മലയാളം നടീനടന്മാരെ തമിഴ് സിനിമയിൽ അഭിനയിപ്പിക്കുന്നതിനെതിരേ രംഗത്തു വന്ന സാങ്കേതിക പ്രവർത്തകരുടെ സംഘടനയ്ക്കെതിരേ ശക്തമായ പ്രതികരണവുമായി നടനും പ്രൊഡ്യൂസറുമായ വിശാൽ. ജാതിയും മതവുമൊക്കെ രാഷ്ട്രീയക്കാർക്കാണെന്നും സിനിമയ്ക്ക് വേർതിരിവ് ഇല്ലെന്നും അദ്ദേഹം പറയുന്നു. തെന്നിന്ത്യൻ, ബോളിവുഡ് വ്യത്യാസമൊക്കെ മറ്റുള്ളവർക്കാണെന്നും തങ്ങൾക്ക് സിനിമ ഒന്നാണെന്നും വിശാൽ പറഞ്ഞു. 19 വർഷം നീണ്ട സിനിമാ യാത്രയെക്കുറിച്ചും വിജയ്നെ നായകനാക്കിയുള്ള സ്വപ്ന സിനിമയെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും വിശാൽ തുറന്നു സംസാരിക്കുന്നു.
ക്ലാപ്പ് ബോർഡ് താഴെ വച്ച് നടനാവാൻ ആവശ്യപ്പെട്ട അർജുൻ സർ
സംവിധായകനാകുക എന്ന ആഗ്രഹത്തോടെയാണ് സിനിമയിലേക്ക് വരുന്നത്. അർജുൻ സാറിന്റെ അസിസ്റ്റന്റ് ആയിട്ടായിരുന്നു തുടക്കം. രണ്ട് ചിത്രങ്ങളിൽ അദ്ദേഹത്തെ അസിസ്റ്റ് ചെയ്തു. ഒരുനാൾ അദ്ദേഹം എന്നോട് അസിസ്റ്റ് ചെയ്യുന്നത് നിർത്താൻ ആവശ്യപ്പെട്ടു. ക്ലാപ്പ് ബോർഡ് അവിടെ വച്ച് ഫോട്ടോ എടുത്ത് വരാൻ പറഞ്ഞു. ഫോട്ടോഷൂട്ട് നടത്തി അദ്ദേഹത്തെ കാണിച്ചപ്പോൾ ‘നീ അഭിനയിക്കണം, എന്ന് വേണമെങ്കിലും സംവിധായകനാവാം, പക്ഷേ ആദ്യം നീയൊരു നടനാവൂ’ എന്ന് പറഞ്ഞു. എന്റെ അച്ഛന്റെയും വലിയ സ്വപ്നമായിരുന്നു അത്. എന്നെ ഒരു നടനായി കാണണമെന്ന് അദ്ദേഹം ഒരുപാട് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് 2004-ൽ ‘ചെല്ലമേ’ എന്ന ചിത്രത്തിലൂടെ എന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. ഇപ്പോൾ 20 വർഷമാകാൻ പോകുന്നു. ഇൻഡസ്ട്രിയിലെ മികച്ച കാസ്റ്റും ക്രൂവുമാണ് ‘ചെല്ലമേ’യുടെ അണിയറയിൽ ഉണ്ടായിരുന്നത്. ഗാന്ധി കൃഷ്ണയുടെ സംവിധാനം, റീമ സെൻ നായിക, കെ.വി ആനന്ദിന്റെ ക്യാമറ, ഹാരിസ് ജയരാജിന്റെ സംഗീതം അങ്ങനെ എല്ലാംകൊണ്ടും മികച്ച ചിത്രം. അത് കഴിഞ്ഞ് ഇനിയെന്ത് എന്ന് ആലോചിക്കുമ്പോഴാണ് ‘സണ്ടക്കോഴി’ ലഭിക്കുന്നത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ചിത്രം ഇന്ത്യയ്ക്കകത്തും പുറത്തും ഹിറ്റായി. ഓരോ ഗ്രാമങ്ങളിലേക്ക് വരെ വിശാൽ എന്ന പേര് എത്തി. അതോട്കൂടി അഭിനയം തന്നെ എന്നുറപ്പിച്ചു, കുറച്ചുകൂടി ഉത്തരവാദിത്തത്തോട് കൂടി അഭിനയത്തെ കാണാൻ തുടങ്ങി. ദൈവാനുഗ്രഹമാണ്, നൂറ് കോടി ജനങ്ങളിൽനിന്ന് പ്രേക്ഷകരെ ആസ്വദിപ്പിക്കാൻ എന്നെ തിരഞ്ഞെടുത്തതല്ലേ
ജന്മം കൊണ്ട് തെലുങ്കൻ, കർമം കൊണ്ട് തമിഴനും
അമ്മ തെലുഗുവാണ്. പക്ഷേ ഞാൻ ജനിച്ചതും വളർന്നതും ചെന്നൈയിലും. സ്കൂൾ കാലം മുതലേ തമിഴരാണ് എന്റെ സുഹൃത്തുക്കൾ, തമിഴാണ് എന്റെ ഭാഷയും. സിനിമാ ജീവിതം തുടങ്ങിയതും തമിഴിൽ തന്നെ. പക്ഷേ ‘സണ്ടക്കോഴി’ തെലുങ്കിലും ഡബ്ബ് ചെയ്തിരുന്നു. അവിടെനിന്നു മികച്ച പ്രതികരണമാണ് ലഭിച്ചത്. പിന്നീട് എന്റെ ഏതെല്ലാം സിനിമകൾ തെലുങ്കിലേക്ക് റീമേക്ക് ചെയ്തുവോ അതിനെല്ലാം തന്നെ മികച്ച പ്രതികരണം ലഭിച്ചു. സത്യത്തിൽ എനിക്ക് ഡബിൾ മാർക്കറ്റ് ലഭിച്ചെന്ന് പറയാം. അത് ദൈവാനുഗ്രഹമാണ്. എല്ലാ അഭിനേതാക്കൾക്കും അത് ലഭിക്കണമെന്നില്ല. ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്തപ്പോൾ അവിടെയും മികച്ച പ്രതികരണം ലഭിച്ചു. ഭയങ്കര സന്തോഷം തോന്നുന്നുണ്ട്. കാരണം വന്ന സമയത്തെ പോലെയല്ല. എന്തൊക്കെയോ നേടാൻ സാധിച്ചു. മാറ്റങ്ങൾ പലതുമുണ്ടായി. പണ്ട് എനിക്ക് താമസിക്കാൻ ഓർഡിനറി റൂം ആണ് തന്നിരുന്നത്. പിന്നീടൊരു എട്ട് പടം കഴിഞ്ഞപ്പോൾ അത് സ്യൂട്ട് റൂം ആയി മാറി. കരിയറിൽ ഉയർച്ചകളും താഴ്ച്ചകളും കണ്ടിട്ടുണ്ട്. കരിയറിന്റെ അത്രയും പീക്കിൽ ഇരിക്കുന്ന സമയത്ത് അഞ്ഞൂറോളം ഷാളുകളും അത്ര തന്നെ ബൊക്കെകളും കിട്ടിയിട്ടുണ്ട്. എന്നാൽ, നാല് വർഷങ്ങൾക്ക് ശേഷം നാല് പരാജയ ചിത്രങ്ങൾ ചെയ്താൽ അഞ്ഞൂറ് ഒന്നായി മാറും. അതാണ് സനിമ. വെള്ളിയാഴ്ച്ചയാണ് ഓരോ അഭിനേതാവിന്റെയും തലവര മാറ്റുന്നത്. അത് തന്നെയാണ് അഭിനേതാവിന്റെ ഉത്തരവാദിത്തവും.
ആക്ഷൻ ഹീറോ ഇമേജ് നൽകിയ ‘സണ്ടക്കോഴി’
‘സണ്ടക്കോഴി’ക്ക് ശേഷമാണ് എനിക്ക് ആക്ഷൻ ഹീറോ എന്ന പരിവേഷം ലഭിക്കുന്നത്. ആ സമയത്ത് പലർക്കും അത് വലിയ ഷോക്കായിരുന്നു. എളുപ്പമല്ല ആക്ഷൻ ഹീറോ എന്ന ടാഗ് ലഭിക്കാൻ. ചെറിയ കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർക്ക് വരെ ആക്ഷൻ ഇഷ്ടമാണ്. നായകൻ ഓരോ അടി അടിക്കുമ്പോഴും പ്രേക്ഷകന് അത് നൽകുന്ന ഹരം വലുതാണ്. സമൂഹത്തിൽ നടക്കുന്നതിന്റെ പ്രതിഫലനമാണ് ഒരുതരത്തിൽ പറഞ്ഞാൽ സിനിമ. അതിലിത്തിരി ഫിക്ഷൻ കലർത്തുന്നുവെന്നേയുള്ളൂ. അങ്ങനെ നോക്കുമ്പോൾ ആക്ഷൻ ഹീറോ എന്ന ടാഗ് ലഭിച്ചത് ഒരു ഭാഗ്യമാണ്. സാധാരണ നായകനേക്കാൾ ഒരു വിപണനമൂല്യം ആക്ഷൻ ഹീറോയ്ക്ക് ഉണ്ട്. നമ്മുടെ വീട്ടിലെ പയ്യനെന്ന ഇമേജ് എനിക്ക് തെന്നിന്ത്യയിൽനിന്ന് ലഭിച്ചിട്ടുണ്ട്. എന്തുകൊണ്ട് ഒരു റൊമാന്റിക് സിനിമ ചെയ്യുന്നില്ലെന്ന് പലരും ചോദിച്ചിട്ടുണ്ട്. അത്തരം സിനിമകളോട് ഞാൻ നോ പറഞ്ഞിട്ടില്ല. അത്തരം സിനിമകളുമായി സംവിധായകർ സമീപിക്കുന്നില്ലെന്നതാണ് സത്യം. ഞാൻ ആക്ഷൻ നന്നായി ചെയ്യുന്നുണ്ടെന്ന് അവർ കരുതുന്നുണ്ടാകും. അതുകൊണ്ടാകും അത്തരം വേഷങ്ങൾ നിരന്തരം ലഭിക്കുന്നത്.
നടികർ സംഘത്തിന്റെ തലപ്പത്തേക്ക്
ചോറ് തരുന്ന ദൈവമാണ് സിനിമ. സിനിമ നന്നാവണമെന്ന് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. പ്രൊഡ്യൂസേഴ്സ് കൗൺസിലിന്റെ പ്രസിഡന്റ് സ്ഥാനത്തിന്റെ കാലാവധി തീർന്നു ഇപ്പോൾ. നടികർ സംഘത്തിന്റെ ഭാഗമായത് അന്ന് വലിയ വിപ്ലവമായിരുന്നു. 30 വർഷത്തോളമായി വലിയ അഴിമതി നടക്കുന്ന ഇടമായിരുന്നു. അന്ന് തലപ്പത്തിരുന്ന തലമുതിർന്ന അംഗങ്ങളെ എതിർത്ത് ജയിച്ചാണ് ഞങ്ങൾ കുറച്ച് ചെറുപ്പക്കാർ നടികർ സംഘത്തിന്റെ തലപ്പത്തെത്തുന്നത്. സംഘടനയ്ക്കായി ഒരു സമുച്ചയവും ചെന്നൈയിൽ ഞങ്ങൾ പണികഴിപ്പിക്കുന്നുണ്ട്. അടുത്ത വർഷത്തോടെ അതിന്റെ പണികൾ തീരുമെന്നാണ് പ്രതീക്ഷ. കോടതി, കേസ് എന്നിങ്ങനെ നിരവധി പ്രതികൂല സാഹചര്യങ്ങളുണ്ടായി. അതെല്ലാം മാറി ഇപ്പോൾ പണി വേഗത്തിൽ പുരോഗമിക്കുന്നുണ്ട്.
ഏതാണ്ട് മൂവായിരത്തോളം തീയേറ്റര് ആര്ട്ടിസ്റ്റുകള് തമിഴ്നാട്ടിലുണ്ട്. ഇപ്പോഴുള്ള ഫണ്ട് വച്ച് അവർക്ക് മതിയായ ഇൻഷുറൻസ് പോലും നൽകാൻ സാധിക്കില്ല. കീറിയ വസ്ത്രവും മുഷിഞ്ഞ മേക്കപ്പും വച്ച് നാടകം ചെയ്യുന്ന ആർടിസ്റ്റുകൾ ഇപ്പോഴും നിരവധിയാണ്. അത്ര കഷ്ടമാണ് അവരുടെ അവസ്ഥ. അവരുടെ ജീവിതസാഹചര്യങ്ങൾ ഉയർത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്. നടികർ സംഘത്തിന്റെ സമുച്ചയം വന്നാൽ അതിൽനിന്നു ലഭിക്കുന്ന വരുമാനം വച്ച് ഞങ്ങൾക്ക് ഇവരെ സഹായിക്കാനാകും. കേരളത്തിൽ ‘അമ്മ’ സംഘടന മുതിർന്ന ആര്ട്ടിസ്റ്റുകൾക്കും ജൂനിയർ ആര്ട്ടിസ്റ്റുകൾക്കുമൊക്കെ ചെയ്യുന്ന കുറേ സഹായങ്ങളില്ലേ.. അതുപോലെ തീയേറ്റർ ആര്ട്ടിസ്റ്റുകളെ പിന്തുണയ്ക്കാനാവുന്നതെല്ലാം ചെയ്യണം. നാടകം തമാശയല്ല. സിനിമയേക്കാൾ ബുദ്ധിമുട്ടേറിയ ഒന്നാണ്. സിനിമയിൽ കട്ടും റീടേക്കും വരുന്നുണ്ട്. നാടകത്തിൽ അങ്ങനെയൊരു സംഗതിയേ ഇല്ല. എന്തുമാത്രം സമ്മർദ്ദത്തിലൂടെയാണ് ഓരോ നാടകക്കാരനും കടന്നുപോകുന്നത്. എന്നിട്ടും അവർക്ക് സ്ഥാനം വളരെ പിന്നിലാണ്. അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു.
പ്രൊഡ്യൂസേഴ്സ് കൗൺസിലിന്റെ കാര്യം പറയുകയാണെങ്കിൽ ഞാൻ വെറുക്കുന്ന കാര്യമാണ് പൈറസി. കഷ്ടപ്പെട്ട് എടുക്കുന്ന ചിത്രങ്ങൾ വീട്ടിലിരുന്ന് ഫോണിൽ പൈറസി വേർഷൻ കാണുന്നത് എന്തുകഷ്ടമാണ്. എത്രപേരുടെ അധ്വാനമാണ് അവിടെ ഒന്നുമല്ലാതായി മാറുന്നത്. അതിലൊരു മാറ്റം കൊണ്ടുവരാനാണ് ഒരു ടീം രൂപീകരിച്ചത്.
തമിഴ് സിനിമയിൽ തമിഴ് താരങ്ങൾ മാത്രം… ഈ പരാമർശം തന്നെ അപലനീയം
ഫെഫ്സിയുടെ ആ നിലപാട് അപലനീയമാണ്. രാഷ്ട്രീയക്കാരാണ് ഇതുപോലെ ജാതി, മതം എന്നിവ നോക്കി വോട്ട് ബാങ്കൊക്കെ നോക്കി ഓരോന്നു ചെയ്യുന്നത്. സിനിമയ്ക്ക് വേർതിരിവുകളില്ല. തമിഴ് സിനിമയിൽ തമിഴ് താരങ്ങൾ മാത്രമേ അഭിനയിക്കാവൂ, മലയാളി താരങ്ങളോ കന്നഡ താരങ്ങളോ അഭിനയിക്കരുത് എന്നൊന്നും ആർക്കും പറയാനാകില്ല. സിനിമ എന്ന് പറയുന്നത് ആർടിസ്റ്റുകളുടെ കൂട്ടായ പ്രവർത്തനങ്ങളാണ്. വിജയ് സേതുപതി, സാമന്ത, തമന്ന, പ്രഭാസ്, രശ്മിക തുടങ്ങിയ താരങ്ങൾ ഹിന്ദിയിലടക്കമുള്ള ഭാഷകളിൽ തിളങ്ങുന്നുണ്ട്. അങ്ങനെ ഇന്ന ഭാഷ, ഇന്ന ഭാഷയിലെ താരങ്ങൾക്ക് എന്നുള്ളത് സാധ്യമല്ല. ഒരാളുടെ സ്വാർഥ താത്പര്യങ്ങൾക്ക് മറ്റുള്ളവരും ഓകെ പറയണമെന്നത് നടക്കുന്ന കാര്യമല്ല. ഞാൻ സംവിധാനം ചെയ്യുമ്പോൾ എനിക്ക് ഒരു മലയാളി താരത്തെ വേണമെങ്കിൽ ഞാൻ മലയാളി താരത്തെതന്നെ അതിൽ അഭിനയിക്കാൻ വിളിക്കും. ഒരു സംഘടനയ്ക്കും എന്നെ തടയാനാവില്ല.
അമ്പരപ്പിച്ച് ഫഹദും ദുൽഖറും പ്രണവും
ഫഹദ് വളരെ ബ്രില്ല്യന്റ് ആയ നടനാണ്. ടൊവിനോ, ദുൽഖർ തുടങ്ങിയവരൊക്കെ മികച്ച അഭിനേതാക്കളാണ്. അതുപോലെ ഇന്ന് തമിഴിൽ അഭിനയിക്കുന്നതിലേറെയും മലയാളി നടിമാരാണ്. മീര ജാസ്മിൻ, മുക്ത, മംമ്ത, ലക്ഷ്മി മേനോൻ തുടങ്ങി എന്റെ നായികമാരായതിൽ ഏറെയും മലയാളി താരങ്ങളാണ്. ഭയങ്കര കഴിവുള്ള അഭിനേത്രികളാണ് ഇവരെല്ലാം. മലയാളി നടിമാർ എന്നത് വേറെ തന്നെ കാറ്റഗറിയാണ്. അവർ സ്ക്രീനിൽ വരുമ്പോൾ പിന്നെ സംഭവിക്കുന്നത് മാജിക്കാണ്. അത് മറ്റുള്ള ഭാഷകളിലെ നടിമാരിൽനിന്ന് വ്യത്യസ്തവുമാണ്. കോവിഡ് കാലത്ത് എല്ലാ ഭാഷയിലെയും ചിത്രങ്ങൾ വീട്ടിലിരുന്ന് കാണാൻ സാധിച്ചു. ജോജി എന്ന ചിത്രം ഓ.ടി.ടി. ഇല്ലായിരുന്നുവെങ്കിൽ ഞാൻ കാണാൻ പോലും സാധ്യതയില്ലായിരുന്നു. അന്ന് ആ ചിത്രം കണ്ട് ആശ്ചര്യപ്പെട്ട് അതിലെ രണ്ട് താരങ്ങളെ എന്റെ ചിത്രത്തിൽ അഭിനയിപ്പിച്ചു. അതാണ് പറഞ്ഞത് അത്തരത്തിൽ കൂടിച്ചേർന്നുള്ള പ്രവർത്തനമേ സിനിമയിൽ നടക്കൂ. ഇന്ത്യൻ സിനിമയാണിവിടെ ഒന്നാവുന്നത്. മാധ്യമങ്ങൾക്കാണ് തെന്നിന്ത്യൻ സിനിമ, ടോളിവുഡ്, ബോളിവുഡ് എന്ന വ്യത്യാസമൊക്കെ ഉള്ളത്. ഞങ്ങൾക്ക് അത്തരം വ്യത്യാസങ്ങളില്ല. കാളിദാസ്, പ്രണവ് തുടങ്ങിയവരൊക്കെ എത്ര മികച്ച അഭിനേതാക്കളാണ്. പ്രണവിൽനിന്നു സത്യത്തിൽ ഞാനിത്രയും പ്രതീക്ഷിച്ചില്ല. പ്രണവിനെ പണ്ട് മുതലേ അടുത്തറിയാവുന്നതാണ്. അതുകൊണ്ട് തന്നെ പ്രണവ് നന്നായി ചിത്രങ്ങൾ ചെയ്യുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്.
ലാൽ സാറിന് ഞാൻ വീട്ടിലെ പയ്യൻ
‘വില്ലനി’ൽ അഭിനയിച്ചതിന് പിന്നിൽ ലാൽസാറുമായുള്ള പരിചയം തന്നെയാണ്. എന്നെ വീട്ടിലെ പയ്യനായാണ് ലാൽ സർ കാണുന്നത്. ആ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് എനിക്കുള്ളത്. ലാൽ സർ ‘വില്ലന്റെ’ കഥയും കഥാപാത്രവും പറഞ്ഞപ്പോൾ ഞാനെന്റെ ബക്കറ്റ് ലിസ്റ്റിലെ ഒരു ഐറ്റം ടിക് ചെയ്തു. മലയാളം ചിത്രത്തിൽ അഭിനയിക്കണം എന്നതായിരുന്നു അത്. മലയാളം സംസാരിച്ചോട്ടെ എന്ന് സംവിധായകൻ ഉണ്ണികൃഷ്ണൻ സാറിനോട് ചോദിച്ചപ്പോൾ തമിഴ് കഥാപാത്രമാണ് അതുകൊണ്ട് തമിഴ് തന്നെ മതിയെന്നായിരുന്നു പറഞ്ഞത്. പക്ഷേ എന്റെ നിർബന്ധത്തിൽ കുറച്ച് മലയാളം ഡയലോഗ്സും എനിക്ക് തന്നു. പക്ഷേ സത്യം പറയാമല്ലോ ഡബ്ബിങ്ങ് സമയത്ത് ഞാൻ ശരിക്കും വെള്ളം കുടിച്ചു. നല്ല കഥാപാത്രം വന്നാൽ ഇനിയും മലയാള സിനിമയുടെ ഭാഗമാകും.
രാഷ്ട്രീയം ബിസിനസല്ല, സേവനമാണ്
രാഷ്ട്രീയം എന്നാൽ സാമൂഹ്യസേവനമാണ്. അങ്ങനെ നോക്കുമ്പോൾ ഞാനെന്നോ രാഷ്ട്രീയക്കാരനായതാണ്. രാഷ്ട്രീയക്കാർ പലരും രാഷ്ട്രീയത്തെ ബിസിനസായാണ് കാണുന്നത്. പക്ഷേ രാഷ്ട്രീയം എന്നാൽ ബിസിനസ് അല്ല. സേവനമാണ്.
സി.സി.എല്ലും വിവാദങ്ങളും അബ്ബാസിന്റെ പരാമർശങ്ങളും
വിഷ്ണുവർദ്ധൻ ഇന്ദൂരിയാണ് സി.സി.എൽ. ആദ്യം നടത്തുന്നത്. ചെന്നൈ സംഘത്തിന്റെ ചാർജ് നടികർ സംഘത്തിന്റെ കൈയിലായിരുന്നു. അബ്ബാസ് ആയിരുന്നു അന്ന് ക്യാപ്റ്റൻ. ഞാന് ടീമംഗവും. ആദ്യ വർഷം കഴിഞ്ഞപ്പോൾ തങ്ങൾ എത്ര കഠിനാധ്വാനം ചെയ്തിട്ടും കുറവ് പ്രതിഫലമേ ലഭിക്കുന്നുള്ളൂവെന്ന് കളിക്കാർക്കിടയിൽ പരാതി വന്നുതുടങ്ങി. ഞങ്ങൾ കമ്മിറ്റിയെ കണ്ട് സംസാരിച്ചു. എത്ര കൊടുത്തു എന്നന്വേഷിച്ചു. അവർ അന്നേരം ഒരു എഗ്രിമെന്റ് ഞങ്ങളെ കാണിച്ചു. അതിൽ ഒന്നരകോടി കളിക്കാർക്ക് കൊടുത്തതായി കാണിക്കുന്നുണ്ട്. എന്നാൽ ഞങ്ങൾക്ക് ലഭിച്ചത് വെറും 33 ലക്ഷമാണ്. ബാക്കി നടികർ സംഘത്തിലേക്ക് പോയി. അങ്ങനെയാണ് അബ്ബാസിനെ കാണുന്നത്. ഞങ്ങളുടെ പ്രതിഫലം നിശ്ചയിക്കാൻ അബ്ബാസിനെ ആരാണ് ചുമതലപ്പെടുത്തിയത് എന്ന് ഞാൻ ചോദിച്ചു. അങ്ങനെ ഒരു വാക്കുതർക്കം ഞങ്ങൾക്കിടയിലുണ്ടായി. വൈകാതെ ഞാൻ ക്യാപ്റ്റൻ സ്ഥാനത്തെത്തി.
അബ്ബാസിന് ഇന്നും എന്നോട് വിരോധമുണ്ടെന്ന് നിങ്ങൾ പറയുമ്പോഴാണ് ഞാനറിയുന്നത്. എല്ലാ കളിക്കാരെയും ഒരുപോലെ പരിഗണിക്കാനാണ് ഞാൻ ശ്രമിച്ചത്. വിശാൽ ഒരു വലിയ നടനായത് കൊണ്ട് അയാൾക്ക് ബിസിനസ് ക്ലാസും മറ്റുള്ളവര്ക്ക് എക്കണോമി ക്ലാസും കൊടുക്കുന്നത് ശരിയല്ലല്ലോ. എനിക്കെത്ര പ്രതിഫലമാണോ നൽകുന്നത് അത് മറ്റ് പതിനാല് കളിക്കാർക്കും ലഭിക്കണം. അങ്ങനെയാണ് ടീമുടമയെ കാണുന്നതും കാര്യങ്ങൾ അവതരിപ്പിക്കുന്നതും ഞാൻ ക്യാപ്റ്റൻ സ്ഥാനത്ത് എത്തുന്നതും. പക്ഷേ, വൈകാതെ സി.സി.എൽ. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മാറി വെറും ക്രിക്കറ്റ് ലീഗ് മാത്രമായി മാറി. തേങ്ങ പറിക്കുന്നവരും മാങ്ങ വിൽക്കുന്നവരും വരെ വന്നു കളിച്ചു തുടങ്ങി. രണ്ട് ചിത്രത്തിൽ അഭിനയിച്ചിരിക്കണമെന്നതാണ് നിബന്ധന. ഒരു ഡയലോഗ് ഒക്കെ പറഞ്ഞവർ സി.സി.എല്ലിൽ നടന്മാരായി എത്തി. ഒരിക്കൽ അപകടകരമായ ബോളിങ്ങിൽനിന്ന് കഷ്ടിച്ചാണ് ഞാൻ രക്ഷപ്പെട്ടത്. ബോൾ എറിഞ്ഞവനോട് ഏത് ചിത്രത്തിലാണ് അഭിനയിച്ചിരിക്കുന്നതെന്ന് ചോദിച്ചപ്പോൾ അയാൾ പകച്ച് പോയി. അതായി മാറി അവസ്ഥ. പിന്നീടതിൽ നിൽക്കുന്നത് ശരിയല്ല എന്ന് എനിക്ക് തോന്നി. ഇതിഹാസങ്ങൾ കളിച്ച ഗ്രൗണ്ടിലാണ് നമ്മൾ കളിക്കുന്നത്. അവരെ അപമാനിക്കുന്നതിന് തുല്യമായി മാറും ഇതേ സാഹചര്യത്തിൽ തുടർന്നാൽ. സത്യത്തിന് വേണ്ടിയാണ് അന്നും നിലകൊണ്ടത്.
ആദ്യ പരിഗണന സിനിമയ്ക്ക്, വിവാഹം പിന്നെ
കല്യാണം നടക്കും. മുമ്പ് പറഞ്ഞത് തന്നെയേ ഇപ്പോഴും പറയാനുള്ളൂ. കെട്ടിടം പണി പൂർത്തിയാകണം. അതിന് ശേഷമേ കല്യാണമൊക്കെയുള്ളൂ. എന്റെ മുൻഗണനകൾ ഒരിക്കലും മാറാറില്ല. ഒന്നിന് ശേഷം മറ്റൊന്ന്. നല്ല സിനിമകൾ വരുന്നുണ്ട്. സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. അഭിനയത്തിന് പുറമേ ഞാൻ സംവിധാനം ചെയ്യുന്ന ‘തുപ്പരിവാല’ന്റെ പണികൾ ഉണ്ട്. കല്യാണം നടക്കും. ആരാധകർ അറിയാതെ ഞാൻ കല്യാണം കഴിക്കില്ല. എല്ലാവരെയും അറിയിച്ച് അവരുടെ സാന്നിധ്യത്തിൽ തന്നെയേ വിവാഹം നടക്കൂ.
കരിയറിൽ ആദ്യത്തെ ഡബിൾ റോൾ
ടൈം ട്രാവൽ ചിത്രമാണ് ‘മാർക്ക് ആന്റണി’. ഞാൻ ഡബിൾ റോളിലാണ് ചിത്രത്തിലെത്തുന്നത്. മാർക്ക് എന്നത് മകൻ കഥാപാത്രത്തിന്റെ പേരാണ്. ആന്റണി അച്ഛനും. 75-ൽ എം.ജി.ആർ. ടൈമിലാണ് ആന്റണിയുടെ കഥാപാത്രം വരുന്നത്. മാർക്ക് 90-കളിൽ കരുണാനിധിയുടെ സമയത്തും. വല്ലപ്പോഴുമേ ഈ ജോണറിലുള്ള ചിത്രങ്ങൾ വരാറുള്ളൂ. ഒരുപാട് സന്തോഷമുണ്ട്. എന്റെ റെസ്യൂമേയിൽ ഹൈലൈറ്റ് ചെയ്ത് കാണിക്കാവുന്ന ചിത്രമാകും ഇതെന്ന് എനിക്കുറപ്പുണ്ട്. ആക്ഷൻ ചിത്രങ്ങൾ സ്ഥിരമായി ചെയ്തുകൊണ്ടിരുന്ന സമയത്ത് കിട്ടിയ ഒരു ചലഞ്ച് തന്നെയായിരുന്നു ‘മാർക്ക് ആന്റണി’. മാർക്ക് ഒരു മെക്കാനിക്ക് ആണ്, ആന്റണി ഒരു ഗാങ്ങ്സ്റ്ററും..വ്യത്യസ്തമായ ശരീരഭാഷയാണ്. രൂപത്തിലും ഭാവത്തിലും വ്യത്യസ്തമാണ്. 110 ദിവസത്തോളം വിഗ് വച്ച് തന്നെയാണ് അഭിനയിച്ചത്. പത്തൊമ്പത് വർഷത്തെ കരിയറിൽ ആദ്യമായാണ് ഞാൻ ഡബിൾ റോൾ ചെയ്യുന്നത്. എസ്.ജെ. സൂര്യസാറാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അദ്ദേഹവും ഡബിൾ റോളിലെത്തുന്നു. വളരെ മികച്ച ക്രൂ തന്നെയാണ് ചിത്രത്തിന്റെ പുറകിലുള്ളത്. സുനിൽ സർ, സെൽവരാഘവൻ സർ, അഭിനയ, ഋതു വർമ തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അധിക് രവിചന്ദ്രനാണ് സംവിധാനം. കഥ കേട്ട് കൂടുതലൊന്നും ചിന്തിക്കാതെ ഞാൻ ഓകെ പറഞ്ഞ ചിത്രമാണ്. മിനി സ്റ്റുഡിയോ വിനോദ് ആണ് പ്രൊഡക്ഷൻ. ‘എനിമി’ക്ക് ശേഷം വീണ്ടും വിനോദിനൊപ്പം ഒന്നിക്കുകയാണ്. ഒരുപാട് സർപ്രൈസ് എലമെന്റ്സ് ഉള്ള ചിത്രമാണ്. പ്രേക്ഷകർക്ക് പുതിയ അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്.
നായകൻ മാത്രം മാസ് കാണിച്ചാൽ സിനിമ ഹിറ്റാവില്ല
എനിക്കൊരു ജ്യേഷ്ഠനെ ലഭിച്ചു എന്ന് പറയാം. എസ്.ജെ. സൂര്യ സാറിനൊപ്പമുള്ള അഭിനയം ഏറെ എക്സൈറ്റ് ചെയ്യിച്ച ഒന്നാണ്. ഒരു ചിത്രത്തിലെ നെഗറ്റീവ് വേഷം നല്ല സ്ട്രോങ്ങ് ആയാൽ നായകനും ആ ചിത്രത്തിനും വിലയേറും. നേരെ തിരിച്ചാണെങ്കിൽ നായകന്റെ മാസ് മാത്രമായി ഒതുങ്ങി പോകും. പ്രേക്ഷകർക്ക് അതത്ര ഇഷ്ടപ്പെടണമെന്നില്ല. എന്റെ മുമ്പത്തെ ചിത്രങ്ങളെല്ലാം അങ്ങനെ തന്നെയായിരുന്നു. ‘ഇരുമ്പുതിരൈ’യിൽ അർജുൻ സാറായിരുന്നു വില്ലൻ. നായകനും വില്ലനും ഒരുപോലെ ശക്തരാണ്. ഈ തുല്യശക്തികൾ എന്ന് പറയില്ലേ. ‘മാർക്ക് ആന്റണി’യുടെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. അത്ര മികച്ച പ്രകടനമായിരുന്നു സൂര്യ സാറിന്റേത്. പ്രേക്ഷകർ ഒരുപാട് പ്രതീക്ഷയിലാണ്. അത് തന്നെയാണ് മുഖ്യവും. ഓ.ടി.ടി. സജീവമായ ഇന്നത്തെ കാലത്ത് തീയേറ്ററിലേക്ക് പ്രേക്ഷകനെ എത്തിക്കണമെങ്കിൽ നമ്മൾ അവർക്ക് ഇതുവരെ കാണാത്ത എന്തെങ്കിലും കൊടുക്കണമല്ലോ. ഈ ചിത്രത്തിൽ അത്തരം എലമെന്റ്സ് ഉണ്ട്.
വിജയ്നെ നായകനാക്കി സംവിധാനം ചെയ്യണം എന്നുള്ളതാണ് വലിയ ആഗ്രഹം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഭയങ്കര കഷ്ടപ്പാടുള്ള പരിപാടിയാണ് സംവിധാനം. ‘തുപ്പരിവാലൻ 2’ ദത്തെടുത്ത കുഞ്ഞാണ്. എന്റെ തിരക്കഥയല്ല. ഞാനെഴുതിയ തിരക്കഥ വിജയ്ക്ക് വേണ്ടിയുള്ളതാണ്. വിജയ്നെ വച്ച് സംവിധാനം ചെയ്യണം എന്നുള്ളത് എന്റെ ഏറെ നാളത്തെ ആഗ്രഹമാണ്. ‘തുപ്പരിവാലൻ 2’- ന്റെ തിരക്കഥ മിഷ്കിന്റേതാണ്. അതിൽ റീവർക്ക് ചെയ്ത് തിരക്കഥ പൂർണമായും മാറ്റി എഴുതി ചിത്രം ഇപ്പോൾ പ്രീ പ്രൊഡക്ഷൻ സ്റ്റേജിലാണ്. വിശാൽ ഫിലിം ഫാക്ടറിയുടെ അടുത്ത ചിത്രവും ‘തുപ്പരിവാലൻ 2’ ആണ്. 19 വർഷമായി ഞാൻ സിനിമയിൽ വന്നിട്ട്. ഇത്രയും കാലം എന്നെ ഒരു ഹീറോ ആയി നിലനിർത്തിയതിന് എല്ലാവരോടും വലിയ നന്ദിയുണ്ട്.