നസീറിന്റെയും സത്യന്റെയുമൊക്കെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ കളറില്‍ കണ്ടാല്‍ എങ്ങനെയുണ്ടാകും. അതും തിയേറ്ററിലെ വലിയ സ്ക്രീനില്‍ കാണാന്‍ സാധിച്ചാലോ. കൊല്ലം ശക്തികുളങ്ങര നെടിയേഴത്ത് സോമദത്തന്പിള്ളയാണ് സിനിമകള്‍ ഇങ്ങനെ നിറം മാറ്റുന്നത്. ഇദ്ദേഹം നിര്‍മാതാവും വിതരണക്കാരനുമായിരുന്നു. ഇത്തരം പരീക്ഷണങ്ങള്‍ ഇദ്ദേഹത്തിന് പുതിയതല്ല. മലയാളത്തില്‍ പഴയ ചിത്രങ്ങളുടെ 4- കെ റീമാസ്റ്റര്‍ വ്യാപകമാക്കിയതും ഇദ്ദേഹംതന്നെ.
പഴയ ഫിലിമുകളുടെ നെഗറ്റീവ് സ്കാന്‍ ചെയ്ത് കളര്‍ കറക്ഷനും റീമാസ്റ്ററിങ്ങും നടത്തി പുതുമയോടെ അവതരിപ്പിക്കുന്നതാണത്. ‘കാക്കക്കുയില്‍’ റീമാസ്റ്റര്‍ ചെയ്തായിരുന്നു തുടക്കം. ഇതിനകം പുതുമയേകാന്‍ 160 ചിത്രങ്ങള്‍ കോപ്പി ചെയ്തു. 60 എണ്ണത്തിന് പുതുമയേകി. എല്ലാം യൂട്യൂബ് ചാനലുകളായ മാറ്റിനി നൗ, ശ്രീ മൂവീസ് എന്നിവകളിലൂടെ റിലീസ് ചെയ്യുന്നു.
കളറിങ് പരീക്ഷണം
ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളില്‍ കൂടുതല്‍ നിറങ്ങള്‍ ചേര്‍ക്കാന്‍, റീമാസ്റ്ററിങ്ങിനേക്കാള് സമയം വേണം. ചെലവും ഏറും. ഫിലിമില്‍നിന്നും റീസ്റ്റോര്‍ ചെയ്യുന്ന ചിത്രങ്ങള്‍ ഓരോ ഫ്രെയിമുകള്‍ നോക്കി വിവിധ സോഫ്റ്റ്വേറുകളുടെ സഹായത്തോടെ കളര്‍ ചെയ്യണം. ആ കാലഘട്ടത്തിന് അനുസരിച്ച്, അഭിനേതാക്കള്‍ക്കും വസ്തുക്കള്‍ക്കുമൊക്കെ കളര്‍ നല്‍കണം. കെ.എസ്. സേതുമാധവന് സംവിധാനം ചെയ്ത് 1972-ല്‍ പുറത്തിറങ്ങിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമായ ‘ആദ്യത്തെ കഥ’ എന്ന ചിത്രത്തിനാണ് നിലവില്‍ മറ്റ് കളറുകള്കൂടി ചേര്‍ക്കുന്നത്. ഇതിലെ ഒരു ഗാനം കളറിലാക്കി ഇവരുടെ യൂട്യൂബ് ചാനലായ മാറ്റിനി നൗവില്‍ അപ്ലോഡ് ചെയ്തു.
സിനിമയോടുള്ള സ്നേഹം മാത്രം 500 ചിത്രങ്ങളുടെ ഡിജിറ്റല്‍ അവകാശം ഇദ്ദേഹത്തിനുണ്ട്. പഴയ ചിത്രങ്ങളുടെ നെഗറ്റീവ് പ്രിന്റുകള്‍ കണ്ടെത്തുന്നതാണ് ഏറെ ശ്രമകരം. പല ചിത്രങ്ങളുടെയും നെഗറ്റീവുകള്‍ നഷ്ടമായി. റീമാസ്റ്ററിങ്ങിന്, ഒരു സിനിമയ്ക്ക് ശരാശരി 4.5 ലക്ഷം രൂപ വരെ ചെലവുണ്ട്. കളര്‍ ചെയ്യാനുള്ള ചെലവ് വേറെ.
ഒരു ബിസിനസ് എന്നതിലുപരി ഭാവിതലമുറയ്ക്കുവേണ്ടി പഴയചിത്രങ്ങള്‍ സൂക്ഷിക്കുക എന്നതുകൂടിയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം. ദേവാസുരം, മണിച്ചിത്രത്താഴ്, ന്യൂഡല്‍ഹി, 1921, താഴ്വാരം ഇവയൊക്കെ റീ-റിലീസ് ചെയ്യാന്‍ നോക്കുന്നുണ്ട്. അടൂര്‍ നെല്ലിമുകള്‍ സ്വദേശി ശങ്കറാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]