![](https://newskerala.net/wp-content/uploads/2025/02/kaantha-1024x576.jpg)
ദുൽഖർ സൽമാൻ നായകനായി സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന ‘കാന്ത’ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണ് ഭാഗ്യശ്രീ ബോർസെ. ചിത്രത്തിലെ ഭാഗ്യശ്രീയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമിക്കുന്ന ആദ്യ അന്യഭാഷ ചിത്രം കൂടിയാണ് ‘കാന്ത’.
തമിഴിൽ ഒരുക്കിയ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസിനെത്തും. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധനേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്.
1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. ദുൽഖർ സൽമാൻ, ഭാഗ്യശ്രീ ബോർസെ എന്നിവരോടൊപ്പം റാണ ദഗ്ഗുബതി, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
രണ്ട് ശ്രദ്ധേയമായ നിർമ്മാണ കമ്പനികൾ ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാന്തയ്ക്കുണ്ട്. തന്റെ മുത്തച്ഛൻ ഡി. രാമനായിഡുവിന്റെ മഹത്തായ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്ന സ്പിരിറ്റ് മീഡിയയുമായി റാണ ദഗ്ഗുബതിയും മറുവശത്തു മലയാളം സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ നയിക്കുന്ന വേഫെയറർ ഫിലിംസും ചേർന്നുള്ള ഈ കൂട്ടുകെട്ടാണ് പ്രധാന ഹൈലൈറ്റ്. ചിത്രത്തിന്റെ ട്രെയിലറും കൂടുതൽ വിശദാംശങ്ങളും വരും മാസങ്ങളിൽ വെളിപ്പെടുത്തും.
ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആർഒ- ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]