ഒരു ഛായാഗ്രാഹകനെ സംബന്ധിച്ചിടത്തോളം അയാളുടെ ഏറ്റവും വലിയ വിജയം താൻ തീർത്ത ഫ്രെയിമുകൾ കണ്ട് പ്രേക്ഷകർ അത്ഭുതപ്പെടുമ്പോഴാണ്. അത്തരത്തിൽ പ്രേക്ഷകനേയും കൂടെ കൊണ്ടുപോകുന്ന മനോഹര ഫ്രെയിമുകൾ തീർത്ത് കൈയ്യടി നേടിയിരിക്കുകയാണ് ചാവേറിന്റെ ഛായാഗ്രാഹകൻ ജിന്റോ ജോർജ്. ടിനു പാപ്പച്ചൻ സംവിധാനം നിർവഹിച്ച ചാവേർ വ്യാഴാഴ്ചയാണ് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം തുടങ്ങിയ മുൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ഇമോഷണൽ ത്രില്ലറാണ് ഇത്തവണ ടിനു പാപ്പച്ചൻ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ്റെ ഇതേ വരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പും അർജുൻ അശോകൻ, ആൻ്റണി വർഗീസ് എന്നിവരുടെ പ്രകടനങ്ങൾ കൊണ്ടും ചിത്രം പ്രശംസ നേടുകയാണ്. ഒരു രാഷ്ട്രീയ കൊലപാതകവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന അതിജീവനത്തിൻ്റെ നിരവധി രംഗങ്ങളുമാണ് ചിത്രത്തിൻ്റെ കഥാതന്തു. ടിനു പാപ്പച്ചൻ ഒരുക്കിയ അജഗജാന്തരത്തിലും ക്യാമറ ചലിപ്പിച്ചത് ജിന്റോ തന്നെയാണ്.
ടിനു പാപ്പച്ചൻ ചിത്രങ്ങളിലെ മേക്കിങ്ങ് ശൈലിക്ക് ഏറ്റവും ചേർന്ന് നിൽക്കുന്ന രീതിയിൽ തന്നെയാണ് ജിന്റോ ജോർജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകനെ ആകാംക്ഷയുടെയും ഉദ്വേഗത്തിൻ്റെയും ഒരു നൂലിൽ കൂടിയാണ് ചിത്രം കൊണ്ടുപോകുന്നത്. അതിൽ വ്യക്തിബന്ധങ്ങളുടെയും കുടുംബബന്ധങ്ങളുടെയും ചിത്രങ്ങളും വരച്ചു ചേർത്തിരിക്കുന്നു. നടനും സംവിധായകനുമായ ജോയ് മാത്യു ഒരുക്കിയ തിരക്കഥയാണ് ചാവേറായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.
കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, അരുൺ നാരായൺ എന്നിവർ ചേർന്നാണ് നിർമ്മിച്ച ചിത്രത്തിൽ മനോജ് കെ.യു, സംഗീത, സജിൻ ഗോപു, അനുരൂപ് എന്നിങ്ങനെ നിരവധി താരങ്ങൾ മികവാർന്ന പ്രകടനവും കാഴ്ച വെച്ചിട്ടുണ്ട്. കണ്ണൂരിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണത്തിന് പുറമേ എഡിറ്റിങ്ങും പശ്ചാത്തല സംഗീതവും ഗാനങ്ങളും ചാവേറിനെ ഏറെ മനോഹരമാക്കുന്നുണ്ട്.
Content Highlights: chaver movie cinematographer jinto george, chaver movie theatre response
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]