13 വര്‍ഷത്തിനു ശേഷമുള്ള റേസിങ് ട്രാക്കിലെ തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് തമിഴ് സൂപ്പര്‍താരം അജിത് കുമാര്‍. 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന 24 എച്ച് ദുബായ് 2025 എന്ന കാറോട്ട മത്സരത്തില്‍ താരം മൂന്നാമതായി ഫിനിഷ് ചെയ്തു. നേരത്തേ പരിശീലനത്തിനിടെ താരത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. കാര്യമായ പരിക്കുകളൊന്നുമില്ലാത്തതിനാല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നാലെ രാഷ്ട്രീയ, കായിക, ചലച്ചിത്ര രംഗത്തെ പ്രമുഖർ അജിത്തിന്റെ നേട്ടത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആരാധകര്‍ക്കും തന്നെ പിന്തുണച്ചവര്‍ക്കുമെല്ലാം നന്ദി പറഞ്ഞിരിക്കുകയാണ് അജിത് കുമാര്‍. അജിത്തിന്റെ സന്ദേശം താരത്തിന്റെ മാനേജര്‍ എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ദുബായ് റേസിങ് മത്സരത്തിലും അതിന് ശേഷവും പിന്തുണയും പ്രോത്സാഹനവും നല്കിയ ആരാധകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും, കായിക രംഗത്തുള്ളവര്‍ക്കും നന്ദി പറയുന്നതായി അജിത് അറിയിച്ചു.
‘എനിക്ക് ലഭിച്ച സ്നേഹവും പ്രോത്സാഹനവുമാണ് എന്റെ അഭിനിവേശത്തിന്റെ ചാലകശക്തി. എന്റെ പരിമിതികള്‍ മറികടക്കാനും കടമ്പകള്‍ മറികടക്കാനും മോട്ടോര്‍ സ്പോര്‍ട്സില്‍ പുതിയ നാഴികക്കല്ലുകള്‍ ലക്ഷ്യമിടാനുമെല്ലാം ഇതാണ് എന്നെ പ്രചോദിപ്പിക്കുന്നത്. എന്റെ ഈ യാത്ര നിങ്ങളെ കുറിച്ച് കൂടിയുള്ളതാണ്. ട്രാക്കിലെ ഓരോ നിമിഷവും നിങ്ങള്‍ എന്നിലര്‍പ്പിച്ച വിശ്വാസത്തിന്റെ സാക്ഷ്യപ്പെടുത്തലാക്കാന് ഞാന്‍ പ്രതിജ്ഞാബദ്ധമാണ്’.- അജിത് സന്ദേശത്തില്‍ കുറിച്ചു.
നേരത്തേ റേസിങ് പരിശീലനത്തിനിടെ അജിത്തിന്റെ കാര്‍ അപകടത്തില്‍പെട്ടിരുന്നു. ദുബായ് എയറോഡ്രോമില്‍ വച്ചായിരുന്നു അപകടം. അപകടത്തില്‍ പെടുമ്പോള്‍ അജിത്തിന്റെ കാറിന്റെ വേഗം മണിക്കൂറില്‍ 180 കിലോമീറ്റര്‍ ആയിരുന്നു. അതിവേഗത്തില്‍ ചീറിപ്പായുമ്പോള്‍ കാര്‍ ബാരിക്കേഡില്‍ ഇടിക്കുകയായിരുന്നു. മുന്‍വശം തകര്‍ന്ന കാര്‍, പലതവണ വട്ടം കറങ്ങിയ ശേഷമാണ് നിന്നത്. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തകരെത്തി അജിത്തിനെ പുറത്തിറക്കി. പിന്നാലെ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നടൻ ഏവരേയും അത്ഭുതപ്പെടുത്തി.
2002-ല്‍ റേസിങ് ട്രാക്കിലേക്ക് തിരിച്ചെത്തിയ അദ്ദേഹം ഇന്ത്യയില്‍ നടന്ന വിവിധ ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ മത്സരിച്ചു. 2003-ല്‍, ഫോര്‍മുല ബിഎംഡബ്ല്യു ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയും മുഴുവന്‍ സീസണും പൂര്‍ത്തിയാക്കുകയും ചെയ്തു. 2004-ല്‍ ബ്രിട്ടീഷ് ഫോര്‍മുല 3-ല്‍ പങ്കെടുത്തെങ്കിലും ജോലി സംബന്ധമായ കാര്യങ്ങളുണ്ടായിരുന്നതിനാല്‍ സീസണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. കുറച്ചുകാലം കാത്തിരുന്ന് പിന്നീട് 2010-ല്‍ യൂറോപ്യന്‍ ഫോര്‍മുല 2 സീസണില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചു. പക്ഷേ അപ്പോഴും സിനിമയുമായി ബന്ധപ്പെട്ട് കുറച്ച് മത്സരങ്ങളില്‍ മാത്രമേ താരത്തിന് പങ്കെടുക്കാനായുള്ളൂ.റേസിങ് താരം മാത്രമല്ല, ‘അജിത് കുമാര്‍ റേസിങ്’ എന്ന റേസിങ് ടീമിന്റെ ഉടമ കൂടിയാണ് ഇപ്പോള്‍ താരം. ടീമിലെ സഹതാരങ്ങളായ മാത്യു ഡെട്രി, ഫാബിയന്‍ ഡഫിയക്സ്, കാമറൂണ്‍ മക്ലിയോഡ് എന്നിവരോടൊപ്പം കടുത്ത മത്സരം നടക്കുന്ന പോര്‍ഷെ 991 ക്ലാസിലാണ് അജിത് മത്സരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]