
ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേണ്സിന് സിനിമാപ്രേമികൾക്കിടയിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. എൽ.സി.യു എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ സിനിമാ ശൃംഖലയിൽ ആരാധകർ ഏറ്റവും അക്ഷമരായി കാത്തിരിക്കുന്ന ഒന്നാണ് സൂര്യ പ്രധാനവേഷത്തിലെത്തുന്ന റോളക്സ്. ഈ ചിത്രത്തേക്കുറിച്ചുള്ള പുത്തൻ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്.
ആരാധകരുമായുള്ള സംവാദ പരിപാടിക്കിടെയാണ് ലോകേഷ് കനകരാജ് തന്റെ വരുംകാല പ്രോജക്റ്റിനേക്കുറിച്ച് പറഞ്ഞത്. രജനികാന്ത് നായകനാവുന്ന കൂലി എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് താനിപ്പോൾ. അതുകഴിഞ്ഞാൽ റോളക്സ് എന്ന ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കും. അതൊരു വലിയ ചിത്രമായിരിക്കുമെന്നും ലോകേഷ് വ്യക്തമാക്കി.
“വിക്രം എന്ന ചിത്രം ചെയ്യുമ്പോൾ നല്ല എനർജിയോടെ നിർത്തണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് റോളക്സ് എന്ന കഥാപാത്രത്തെ കൊണ്ടുവന്നത്. കൈതി 2, വിക്രം 2 ഒക്കെ ചെയ്യാൻ പദ്ധതിയുണ്ട്. അപ്പോൾ റോളക്സ് എന്ന കഥാപാത്രത്തെ വെച്ച് ഒരു ചിത്രം ചെയ്താൽ എങ്ങനെയിരിക്കും എന്ന് തോന്നി. ഇപ്പോൾ ചെയ്യുന്ന കൂലി എന്ന ചിത്രം ലോകേഷ് കനകരാജ് യൂണിവേഴ്സിൽപ്പെടുന്ന ചിത്രമല്ല. അത് വേറെത്തന്നെയായി നിൽക്കുന്ന ചിത്രമാണ്. എന്നാൽ അതിനുശേഷം ചെയ്യാൻ പോകുന്നത് എൽ.സി.യുവിലെ എല്ലാ നടന്മാരും അണിനിരക്കുന്ന ഒരു പീക്ക് സിനിമയായിരിക്കും.” ലോകേഷ് പറഞ്ഞു.
ലോകേഷിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. അഭിനയത്തിൽനിന്ന് വിടവാങ്ങൽ പ്രഖ്യാപിച്ചിരിക്കുന്ന വിജയ് പുതിയ ചിത്രത്തിലുണ്ടോ എന്ന് ആരാധകർ അന്വേഷണം തുടങ്ങിയിട്ടുണ്ട്. നിലവിൽ കൂലി എന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നത്. രജനികാന്ത് നായകനാവുന്ന ചിത്രത്തിൽ തെലുങ്ക് സൂപ്പർതാരം നാഗാർജുന, കന്നഡ സൂപ്പർതാരം ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ എന്നിവരാണ് മുഖ്യവേഷങ്ങളിൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]