
മുന്‍ മന്ത്രിയും മുതിര്‍ന്ന എന്‍.സി.പി നേതാവുമായിരുന്ന ബാബാ സിദ്ദിഖി വെടിയേറ്റുമരിച്ച സംഭവത്തില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് രാഷ്ട്രീയ ലോകവും സിനിമാ ലോകവും. ശനിയാഴ്ച വൈകുന്നേരമാണ് മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി. അജിത് പവാര്‍ പക്ഷ നേതാവുമായ ബാബാ സിദ്ദിഖി ബാന്ദ്രയിലെ ഓഫീസില്‍വെച്ച് വെടിയേറ്റ് മരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. അക്രമികള്‍ മൂന്നു തവണ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തതായാണ് വിവരം. നെഞ്ചിലും വയറ്റിലുമായാണ് വെടിയുണ്ടകള്‍ തറച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര് പിടിയിലായി.
To advertise here, Contact Us
അധോലോകവും ബോളിവുഡും തമ്മിലുള്ള ബന്ധത്തിന് ആ ഇന്ഡസ്ട്രിയോളം പഴക്കമുണ്ട്. രാഷ്ട്രീയവും കള്ളപ്പണം വെളുപ്പിക്കലും ബിനാമി ഇടപാടുകളും അതിലെല്ലാം ഉപരിയായി ഭീഷണികളായും അക്രമങ്ങളായും ബോളിവുഡിനോട് ചേര്‍ന്നു നില്ക്കുന്നു മുംബൈയിലെ അധോലോകം. 1997 ഓഗസ്റ്റില്‍ ഇന്ത്യന്‍ സിനിമാ സംഗീതത്തിലെ പ്രധാനിയായിരുന്നു ഗുല്‍ഷന്‍ കുമാറിന്റെ കൊലപാതകം രാജ്യത്തെത്തന്നെ നടുക്കിയിരുന്നു. രാജ്യത്തെ പിടിച്ചുലച്ച ആ സംഭവത്തിലേക്ക് ഒരു എത്തിനോട്ടം.
1997, രാവിലെ 10:40, മാരുതി 1000-ല്‍ പടിഞ്ഞാറന്‍ അന്ധേരിയിലുള്ള ഓഫീസിലേക്ക് ഇറങ്ങിയതാണ് മ്യൂസിക് കമ്പനിയായ ടി സീരീസിന്റെ സ്ഥാപകന്‍ കാസറ്റ് കിങ് എന്നറിയപ്പെടുന്ന ഗുല്‍ഷന്‍ കുമാര്‍. വധഭീഷണിയെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അദ്ദേഹത്തിന് വേണ്ടി നിയോഗിച്ച ബോഡിഗാര്‍ഡ് അസുഖ ബാധിതനായതിനാല്‍ അന്ന് ഒപ്പമുണ്ടായിരുന്നില്ല. പോകുന്ന വഴിയ്ക്ക് ജിതേശ്വര് മഹാദേവ ക്ഷേത്രത്തിന് മുന്നില്‍ കാര്‍ നിര്‍ത്തി ദര്‍ശനത്തിനായി അകത്തേക്കു പോയി. ശിവഭക്തന് കൂടിയായ ഗുല്‍ഷന്‍ കുമാര്‍ അവിടത്തെ നിത്യസന്ദര്‍ശകനായിരുന്നു. തൊഴുത് പുറത്തേക്കു വന്ന ഗുല്ഷണിന്റെ മുന്നിലേക്ക് ഒരാള്‍ വന്ന് ഇങ്ങനെ പറഞ്ഞു: ‘നിങ്ങള്‍ ആവശ്യത്തിന് പൂജ ചെയ്തു കഴിഞ്ഞു, ഇനി മുകളില്‍ പോയി ചെയ്യാം.’
തൊട്ടുപിന്നാലെ നാലു യുവാക്കള്‍ ചുറ്റും വളഞ്ഞ് അദ്ദേഹത്തിനെതിരേ വെടിയുതിര്‍ത്തു. തൊട്ടടുത്ത വീടുകളില്‍ അഭയം തേടാന്‍ ഗുല്‍ഷന്‍ ശ്രമിച്ചെങ്കിലും വിഫലമായി. അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ക്കു കാലുകളില്‍ വെടിയേറ്റു. 16 ബുള്ളറ്റുകള്‍ ശരീരത്തില്‍ തുളച്ചു കയറിയ ഗുല്‍ഷന്‍ ആശുപത്രിയിലേക്ക് പോകുന്ന വഴി മരണപ്പെട്ടു.
എന്തിനായിരുന്നു ഗുല്‍ഷനെ കൊലപ്പെടുത്തിയത്? ബോംബൈയിലെ അധോലോക രാജാക്കന്മാരും ഗുല്‍ഷനും തമ്മിലുള്ള പ്രശ്നമെന്ത്? ഇതേക്കുറിച്ച്
അറിയണമെങ്കില്‍ ഗുല്‍ഷന്റെ സംഭവബഹുലമായ ജീവിത്തിലേക്ക് കടന്നുചെല്ലണം.
ജ്യൂസ് കടക്കാരനില്‍നിന്ന് കാസറ്റ് കിങ്ങിലേക്ക്
ഗുൽഷൻ കുമാർ
വിഭജനകാലത്ത് പഞ്ചാബില്‍നിന്ന് ഡല്‍ഹിയിലേക്ക് കുടിയേറിയ ഒരു കുടുംബത്തിലെ അംഗമായി 1951 മെയ് അഞ്ചിനാണ് ഗുല്‍ഷന്‍ കുമാര്‍ ജനിച്ചത്. പഴക്കച്ചവടക്കാരനായിരുന്നു പിതാവ്. കുട്ടിക്കാലം മുതല്‍ പിതാവിനെ കട നടത്തുന്നതിന് സഹായിക്കുമായിരുന്നു. അതില്‍നിന്ന് ഗുല്‍ഷന്‍ കുമാറിന് ചെറിയ വരുമാനവും ലഭിച്ചിരുന്നു. തുടര്‍ന്ന് ഡല്‍ഹിയില്‍ ദാര്യഗഞ്ചിലെ തെരുവില്‍ ഗുല്‍ഷന്‍ കുമാര്‍ ജ്യൂസ് കട തുടങ്ങി.
സംഗീതത്തോട് ചെറുപ്പം മുതല്‍ തന്നെ അദ്ദേഹത്തിന് ആഭിമുഖ്യം ഉണ്ടായിരുന്നു. ശിവന്റെയും വൈഷ്ണവോ ദേവിയുടെയും കടുത്ത വിശ്വാസിയായിരുന്ന ഗുല്‍ഷന്‍ കുമാര്‍ അമ്പലങ്ങളില്‍ ഭക്തിഗാനങ്ങള്‍ ആലപിക്കാറുണ്ടായിരുന്നു. വൈഷ്ണവോ ദേവിക്ഷേത്രത്തില്‍ വരുന്ന ഭക്തര്‍ക്ക് പ്രസാദമായി ഭക്ഷണം നല്കുന്ന പതിവും അദ്ദേഹത്തിനുണ്ടായിരുന്നു. സംഗീതരംഗത്തല്ലാതെ മറ്റു ജോലികള്‍ നോക്കാന്‍ ഗുല്‍ഷന്‍ കുമാറിന് താല്പര്യമുണ്ടായില്ല. വില കുറഞ്ഞ ഓഡിയോ കാസറ്റുകള്‍ വില്‍ക്കുന്ന ഒരു ചെറിയ കച്ചവടം കുടുംബം ആരംഭിച്ചതിന് ശേഷമാണ് ഈ രംഗത്ത് തന്നെ മുന്നോട്ട് പോകണമെന്ന് അദ്ദേഹം തീരുമാനിച്ചത്. പിന്നീട് 1983-ല്‍ സൂപ്പര്‍ കാസറ്റ് ഇന്‍ഡസ്ട്രീസിന്റെ പേരില്‍ ടി സീരീസ് ആരംഭിക്കുകയും വ്യാജ കാസറ്റുകള്‍ വ്യാപകമായി നിര്‍മിക്കുകയും ചെയ്തു.
ഒറിജിനലിന്റെ വില താങ്ങാന്‍ സാധിക്കാതിരുന്ന സാധാരണക്കാര്‍ അന്ന് ഗുല്‍ഷന്റെ കാസറ്റുകളുടെ ഗുണഭോക്താക്കളായി. അന്നത്തെ കാലത്ത് വ്യാജകാസറ്റുകള്ക്ക് നിലവാരവും ആയുസ്സും തീരെ കുറവായിരുന്നു. എന്നാല്‍, ഗുല്‍ഷന്‍ കുമാര്‍ ഇറക്കിയ കാസറ്റുകള്‍ ഒറിജിനലിനെ വെല്ലുന്നതായിരുന്നു. കരിഞ്ചന്തയില്‍ കാസറ്റുകള്‍ വിറ്റ് ഗുല്‍ഷന്‍ കുമാര്‍ വലിയ ലാഭമുണ്ടാക്കി. താനാണ് അതിന് പിന്നിലെന്ന് തെളിയിക്കാനുള്ള എല്ലാ വഴികളും അടച്ചായിരുന്നു ഗുല്‍ഷന്‍ കുമാറിന്റെ ഓരോ നീക്കവും. കാസറ്റു കച്ചവടത്തില്‍നിന്ന് ലഭിച്ച ലാഭത്തില്‍നിന്നും ഗുല്‍ഷന്‍ കുമാര്‍ മ്യൂസിക് പ്രൊഡക്ഷന്‍ ആരംഭിച്ചു. ഹിന്ദു ഭക്തിഗാനങ്ങള്‍ക്ക് വലിയ വിപണിയുണ്ടെന്ന് തിരിച്ചറിഞ്ഞ ഗുല്‍ഷന്‍ ധാരാളം കലാകാരന്മാരെ പങ്കെടുപ്പിച്ച് ഭക്തിഗാനങ്ങളുടെ കാസറ്റുകള്‍ ആല്‍ബങ്ങളായി ഇറക്കി. അവയില്‍ ചിലതില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തു. ഗുല്‍ഷന്‍ കുമാറിന്റെ നേതൃത്വത്തില്‍ ബിസിനസ് തഴച്ചു വളര്‍ന്നുകൊണ്ടേയിരുന്നു.
ബോളിവുഡില്‍ നിലയുറപ്പിക്കാന്‍ മുംബൈയാണ് ഏറ്റവും മികച്ച മണ്ണെന്ന് തിരച്ചറിഞ്ഞതോടെയാണ് ഗുല്‍ഷന്‍ ഡല്‍ഹി വിടുന്നത്. മന്‍സൂര്‍ ഖാന് സംവിധാനം ചെയ്ത ഖയാമത്ത് സേ ഖയാമത്ത് (1988) എന്ന ചിത്രത്തിലെ ഗാനങ്ങളുടെ വിതരണാവകാശം സ്വന്തമാക്കിയായിരുന്നു തുടക്കം. നിര്‍മാതാവ് നാസിര്‍ ഹുസൈന് നാലു ലക്ഷം രൂപ നല്‍കിയാണ് ടി സീരീസിന്റെ ലേബലില്‍ ഗാനങ്ങള്‍ റിലീസ് ചെയ്തത്. 1980-കളിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി തീരുകയായിരുന്നു ‘ഖയാമത്ത് സെ ഖയാമത്ത്.’
ആഷിഖി
1989-ല്‍ പുറത്തിറങ്ങിയ ലാല്‍ ദുപ്പട്ട മല്മല് കാ എന്ന ചിത്രത്തിലൂടെയാണ് ടി സീരീസ് സിനിമാനിര്‍മാണ രംഗത്തെത്തുന്നത്. 1990-ല്‍ മഹേഷ് ഭട്ട് സംവിധാനം ചെയ്ത ആഷിഖി എന്ന ചിത്രവും അതിലെ ഗാനങ്ങളും സൂപ്പര്‍ഹിറ്റായതോടെ ഗുല്‍ഷന്‍ കുമാറിന്റെ ടി സീരീസ് സമാനകളില്ലാതെ ഇന്ത്യന്‍ സിനിമാരംഗത്ത് വളര്‍ന്നു പന്തലിച്ചു. സോനു നിഗം, അനുരാധ പദുവാള്‍ തുടങ്ങി ഒട്ടേറെ പ്രതിഭാധനരായ സംഗീതജ്ഞരെ സിനിമാ സംഗീതരംഗത്ത് കൊണ്ടുവരാന്‍ ടി സീരീസിന് കഴിഞ്ഞു. സംഗീതത്തെക്കുറിച്ച് അറിവുണ്ടായിരുന്ന, ആസ്വാദകര്‍ക്ക് എന്താണ് വേണ്ടതെന്ന് വ്യക്തമായി ധാരണ ഉണ്ടായിരുന്നതായിരുന്നു ടി-സീരീസിന്റെ വിജയം. ഇന്ത്യന്‍ സിനിമാ സംഗീതരംഗത്ത് ടി സീരീസ് എതിരാളികളില്ലാതെ പടര്‍ന്നു പന്തലിച്ചു. 1991 ആയപ്പോഴേക്കും ടി സീരീസിന്റെ വിറ്റുവരവ് ഏതാണ്ട് 200 കോടിയോളം രൂപയായി.
അധോലോകം ഭരിച്ചിരുന്ന ഡി കമ്പനിയുമായി ഗുല്‍ഷന്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. സൈ്വര്യമായി ഒരു വ്യവസായ സംരംഭം മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ ഡി കമ്പനിക്കു പണം നല്‍കണമായിരുന്നു. അത് നല്കാന് തയ്യാറാവാത്തവരെ ഭീഷണിപ്പെടുത്തിയും ശല്യം ചെയ്തും പിടിച്ചുപറക്കുന്നതായിരുന്നു അവരുടെ രീതി. ഗുല്‍ഷന്‍ കുമാറിന്റെ അടുത്ത് അവരുടെ ഭീഷണിയൊന്നും വിലപ്പോയില്ല. പത്ത് ലക്ഷം രൂപയാണ് ഡി കമ്പനി ഗുല്‍ഷന്‍ കുമാറിന്റെ പക്കല്‍നിന്ന് ആവശ്യപ്പെട്ടത്. ഒരു നയാ പൈസ പോലും തരില്ലെന്ന് അദ്ദേഹം ഏജന്റുമാരോട് കട്ടായം പറഞ്ഞു.
നദീം അക്തര്‍ സെയ്ഫിയുമായുള്ള പ്രശ്നം
നദീം അക്തര്‍ സെയ്ഫി
സംഗീത സംവിധായക ജോഡികളായിരുന്ന നദീം-ശ്രാവണിലെ നദീം അക്തര്‍ സെയ്ഫിയുമായി ഗുല്‍ഷന്‍ കുമാറിന് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. 1996-ല്‍ താന്‍ നിര്‍മിച്ച ഹേ അജ്നഭി എന്ന ആല്‍ബത്തിന്റെ പകര്‍പ്പവകാശം ഗുല്‍ഷന്‍ കുമാറിനെ കൊണ്ട് വാങ്ങിപ്പിക്കാനായിരുന്നു നദീം വിചാരിച്ചിരുന്നത്. നദീം നല്ല ഗായകനല്ലെന്ന് പറഞ്ഞ് ഗുല്‍ഷന്‍ കുമാര്‍ ആല്‍ബം വാങ്ങാന്‍ കൂട്ടാക്കിയില്ല. എന്നാല്‍, നദീമിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഗുല്‍ഷന്‍ കുമാര്‍ ഒടുവില്‍ ആല്‍ബത്തിന്റെ പകര്‍പ്പവകാശം സ്വന്തമാക്കി. അങ്ങനെ 1997 മാര്‍ച്ചില്‍ റിലീസ് ചെയ്ത ‘ഹേ അജ്നഭി’ വലിയ ചലനവും സൃഷ്ടിച്ചില്ല. ആല്‍ബത്തിന് വേണ്ടത്ര മാര്‍ക്കറ്റിങ് നല്‍കിയില്ലെന്നും അതാണ് പരാജയത്തിന് കാരണമെന്നും നദീം ആരോപിച്ചു. ഗുല്‍ഷന്‍ കുമാറും നദീമും തെറ്റുന്നത് ഈ ഘട്ടത്തിലാണ്.
”ഇതിന്റെ അനന്തരഫലം നിങ്ങള്‍ അനുഭവിക്കു”മെന്ന് പറഞ്ഞ് നദീം ഭീഷണിപ്പെടുത്തിയെന്നാണ് ഗുല്‍ഷന്‍ കുമാറിന്റെ സഹോദരന് അദ്ദേഹത്തിന്റെ മരണശേഷം പോലീസില്‍ മൊഴി നല്‍കിയത്. ഇതൊരു ക്വട്ടേഷന്‍ കൊലപാതകമാണെന്നും ഡി കമ്പനിയെകൊണ്ട് നദീം ചെയ്യിപ്പിച്ചതാണെന്നുമായിരുന്നു പ്രധാന ആരോപണം. പ്രശസ്ത സിനിമ സംഗീത നിര്‍മാണ കമ്പനിയായ ടിപ്സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമയായ രമേഷ് തൗരാനിക്കൊപ്പം ചേര്‍ന്നാണ് നദീം കൊലപാതകം ആസൂത്രണം ചെയ്തത് എന്നതായിരുന്നു അക്കാലത്തെ പ്രധാന ആരോപണങ്ങളിലൊന്ന്.
ഗുല്‍ഷന്‍ കുമാറിന്റെ കൊലപാതകത്തെ സംബന്ധിച്ച് ആരോപണം വന്ന ശേഷം നദീം ലണ്ടനിലേക്ക് പോയി. അറസ്റ്റില്‍നിന്ന് രക്ഷപ്പെടാനാണ് നദീം അങ്ങനെ ചെയ്തതെന്നാണ് പോലീസ് ആരോപിച്ചത്. അതേസമയം, രമേഷ് തൗരാനിയെ പോലീസ് അറസ്റ്റ് ചെയ്തു.
അന്വേഷണം ഡി കമ്പനിയിലേക്ക്
നദീമിന്റെയും രമേഷ് തൗരാനിയുടെയും ഗൂഢാലോചന എന്ന നിലയില്‍ തന്നെയാണ് കേസിന്റെ അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് പ്രതികളെന്ന് സംശയിക്കുന്ന പതിനഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിലൊരാളായ മുഹമ്മദ് അലി ഷെയ്ഖ് പിന്നീട് മാപ്പുസാക്ഷിയായി. 400 പേജോളം വരുന്ന കുറ്റപത്രമാണ് പോലീസ് സമര്‍പ്പിച്ചത്. അതിലെ പ്രസക്തഭാഗം ഇങ്ങനെ: നദീം, അധോലോക നേതാക്കളായ അബു സലീം, ദാവൂദ് ഇബ്രാമിന്റെ സഹോദരന് അനീസ് ഇബ്രാഹീം കസ്കര്‍ എന്നിവരാണ് പ്രധാന പ്രതികള്‍. നദീം, അബു സലീം, അനീസ് ഇബ്രാഹീം കസ്കര്‍ എന്നിവര്‍ ചേര്‍ന്ന് ഗുല്‍ഷന്‍ കുമാറിനെ വധിക്കാന്‍ ദുബായിയില്‍വച്ച് ഗൂഢാലോചനയിട്ടു. അബു സലീമിന് ഗുല്‍ഷന്‍ കുമാറിനോട് വ്യക്തിപരമായി ദേഷ്യമുണ്ടായിരുന്നു. ആവശ്യപ്പെട്ട 10 ലക്ഷം രൂപ നല്കാന് ഗുല്‍ഷന്‍ കുമാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു അത്. തുടര്‍ന്ന് അബ്ദുള്‍ റൗഫ് മെര്‍ച്ചന്റ് എന്ന വ്യക്തിയ്ക്ക് ഗുല്‍ഷന്‍ കുമാറിനെ കൊല്ലാനുള്ള ക്വട്ടേഷന്‍ അബു സലീം നല്കി.
ഗുല്‍ഷന്‍ കുമാറിന്റെ കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ അബ്ദുള്‍ റൗഫ് മെര്‍ച്ചന്റിനെ 2001-ല്‍ കൊല്‍ക്കത്തയില്‍ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. വൈകാതെ തന്നെ വിചാരണ ആരംഭിക്കുകയും ചെയ്തു. 2002 ഏപ്രില്‍ 29-ന് മുംബൈ സെഷന് കോടതി ജഡ്ജ് എം.എല്‍. തഹില്യാനി അബ്ദുള്‍ റൗഫ് മെര്‍ച്ചന്റിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. അതേസമയം, റൗഫ് ഒരു വാടക കൊലയാളിയാണെന്ന് സ്ഥാപിക്കാനുള്ള പ്രോസിക്യൂഷന് ശ്രമം പരാജയപ്പെട്ടു. കേസിലെ മറ്റു പ്രതികളുടെ പങ്ക് തെളിയിക്കാനും പോലീസിന് സാധിച്ചില്ല.
അബ്ദുള്‍ റൗഫ് മെര്‍ച്ചന്റ്
2009-ല്‍ പരോളിലിറങ്ങിയ അബ്ദുള്‍ റൗഫ് മെര്‍ച്ചന്റ് ബംഗ്ലാദേശിലേക്ക് കടന്നു. കൃത്യമായ രേഖകളില്ലാതെയാണ് റൗഫ് ബംഗ്ലാദേശിലേക്ക് കടന്നത്. നുഴഞ്ഞുകയറിയതിനും അനധികൃതമായി താമസിച്ചതിനും ബംഗ്ലാദേശില്‍ അബ്ദുള്‍ റൗഫ് മെര്‍ച്ചന്റ് അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. ശിക്ഷ പൂര്‍ത്തിയാക്കിയപ്പോള്‍, തീവ്രവാദ ബന്ധങ്ങളുടെ പേരില്‍ 2014 ഡിസംബറില്‍ വീണ്ടും അറസ്റ്റിലായി. ഒടുവില്‍, 2016-ല്‍ അബ്ദുള്‍ റൗഫ് മെര്‍ച്ചന്റിനെ ബംഗ്ലാദേശ് മുംബൈ ക്രൈംബ്രാഞ്ചിന് കൈമാറി. ഇപ്പോള്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലെ അതിസുരക്ഷാ വിഭാഗത്തില്‍ തടവിലാണ് അബ്ദുള്‍ റൗഫ് മെര്‍ച്ചന്റ്.
കീഴ്ക്കോടതി കുറ്റവിമുക്തനാക്കിയ കേസിലെ മറ്റൊരു പ്രതിയായ അബ്ദുള്‍ റാഷിദ് മര്‍ച്ചന്റിന് 2021 ജൂലൈ ഒന്നിന് മുംബൈ ഹൈക്കോടതി ജീവപര്യന്തം ശിക്ഷ നല്കി. അബ്ദുള്‍ റൗഫ് മെര്‍ച്ചന്റിന്റെ സഹോദരനാണ് അബ്ദുള്‍ റാഷിദ് മര്‍ച്ചന്റ്. ഗുല്‍ഷന്‍ കുമാറിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് അബ്ദുള്‍ റാഷിദ് മര്ച്ചന്റെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2002-ല്‍ തെളിവുകളുടെ അഭാവത്തില്‍ സെഷന് കോടതി അബ്ദുള്‍ റാഷിദ് മര്‍ച്ചന്റിനെ വെറുതെ വിടുകയായിരുന്നു. ഇപ്പോള്‍ നാസിക് സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് അബ്ദുള്‍ റാഷിദ് മര്‍ച്ചന്റ്.
നദീം അക്തര്‍ സൈഫിയ്ക്ക് സംഭവിച്ചതെന്ത്?
ഗുല്‍ഷന്‍ കുമാറിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന കുറ്റം ആരോപിക്കപ്പെട്ട ടിപ്സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമയായ രമേഷ് തൗരാനിയെ 2002-ല്‍ തന്നെ കുറ്റവിമുക്തമാക്കിയിരുന്നു. എന്നാല്‍, ലണ്ടനിലേക്ക് പോയ നദീം അക്തര്‍ സൈഫിയെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം നടന്നില്ല. നദീമിനെതിരേ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ലണ്ടന്‍ ഹൈക്കോടതി ഇന്ത്യന്‍ സര്‍ക്കാറിന്റെ അപേക്ഷ നിരസിക്കുകയായിരുന്നു. കേസിലെ പ്രധാന സാക്ഷിയായിരുന്ന മുഹമ്മദ് അലി ഷെയ്ഖ് നദീമിന് കൊലപാതകത്തില്‍ പങ്കുണ്ടെന്നു മൊഴിനല്‍കിയെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍, നദീമിനെ അറിയില്ലെന്നും ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും പിന്നീട് മുഹമ്മദ് അലി ഷെയ്ഖ് പിന്നീട് മൊഴിനല്‍കി.
നദീമിന് കേസുമായി ബന്ധമില്ലെന്ന് അബു സലീം ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത് അന്നത്തെ കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. ലണ്ടനിലെ ഹൗസ് ഓഫ് ലോര്‍ഡ്സും മുംബൈ സെഷന് കോടതിയും കേസില്‍ നദീമിനെ കുറ്റവിമുക്തനാക്കി. ലണ്ടന്‍ പൗരത്വം സ്വീകരിച്ച നദീം പിന്നീട് ഒരിക്കലും ഇന്ത്യയിലേക്ക് മടങ്ങിയില്ല. ലണ്ടനില്‍ താമസിച്ചുകൊണ്ടു അദ്ദേഹം ശ്രാവണിനൊപ്പം ഒട്ടേറെ സിനിമകള്‍ക്കും ആല്‍ബങ്ങള്‍ക്കും സംഗീതമൊരുക്കി. 2005-ല്‍ നദീം-ശ്രാവണ്‍ കൂട്ടുക്കെട്ട് അവസാനിച്ചു.
ടി സീരീസ് ഇന്ന്
ഭൂഷണ് കുമാര്‍
ഗുല്‍ഷന്‍ കുമാറിന്റെ മരണത്തിന് ശേഷവും ഇന്ത്യന്‍ സിനിമയിലെ ടി സീരീസിന്റെ അപ്രമാദിത്വത്തിന് കോട്ടം തട്ടിയില്ല. രാജ്യത്തെ സിനിമാ-സംഗീത നിര്‍മാണ കമ്പനികളില്‍ ഒന്നാമതാണ് ടി സീരീസിന്റെ സ്ഥാനം. ഗുല്‍ഷന്‍ കുമാര്‍ മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മകന് ഭൂഷണ് കുമാറിന് പത്തൊന്‍പത് വയസ്സായിരുന്നു പ്രായം. തുടര്‍ന്ന് പിതാവിന്റെ സഹോദരന് കൃഷന് കുമാറിന്റെ സഹായത്തോടെ ടി സീരീസിന്റെ ചുമതല ഭൂഷണ് കുമാര്‍ ഏറ്റെടുത്തു. പിന്നീട് ടി സീരീസിന്റെ മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായി. കാലഘട്ടവും സാങ്കേതികവിദ്യയും മാറുന്നതിന് അനുസരിച്ച് ബിസിനസ്സില്‍ നവീന ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള ഭൂഷണ് കുമാറിന്റെ കഴിവില്‍ ടി സീരീസ് വളര്‍ന്ന് പന്തലിച്ചു. ബോളിവുഡില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ടി സീരീസിന് മലയാളം അടക്കമുള്ള ഇന്ത്യയിലെ ഒട്ടുമിക്ക പ്രദേശിക ഭാഷകളിലും ചുവടുറപ്പിക്കാനായി. ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സബ്സ്ക്രൈബ് ചെയ്തിട്ടുള്ള അപൂർവ്വം യൂട്യൂബ് ചാനലുകളിൽ ഒന്നാണ് ടി സീരീസിന്റേത്. 245 മില്യണ്‍ സബ്സ്ക്രിപ്ഷനാണ് ടി സീരീസിനുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]