![](https://newskerala.net/wp-content/uploads/2025/02/yusalikecheri-1024x577.jpg)
മായാജാലച്ചെപ്പിനുള്ളിലെ മാണിക്യക്കല്ലാണ് പ്രേമം എന്നെഴുതിയത് യൂസഫലി കേച്ചേരി. വിടരും മുന്‍പേ വീണടിയുന്നൊരു വനമലരാണീ അനുരാഗം എന്നെഴുതിയതും അദ്ദേഹം തന്നെ.
പല രൂപങ്ങളില്‍, പല ഭാവങ്ങളില്‍, പല നിര്‍വചനങ്ങളില്‍ വന്നുനിറയുന്നു പ്രണയം കേച്ചേരിപ്പാട്ടുകളില്.
കാണുന്നത്ര സുന്ദരമല്ല പ്രേമത്തിന്റെ ഉള്ളുകള്ളി എന്ന് പറയാതെ പറയുന്നുണ്ട് ‘അഞ്ചു സുന്ദരി’കളിലെ പാട്ടില്‍ കേച്ചേരി. ‘കണ്ടാല്‍ മിന്നണ കല്ല് അത് കൈയിലെടുത്താല്‍ കണ്ണാടിച്ചില്ല്.’ ചരണത്തിലുമുണ്ട് ഒരു നേര്‍ത്ത വിഷാദച്ഛായ: ‘ഈ വിശ്വമാദ്യം വിരിയും മുന്‍പേ മാനവജീവിത താളുകളില്‍ കാലമാം കവി കണ്ണീരിലെഴുതിയ കാവ്യമാണീ അനുരാഗം.’ ബാബുരാജിന്റെ ഈണത്തില്‍ യേശുദാസിന്റെ യൗവനസുരഭിലമായ നാദം വന്നു നിറയുമ്പോള്‍ കാവ്യത്തില്‍ പ്രണയത്തിന്റെ നറുമണം നിറയുന്നു.
‘വനദേവത’യിലെ പാട്ട് കുറച്ചുകൂടി തത്വചിന്താപരമാണ്: ‘വിടരും മുന്‍പേ വീണടിയുന്ന വനമലര്‍’ മാത്രമല്ല, കണ്ണീര്ക്കടലിന് തിരകളിലലിയും പുഞ്ചിരി കൂടിയാണ് അനുരാഗം. ചരണം ഇങ്ങനെ:
‘പുരുഷനെ സൃഷ്ടിച്ചു സ്ത്രീയെ സൃഷ്ടിച്ചു
പുഞ്ചിരിയോടെ ജഗദീശന്.
ഒടുവില്‍ പരിശുദ്ധപ്രേമം തീര്‍ത്തപ്പോള്‍
ഈശ്വരന് പോലും കരഞ്ഞിരിക്കും
ഒരു നിമിഷം പശ്ചാത്തപിച്ചിരിക്കും..’
പ്രേമത്തില്‍ മതിമറക്കുന്ന കാമുകനാണ് ‘ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റ’ലിലെ നായകന്. ‘ഇത്ര മധുരിക്കുമോ പ്രേമം, ഇത്ര കുളിരേകുമോ’ എന്ന് വിസ്മയിക്കുന്നു അയാള്‍. തീര്‍ന്നില്ല. പ്രേമത്തെ മഹത്വവല്‍ക്കരിക്കുന്നവയാണ് അടുത്ത വരികളും:
‘ഈ നീല മിഴിയില്‍ ഞാനലിയുമ്പോള്‍
സ്വര്‍ഗ്ഗം ഭൂമിയില്‍ തന്നെ
ഈ മണിമാറില്‍ തല ചായ്ക്കുമ്പോള്
ജന്മം സഫലം തന്നെ..’
പ്രണയിനിയെ സുന്ദരശില്പമായി വാര്‍ത്തെടുത്ത കലാകാരനായ ദൈവത്തിന് നന്ദി പറയുന്നു ‘ധ്വനി’യിലെ കാമുകന്: ‘രതിസുഖസാരമായ് ദേവീ നിന് മെയ് വാര്‍ത്തൊരാ ദൈവം കലാകാരന്, പ്രിയേ നിന് പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം കലാകാരന്.’
പ്രശംസ അവിടെ അവസാനിക്കുന്നില്ല:
‘തുളുമ്പും മാദകമധുപാനപാത്രം നിന്റെയീനേത്രം
സഖീ നിന് വാര്‍മുടിതന്‍ കാന്തിയേന്തി നീലമേഘങ്ങള്‍
തവാധര ശോഭയാലീ ഭൂമിയില്‍ പലകോടി പൂ തീര്‍ത്തു കലാകാരന്..’
അനുരാഗത്തിന്റെ വിവിധ ഘട്ടങ്ങള്‍ മനോഹരമായി ആവിഷ്കരിക്കുന്ന മറ്റൊരു കേച്ചേരിപ്പാട്ടുണ്ട്; ‘മിണ്ടാപ്പെണ്ണി’ല്‍ ദേവരാജസംഗീതത്തില്‍ യേശുദാസ് പാടിയ പാട്ട്.
‘അനുരാഗം കണ്ണില്‍ മുളയ്ക്കും
ഹൃദയത്തില്‍ വേരൂന്നി നില്ക്കും
തങ്കക്കിനാവില്‍ തളിര്‍ക്കും
കല്യാണപ്പന്തലില്‍ പൂക്കും..’
ശുഭപ്രതീക്ഷയാണ് വരികള്‍ നിറയെ: ‘അരുണന് വെറും ചാമ്പലാകാം
മരുഭൂമിയാകാം സമുദ്രം
ഒരുനാളുമണയാതെ മിന്നും – എന്റെ
കരളിലെ അനുരാഗദീപം..’
ഇതേ ഗാനത്തിന് വിഷാദസ്പര്‍ശമുള്ള മറ്റൊരു വേര്‍ഷന്‍ കൂടിയുണ്ട് സിനിമയില്‍. പി സുശീല പാടിയ ഈ ഗാനത്തില്‍ പ്രേമസങ്കല്‍പ്പത്തിന്റെ മറുപുറം വരച്ചുകാട്ടുന്നു കേച്ചേരി:
‘അനുരാഗം കണ്ണില്‍ മുളയ്ക്കും
ഹൃദയത്തില്‍ വേരൂന്നി നില്ക്കും
വിധിയുടെ കയ്യതിന്‍ വേരറുക്കും
ചുടുകണ്ണൂനീര് മാത്രം ബാക്കി നില്ക്കും..’
‘മിണ്ടാപ്പെണ്ണി’ലെ തന്നെ വേറൊരു പാട്ടില്‍ (സി ഒ ആന്റോ, എല്‍ ആര് ഈശ്വരി) നര്‍മ്മമധുരമായി പ്രേമത്തെ നോക്കിക്കാണുന്നു കേച്ചേരി:
‘പ്രേമമെന്നാല്‍ കരളും കരളും
കൈമാറുന്ന കരാറ്
കരാറു തെറ്റി നടന്നാല്‍ പിന്നെ
കാര്യം തകരാറ് ..’
അനുരാഗത്തെക്കുറിച്ച് എഴുതിയാലും എഴുതിയാലും മതിയാവില്ല കവിക്ക്. ‘കല്യാണപ്പന്തലി’ല്‍ എ ടി ഉമ്മറിന്റെ ഈണത്തില്‍ കെ സി വര്‍ഗീസ് പാടിയ പാട്ടില്‍ സംഗീത സാന്ദ്രമാണ് പ്രേമം:
‘മാനസവീണയില്‍ നീയൊന്നു തൊട്ടു
മണിനാദമന്ദാരം പൂവിട്ടു
തന്ത്രികള്‍ക്കെല്ലാം ഒരേയൊരു താളം
ഒരേയൊരു രാഗം അനുരാഗം..’
അക്കൂട്ടത്തില്‍ നിന്നെല്ലാം വേറിട്ട് നില്ക്കുന്നു പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് സ്വരപ്പെടുത്തിയ ‘സ്നേഹ’ത്തിലെ ഗാനം. ‘പേരറിയാത്തൊരു നൊമ്പരം’ എന്ന തുടക്കം തന്നെ എത്ര മനോഹരം.
ലളിതസുന്ദരമാണ് യൂസഫലി കേച്ചേരിയുടെ രചന. നേര്‍ത്തൊരു വിഷാദസ്പര്‍ശമുള്ള വരികള്‍: ‘തങ്കത്തിന് നിറമുള്ള മായാമരീചിയെ സങ്കല്‍പ്പമെന്ന് വിളിച്ചു; മുറിവേറ്റു കേഴുന്ന പാഴ്മുളം തണ്ടിനെ മുരളികയെന്നും വിളിച്ചു… ‘
‘യുസഫലി വരികള്‍ എഴുതിയ ശേഷം ഞാന്‍ ട്യൂണ്‍ ചെയ്ത പാട്ടാണത്.’ — പെരുമ്പാവൂരിന്റെ വാക്കുകള്‍. ‘തൃശൂരില്‍ വെച്ചായിരുന്നു കമ്പോസിംഗ്. പതിവ് ശൈലിയില്‍ നിന്ന് വേറിട്ട് നില്ക്കുന്ന കുറച്ചു പാട്ടുകള്‍ സൃഷ്ടിക്കണം എന്നുണ്ടായിരുന്നതിനാല്‍ നേരത്തെ ചിട്ടപ്പെടുത്തി വെച്ച ഈണങ്ങളുമായാണ് ചെന്നത്. സിനിമയില്‍ പൊതുവെ അപൂര്‍വമായി മാത്രം ഉപയോഗിച്ചു കേട്ടിട്ടുള്ള ദ്വിജാവന്തി രാഗത്തിലുള്ള ഒരു ഈണവും ഉണ്ടായിരുന്നു അക്കൂട്ടത്തില്‍. എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ട ഒരീണം. പ്രേമത്തെ കുറിച്ചുള്ള ഗാനത്തിന് ആ ഈണം അനുയോജ്യമാകുമെന്ന് മനസ്സ് പറഞ്ഞു.”
അധികം പാട്ടുകളൊന്നും വന്നിട്ടില്ല ഈ രാഗസ്പര്‍ശവുമായി മലയാള സിനിമയില്‍. മാറില്‍ ചാര്‍ത്തിയ മരതകക്കഞ്ചുകം അഴിഞ്ഞുവീഴുന്നു (എം ബി ശ്രീനിവാസന് — ഒരു കൊച്ചു സ്വപ്നം), താളമയഞ്ഞു ഗാനമപൂര്‍ണ്ണം (ശരത് — പവിത്രം), വിരഹിണി രാധേ (വിദ്യാസാഗര്‍ — മിസ്റ്റര്‍ ബട്ട്ലര്‍) എന്നിങ്ങനെ വിരലിലെണ്ണാവുന്നവ മാത്രം.
പക്ഷെ ട്യൂണ്‍ കേള്‍പ്പിച്ചുകൊടുത്തപ്പോള്‍ ‘സ്നേഹ’ത്തിന്റെ സംവിധായകന് ജയരാജിനും യൂസഫലിക്കും തൃപ്തി പോര. അല്‍പ്പം കൂടി ലളിതമായ ഈണമാണ് വേണ്ടതെന്ന് ജയരാജ്. ‘എനിക്ക് കൂടി പാടാന്‍ കഴിയുന്നതാവണം പാട്ട്’ – അദ്ദേഹം പറഞ്ഞു. ഒപ്പം മോഹനരാഗത്തില്‍ ചെയ്താല്‍ നന്നാവുമെന്ന് ഒരു നിര്‍ദേശവും.
ശരിക്കും നിരാശ തോന്നിയ നിമിഷമായിരുന്നു അതെന്ന് പെരുമ്പാവൂര്‍. നൂറു കണക്കിന് പാട്ടുകളാണ് മോഹനത്തില്‍ മലയാള സിനിമയില്‍ വന്നിട്ടുള്ളത്. ഇനി അതില്‍ തനിക്ക് എന്ത് പുതുമയാണ് കൊണ്ടുവരാന്‍ പറ്റുക?
തെല്ലൊരു വൈമനസ്യത്തോടെ പെരുമ്പാവൂര്‍ മോഹനത്തില്‍ ചിട്ടപ്പെടുത്തിയ ‘പേരറിയാത്തൊരു നൊമ്പരം” ആ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളില്‍ ഒന്നായി മാറി എന്നതാണ് കഥയുടെ ക്ലൈമാക്സ്.
സിനിമയില്‍ യൂസഫലി അരങ്ങേറിയത് തന്നെ ഒരു പ്രണയഗാനവുമായാണ്: മൂടുപടത്തിലെ ‘മൈലാഞ്ചിത്തോപ്പില്‍ മയങ്ങിനില്ക്കുന്ന മൊഞ്ചത്തീ..’ ഈണമിട്ടു പാടിയത് എം എസ് ബാബുരാജ്. സിനിമയില്‍ യൂസഫലിയുടെ ഏറ്റവുമധികം രചനകള്‍ക്ക് സംഗീതച്ചിറകുകള്‍ നല്‍കിയത് ദേവരാജന്‍ മാസ്റ്ററാണ്. അതു കഴിഞ്ഞാല്‍ മോഹന്‍ സിത്താരയും.
ഇതാ യൂസഫലിയുടെ പ്രണയഗാനസാഗരത്തില് നിന്ന് കുറെ പവിഴച്ചിപ്പികള്‍….
പൂമണിമാരന്റെ മാനസക്ഷേത്രത്തില്‍ പൂജക്ക് വന്നൊരു പൂവാണോ, കനിവോലുമീശ്വരന്‍ അഴകിന്റെ പാലാഴി കടഞ്ഞുകടഞ്ഞെടുത്തോരമൃതാണോ (അനുരാഗഗാനം പോലെ — ഉദ്യോഗസ്ഥ)
നക്ഷത്രചെപ്പിലെ കണ്മഷിയെഴുതിയ ദേവതയാണോ നീ അഴകിന്റെ ദേവതയാണോ നീ, മരതകക്കാടിന്റെ മണിമാറില്‍ വിരിയുന്ന മന്ദാരമല്ലോ ഞാന്‍ മധുവൂറും മന്ദാരമല്ലോ ഞാന്‍ (എഴുതിയതാരാണ് സുജാത — ഉദ്യോഗസ്ഥ)
ജാലകത്തിരശ്ശീല നീക്കി ജാലമെറിയുവതെന്തിനോ തേന്‍ പുരട്ടിയ മുള്ളുകള്‍ നീ കരളിലെറിയുവതെന്തിനോ (സുറുമയെഴുതിയ –ഖദീജ)
പാട്ടും കളിയുമായ് പാറിനടക്കുന്ന പഞ്ചവര്‍ണ്ണക്കിളിയേ പുത്തന്കിനാവിന്റെ പൂമരമൊക്കെയും പൂത്തു തളിര്‍ത്തുവല്ലോ (ഇക്കരെയണന്റെ താമസം — കാര്‍ത്തിക)
മണിയറ ദീപങ്ങള്‍ കണ്ണുകള്‍ പൊത്തിയ മാദക മധുവിധു രാത്രിയില്‍ പറയാന്‍ കഴിയാത്ത സ്വര്‍ഗീയ ലഹരി പകര്‍ന്നു തന്നൂ നീ കണ്മണി ( അമൃതും തേനും — അഞ്ചു സുന്ദരികള്‍)
ഈ വിശ്വമാദ്യം വിരിയും മുന്‍പേ മാനവജീവിത താളുകളില്‍ കാലമാം കവി കണ്ണീരിലെഴുതിയ കാവ്യമാണീയാനുരാഗം (മായാജാലച്ചെപ്പിനുള്ളിലെ — അഞ്ചു സുന്ദരികള്‍)
അരുണന് വെറും ചാമ്പലാകാം മരുഭൂമിയാകാം സമുദ്രം ഒരുനാളുമണയാതെ നില്ക്കും എന്റെ കരളിലെ അനുരാഗദീപം (അനുരാഗം കണ്ണില്‍ മുളയ്ക്കും –മിണ്ടാപ്പെണ്ണ്)
മലരിട്ടു നില്ക്കുന്നു മാനം മൈക്കണ്ണിയാളെ നീയെവിടെ ചിറകിട്ടടിക്കുന്നു മോഹം ചിത്തിരക്കിളിയേ നീയെവിടെ (പൊന്നില്‍ കുളിച്ച രാത്രി — സിന്ദൂരച്ചെപ്പ്)
മൈക്കണ്ണില്‍ കവിത വിരിഞ്ഞത് മയിലാട്ടം കണ്ടിട്ടോ മധുരത്തേന് നിറയും മാറില്‍ മദനപ്പൂ കൊണ്ടിട്ടോ (പതിനാലാം രാവുദിച്ചത് — മരം)
മധുമാസം പോലെ നീ വന്നണഞ്ഞു മധുരപ്രതീക്ഷകള്‍ മലരണിഞ്ഞു അണയാതെന്‍ ഹൃദയത്തില്‍ തെളിഞ്ഞുനില്ക്കും അഴകേ നീ കൊളുത്തിയ പ്രണയദീപം (മാനസവീണയില്‍ — കല്യാണപ്പന്തല്‍)
കാമദേവനേന്തും ചാപം കരിമ്പെന്ന് കേട്ടൂ ഞാന്‍ മധുമൊഴി നിന് ചുണ്ടില്‍ നിന്നാ മധുരമാസ്വദിച്ചൂ ഞാന്‍ (മന്മഥന്റെ കൊടിയടയാളം — വനദേവത)
നീലസാഗരം തുളുമ്പി നില്പ്പൂ നിന്റെ നീള്മിഴിപ്പൂവില്, എന്തു മോഹം എന്തു ദാഹം നിന്നിലലിയാനോമലേ (ചിത്രകന്യകേ — ചിരിക്കുടുക്ക)
അനുരാഗപ്പൊയ്കയിലെ അരയന്നപ്പിടയോ ആരും കാണാത്ത വനചന്ദ്രികയോ ആതിരക്കുളിരോ കല്പകത്തളിരോ ആരോമലാളേ ആരോ നീ (പഞ്ചമി പാലാഴി — പഞ്ചമി)
താരമനോഹര ലിപിയില്‍ വനം പ്രേമകവിതകള്‍ എഴുതുന്നൂ ആരോമലാളേ ആരോമലാളേ അരികിലിരുന്നത് പാടിത്തരുവാന്‍ ആരോമലാളേ നീ വരുമോ (ദ്വീപ് — കടലേ നീലക്കടലേ)
മന്ദഹാസ ലോലയായ് നീ വന്നണയുമ്പോള്‍ എന്റെ മാനസത്തില്‍ മൊട്ടിടുന്നു മോഹങ്ങള്‍ പുളകമായ് നീ കല്പ്പനയില് പൊട്ടിവിടര്‍ന്നാല്‍ ആകെ പൂത്തുലയും നിര്‍വൃതി തന് പുഷ്പങ്ങള്‍ (വെണ്ണയോ — ഇതാ ഇവിടെ വരെ)
പതിവായി മാനത്ത് വിടരുന്ന ചന്ദ്രന് പാരിതിലെല്ലാര്‍ക്കും സ്വന്തം ഈ ഭൂമിയിലേവര്‍ക്കും സ്വന്തം, എന്നയല്പക്കത്തെ രാഗാര്‍ദ്ര ചന്ദ്രന് എനിക്കുമാത്രം സ്വന്തം (അയലത്തെ ജനലില്‍ — ആ നിമിഷം)
പ്രദക്ഷിണ വഴിയില്‍ നീ തനിയെ നടന്നപ്പോള്‍ നിന് മനം വലംവെച്ചതാരേ അമ്പലനടയില്‍ നീ കൈകൂപ്പി നിന്നപ്പോള്‍ അകതാരിലോര്മ്മിച്ചതാരേ (പ്രഭാതശീവേലി — സത്രത്തില്‍ ഒരു രാത്രി)
കനകച്ചുണ്ടില് പുഞ്ചിരി കണ്ടാല്‍ കണ്മണീ ഞാന്‍ പഠിച്ച കടത്തനാടന്‍ ചുവടുകളെല്ലാം മറന്നുപോകും പാടേ മറന്നുപോകും (അനുരാഗക്കളരിയില്‍ — തച്ചോളി അമ്പു)
കണ്മണി നിനക്കായ് ജീവിതവനിയില്‍ കരളിന് തന്ത്രികള്‍ മീട്ടും ഞാന്‍ (മറഞ്ഞിരുന്നാലും — സായൂജ്യം)
കറയറ്റ പ്രേമം കാലമാം കവിയുടെ കരുണാര്‍ദ്ര ഗദ്ഗദമല്ലേ (സംഗീതമേ നിന് പൂഞ്ചിറകില്‍ — മീന്‍)
മധുരിതഗാനം മതിവരെ നുകരാന്‍ മാനസാവാതില് നീ തുറന്നു എനിക്കു വേണ്ടി എനിക്കു വേണ്ടി എനിക്കു വേണ്ടി മാത്രം (ഹൃദയം പാടുന്നു)
ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍, കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തുവിടര്‍ന്നു (വൈശാഖ സന്ധ്യേ — നാടോടിക്കാറ്റ്)
രൂപവതീ നിന് മഞ്ജുളഹാസം വാരൊളി വീശും മാധവമാസം, നിര്‍മിഴി നീട്ടും തൂലികയാല്‍ നീ പ്രാണനില്‍ എഴുതീ ഭാസുര കാവ്യം (മാനസനിളയില്‍ — ധ്വനി)
പാലലകളൊഴുകിവരും പഞ്ചരത്ന കീര്‍ത്തനങ്ങള്‍ പാടുമെന്റെ പാഴ്സ്വരത്തില്‍ രാഗഭാവം നീയിണക്കി നിന്റെ രാഗസാഗരത്തിന്നാഴമിന്നു ഞാനറിഞ്ഞു (കണ്ണാടി ആദ്യമായെന്‍ — സര്‍ഗം)
ഇശല്‍ത്തേന്‍കണം ചോരുമീ ചുണ്ടിന് ഗസല്‍പ്പൂക്കളെന്നെ കലാകാരനാക്കി കിനാപ്പൊയ്കയില്‍ നീന്തുമീ നിന്റെ കണ്ണിന് നിലാപ്പൂക്കളെന്നെ കലാകാരിയാക്കി (ഇശല്‍ത്തേന്‍കണം — ഗസല്‍)
പത്തരമാറ്റും പോരാതെ കനകം നിന് കവിള്‍പ്പൂവിന് മോഹിച്ചു ഏഴു നിറങ്ങളും പോരാതെ മഴവില്ല് നിന് കാന്തി നേടാന്‍ ദാഹിച്ചു (അഞ്ചു ശരങ്ങളും — പരിണയം)
പണ്ട് നിന്നെ കണ്ട നാളില്‍ പീലിനീര്‍ത്തി മാനസം മന്ദഹാസം ചന്ദനമായി ഹൃദയരമണാ, ഇന്നെന്റെ വനിയില്‍ കൊഴിഞ്ഞു പുഷ്പങ്ങള്‍ ജീവന്റെ താളങ്ങള്‍.. (വാര്‍മുകിലേ — മഴ)
അന്തിമേഘം വിണ്ണിലുയര്‍ത്തി നിന്റെ കവിളിന് കുങ്കുമം രാഗമധുരം നെഞ്ചിലരുളി രമ്യമാനസ സംഗമം, വാനഗംഗ താഴെ വന്നൂ പ്രാണസഖിയെന് ജീവനില്‍ (നിന്റെ കണ്ണില്‍ വിരുന്നുവന്നു — ദീപസ്തംഭം മഹാശ്ചര്യം)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]