
ജൂൺ ഒന്ന് മുതൽ സിനിമാ സമരം പ്രഖ്യാപിച്ചുകൊണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സുരേഷ് കുമാർ നടത്തിയ വാർത്താ സമ്മേളനം വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്. വിവിധ സിനിമാ സംഘടനകൾ ചേർന്നെടുത്ത തീരുമാനമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് കുമാർ സിനിമ സമരമടക്കമുള്ള കാര്യങ്ങൾ വ്യക്തമാക്കിയത്. എന്നാൽ ഇതിന് പിന്നാലെ സുരേഷ് കുമാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ അംഗമായ ആൻറണി പെരുമ്പാവൂർ രംഗത്തെത്തുകയായിരുന്നു. ഇതോടെ ആന്റണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ച്കൊണ്ട് പൃഥിരാജും ബേസിൽ ജോസഫുമുടക്കമുള്ളവർ എത്തിയതോടെയാണ് ചർച്ച ചൂടുപിടിച്ചത്.
എന്നാൽ ആന്റണി പെരുമ്പാവൂരിന്റെ ആരോപണങ്ങൾ തെറ്റാണെന്ന് പറയുകയാണ് ജി സുരേഷ് കുമാർ. ആന്റണി പെരുമ്പാവൂരിന് വ്യക്തിപരമായ താത്പര്യങ്ങളൊന്നുമില്ലെന്നും കഴിഞ്ഞ ദിവസം ഫെയിസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞ ആരോപണങ്ങൾ ആരോ പറയിപ്പിക്കുന്നതാണെന്നും അദ്ദേഹം ആർക്കോ വേണ്ടി വിഴുപ്പലക്കുകയാണെന്നും സുരേഷ് കുമാർ പറയുന്നു. നടന്മാർ നിർമിക്കുന്ന സിനിമ തീയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലായെന്നത് സംബന്ധിച്ച് സംഘടന ഒന്നടങ്കം ആലോചിച്ച് എടുത്ത തീരുമാനമാണെന്നും ഇക്കാര്യങ്ങളൊന്നും തന്റെ വ്യക്തിപരമായ തീരുമാനങ്ങളല്ലെന്നും ജി സുരേഷ് കുമാർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
സിനിമ സമരം, വിലക്ക്, ആരോപണ പ്രത്യരോപണങ്ങളെക്കുറിച്ച് നിർമാതാവ് ജി സുരേഷ് കുമാർ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
* നിർമാതാക്കളുടെ സംഘടന ഇപ്പോൾ രണ്ട് തട്ടിലാണോ? ആന്റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസം എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് വ്യക്തമാക്കുന്നത് അത്തരത്തിലാണല്ലോ?
സംഘടന രണ്ട് തട്ടിലോ പിളർപ്പിലോ അല്ല. രണ്ടുപേർ മാത്രമേ ഒരു തട്ടിൽ ഉണ്ടാകുക ഉള്ളൂ. ബാക്കി എല്ലാവരും ഒറ്റത്തട്ടിലാണ്. കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനം മാതൃഭൂമി അടക്കമുള്ള എല്ലാ മാധ്യമങ്ങളും കവർ ചെയ്തിരുന്നതാണ്. അതിൽ നിന്ന് തന്നെ കാര്യങ്ങളെല്ലാം വ്യക്തമാണ്. ആ വാർത്താ സമ്മേളനത്തിൽ ഞാൻ മാത്രമല്ല സംസാരിക്കുന്നത്. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ആണ്. പ്രസിഡന്റ് അവധിയായതിനാൽ എനിക്ക് ഇപ്പോൾ പ്രസിഡന്റ് ഇൻ ചാർജ് ആണ്. അതുകൊണ്ടാണ് ആ വാർത്ത സമ്മേളനത്തിൽ ഞാൻ സംസാരിച്ചത്. അത് സംഘടനയുടെ പൊതുവായ തീരുമാനമാണ്. സംഘടന ആലോചിച്ച് എടുത്ത തീരുമാനമാണ് ഞാൻ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയത്. എന്റെ കൂടെ എല്ലാവരും ഉണ്ടായിരുന്നതാണ്. ബി.ഉണ്ണികൃഷ്ണൻ, സിബി മലയിൽ, ഫെഫ്കയിലെ അംഗങ്ങൾ ഫിയോക്കിലെ അംഗങ്ങളെല്ലാവരും ഉണ്ടായിരുന്നതാണ്. അപ്പോൾ എന്റെ മാത്രം അഭിപ്രായമാണെന്ന് എങ്ങനെയാണ് പറയുക.
* സംഘടനയെടുത്ത പൊതുവായ തീരുമാനമാണെങ്കിൽ സംഘടനയിലെ ഒരു അംഗം മാറി നിന്ന് അതിനെതിരേ സംസാരിക്കുമോ?
ആന്റണി ഇപ്പോൾ പറയുന്നത് സ്വന്തം അഭിപ്രായമല്ല. മറ്റാരോ ആന്റണിയെക്കൊണ്ട് പറയിപ്പിക്കുകയാണ്. ആന്റണിയെക്കൊണ്ട് പറയിപ്പിക്കുന്നവർ മുമ്പിൽ വന്നു പറയുകയാണ് വേണ്ടത്.
* ആശിർവാദ് സിനിമാസിന്റെ എമ്പുരാൻ എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം താങ്കൾ സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് ആന്റണി പെരുമ്പാവൂർ ചോദിച്ചിരുന്നല്ലോ?
സിനിമയുടെ ബജറ്റിനെക്കുറിച്ച് ഞാൻ എവിടെയെങ്കിലും പറഞ്ഞതായി നിങ്ങൾ കണ്ടിരുന്നോ? ഒരു മാധ്യമത്തിന് ഫോൺ ഇൻ ആയി നൽകിയ ഒരു അഭിമുഖത്തിനിടെയാണ് എമ്പുരാന്റെ നിർമ്മാണ ചിലവിനെ കുറിച്ച് പറഞ്ഞത്. എന്നാൽ അത് ചൂണ്ടിക്കാണിച്ചപ്പോൾ തന്നെ അത് പിഴവാണെന്ന് മനസ്സിലാക്കി അത് ഒഴിവാക്കാൻ അവരോട് ആവശ്യപ്പെടുകയും അവർ അത് ഒഴിവാക്കുകയും ചെയ്തിരുന്നു. പിന്നീട് തന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്ന് മനസിലാക്കി അക്കാര്യത്തിൽ ക്ഷമാപണം നടത്തുകയും ചെയ്തു. ഒരു സിനിമയുടെ ബജറ്റിനെക്കുറിച്ച് ഞാൻ പറഞ്ഞു, അത് പിൻവലിക്കുകയും ചെയ്തു. അതാണോ വലിയ പ്രശ്നം. എന്നാൽ ഇപ്പോൾ മറ്റുള്ളവർ അത് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേയിരിക്കുകയാണ്.
* പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സംയുക്തമായ തീരുമാനമാണ് പറഞ്ഞതെങ്കിൽ, ആന്റണി പെരുമ്പാവൂരിന്റെ ഫെയിസ്ബുക്ക് പോസ്റ്റിൽ പറയുന്ന കാര്യങ്ങൾക്ക് പിന്നിൽ വ്യക്തിപരമായ താതപര്യമാണോ?
ആന്റണിക്ക് വ്യക്തിപരമായ താത്പര്യങ്ങളൊന്നുമില്ല. അദ്ദേഹത്തെക്കൊണ്ട് ഇക്കാര്യങ്ങളെല്ലാം ആരോ പറയിപ്പിക്കുന്നതാണ്. അല്ലാതെ അദ്ദേഹം ഇത്തരം കാര്യങ്ങൾ പറയില്ല. അദ്ദേഹം അസോസിയേഷനിലെല്ലാം ഉണ്ടായിരുന്നു. അന്നെല്ലാം നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ ഞങ്ങൾ എല്ലാവരും കൂടെ നിന്നിട്ടുണ്ട്. ഫിയോക് ചെയർമാനായി പ്രവർത്തിച്ചിരുന്നു. അന്നെല്ലാം ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ഞങ്ങളെല്ലാം കൂടെ നിന്നിട്ടുണ്ട്. ഇപ്പോൾ പറയുന്നതും ചെയ്യുന്നതുമെല്ലാം മറ്റാർക്കോ വേണ്ടിയാണ്. വ്യക്തിപരമായി ആന്റണിയും ഞാനും തമ്മിൽ യാതൊരു പ്രശ്നവുമില്ല. ഞങ്ങൾ തമ്മിൽ ശത്രുക്കളൊന്നുമല്ല. ആന്റണി ആർക്കോ വേണ്ടി വിഴുപ്പലക്കുകയാണ്. തെറ്റായ ആരോപണങ്ങളാണ് ആന്റണി ഉന്നയിക്കുന്നത്.
* നടന്മാർ നിർമിക്കുന്ന സിനിമ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ സമ്മതിക്കില്ലെന്ന പ്രസ്താവന നടത്തിയിരുന്നോ? പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അത്തരമൊരു തീരുമാനം എടുത്തിട്ടുണ്ടോ?
നടന്മാർ നിർമിക്കുന്ന സിനിമ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ സമ്മതിക്കില്ലെന്ന യാതൊരു വിധ പ്രസ്താവനയും ഞാൻ നടത്തിയിട്ടില്ല. തീയേറ്റർ ഉടമകളാണ് ഇത് സംബന്ധിച്ച് പ്രസ്താവന നടത്തിയത്. തീയേറ്റർ ഉടമ വിജയകുമാറാണ് അക്കാര്യങ്ങൾ സംസാരിച്ചത്. സംയുക്തമായി എടുത്ത തീരുമാനങ്ങളാണ് വാർത്ത സമ്മേളനത്തിൽ ഓരോ ആൾക്കാരായി പറഞ്ഞത് അതിൽ എന്നെ മാത്രം കരുവാക്കരുത്. സിനിമ ഇൻഡസ്ട്രി എന്റെ കൈയിൽ നിക്കണമെന്ന് പറഞ്ഞ് ചരട് പിരിക്കാനുള്ള അമാനുഷിക ശക്തിയൊന്നും എനിക്കില്ല.
എനിക്ക് ആരേയും പേടിയില്ല, ഇവിടുത്തെ ഒരു താരത്തിനേയും പേടിയില്ല. അതുകൊണ്ട് തന്നെ ഞാൻ മുഖം നോക്കാതെ സംസാരിക്കും. പേടിയുള്ളവരുണ്ട്. അവരൊക്കെ മിണ്ടാതിരിക്കുകയുമാണ്. എല്ലാവരും കൂടി തീരുമാനിച്ചെടുത്ത കാര്യമാണ് പറഞ്ഞത്. പക്ഷേ ആന്റണി തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഞാനല്ല തീരുമാനമെടുത്തത്.
നടന്മാർ നിർമിക്കുന്ന സിനിമ തീയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലായെന്നത് സംബന്ധിച്ച് സംഘടന ഒന്നടങ്കം ആലോചിച്ച് എടുത്ത തീരുമാനമാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇതിന് മുമ്പുള്ള ജനറൽ ബോഡിയിൽ ഇത്തരത്തിൽ നിർമിക്കുന്ന സിനിമ കുറച്ച് നാൾ നിർത്തിവെക്കണമെന്ന് തീരുമാനിച്ചു. അതിന് ശേഷം എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ആലോചന നടത്തി തീരുമാനിച്ച ശേഷമാണ് ബാക്കിയുള്ള സംഘടനകളുമായി സംസാരിച്ചത്. അതിന് ശേഷമാണ് മറ്റ് സംഘടനകളുമായി ചേർന്ന് മീറ്റിംഗ് വിളിച്ചത്. സിനിമ പ്രദർശിപ്പിക്കുന്നത് ഞങ്ങളല്ല. സിനിമ പ്രദർശിപ്പിക്കുന്ന ആൾക്കാരാണ് അത്തരമൊരു തീരുമാനം പറഞ്ഞത്. നടന്മാർ വാങ്ങുന്ന അമിത പ്രതിഫലം നിർത്തലാക്കുന്നതിന് ഒരു നടപടി വേണമെന്ന തീരുമാനം നേരത്തേ ഉണ്ടായിരുന്നതാണ്. ഞാൻ ഒറ്റക്ക് എടുത്ത തീരുമാനമെന്ന് പറയുന്നത് തെറ്റാണ്. സംഘടനകളുമായി കൂടിയാലോചിച്ച ശേഷമാണ് വാർത്ത സമ്മേളനം വിളിക്കുന്നത്.
*സിനിമ സമരവുമായി മുന്നോട്ട് പോകാനാണോ തീരുമാനം?
സിനിമ സമരമെന്നത് സംഘടനകളുടെ സംയുക്ത തീരുമാനമാണ്. അതുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം. ഞങ്ങളെ ആരും ഉടുക്ക് കൊട്ടി പേടിപ്പിക്കണ്ടായെന്നാണ് പറയാനുള്ളത്. എല്ലാവരോടും സംസാരിച്ചതിന് ശേഷമാണ് മുന്നോട്ട് പോകുന്നത്. ഇനി ഈ വിഷയത്തിൽ സർക്കാരിനോടും സംസാരിക്കും. സമരം പ്രാഖ്യാപിച്ചുവെന്ന് പറഞ്ഞുകൊണ്ട് കുറച്ച് പേർക്ക് മാത്രം ഹാലിളകേണ്ട കാര്യമെന്താണെന്ന് മനസിലാകുന്നില്ല.
ആന്റണിക്കെതിരേ നിർമാതാക്കളുടെ സംഘടന
സിനിമാ സംഘടനയിലെ തർക്കത്തിൽ ആന്റണി പെരുമ്പാവൂരിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്. സംഘടനാകാര്യങ്ങൾ പരസ്യമായി പറഞ്ഞത് ഭരണസമിതിയുടെ തീരുമാനമാണ്. സാമൂഹിക മാധ്യമങ്ങൾ വഴി ചോദ്യം ചെയ്തത് തെറ്റാണെന്നും യോഗത്തിന് വരാതെ ആന്റണി പരസ്യ നിലപാടെടുത്തത് അനുചിതമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കി. സംഘടനക്കെതിരായും വ്യക്തിപരമായും നടത്തുന്ന നീക്കത്തെ ഉത്തരവാദിത്തമുള്ള സംഘടന എന്ന നിലയിൽ പ്രതിരോധിക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]