റേയും ഒരു ഫ്രെയിമില്‍ നില്ക്കുന്ന ഫോട്ടോ എടുത്തത് ഷാജി എന്‍ കരുണ്‍. ഡല്‍ഹി ഗ്രീന്‍ പാര്‍ക്കിലെ ഉപഹാര്‍ തിയ്യറ്ററായിരുന്നു വേദി. മനോമുകുരത്തില്‍ എന്നും തെളിഞ്ഞു നില്ക്കുന്ന ഒരു ഓര്‍മ്മച്ചിത്രം.
ജി. അരവിന്ദനെ ആദ്യമായി കണ്ടത് ഡല്‍ഹിയില്‍ വെച്ചായിരുന്നു. ഡല്‍ഹിയിലെ പഹാഡ്ഗഞ്ജ് ഭാഗത്തെ മഹാരാഷ്ട്ര രംഗായന്‍ എന്ന ഹാളില്‍ നടന്ന കാഞ്ചനസീതയുടെ പ്രദര്‍ശനത്തിന് എത്തിയിരുന്നതായിരുന്നു അരവിന്ദന്. ഡല്‍ഹി മലയാളി ഫിലിം സൊസൈറ്റി സംഘടിപ്പിച്ച അന്നത്തെ ഷോ ഹൗസ് ഫുള്‍ ആയിരുന്നു. അക്കാലത്ത് പുതിയ മലയാള പടങ്ങള്‍ കാണുവാന്‍ വിരളമായേ അവസരങ്ങള്‍ ലഭിച്ചിരുന്നുള്ളൂ. പടം തുടങ്ങുന്നതിനുമുന്പ് സംവിധായകനെ പരിചയപ്പെടുത്തുന്ന ചടങ്ങില്‍ അരവിന്ദന് എല്ലാവര്ക്കും പ്രണാമം നല്കി, സ്ക്രീനിങ്ങിനുശേഷം സംസാരിക്കാമെന്ന് പറഞ്ഞ് നിര്‍ത്തുകയാണ് ചെയ്തത്. വാക്കുകളില്‍ പിശുക്കു കാണിക്കുകയാണ് അരവിന്ദന്റെ രീതി. പക്ഷേ, വാചാലമാകുന്ന മൗനമാണ് അരവിന്ദന്റെ ഫ്രെയിമുകളുടെ പൊതുസ്വഭാവം.
പ്രഥമ ചിത്രമായ ഉത്തരായനം സ്വാതന്ത്ര സമര പശ്ചാത്തലത്തില്‍ ഒരുക്കിയ പടമാണ്. അവസാനം അഗ്നിയിലേക്ക് മുഖപടം വലിച്ചെറിയുന്നതോടെ സ്വയം സ്വതന്ത്രനായി – പൊങ്ങച്ചങ്ങളില്‍ നിന്നും ഇഗോയില്‍ നിന്നും മോചിതനാകുന്നതിന്റെ സൂചന നല്കുന്നു. അന്യാപദേശ രചനയാണ് കുമ്മാട്ടി. പട്ടിയാകുന്ന ആള്‍ക്ക് തിരിച്ച് മനുഷ്യരൂപം കൈക്കൊള്ളാനാകാത്തതിന്റെ സംഭവവികാസങ്ങള്‍ പകര്‍ത്തിയിരിക്കുന്നു. അരവിന്ദന്റെ പടങ്ങളില്‍ ഏറ്റവും റിയലിസ്റ്റാക്കായ തമ്പ് ഒരു ചെറിയ സര്‍ക്കസ് കമ്പനിയുടെ ജീവിതം അനാച്ഛാദനം ചെയ്യുന്നു. സാഹിത്യകാരന് ശ്രീധരന് ചെമ്പാടാണ് സര്‍ക്കസ് കമ്പനി ഏര്‍പ്പാട് ചെയ്തത് ശ്രീ. സി.വി. ശ്രീരാമന്റെ അതേ പേരിലുള്ള കഥയുടെ ചലച്ചിതാവിഷ്കാരമായ വാസ്തുഹാര കല്‍ക്കത്ത പശ്ചാത്തലമാക്കിയ രചനയാണ്. ചിദംബരത്തില്‍ പ്രധാന റോളില്‍ സ്മിതാ പട്ടീല്‍ എത്തിയപ്പോള്‍ വാസ്തുഹാരയിലെ നായകന് മോഹന്‍ലാല്‍ തന്നെയാണ്. അരവിന്ദന്റെ മാസ്റ്റര്‍പീസായ കാഞ്ചനസീത രാമായണത്തിന്റെ മറ്റൊരു അരവിന്ദാനയനമാണ്.
പ്രേഷകരെ വിസ്മയിപ്പിച്ച ചിത്രമായിരുന്ന കാഞ്ചന സീത. ശ്രീകണ്ഠന് നായരുടെ നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരം. സാധാരണ പുണ്യ പുരാണ പടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗ്ലാമറും വര്ണ്ണപ്പകിട്ടുമില്ലാതെ രാമനും സീതയും മറ്റും സാധാരണക്കാരായാണ് രംഗത്ത് എത്തിയത്. ആന്ധ്രയിലെ നാടോടി സംഘത്തില്‍ നിന്നാണ് അരവിന്ദന് അഭിനേതാക്കളെ കണ്ടെത്തിയത് അവരാകട്ടെ സിനിമയുടെ വര്‍ണ്ണ ശബളിമയൊന്നും ബാധിക്കാതെ യാഥാര്‍ഥ്യബോധത്തോടെയുള്ള പ്രകടനം നടത്തുകയും ചെയ്തു. തികച്ചും നവീനമായ ചലച്ചിത്രാനുഭവമായിരുന്നു കാഞ്ചന സീത. പ്രദര്‍ശനം കഴിഞ്ഞതിനുശേഷം ആരാധകര്‍ അരവിന്ദനു ചുറ്റും കൂടി സംശയം ചോദിച്ചതിനും അഭിപ്രായ പ്രകടനത്തിനും അഭിനന്ദനങ്ങള്ക്കുമെല്ലാം മൗനമായിരുന്നു അരവിന്ദന്റെ മറുപടി. വിരളമായി മാത്രം പതിഞ്ഞ ശബ്ദത്തില്‍ ഒന്നോ, രണ്ടോ വാക്കുകള്‍ മൊഴിഞ്ഞു. വൈവിധ്യമാണ് അരവിന്ദന് ചിത്രങ്ങളുടെ മുഖമുദ്ര. കാഞ്ചനസീത, തമ്പ്, വസ്തുഹാര, കുമ്മാട്ടി തുടങ്ങിയ പടങ്ങളെയെല്ലാം അരവിന്ദന് മാത്രം സാക്ഷാത്കരിക്കാന്‍ കഴിയുന്നവയാണ് – പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞ പടങ്ങള്‍.
കാഞ്ചന സീതയിലെ ദൃശ്യബിംബങ്ങല് മനസ്സില്‍ നിറഞ്ഞുനിന്നു. നാടകത്തിന് ഏറ്റവും വ്യത്യസ്തമായ, വശ്യ മനോഹരമായ ഭാഷ്യം ചമയ്ക്കുകയാണ് അരവിന്ദന് ചെയ്തത്. മഹാരാഷ്ട്ര രംഗായന്റെ പ്രദര്‍ശനത്തിനുശേഷം പിറ്റേന്ന് അരവിന്ദനെ യാദൃച്ഛികമായി കണ്ടുമുട്ടിയപ്പോള്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും മൗനത്തിന്റെ വാത്മീകത്തില്‍ നിന്ന് പുറത്ത് വരുവാന്‍ അദ്ദേഹം തയ്യാറായില്ല. അത് അരവിന്ദന്റെ സ്ഥായിഭാവമാണെന്നത് പിന്നീടാണ് മനസ്സിലാക്കുന്നത്. മൗനിബാബയെ പോലെയാണ് അദ്ദേഹം ജീവിതത്തില്‍.
കുറെ കാലത്തിനുശേഷം ഒരിടത്തുമായി ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് വീണ്ടും അരവിന്ദനെ കാണുന്നത്. ഉപഹാര്‍ തിയ്യറ്ററിലായിരുന്നു ഒരിടത്തിന്റെ പ്രദര്‍ശനം. പെട്ടെന്നുള്ള പരിപാടി ആയതിനാല്‍ അധികമാരും അറിയാത്തതുകൊണ്ട് കുറച്ചുപേരെ സന്നിഹിതരായിരുന്നുള്ളു. താഴെ അക്ഷമനായി നില്ക്കുന്ന അരവിന്ദന്. സാക്ഷാല്‍ സത്യജിത് റേയെ പ്രതീക്ഷിച്ചുനില്ക്കുകയാണ് അരവിന്ദന്. ഞാന്‍ അരവിന്ദനോട് ചോദിച്ചു. ”റേ വരുന്നു എന്ന് കേട്ടത് ശരിയാണോ?”.
”വരുമെന്നാണ് പറഞ്ഞത്”
ഹാര്‍ട്ട് അറ്റാക്ക് കഴിഞ്ഞ് സത്യജിത്ത് റേ വിശ്രമിച്ചിരുന്ന അവസരം. വളരെ അപൂര്‍വ്വമായി മാത്രം പ്രോഗ്രാമുകള്‍ക്ക് പോയിരുന്നു. റേ വരുമോ എന്ന ചോദ്യവും ആശങ്കയുമായി അരവിന്ദനും സുഹൃത്തുക്കളും ദൂരേക്ക് കണ്ണുംനട്ട് നില്ക്കുന്നതിനിടയില് ‘ഫിറ്റായ’ നിലയില്‍ ജോണ്‍ എബ്രഹാമും അവിടെ എത്തി അരിവന്ദനുമായി കുശലപ്രശ്നങ്ങള്‍ നടത്തി. ഒരു വെള്ള അംബാസഡര്‍ കാറില്‍ സത്യജിത് റേ വന്നിറങ്ങിയപ്പോള്‍ അരവിന്ദന്റെ മുഖത്ത് വിടര്‍ന്ന മന്ദഹാസം ആശ്വാസത്തിന്റെ തിളക്കമുള്ളതായിരുന്നു. സഹായികളാരുമില്ലാതെ ഏകനായാണ് റേ വന്നത്. പതിയെയാണ് നടന്നിരുന്നത്. ഒരു വെള്ള കോട്ട് ധരിച്ചിരുന്നു. റേയും അരവിന്ദനും പരിവാരങ്ങളും തിയ്യറ്ററിലേക്ക് ആനയിച്ചു. ബാല്‍ക്കണിയിലേക്കുള്ള സ്റ്റെയര്‍കേസ് സാവധാനം കയറുന്ന സത്യജിത് റേയുടെ ഫോട്ടോ എടുത്തകൊണ്ടിരുന്നത് ഷാജി എന്‍ കരുണ്‍.
ബാല്‍ക്കണിയില്‍ റേയ്ക്കും അരവിന്ദനും ഒപ്പം മൂന്നാല് വരികള്‍ അകലത്തായി ഇരുന്നുകൊണ്ടാണ് ഞങ്ങള്‍ പോക്കുവെയില്‍ കണ്ടത്. ഹാസ്യരംഗങ്ങള്‍ ആസ്വദിച്ച് റേയുടെ തുറന്ന ചിരി തിയ്യറ്ററില്‍ മുഴങ്ങി. ഷോ കഴിഞ്ഞ് റേ തനിയെ താഴേക്ക് സ്റ്റെപ്പുകള്‍ ഇറങ്ങി. തിയ്യറ്ററിന്റെ ഗ്രൗണ്ട് ഫ്ളോറില്‍ അരവിന്ദന് കാത്തു നില്ക്കുന്നുണ്ടായിരുന്നു.
കാറില്‍ കയറുന്നതിനുമുന്പ് സത്യജിത് റേ അരവിന്ദന്റെ തോളില്‍ കൈവെച്ച് അഭിനന്ദനങ്ങള്‍ അറിയിക്കുന്നത് ഞങ്ങള്‍ കണ്ടുനിന്നു. പുഞ്ചിരി പൂത്തുനിന്ന മുഖവുമായി അരവിന്ദന്. പുരസ്കാരലബ്ധിക്ക് സമാനമായി അരവിന്ദന് ആഹ്ലാദിച്ച നിമിഷം തന്നെയായിരുന്നു അത്. അവിസ്മരണീയമായ മറ്റൊരു ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]