ആരാധകർക്ക് വേണ്ടി വിജയ് ചിത്രം ലിയോയുടെ ട്രെയിലർ പ്രദർശിപ്പിച്ച ചെന്നെെ രോഹിണി സിൽവർ സ്ക്രീൻസ് തിയേറ്ററിന് കനത്ത നാശനഷ്ടമെന്ന് റിപ്പോർട്ടുകൾ. ആരാധകരുടെ അതിരുവിട്ട ആവേശവും മാന്യതയില്ലാത്ത പെരുമാറ്റവുമാണ് തിയേറ്ററിനെ നശിപ്പിച്ചതെന്നാണ് ആരോപണം. ട്രെയിലർ പ്രദർശിപ്പിച്ചതിന് ശേഷമുള്ള രോഹിണി തിയേറ്റർ എന്ന അവകാശവാദത്തോടെയുള്ള ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആരാധകർ സീറ്റിന് മുകളിലൂടെ നടക്കുന്നത് വീഡിയോയിൽ കാണാം. തിയേറ്ററിലെ സീറ്റുകൾ പലതും ഇളകി വീണിട്ടുണ്ട്.
നിരവധിപേരാണ് ആരാധകരെ വിമർശിച്ചുകൊണ്ട് എത്തുന്നത്. വിജയ് ചിത്രങ്ങളുടെ ട്രെയിലർ റിലീസ് ചെയ്യുമ്പോൾ പ്രത്യേക ഫാൻസ് ഷോകൾ സംഘടിപ്പിക്കാറുള്ള തിയേറ്ററുകളിൽ ഒന്നാണ് ചെന്നൈയിലെ രോഹിണി സിൽവർ സ്ക്രീൻസ്. തിയേറ്റർ ഹാളിന് പുറത്താണ് സാധാരണ പ്രദർശനം നടത്തുന്നത്. ഇത്തവണ തിയേറ്ററിന് പുറത്ത് നടത്തുന്ന പരിപാടിക്ക് സംരക്ഷണം നൽകില്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്നാണ് തിയേറ്റർ സ്ക്രീനിൽ തന്നെ ട്രെയിലർ പ്രദർശിപ്പിച്ചത്. സംഭവത്തിൽ തിയേറ്റർ ഉടമകൾ പ്രതികരിച്ചിട്ടില്ല.
നേരത്തെ ‘ലിയോ’യുടെ ഓഡിയോ റിലീസ് ഉപേക്ഷിച്ചിരുന്നു. ചെന്നൈ ജവാഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടത്താനിരുന്ന പരിപാടിയാണ് ഒരുക്കങ്ങൾ പാതിപിന്നിട്ടതിനുശേഷം മാറ്റിയത്. പരിപാടിയിൽ തിരക്ക് വർധിക്കുമെന്ന് പ്രതീക്ഷിച്ചായിരുന്നു പൊലീസ് അനുമതി നിഷേധിച്ചത്. രാഷ്ട്രീയപ്രവേശനത്തിനൊരുങ്ങുന്ന വിജയിനെ സമ്മർദത്തിലാക്കാനുള്ള ഡി.എം.കെ. സർക്കാരിന്റെ നടപടിയാണിതെന്നും ആരോപണം ഉയർന്നു. എന്നാൽ, പരിപാടിയുടെ പാസിനുവേണ്ടിയുള്ള തിരക്കും സുരക്ഷാപ്രശ്നങ്ങളും മൂലമാണ് പരിപാടി ഉപേക്ഷിച്ചതെന്ന് നിർമാതാവ് ജഗദീഷ് പളനിസാമി പ്രതികരിച്ചിരുന്നു.
പലയിടത്തും ലിയോയുടെ ട്രെയിലറിന് പ്രത്യേക പ്രദർശനവും അനുവദിച്ചിരുന്നില്ല. ആരാധകർ വൻതോതിൽ തിയേറ്ററുകളിലും മറ്റും തടിച്ചു കൂടുന്നതിനാലാണ് ട്രെയിലറിന്റെ പ്രത്യേക പ്രദർശനത്തിന് പോലീസ് അനുമതി നിഷേധിച്ചതെന്നായിരുന്നു വിവരങ്ങൾ. ലിയോയ്ക്ക് പുലർച്ചെ ഉള്ള ഫാൻസ് ഷോ കാണില്ലെന്നും റിപ്പോർട്ടുകളുണ്ട്.
നവരാത്രിയോട് അനുബന്ധിച്ച് ഒക്ടോബർ 19-ന് ലിയോ പ്രദർശനത്തിനെത്തിക്കാനാണ് ഒരുങ്ങുന്നത്. വിജയിയെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. മാസ്റ്റർ ആയിരുന്നു ഈ കോമ്പോയിൽ ഇറങ്ങിയ ആദ്യ സിനിമ. സഞ്ജയ് ദത്ത്, അർജുൻ സർജ, തൃഷ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മൻസൂർ അലി ഖാൻ, ബാബു ആന്റണി, മിഷ്കിൻ, മാത്യു തോമസ്, തുടങ്ങിയവർ ആണ് പ്രധാന വേഷങ്ങളിൽ എത്തുക. അനിരുദ്ധ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ദൈർഘ്യം 2 മണിക്കൂറും 43 മിനിറ്റും ആണ്.
Content Highlights: Vijay fans damage Chennai theatre after Leo trailer screening Video viral
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]