
ലോസ് ആഞ്ജലീസ്: ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എന്‍ട്രിയായ ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’ തെക്കേ അമേരിക്കയിൽ റിലീസിനൊരുങ്ങുന്നു. ഒരു ഇന്ത്യൻ ചിത്രത്തിന്റെ തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ റിലീസായിരിക്കുമിത്. കാവ്യ ഫിലിംസിന്റെ വേണു കുന്നപ്പിള്ളിയും എം.ബി ഫിലിംസിന്റെ മാർസെലോ ബോൻസിയും തമ്മിലുള്ള സുപ്രധാന കരാറിലൂടെയാണ് ഈ ചരിത്രനേട്ടം സാധ്യമായത്. പരാഗ്വേ ആസ്ഥാനമായുള്ള പ്രൊഡക്ഷൻ കമ്പനിയാണ് എം.ബി ഫിലിംസ്.
‘ആഗോള പ്രേക്ഷകരിൽ നിന്ന് ഞങ്ങൾക്ക് ലഭിക്കുന്ന സ്നേഹത്തിലും പിന്തുണയിലും ഞങ്ങൾ വളരെ സന്തുഷ്ടരാണ്. ലാറ്റിൻ അമേരിക്കയിലേയ്ക്ക് ഇന്ത്യൻ സിനിമകൾക്ക് എത്തുന്നതിന് ‘2018’ ഒരു നാഴിക ക്കല്ലായിരിക്കുമെന്ന് അറിയുന്നത് അവിശ്വസനീയമാണ്. സംസ്കാരത്തിനപ്പുറം പ്രേക്ഷകർക്ക് പ്രചോദനം നൽകുന്ന സാമൂഹിക സന്ദേശമാണ് സിനിമ നൽകുന്നത്. തെക്കേ അമേരിക്കൻ പ്രേക്ഷകരുടെ ഹൃദയത്തിൽ ‘2018’ എത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്’, വേണു കുന്നപ്പിള്ളി പറഞ്ഞു.
ദുബായ് ആസ്ഥാനമായുള്ള ഏരീസ് ഗ്രൂപ്പിന്റെ സിനിമ സെയിൽസ് വിഭാഗമായ ഇൻഡിവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ്വർക്കാണ് ഈ കരാർ സാധ്യമാക്കിയത്. തെക്കേ അമേരിക്കൻ ഫുട്ബോളിന് നമ്മുടെ നാട്ടിൽ ഒരുപാട് ആരാധകരുണ്ടെങ്കിലും നമ്മുടെ സിനിമകൾ ലാറ്റിൻ അമേരിക്കയിൽ എത്തിയിട്ടില്ലെന്ന് ഇൻഡിവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ്വർക്കിന്റെ ഡയറക്ടർ ശ്യാം കുറുപ്പ് പറഞ്ഞു. ചരിത്ര നിമിഷത്തിലൂടെ ഈ നേട്ടം സ്വന്തമാക്കാനായതിലെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു.
‘ഡാം ദുരന്തങ്ങളും വെള്ളപ്പൊക്കവും പോലുള്ള സാഹചര്യങ്ങൾ നമ്മെയെല്ലാം ആശങ്കപ്പെടുത്തുന്നതാണ്. ഈ വർഷത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയെ തെക്കേ അമേരിക്കയിലേക്ക് പരിചയപ്പെടുത്തുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. അവാർഡുകൾക്കപ്പുറം, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സിനിമയുടെ ആഴത്തിലുള്ള സന്ദേശമാണ് ഞങ്ങളെ ആകർഷിച്ചത്. നമ്മുടെ രാജ്യത്ത് സമാനമായ വെല്ലുവിളികൾ ഞങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. ഈ ചിത്രത്തിന് ഒരുപാട് പേരുടെ കണ്ണ് തുറപ്പിക്കാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ആദ്യഘട്ടത്തിൽ 400 തിയേറ്ററുകളിലെങ്കിലും ‘2018’ എത്തിക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്’, എം.ബി ഫിലിംസിന്റെ മാർസെലോ ബോൻസി പറഞ്ഞു.
‘ഈ സംരംഭത്തിന് പ്രചോദനം നൽകിയത് എന്റെ അമ്മ ഗിസെൽ ആണ്. ഇന്ത്യൻ സിനിമയുടെ കടുത്ത ആരാധികയായ അമ്മ ‘ആർ.ആർ.ആർ’ പോലുള്ള സിനിമകൾ ഒന്നിലധികം തവണ കണ്ടിട്ടുണ്ട്. ഇന്ത്യൻ- ലാറ്റിനമേരിക്കൻ ചലച്ചിത്ര വ്യവസായം തമ്മിലുള്ള വിടവ് നികത്താനുള്ള സമയമാണിതെന്ന് ഞങ്ങൾക്ക് തോന്നുന്നു’, എം.ബി ഫിലിംസിന്റെ സി.ഇ.ഒ മൗറിസിയോ ബോൻസി പറഞ്ഞു.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ആസിഫ് അലി, വിനീത് ശ്രീനിവാസന്, ഇന്ദ്രന്‍സ്, ലാല്‍, നരേന്, അപര്‍ണ്ണ ബാലമുരളി, തന്വി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, ശിവദ, വിനിത കോശി തുടങ്ങി മലയാളത്തിലെ മുന്‍നിരതാരങ്ങളെ അണിനിരത്തി ഒരുക്കിയ ‘2018’ മെയ് 5 -നാണ് തിയറ്റര്‍ റിലീസ് ചെയ്തത്.
‘കാവ്യ ഫിലിംസ്’, ‘പി കെ പ്രൈം പ്രൊഡക്ഷന്‍സ് ‘എന്നിവയുടെ ബാനറില്‍ വേണു കുന്നപ്പള്ളി, സി.കെ. പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ‘2018’ നിര്‍മ്മിച്ചിരിക്കുന്നത്. അഖില്‍ പി. ധര്‍മജന്റെതാണ് സഹതിരക്കഥ. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രാഹകന്‍. ചമന്‍ ചാക്കോ ചിത്രസംയോജനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം നോബിന് പോളും സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]