ചെന്നൈ: കശ്മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മേജർ മുകുന്ദ് വരദരാജന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള തമിഴ് ചിത്രം ‘അമരൻ’ സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. രംഗത്ത്. ഈ സിനിമ കശ്മീരിനെയും മുസ്ലിം വിഭാഗത്തെയും മോശമായി ചിത്രീകരിക്കുന്നുവെന്ന് എസ്.ഡി.പി.ഐ. ആരോപിക്കുമ്പോഴാണ് ബി.ജെ.പി. ചിത്രം കൂടുതൽ പ്രചരിപ്പിക്കണമെന്ന് വാദിക്കുന്നത്.
പുതിയതലമുറയിൽ ദേശസ്നേഹം വളർത്താൻ സിനിമ ഉപകരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെടുന്നത്. സിനിമയെ എതിർക്കുന്നവർ രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷയ്ക്കും എതിരാണെന്ന് ബി.ജെ.പി. സംസ്ഥാന വക്താവ് എ.എൻ.എസ്. പ്രസാദ് ആരോപിച്ചു. സംസ്ഥാനത്തുടനീളം സിനിമ പ്രദർശിപ്പിക്കാൻ സർക്കാർ ക്രമീകരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു.
അതേസമയം മറ്റ് മതവിഭാഗങ്ങളിൽ മുസ്ലിം വിരുദ്ധത പടർത്തുകയാണ് സിനിമയുടെ ലക്ഷ്യമെന്നാണ് എസ്.ഡി.പി.ഐ. ആരോപിക്കുന്നത്. മേയ് 17 എന്ന തമിഴ് അനുകൂല സംഘടനയും ഇതേ ആരോപണവുമായി രംഗത്തുണ്ട്. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത ‘അമരൻ’ കഴിഞ്ഞമാസം 31-നാണ് റിലീസ് ചെയ്തത്. സിനിമയുടെ നിർമാണത്തിൽ നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസനും പങ്കാളിയാണ്.
പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉദയനിധി സ്റ്റാലിൻ തുടങ്ങിയവർ സിനിമകാണുകയും അണിയറ പ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
2014-ൽ കശ്മീരിൽ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മുകുന്ദ് വരദരാജന്റെ ഭാര്യ മലയാളിയായ ഇന്ദു റെബേക്ക വർഗീസാണ്. സിനിമയിൽ സായ് പല്ലവിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]