
‘ഇന്ത്യ’യ്ക്ക് പകരം ‘ഭാരത്’ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും വിവാദങ്ങളും ഉയരുന്നതിനിടെ വിഷയത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ആത്മീയ നേതാവായ സദ്ഗുരുവിന്റെ ഒരു വീഡിയോയും പങ്കുവച്ചാണ് കങ്കണ പേര് മാറ്റത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. രാജ്യത്തെ കീഴടക്കി ഭരിച്ചിരുന്ന ശക്തികള്‍ നല്കിയ പേര് സ്വീകരിച്ചത് തെറ്റാണെന്നും അത് നമ്മുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നതാണെന്നും സദ്ഗുരു വീഡിയോയില്‍ പറയുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കങ്കണയുടെ പ്രതികരണം.
“എന്റെ ഗുരു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ഇത് പറഞ്ഞിരുന്നു. ഞാനാരുമല്ല, അദ്ദേഹത്തിന്റെ കാലിലെ വെറും പൊടിമണ്ണ് മാത്രമാണ്. അദ്ദേഹം ഇപ്പോള്‍ കൈലാസ യാത്രയിലാണ്. അദ്ദേഹത്തിന് ഈ നിമിഷം വരെ പേര് മാറ്റത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകളെക്കുറിച്ച് അറിയില്ല. എന്നാല്‍, രാജ്യത്തിന്റെ പേര് മാറ്റുന്ന പ്രശംസനീയമായ നീക്കം അദ്ദേഹത്തെ സന്തോഷ കണ്ണീരണിയിക്കും. അദ്ദേഹം മടങ്ങിവരുന്നത് ഇന്ത്യയിലേക്കാകില്ല, പ്രിയപ്പെട്ട ഭാരതത്തിലേക്ക് ആയിരിക്കും”- കങ്കണ കുറിച്ചു.
ജി-20 ഉച്ചകോടിയുടെ അത്താഴവിരുന്നിനുള്ള ക്ഷണക്കത്തില്‍ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിനുപകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നെഴുതിയതിന് പിന്നാലെയാണ് പേര് മാറ്റല്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കാന്‍ പ്രമേയം കൊണ്ടുവരുമെന്ന അഭ്യൂഹം സജീവമാണ്.
വിവാദത്തില്‍ സിനിമ-കായിക താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതികരണവുമായി എത്തുകയാണ്. നടന് അമിതാഭ് ബച്ചന്, മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് എന്നിവര്‍ പേര് മാറ്റുന്നതിനെ അനുകൂലിച്ച് എത്തിയിരുന്നു. ക്രിക്കറ്റ് ലോകകപ്പില്‍ ഭാരത് എന്ന പേരിലാകണം ഇന്ത്യ കളിക്കേണ്ടതെന്ന് സെവാഗ് പറഞ്ഞു. വിഷയത്തില്‍ പ്രതികൂല നിലപാടാണ് നടന് വിഷ്ണു വിശാല്‍ ഉള്‍പ്പടെയുള്ളവര്‍ സ്വീകരിച്ചത്.
അതേസമയം, പേരുമാറ്റം സംബന്ധിച്ച് പ്രചരിക്കുന്നവ കിംവദന്തികളാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടുചെയ്തു. ഭാരത് എന്ന വാക്കിനെ എതിര്‍ക്കുന്നവരുടെ മാനസികാവസ്ഥയാണ് പുറത്തുവരുന്നത് എന്നും അദ്ദേഹം വിമര്‍ശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]