
ഒരു മുഴുനീളൻ കോമഡി പടം. സജിൻ ഗോപു-അനശ്വര കോംബോയിലിറങ്ങിയ പൈങ്കിളിയെ ഇങ്ങനെ വിശേഷിപ്പിക്കാം. ഫ്രഷ്നെസ് നിറഞ്ഞ ലവ് സ്റ്റോറിയെന്ന അണിയറപ്രവത്തകരുടെ അവകാശവാദത്തോട് നൂറുശതമാനം നീതി പുലർത്തുന്ന ചിത്രമാണ് പൈങ്കിളി.
ഒരു പക്കാ ഫാമിലി എന്റർടെയിനറാണ് പൈങ്കിളി. തുടക്കം മുതൽ ഒടുക്കം വരെ മനസ്സുനിറഞ്ഞ് ചിരിക്കാനുള്ളത് സിനിമയിലുണ്ട്. എങ്ങനെയെങ്കിലും വീട്ടിൽ നിന്ന് ഒളിച്ചോടണമെന്ന ഒറ്റചിന്തയിൽ നടക്കുന്ന നായികയും കൈ തൊടുന്നതെല്ലാം വയ്യാവേലിയാകുന്ന നായകനും. ഒരു പ്രത്യേക സാഹചര്യത്തിൽ ഇവർ കണ്ടുമുട്ടുന്നു. ഇവരുടെ ജീവിതത്തിൽ നടക്കുന്ന അതീവരസകരമായ മുഹൂർത്തങ്ങളാണ് പൈങ്കിളി.
പറയത്തക്ക പണിയൊന്നുമില്ലാത്ത,സ്വന്തം വീടിന് ഗുണമില്ലെങ്കിലും നാട്ടുകാർക്ക് ഗുണമുള്ള സുകു സുജിത്ത്കുമാറാണ് പൈങ്കിളിയിലെ നായകൻ. ഫെയ്സ്ബുക്കിൽ പൈങ്കിളി സാഹിത്യമൊക്കെയെഴുതി തട്ടിമുട്ടി ജീവിക്കുന്നതിനിടയിൽ സുകു ഒരു യാത്രയ്ക്കിറങ്ങുന്നു. ഊഹിച്ചത് പോലെ തന്നെ യാത്രയ്ക്കിടയിൽ നല്ലൊരു പണി കിട്ടുന്നു. പിറകേ വീണ്ടും വീണ്ടും പണികൾ. അതിനിടയിലാണ് മറ്റൊരു തലവേദനയായി ഷീബയുടെ എൻട്രി. ശേഷം സ്ക്രീനിൽ.
ഫ്രഷായ കളർഫുളായ പോസ്റ്ററുകളായിരുന്നു പൈങ്കിളിയുടെ പ്രധാന ആകർഷണം. പോസ്റ്ററുകൾ പോലെ തന്നെ കളർഫുളാണ് പൈങ്കിളിയും. കുഞ്ഞിരാമായണമൊക്കെ പോലെ ലൗഡ് മീറ്ററിലാണ് പൈങ്കിളിയിലെ കഥാപാത്രങ്ങളുടെ സൃഷ്ടി. അണിയറപ്രവർത്തകർ പറഞ്ഞത് പോലെ തന്നെ കുറച്ച് ഓവറാണ് ഇതിലെ കഥാപാത്രങ്ങൾ. അത് തന്നെയാണ് പൈങ്കിളിയുടെ രസവും. യുവാക്കളെയും കുടുംബപ്രേക്ഷകരേയും ഒരുപോലെ തൃപ്തിപ്പെടുത്താൻ നടൻ ശ്രീജിത്ത് ബാബുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പൈങ്കിളിക്ക് കഴിയുമെന്നുറപ്പ്.
രോമാഞ്ചത്തിലും ആവേശത്തിലുമൊക്കെ കണ്ട ജിത്തു മാധവന്റെ കഥാപാത്രങ്ങളുടെ ആ എക്സെൻട്രിസിറ്റി പൈങ്കിളിയിലെ കഥാപാത്രങ്ങൾക്കുമുണ്ട്. അത് നന്നായി ബാലൻസ് ചെയ്യുന്നതിൽ ജിത്തു മാധവനും ശ്രീജിത്ത് ബാബുവും വിജയിക്കുകയും ചെയ്തു. ജൂനിയർ ആർട്ടിസ്റ്റുകളുൾപ്പടെ ചിത്രത്തിലെ അഭിനേതാക്കളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സുകുവെന്ന കഥാപാത്രം സജിൻ ഗോപുവിന്റെ കൈയിൽ ഭദ്രമായിരുന്നു. സമീപകാല ചിത്രങ്ങളിലെ പോലെ തന്നെ അനശ്വര രാജനും നിരാശരാക്കിയില്ല. അനശ്വര എന്നാൽ മിനിമം ഗ്യാരണ്ടിയെന്ന തലത്തിലേക്ക് എത്തിയെന്ന് തന്നെ പറയാം. ചന്തും സലീം കുമാർ,റോഷൻ ഷാനവാസ്,ജിസ്മ ജിജി, അബു സലീം,അമ്പിളി എന്നിവരുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. ആർട്ട് ഡയറക്ടറും ഛായാഗ്രാഹകനുമുൾപ്പടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെല്ലാം പ്രത്യേക കൈയടി അർഹിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]