
അനീസ് ബസ്മിയുടെ സംവിധാനത്തിൽ 2007-ൽ പുറത്തിറങ്ങി സൂപ്പർ ഹിറ്റായ ചിത്രമായിരുന്നു വെൽക്കം. അക്ഷയ് കുമാറും നാനാ പടേക്കറും ഫിറോസ് ഖാനും അനിൽ കപുറും ഉൾപ്പെടെ വൻ താരനിര ഒത്തുചേർന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2015-ൽ പുറത്തിറങ്ങി. ഈ സീരീസിലെ മൂന്നാം ചിത്രം രണ്ടുദിവസം മുമ്പാണ് പ്രഖ്യാപിച്ചത്. അഹമ്മദ് ഖാൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ്.
ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യാ സിനി എംപ്ലോയീസ് എന്ന സംഘടന പരാതി നൽകിയതോടെയാണ് വെൽക്കം സീരീസിലെ മൂന്നാം ചിത്രമായ വെൽക്കം ടു ദ ജംഗിൾ എന്ന ചിത്രം കുരുക്കിലകപ്പെട്ടത്. അനീസ് ബസ്മിക്ക് നൽകാനുള്ള രണ്ട് കോടിയോളം രൂപ കുടിശ്ശിക നിർമാതാവ് ഫിറോസ് നാദിയാവാല തീർത്തുനൽകണമെന്നാണ് ഫെഡറേഷൻ ആവശ്യപ്പെടുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇതേ ആവശ്യമുന്നയിച്ച് വെൽക്കം ടു ദ ജംഗിളിന്റെ മറ്റൊരു നിർമാതാവും വയാകോം 18 സി.ഇ.ഓയുമായ ജ്യോതി ദേശ്പാണ്ഡേയേയും സംഘടന സമീപിച്ചിട്ടുണ്ട്.
ഫിറോസ് നാദിയാവാലയുമായി സഹകരിക്കില്ലെന്ന് മൂന്ന് വർഷം മുമ്പ് ഫെഡറേഷൻ പ്രഖ്യാപിച്ചിരുന്നു. താരങ്ങളായ അക്ഷയ്കുമാറും ദിഷാ പഠാണിയുമുൾപ്പെടെയുള്ളവർക്ക് ഇക്കാര്യങ്ങളുന്നയിച്ച് ഫെഡറേഷൻ കത്തയച്ചിട്ടുണ്ട്. ഫിറോസ് നാദിയാവാല സാങ്കേതികവിദഗ്ധരുൾപ്പെടെയുള്ളവരുടെ കുടിശ്ശിക തീർത്തുതരാത്തിടത്തോലം കാലം സിനിമയുടെ ചിത്രീകരണം നടത്തരുതെന്നാണ് അവർ കത്തിൽ ആവശ്യമുന്നയിച്ചിരിക്കുന്നത്. ഫിറോസ് നദിയാവാലയ്ക്കെതിരെ ഫെഡറേഷൻ നിസ്സഹകരണം പുറപ്പെടുവിച്ചിട്ടുണ്ടെന്നും രണ്ട് കോടി രൂപ കുടിശ്ശിക തീർത്തുനൽകാതെ സിനിമ ഷൂട്ട് ചെയ്യരുതെന്നും അക്ഷയ് കുമാറും ദിഷ പഠാണിയും ഉൾപ്പെടെയുള്ള സിനിമയിലെ എല്ലാ അഭിനേതാക്കളെയും തങ്ങൾ അറിയിച്ചിട്ടുണ്ടെന്ന് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യാ സിനി എംപ്ലോയീസ് പ്രസിഡന്റ് ബി.എൻ. തിവാരി ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.
“2015-ൽ വെൽക്കം ബാക്കിന്റെ അണിയറപ്രവർത്തകർക്ക് ഫിറോസ് നാദിയാവാല നൽകേണ്ടിയിരുന്നത് നാലുകോടിയായിരുന്നെങ്കിലും പിന്നീടാ തുക രണ്ടുകോടിയായി കുറയ്ക്കുകയായിരുന്നു. ഈ തുകയ്ക്കുള്ള ചെക്ക് അദ്ദേഹം നിക്ഷേപിച്ചെങ്കിലും തുടർന്ന് പണം നൽകുന്നത് നിർത്തി. 2015 ൽ പുറപ്പെടുവിച്ച നിസ്സഹകരണം ഞങ്ങൾ ഇപ്പോൾ നടപ്പിലാക്കാൻ പോവുകയാണ്. ഫിറോസ് നാദിയാവാല തന്റെ അടുത്ത ചിത്രത്തിന്റെ ജോലികൾ ആരംഭിച്ചു. എന്നാൽ തരാനുള്ള പണം നൽകുന്നതുവരെ ചിത്രം ഷൂട്ട് ചെയ്യാൻ ഞങ്ങൾ അദ്ദേഹത്തെ അനുവദിക്കില്ല.” ബി.എൻ. തിവാരി കൂട്ടിച്ചേർത്തു.
അക്ഷയ് കുമാറിനും ദിഷാ പഠാണിക്കും പുറമേ സഞ്ജയ് ദത്ത്, സുനിൽ ഷെട്ടി, അർഷദ് വാർസി, പരേഷ് റവൽ, ജോണി ലീവർ, രജ്പാൽ യാദവ്, തുഷാർ കപുർ, ശ്രേയസ് തൽപഡേ, കൃഷ്ണാ അഭിഷേക്, കികു ശാർദ, ദലേർ മെഹന്ദി, മികാ സിംഗ്, രാഹുൽ ദേവ്, മുകേഷ് തിവാരി, ശരീബ് ഹാഷ്മി, ഇനാം ഉൽ ഹഖ്, യശ്പാൽ ശർമ, രവീണ ഠണ്ടൻ, ലാറാ ദത്ത, ജാക്വിലിൻ ഫെർണാണ്ടസ്, ബാലതാരമായ വൃഹി എന്നിവരും വേഷമിടുന്നു. ജിയോ സ്റ്റുഡിയോസും ബേസ് ഇൻഡസ്ട്രീസ് ഗ്രൂപ്പും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. അഹമ്മദ് ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണ്. 2024 ഡിസംബർ 20-നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]