
സിനിമയിലെ ലാംഗ്വേജ് എന്നാൽ ബോഡി ലാംഗ്വേജ് കൂടിയാണെന്ന് നടൻ ഷൈൻ ടോം ചാക്കോ. മാതൃഭൂമി ന്യൂസിന്റെ ദ ഷെമിൻ സ്റ്റുഡിയോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമൽ സഹദേവ് സംവിധാനം ചെയ്ത കുമാരി എന്ന ചിത്രത്തിൽ ഷൈൻ അവതരിപ്പിച്ച ധ്രുവൻ എന്ന കഥാപാത്രത്തിന്റെ സംഭാഷണങ്ങൾ വ്യക്തമായിരുന്നില്ല എന്ന് മുമ്പ് ആക്ഷേപം ഉയർന്നിരുന്നു. ഇക്കാര്യത്തേക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു താരത്തിന്റെ പ്രതികരണം.
കൊറിയൻ സിനിമകളും സ്പാനിഷ് സിനിമകളുമെല്ലാം കാണുന്നത് മുഴുവൻ അർത്ഥവും കേട്ടുമനസിലാക്കിയിട്ടല്ലല്ലോ എന്ന് ഷൈൻ ടോം ചാക്കോ ചോദിച്ചു. കുമാരിയിലെ ധ്രുവനെ അവതരിപ്പിക്കുന്ന സമയത്ത് ശബ്ദംകൊണ്ടും സംഭാഷണങ്ങൾകൊണ്ടും മനസിലായില്ലെങ്കിലും എല്ലാത്തിനും അംഗവിക്ഷേപങ്ങൾ ഉണ്ട് അവിടെ. ഉൾവലിഞ്ഞുനിൽക്കുന്നയാളാണ് ധ്രുവൻ. കുമാരിയോടാണ് അദ്ദേഹം ആദ്യമായി മനസുതുറന്ന് സംസാരിക്കുന്നത്. കുറേക്കാലമായി ആരോടും സംസാരിക്കാത്ത ഒരാളുടെ സംസാരം ഒരിക്കലും വ്യക്തമായിരിക്കല്ലല്ലോ. തുടർച്ചയായി സംസാരിച്ചിട്ടല്ലേ സംസാരം വ്യക്തമാവുന്നതെന്നും ഷൈൻ ചോദിക്കുന്നു.
“സ്ഥിരം സംസാരിക്കുന്നവർക്ക് പോലും അവരുടെ സംസാരം വ്യക്തമാവാൻ സ്പീച്ച് തെറാപ്പി ചെയ്യാറുണ്ട്. വളരെ കാലമായി സംസാരിക്കാത്ത ഒരാൾ സ്ഫുടതയോടെ സംസാരിച്ചാൽ അവിടെ തീർന്നില്ലേ ആ കഥാപാത്രം. അതുപോലും ഇവിടെയുള്ള ആളുകൾക്ക് മനസിലാവുന്നില്ല. ക്രമേണ ആ കഥാപാത്രത്തിന്റെ സംഭാഷണം വ്യക്തമാകുന്നുണ്ട്. അങ്ങനെയുള്ള ഡീറ്റെയിലിങ്ങിലേക്കൊന്നും ആളുകൾ പോവുന്നില്ല. മലയാളം അധ്യാപകനൊന്നുമല്ലല്ലോ ആ കഥാപാത്രം. സ്ഫുടതയില്ലായ്മ ആ കഥാപാത്രത്തിന്റെ പ്രത്യേകതയാണ് എന്ന കാര്യം ആളുകളിലേക്ക് എത്താത്തതും ഒരു കാരണമാവാം. മാമുക്കോയയുടെ സംഭാഷണം ആദ്യം കേൾക്കുന്നൊരാൾക്ക് മനസിലാവില്ല. ക്രമേണയാണ് അത് മനസിലാവുക. പുതിയൊരു നടൻ വരുമ്പോളും പരിചയപ്പെടുമ്പോഴും അവരുടെ സംഭാഷണം പെട്ടന്ന് വ്യക്തമാവില്ല. കാസർകോടൊക്കെയുള്ള ആളുകളോട് സംസാരിച്ചാൽ ആദ്യം മനസിലാവില്ല. അവരുമായി കൂടുതൽ ഇടപഴകുമ്പോഴാണ് മനസിലാവുക. പുതിയൊരു കഥാപാത്രത്തെ കാണുമ്പോഴും കേൾക്കുമ്പോഴുമുള്ള അവ്യക്തത അത്രയേയുള്ളൂ.” ഷൈൻ ചൂണ്ടിക്കാട്ടി.
പൊതുവേ സിങ്ക് സൗണ്ടാണ് എളുപ്പമെന്ന് ഷൈൻ വ്യക്തമാക്കി. ഓടിപ്പറയുന്നതും നിന്ന് പറയുന്നതും ചരിഞ്ഞ് പറയുന്നതുമെല്ലാം നമ്മൾ ഒറ്റയടിക്ക് നിന്ന് പറയണ്ടേ? ഇതിനെല്ലാത്തിനും അതിന്റേതായ വ്യതിയാനം ഉണ്ട്. ഡബ്ബിങ്ങിൽ ആ വ്യത്യാസം കൊണ്ടുവരാൻ പറ്റില്ല. സ്റ്റുഡിയോയിൽ മിമിക്രി പോലെ എല്ലാം അനുകരിക്കുകയാണ്. അതിൽ ഒരു അപൂർണതയുണ്ടാവും. പക്ഷേ നമ്മൾക്കതാണ് കേൾക്കാൻ രസം. ഒറ്റയടിക്ക് എല്ലാം മനസിലാവുമല്ലോ എന്നും ഷൈൻ കൂട്ടിച്ചേർത്തു.