എല്ലാവരുടെയും പി.വി.ജി എനിക്ക് പി.വി.ജി അങ്കിള്‍ ആയിരുന്നു. അതുകൊണ്ടുതന്നെ ഒരു കുടുംബാംഗത്തിന്റെ നഷ്ടമാണ് എന്റെ മനസ്സിലിപ്പോള്‍. വല്ലാത്ത വേദന തോന്നുന്നു. മാതൃഭൂമിയുടെ കണ്ണൂര്‍ യൂണിറ്റ് ഉദ്ഘാടനച്ചടങ്ങില്‍ വച്ചാണ് ഞാന്‍ പി.വി.ജി അങ്കിളിനെ ആദ്യം കാണുന്നത്. എം.പി.വീരേന്ദ്രകുമാര്‍ സാറും ഒപ്പമുണ്ടായിരുന്നു. ഞാന്‍ അന്ന് പത്താംക്ലാസില്‍ പഠിക്കുകയാണ്. ഉദ്ഘാടകനായ മുഖ്യമന്ത്രി കെ.കരുണാകരന് സാറിന് ദീപം കൈമാറുകയായിരുന്നു എന്റെ ചുമതല. അന്ന് ഞാന്‍ സിനിമയിലെത്തിയിട്ടില്ല. അതുകൊണ്ട് പി.വി.ജി അങ്കിളിനോട് ഒരുപാടൊന്നും സംസാരിച്ചില്ല. പരിചയപ്പെടലില്‍ ഒതുങ്ങി ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച.
പക്ഷേ അതൊരു ആത്മബന്ധത്തിന്റെ തുടക്കമാകും എന്ന് അപ്പോള്‍ ഞാനറിഞ്ഞില്ല. സല്ലാപം കഴിഞ്ഞ് എന്റെ അടുത്ത ചിത്രം തൂവല്‍ കൊട്ടാരമായിരുന്നു. അത് നിര്‍മിച്ചത് പി.വി.ജി.അങ്കിളിന്റെ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സും. കുട്ടിക്കാലം തൊട്ടേ കേട്ടുവളര്‍ന്ന ഗൃഹലക്ഷ്മി എന്ന പേരിനൊപ്പം സഹകരിക്കാനായതിന്റെ സന്തോഷമാണ് അന്ന് മനസില്‍ നിറഞ്ഞത്. സെറ്റില്‍വച്ച് കണ്ടപ്പോള്‍ ഞങ്ങള്‍ സിനിമയെക്കുറിച്ച് ധാരാളം സംസാരിച്ചു. സല്ലാപത്തെക്കുറിച്ച് ഒരുപാട് നല്ലവാക്കുകള്‍ പി.വി.ജി.അങ്കിള്‍ പറഞ്ഞു. വടക്കന്‍വീരഗാഥ പോലുള്ള ചിത്രങ്ങള്‍ നിര്‍മിച്ച അനുഭവം പങ്കിട്ടു.
തൂവല്കൊട്ടാരത്തിന് ഫിലിംഫെയര്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ ചടങ്ങിന് പി.വി.ജി.അങ്കിളും സത്യന് അങ്കിളും ജയറാമേട്ടനും ഞാനും ഒരുമിച്ചാണ് പോയത്. അന്ന് ബാബാ സൈഗാള്‍ സദസ്സിലുള്ളവരോട് ഒപ്പം പാടാന്‍ പറഞ്ഞപ്പോള്‍ എല്ലാവരും മടിച്ചു. പക്ഷേ പി.വി.ജി. അങ്കിള്‍ ഒരു മൈക്ക് വാങ്ങി ബാബാ സൈഗാളിനൊപ്പം പാടി. ഒരു കൊച്ചുകുട്ടിയുടെ ആവേശമായിരുന്നു അദ്ദേഹത്തിനപ്പോള്‍.
ഹൃദയത്തില്‍ കളങ്കമേതുമില്ലാത്ത കോഴിക്കോട്ടുകാരനായിരുന്നു പി.വി.ജി.അങ്കിള്‍. ഞാന്‍ സിനിമയിലുണ്ടായിരുന്ന നാളുകളിലും വിട്ടുനിന്ന സമയത്തും അദ്ദേഹം വിളിച്ച് സ്നേഹാന്വേഷണം നടത്തുമായിരുന്നു. കോഴിക്കോട്ട് എപ്പോള്‍ ചെന്നാലും തന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കണമെന്നത് അദ്ദേഹത്തിന്റെ നിര്‍ബന്ധമായിരുന്നു. അങ്ങനെ ഞാന്‍ കേരളകലയുടെ പടികടന്ന് എത്രയോ വട്ടം ആ സ്നേഹവിരുന്നുകളില്‍ പങ്കാളിയായി. കോഴിക്കോട്ടുണ്ടെങ്കില്‍ എന്റെ നൃത്തപരിപാടികള്ക്കെല്ലാം മുന്‍നിരയില്‍ പി.വി.ജി.അങ്കിളുണ്ടാകും.
അങ്കിളിന്റെ കൂട്ടുകുടുംബത്തിന്റെ ഒരുമ എപ്പോഴും മനസ് കുളിര്‍പ്പിക്കുന്ന കാഴ്ചയായിരുന്നു. ജ്യേഷ്ഠനായ പി.വി.ചന്ദ്രന്‍സാറും പി.വി.ജി.അങ്കിളും തമ്മിലുള്ള സഹോദരബന്ധത്തിന്റെ ദൃഢത അടുത്തുനിന്ന് കണ്ടിട്ടുണ്ട്. ഗൃഹലക്ഷ്മിയുടെ സിനിമകള്‍പോലെ ആസ്വാദ്യകരമായിരുന്നു അവരുടെ കുടുംബത്തിലെ അന്തരീക്ഷവും.
തന്റെ പാതയിലൂടെ മക്കളായ ഷെനൂഗയും ഷെര്‍ഗയും ഷെഗ്നയും സിനിമാനിര്മാണത്തിലേക്കെത്തിയത് പി.വി.ജി.അങ്കിളിനെ ഏറെ സന്തോഷിപ്പിച്ചു. അത് പങ്കുവയ്ക്കാന്‍ അദ്ദേഹം എന്നെ വിളിക്കുകയും ചെയ്തു. കോവിഡ് കാലത്തുപോലും കരുതലറിയിക്കാന് പി.വി.ജി അങ്കിള്‍ വിളിച്ചു.
ഒരു സിനിമയില്‍ മാത്രമേ ഒപ്പം പ്രവര്‍ത്തിച്ചുള്ളൂ. പക്ഷേ അതുകൊണ്ട് ഒരായുസ്സിന്റെ ബന്ധം എനിക്കുണ്ടായി. നന്ദി പ്രിയപ്പെട്ട പി.വി.ജി.അങ്കിള്‍…എനിക്ക് തന്ന വാത്സല്യത്തിനും സ്നേഹത്തിനും.
Content Highlights: pv gangadharan passed away, manju warrier about pv gangadharan
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]