
കൊച്ചി: സുരേഷ് കുമാറിന്റെ പ്രഖ്യാപനത്തിനെതിരേ പരസ്യമായി പോസ്റ്റിട്ട ആന്റണി പെരുമ്പാവൂരിനെ തള്ളി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ജൂൺ ഒന്നു മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നത് സംഘടനയുടെ ഔദ്യോഗിക തീരുമാനമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വാർത്താക്കുറിപ്പ് പുറത്തിറക്കി. സംഘടനയുടെ വൈസ് പ്രസിഡന്റ് ജി.സുരേഷ് കുമാറിന്റെ പ്രഖ്യാപനത്തിനെതിരേ പരസ്യമായി പോസ്റ്റിട്ട ആന്റണി പെരുമ്പാവൂരിന് താക്കീതുമുണ്ട്. സംഘടനയ്ക്കെതിരേ നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കുമെന്നാണ് താക്കീത്.
സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഫെബ്രുവരി ആറിന് ഫിയോക്, ഫെഫ്ക, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ സംയുക്തയോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ ജൂൺ ഒന്നു മുതൽ അനിശ്ചിതകാല സമരം നടത്താൻ തീരുമാനിച്ചിരുന്നു. സംഘടനയുടെ പ്രസിഡന്റ് ആന്റോ ജോസഫ് ലീവിന് അപേക്ഷിച്ചിരുന്നതിനാൽ വൈസ് പ്രസിഡന്റുമാരായ ജി.സുരേഷ് കുമാറിനും സിയാദ് കോക്കറിനുമാണ് ചുമതല. അവർ പറഞ്ഞത് സംഘടനയുടെ ഭരണസമിതിയുടെ തീരുമാനമാണ്. ക്ഷണിക്കപ്പെട്ടിട്ടും യോഗത്തിൽ പങ്കെടുക്കാത്ത ആന്റണി പെരുമ്പാവൂർ, ഭരണസമിതി തീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിച്ച ജി.സുരേഷ് കുമാറിനെതിരേ പോസ്റ്റിട്ടത് അനുചിതമാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറയുന്നു.
സിനിമാസമരം പ്രഖ്യാപിക്കാൻ സുരേഷ് കുമാർ ആരാണെന്നും വിഷയത്തിൽ അസോസിയേഷൻ തീരുമാനമെടുത്തിട്ടില്ലെന്നുമായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ്. സമരം സിനിമയ്ക്ക് ഗുണകരമാവില്ലെന്ന് പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ പോസ്റ്റ് പൃഥ്വിരാജും ഉണ്ണി മുകുന്ദനും ഉൾപ്പെടെയുള്ള താരങ്ങൾ ഷെയർ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിശദീകരണം.
നിർമാണച്ചെലവ് നിയന്ത്രിക്കുന്നത് സംബന്ധിച്ച് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നവംബറിൽ കത്ത് നൽകിയിരുന്നു. എന്നാൽ, ഭരണം അഡ്ഹോക് കമ്മിറ്റിയ്ക്ക് ആയതിനാൽ ജനറൽ ബോഡി കൂടാതെ മറുപടി നൽകാനാവില്ലെന്നായിരുന്നു പ്രതികരണമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]