
ആടുജീവിതം സിനിമ ഷൂട്ട് ചെയ്ത് തുടങ്ങുമ്പോൾ എങ്ങനെ ചെയ്ത് തീർക്കണമെന്ന് സംവിധായകൻ ബ്ലെസിക്ക് കൃത്യമായ പ്ലാൻ ഉണ്ടായിരുന്നെന്ന് നടൻ പൃഥ്വിരാജ്. ടീം കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലെസി ആവിഷ്കരിച്ചത് വലിയ കുഴപ്പങ്ങളൊന്നുമില്ലാതിരുന്ന പദ്ധതിയായിരുന്നു. അതിനിടയിൽ എട്ടുമാസം തന്റെ തടി കുറയ്ക്കാനുള്ള ഇടവേള കിട്ടിയിരുന്നു. കോവിഡ് വന്നപ്പോഴാണ് പ്ലാനുകൾ മാറിയത്. ഓരോ തവണ ഷൂട്ട് തുടങ്ങുമ്പോഴും ഇനിയൊരു തടസമുണ്ടാവല്ലേ എന്നായിരുന്നു മനസിലെന്നും പൃഥ്വിരാജ് പറഞ്ഞു.
‘എങ്ങനെയെങ്കിലും ഷൂട്ട് ഒന്ന് തീരണേ എന്ന് കരുതുമ്പോൾപ്പോലും ഒരു ഷോട്ട് മാത്രം എടുത്ത ദിവസങ്ങളുണ്ട്. ബ്ലെസിച്ചേട്ടനും ക്യാമറാമാൻ സുനിലും പോയി എല്ലാം സെറ്റ് ചെയ്ത് മരുഭൂമിയിൽ ഒരു പ്രത്യേക ലൈറ്റ് കണ്ടീഷൻ വരാൻ കാത്തിരിക്കും. അവർ നിശ്ചയിച്ച സ്ഥലത്ത് ചെന്നിരുന്ന് മണിക്കൂറുകളോളം കാത്തിരുന്ന് ഷോട്ടെടുത്ത് ലൈറ്റ് പോയെന്നുപറഞ്ഞ് പാക്കപ്പ് ചെയ്ത ദിവസങ്ങൾ ഇത്രയും പ്രശ്നങ്ങൾക്കിടയിലുണ്ടായിട്ടുണ്ട്.
ഒരു ഒട്ടകത്തിന്റെ കണ്ണ് മാക്രോ ലെൻസുവെച്ച് ഷൂട്ട് ചെയ്ത രംഗമുണ്ട് സിനിമയിൽ. ഞാൻ മൃഗങ്ങളോട് യാത്രപറയുന്ന സീനാണ്. പുസ്തകം വായിച്ചവർക്ക് അറിയാം. ആ സമയമായപ്പോഴേക്കും അവയൊക്കെ നമ്മളുമായി ഇണങ്ങിയിരുന്നു. കൂട്ടത്തിൽ കാണാൻ ഭംഗിയുള്ള ഒരു ഒട്ടകമുണ്ട്. പുള്ളിക്കാരനെയാണ് ഈ ഷോട്ടിന് നിർത്തിയിരിക്കുന്നത്. ഒട്ടകത്തിന് ഭക്ഷണം ഇട്ടുകൊടുത്ത് ഞാൻ യാത്ര പറയുമ്പോൾ ഒട്ടകം എഴുന്നേറ്റുനിന്ന് എന്നെയൊന്ന് നോക്കി. അതുകണ്ട് ബ്ലെസിച്ചേട്ടൻ പറഞ്ഞു അതുകൊള്ളാം, ഇനി ഒട്ടകത്തിന്റെ പ്രതികരണം ഒന്നെടുക്കാമെന്ന്.
ഒരു ദിവസം വൈകീട്ട് നാല് നാലര മണിക്കാണ് എന്റെ ഷോട്ടെടുത്തത്. ആ സമയത്ത് വേണമല്ലോ ഒട്ടകത്തിന്റെയും ഷോട്ടെടുക്കാൻ. എത്രയോ ദിവസങ്ങൾ മൂന്നരയാവുമ്പോൾ ഷൂട്ട് നിർത്തിയശേഷം ക്യാമറയുമായി ഒട്ടകത്തിന്റെ മുന്നിൽച്ചെന്ന് നിൽക്കും. എട്ട് ദിവസമൊക്കെ എടുത്തിട്ടാണ് നിങ്ങൾ ഇപ്പോൾ കാണുന്ന ആ റിഫ്ളക്ഷൻ ഷോട്ട് കിട്ടിയത്. അങ്ങനെയൊരു സിനിമ ചിത്രീകരിക്കാൻ സാധിച്ചു എന്നത് എനിക്ക് വലിയൊരു ഭാഗ്യവും അഭിമാനവുമുള്ള കാര്യമായി തോന്നുന്നു.’ പൃഥ്വി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബെന്യാമിന്റെ വിഖ്യാത നോവലിനെ അടിസ്ഥാനമാക്കിയൊരുക്കിയിരിക്കുന്ന ചിത്രം ഈ മാസം 28-നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ ആദ്യഗാനം പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. എ.ആർ. റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം.