
ഷാർജ: മധുരശബ്ദത്തിന്റെ ഉടമയായ അസ്മ കൂട്ടായി (51) വേർപെട്ട ദുഃഖത്തിലാണ് പ്രവാസലോകത്തെ കലാസ്വാദകർ. മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീലയുടെ വേർപാടിന്റെ വേദന മായുംമുൻപ് പ്രവാസിമലയാളികളുടെ മറ്റൊരു പ്രിയപ്പെട്ട ഗായികയായ അസ്മ കൂട്ടായിയും ഇല്ലാതായി. മലപ്പുറം തിരൂർ സ്വദേശിനിയായ അസ്മ ഏറെനാളായി തൃശ്ശൂരിൽ ചികിത്സയിലായിരുന്നു. നാലുപതിറ്റാണ്ടോളം മാപ്പിളപ്പാട്ട് രംഗത്ത് നിറഞ്ഞുനിന്ന ഗായിക സംഗീതകുടുംബത്തിലാണ് ജനിച്ചത്. ഒട്ടേറെത്തവണ യു.എ.ഇ.യിലും പാടാനെത്തി. കുടുംബസമേതം വർഷങ്ങളോളം ഖത്തറിലായിരുന്നു താമസം. തബലിസ്റ്റ് കൂടിയായ മുഹമ്മദാലി എന്ന ബാവയാണ് ഭർത്താവ്. ഒരുകാലത്ത് ‘തിരൂരിന്റെ വാനമ്പാടി’ ആയിരുന്നു അസ്മ കൂട്ടായി. മാപ്പിളകലാ അക്കാദമി പുരസ്കാരമടക്കം നേടിയിട്ടുണ്ട്. 2022 ജൂലായ് എട്ടിനാണ് അവസാനമായി അസ്മ കൂട്ടായി ദുബായിൽ പാടിയത്.
അഞ്ചാംവയസ്സിലാണ് അസ്മ കൂട്ടായി മാപ്പിളപ്പാട്ട് രംഗത്തേക്ക് കടന്നുവന്നത്. തബലിസ്റ്റ്, ഗായകൻ എന്നീനിലകളിൽ ശ്രദ്ധിക്കപ്പെട്ട പിതാവ് ചാവക്കാട് ഖാദർഭായിയും ഗായികയായ മാതാവ് ആമിനാ ബീവിയും കലാരംഗത്തേക്ക് അസ്മയെ കൈപിടിച്ചുയർത്തി. കെ.എം. ബാപ്പുട്ടി, കെ.എം. ബാവുട്ടി, കെ.എം. മുഹമ്മദ് കുട്ടി, കെ.എം. അബൂബക്കർ തുടങ്ങിയ കുടുംബത്തിലെ സംഗീതപാരമ്പര്യമുള്ളവർ അസ്മയുടെ കലാജീവിതത്തിൽ സ്വാധീനമാവുകയുംചെയ്തു. മാതൃസഹോദരിയും ഹാർമോണിസ്റ്റുമായ കെ. എം. സുബൈദയുടെ ശിഷ്യയായിരുന്നു അസ്മ. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരായ കെ. ടി. മുഹമ്മദ് കുട്ടി തിരൂരങ്ങാടി , എ. വി. മുഹമ്മദ് , കെ. ജി. സത്താർ , ഖമറുദ്ദീൻ പൊന്നാനി, റഹ്മാൻ ചാവക്കാട്, ഹംസ രണ്ടത്താണി, പള്ളിക്കൽ മൊയ്ദീൻ എന്നിവരോടൊപ്പമെല്ലാം അസ്മ വേദികൾ പങ്കിട്ടു. വി. എം. കുട്ടി, പീർ മുഹമ്മദ് , എരഞ്ഞോളി മൂസ, പി. ജയചന്ദ്രൻ, കെ.ജി. മാർക്കോസ്, മധു ബാലകൃഷ്ണൻ, വിധുപ്രതാപ് തുടങ്ങിയവർക്കൊപ്പവും ഒട്ടേറെ വേദികളിൽ പാടി.
ഒ. എം. കരുവാരക്കുണ്ട് രചന നിർവഹിച്ച് കോഴിക്കോട് അബൂബക്കർ സംഗീതമിട്ട പാട്ടുകൾക്കും ശബ്ദംനൽകാൻ അസ്മയ്ക്ക് സാധിച്ചു. പാട്ടിന്റെ നാൽപതാം വർഷത്തിൽ അവരെ ജന്മനാട് ആദരിക്കുകയും ചെയ്തു. ലൗ എഫ്.എം. എന്ന ചിത്രത്തിൽ അവർ പാടി അഭിനയിച്ചതും ശ്രദ്ധിക്കപ്പെട്ടു. മകൻ ശഹിനാസ് തബല വായിക്കുകയും പാടുകയും ചെയ്യും. മകൾ ശംനയും ഗായികയാണ്. സഹോദരങ്ങളായ സകരിയ്യ ബാബു, സമീറ, ബാനു എന്നിവരും പാട്ടുവഴിയിൽത്തന്നെ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]