
സിനിമാ നിര്‍മാതാക്കള്‍ സമരത്തിലേക്ക് പോകേണ്ട സാഹചര്യമില്ലെന്ന് സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാന്. സിനിമാരംഗത്തെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് നിര്‍മാതാവ് ജി. സുരേഷ്കുമാറിന്റെ കത്ത് ലഭിച്ചതായും മന്ത്രി പ്രതികരിച്ചു. നടനും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ ഫെയ്സ്ബുക് പോസ്റ്റിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
“മൂന്ന് കാര്യങ്ങള്‍ ആവശ്യപ്പെട്ട് ഒരു കത്ത് സുരേഷ്കുമാര്‍ തന്നിരുന്നു. അത് പരിശോധിക്കാനായി അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. ജി.എസ്.ടി.യുമായി ബന്ധപ്പെട്ട പ്രശ്നമാണ് ഒന്ന്. അത് കൈകാര്യം ചെയ്യേണ്ടത് ധനകാര്യവകുപ്പാണ്. അത് അവരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കഴിയും. മറ്റ് രണ്ടുകാര്യങ്ങള്‍ സിനിമയുമായി ബന്ധപ്പെട്ടതാണ്”. അത് വകുപ്പുതലത്തില്‍ ചര്‍ച്ച ചെയ്ത് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സമരത്തിന് ആധാരമായ വിഷയങ്ങള്‍ എന്താണെന്ന് ബോധ്യപ്പെട്ടുവരുന്നതേയുള്ളൂ. സിനിമാക്കാര് സമരത്തിലേക്ക് പോകേണ്ട വിഷയമൊന്നുമില്ല. അവര്‍ തമ്മില്‍ പ്രശ്നമുണ്ടെങ്കില്‍ അവര്‍ തന്നെ പരിഹരിക്കട്ടെ. പല സിനിമകളും ലാഭകരമായിത്തന്നെയാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം അറിയിച്ചു.
നിലവിലെ സാഹചര്യത്തില്‍ സംഘടനകള്‍ സമരവുമായി മുന്നോട്ടുപോകാനുള്ള സാധ്യതയില്ല. ഫെഫ്ക ഉള്‍പ്പെടെയുള്ള സംഘടനകളുടെ പൂര്‍ണ പിന്തുണ ലഭിച്ചെങ്കില്‍ മാത്രമേ സമരം മുന്നോട്ടുപോകൂ. സമരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിച്ചില്ല എന്ന വിമര്‍ശനങ്ങള്‍ കഴിഞ്ഞദിവസം ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെ ഉന്നയിച്ചിരുന്നു. പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]