
മുംബൈ അധോലോകവും ബോളിവുഡും തമ്മിലുള്ള ബന്ധത്തിന് ആ ഇന്ഡസ്ട്രിയോളം പഴക്കമുണ്ട്. രാഷ്ട്രീയവും കള്ളപ്പണം വെളുപ്പിക്കലും ബിനാമി ഇടപാടുകളും അതിലെല്ലാം ഉപരിയായി ഭീഷണികളായും അക്രമങ്ങളായും ബോളിവുഡിനോട് ചേര്‍ന്നു നില്ക്കുന്നു മുംബൈയിലെ അധോലോകം. 1997 ഓഗസ്റ്റില്‍ ഇന്ത്യന്‍ സിനിമാ സംഗീതത്തിലെ പ്രധാനിയായിരുന്നു ഗുല്‍ഷന്‍ കുമാറിന്റെ കൊലപാതകം രാജ്യത്തെത്തന്നെ നടുക്കിയിരുന്നു.
അന്നുമുതല്‍ ഇന്നുവരെ മുംബൈ അധോലോകം ബോളിവുഡ് താരങ്ങളെ നേരിട്ടോ അല്ലാതെയോ ഭീഷണിപ്പെടുത്തുകയും അവര്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തുകയോ ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാത്രി കൊല്ലപ്പെട്ട മഹാരാഷ്ട്ര മുന്‍മന്ത്രിയും എന്‍.സി.പി. അജിത്പവാര്‍ പക്ഷ നേതാവുമായ ബാബാ സിദ്ദിഖിയുടെ മരണം സല്മാന് ഖാനുമായുള്ള ബന്ധത്തിന്റെ ബാക്കിപത്രമാണെന്ന് അഭ്യൂഹമുണ്ട്.
ബോളിവുഡില്‍ ഇതിനുമുമ്പും അധോലോകഭീഷണികളും അക്രമങ്ങളും നേരിടേണ്ടിവന്നിട്ടുള്ള താരങ്ങളുണ്ട്. സല്മാന് ഖാനും ഷാരൂഖ് ഖാനും പ്രീതി സിന്റയുമൊക്കെ ഈ പട്ടികയില്‍ പെടുന്നവരാണ്. 1998-ലെ ബ്ലാക്ക് ബക്ക് കേസുമായി ബന്ധപ്പെട്ട് സല്മാന് ഖാനുനേരെ ഇപ്പോഴും അധോലോകം ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. കുറച്ചുമാസങ്ങള്‍ക്ക് മുമ്പും അധോലോകനേതാവ് ലോറന്‍സ് ബിഷ്ണോയിയും സംഘാംഗങ്ങളും സല്‍മാന്റെ വീടിനുനേരെ വെടിവെപ്പ് നടത്തിയിരുന്നു.
ജ്യൂസ് കടക്കാരനില്‍നിന്ന് കാസറ്റ് കിങ്ങിലേക്ക്, തെരുവില്‍ വെടിയേറ്റ് മരണം; സിനിമയെ വെല്ലുന്ന ജീവിതകഥ
അബ്ബാസ് മസ്താന് സംവിധാനം ചെയ്ത് 2001-ല്‍ റിലീസായ ചിത്രമാണ് ചോരി ചോരി ചുപ്കെ ചുപ്കെ. സല്മാന് ഖാന് നായകനായും പ്രീതി സിന്റയും റാണി മുഖര്‍ജിയും നായികമാരായും എത്തിയ ഈ സൂപ്പര്‍ഹിറ്റ് സിനിമയുടെ നിര്‍മാണത്തിനായി പണമിറങ്ങിയത് അധോലോകത്തുനിന്നാണ് എന്നതൊരു പരസ്യമായ രഹസ്യമായിരുന്നു. ഇതിനെക്കുറിച്ച് കോടതിയില്‍ കേസ് വന്നപ്പോള്‍ സത്യം തുറന്നുപറഞ്ഞ ഒരേയൊരു താരം പ്രീതിയായിരുന്നു.
ഇതിനുപിന്നാലെ അധോലോകത്തുനിന്നും സ്ഥിരമായി ഭീഷണികോളുകള്‍ വന്നുതുടങ്ങി പ്രീതിക്ക്. +92 കണ്ടാല്‍ പേടിച്ച് ഫോണ്‍ എടുക്കാത്ത സ്ഥിതിയിലേക്കാണ് അത് തന്നെ കൊണ്ടെത്തിച്ചത് എന്നാണ് ഇതിനെക്കുറിച്ച് പ്രീതി പിന്നീട് പറഞ്ഞിട്ടുള്ളത്. കോടതിയില്‍ മറ്റുള്ളവര്‍ എന്തൊക്കെയാണ് പറഞ്ഞതെന്ന് എനിക്കറിയില്ല, എനിക്ക് സംരക്ഷണം ഒരുക്കേണ്ടവര്‍ അത് ചെയ്തില്ല, ഞാന്‍ കോടതിയില്‍ പറഞ്ഞ കാര്യങ്ങളൊക്കെ 10 മിനിറ്റിനുള്ളില്‍ ടിവിയില്‍ വന്നു, എന്നാണ് പ്രീതി പിന്നീട് പറഞ്ഞത്.
ചിലപ്പോഴൊക്കെ അധോലോകസംവിധാനങ്ങള്ക്ക് വഴങ്ങി സിനിമകള്‍ ചെയ്യേണ്ടിവന്നിട്ടുണ്ടെന്ന് ഷാരൂഖ് ഖാനും തുറന്നുപറഞ്ഞിട്ടുണ്ട്. ‘പറയുന്നത് അനുസരിച്ചില്ലെങ്കില്‍ അവര്‍ വെടിവെച്ച് കൊല്ലും. അതിലും നല്ലത് അവര്‍ പറയുന്ന സിനിമയില്‍ അഭിനയിക്കുന്നതല്ലേ. മൂന്നുവര്‍ഷത്തോളം കനത്ത സുരക്ഷയിലാണ് ഞാന്‍ കഴിഞ്ഞത്. നിങ്ങളെ കണ്ടുകൊണ്ടിരിക്കുകയാണ് എന്നുപറഞ്ഞ് അബുസലിം വിളിച്ചിട്ടുണ്ട്. ടെലിസ്കോപ്പിനുകീഴില് ജീവിക്കുന്നതുപോലെ ആയിരുന്നു ആ സമയം’.
അനുപമ ചോപ്രയുടെ ‘കിങ് ഓഫ് ബോളിവുഡ്: ഷാരൂഖ് ഖാന് ആന്‍ഡ് ദി സെഡക്ടീവ് വേള്‍ഡ് ഓഫ് ഇന്ത്യന്‍ സിനിമ’ എന്ന ബുക്കിലാണ് താരം അധോലോകത്തുനിന്ന് നേരിടേണ്ടിവന്നിട്ടുള്ള ഭീഷണികളെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. കുച്ച് കുച്ച് ഹോതാ ഹേ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് തനിക്കും ഭീഷണികോളുകള്‍ വന്നിട്ടുണ്ടെന്ന് കരണ്‍ ജോഹറും വെളിപ്പെടുത്തിയിട്ടുണ്ട്. ‘ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയ്’ എന്ന തന്റെ ആത്മകഥയിലാണ് അദ്ദേഹം ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയിട്ടുള്ളത്.
അഞ്ചുവയസ്സു മുതലുള്ള പകയോ?; എന്തിനാണ് ബിഷ്ണോയി സല്മാന് ഖാനെ കൊല്ലാൻ നടക്കുന്നത്
കുച്ച് കുച്ച് ഹോതാ ഹേ സിനിമയുടെ റിലീസ് 1998-ലെ ഒരു വെള്ളിയാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. ആ ‘പ്രത്യേക’ വെള്ളിയാഴ്ചയില്‍ നിന്നും ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കണം എന്ന ഭീഷണിയുമായി അധോലോകനേതാവ് അബുസലിം വിളിച്ചു. അല്ലാത്തപക്ഷം വെടിവെച്ചുകൊല്ലും എന്ന അവരുടെ ഭീഷണികേട്ട് തന്റെ അമ്മ തളര്ന്നുവീണതിനെക്കുറിച്ചും കരണ്‍ ബുക്കില്‍ പറയുന്നുണ്ട്. മാത്രമല്ല, സിനിമ റിലീസായ ദിവസം താന്‍ രഹസ്യമായി ഒരു ഹോട്ടല്‍ റൂമില്‍ ഒളിച്ചിരിക്കുകയായിരുന്നു എന്നും കരണ്‍ തുറന്നുപറയുന്നു.
മകന് ഹൃത്വിക് റോഷനെ നായകനാക്കി ഒരുക്കിയ കഹോ നാ പ്യാര് ഹെ എന്ന ചിത്രത്തിന്റെ വിജയത്തിന് സംവിധായകന് രാകേഷ് റോഷന് നേരിടേണ്ടിവന്നത് ശരീരത്തില്‍ തുളച്ചുകയറിയ ഒരു വെടിയുണ്ടയാണ്. ആ അധോലോക ആക്രമണം ശരിക്കും രാകേഷ് റോഷന് വലിയൊരു അനുഗ്രഹമായി എന്നുവേണം പറയാന്‍. വെടിയുണ്ട പുറത്തെടുക്കാന്‍ നടത്തിയ ഓപ്പറേഷനിലാണ് രാകേഷിന്റെ ഹൃദയധമനികളില്‍ മിക്കതും ബ്ലോക്കായിരുന്നു എന്ന് കണ്ടെത്തിയത്. വെടിയേറ്റ് ആശുപത്രിയില്‍ ആയില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഇതിനെക്കുറിച്ച് അറിയാന്‍ കഴിയാതെ പോകുകയും മാസങ്ങൾക്കിപ്പുറം ഒരുപക്ഷേ അത് അദ്ദേഹത്തിന്റെ ജീവന്‍തന്നെ കവര്‍ന്നേനെ എന്നുമാണ് ഹൃത്വിക് റോഷന് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]