
സൂപ്പർസ്റ്റാറുകൾ ഇന്ന തരം സിനിമകളും കഥാപാത്രങ്ങളും മാത്രമേ ചെയ്യാവൂ എന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും ഓരോരുത്തർക്കും അവരുടേതായ താത്പര്യങ്ങൾ ഉണ്ടാവുമെന്നും നടൻ മമ്മൂട്ടി. ജയറാമിനെ ടൈറ്റിൽ കഥാപാത്രമാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ഓലറിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സൂപ്പർസ്റ്റാറായിരുന്നിട്ടും കാതൽ പോലൊരു സിനിമ ചെയ്യാൻ തയ്യാറായത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
താൻ മെഗാസ്റ്റാർ ആണെന്ന് പറഞ്ഞു നടക്കുന്ന ആളല്ലെന്നും തനിക്ക് ഇപ്പോഴും കഥാപാത്രങ്ങളോടുള്ള ആർത്തി അവസാനിച്ചിട്ടില്ലെന്നും പറഞ്ഞ മമ്മൂട്ടി കാതലിന് മുമ്പ് ചെയ്ത പേരൻപിലെ ക്ലെമാക്സിൽ താൻ വിവാഹം ചെയ്തത് ആരെയാണെന്ന് ഓർക്കുന്നുണ്ടോയെന്നും ചോദിച്ചു. നടനാവാൻ ആഗ്രഹിച്ച ആളാണ് താൻ, ഇപ്പോഴും ആ ആഗ്രഹം തന്നെയാണ് മുന്നോട്ട് കൊണ്ടുപോവുന്നതെന്നും മമ്മൂട്ടി വ്യക്തമാക്കി.
റാം സംവിധാനം ചെയ്ത പേരൻപിൽ അഞ്ജലി അമീർ അവതരിപ്പിച്ച മീര എന്ന ട്രാൻസ്ജെന്റർ കഥാപാത്രത്തെയാണ് മമ്മൂട്ടിയുടെ കഥാപാത്രമായ അമുദവൻ വിവാഹം ചെയ്യുന്നത്. ജിയോ ബേബി സംവിധാനം ചെയ്ത കാതലിൽ സ്വവർഗാനുരാഗിയായ കഥാപാത്രമായിരുന്നു മമ്മൂട്ടിയുടെ മാത്യു ദേവസി.
ഓസ്ലർ വലിയ വിജയമായതിന്റെ സന്തോഷം പങ്കുവച്ച മമ്മൂട്ടി തന്റെ കഥാപാത്രത്തെ ഏറ്റെടുത്ത പ്രേക്ഷകരോടുള്ള നന്ദിയും അറിയിച്ചു. ജയറാമിനോടുള്ള സ്നേഹത്തിനുമപ്പുറം ആ കഥാപാത്രത്തോടുള്ള സ്നേഹം കൊണ്ടുകൂടിയാണ് ഓസ്ലറിന്റെ ഭാഗമായതെന്നും തന്റെ കഥാപാത്രത്തിന്റെ സസ്പെൻസ് ഒരു പരിധി വരെ സ്വകാര്യമാക്കിവെയ്ക്കാനായെന്നും ചിത്രം സ്വീകരിക്കപ്പെട്ടതിൽ ഏറെ സന്തോഷമുണ്ടെന്നും വ്യക്തമാക്കി.
മമ്മൂട്ടി, സംവിധായകൻ മിഥുൻ മാനുവൽ തോമസ്, നടൻ ജയറാം എന്നിവർക്ക് പുറമേ അനശ്വര രാജൻ, ഛായാഗ്രാഹകൻ തേനി ഈശ്വർ തുടങ്ങി ചിത്രത്തിലെ മറ്റ് അഭിനേതാക്കളും അണിയറപ്രവർത്തകരും പ്രസ് മീറ്റിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]