സംഗീത സംവിധായകന് എ.ആര്. റഹ്മാനും അദ്ദേഹത്തിന്റെ സംഗീത പരിപാടിയുടെ സംഘാടനത്തിനുമെതിരെ വലിയ വിമര്‍ശനവുമായി ആരാധകര്‍ രംഗത്ത് വന്നിരുന്നു. ഞായറാഴ്ച ചെന്നൈയിലെ ആദിത്യരാം പാലസില്‍ നടന്ന മറക്കുമാ നെഞ്ചം എന്ന പരിപാടിയുടെ മോശം സംഘാടനമാണ് ആരാധകരില്‍ അമര്‍ഷത്തിനിടയാക്കിയത്. നിയമാനുസൃതം ടിക്കറ്റെടുത്ത നിരവധി പേര്‍ക്ക് സംഗീതനിശ നടക്കുന്നിടത്തേക്ക് അടുക്കാന്‍പോലും കഴിയാതിരുന്നതാണ് പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയത്.
25,000 സീറ്റുകള്‍ ഉണ്ടായിരുന്ന പാലസില്‍ അമ്പതിനായിരത്തോളം പേരാണ് പരിപാടി കാണാനെത്തിയത്. വന്‍തുക കൊടുത്ത് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് സംഗീതനിശ നടക്കുന്നിടത്തേക്ക് അടുക്കാന്‍ പോലുമായില്ല. തിക്കിലും തിരക്കിലും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ കുടുങ്ങി. കുട്ടികള്‍ രക്ഷിതാക്കളുടെ കൈവിട്ടുപോവുന്ന അവസ്ഥവരെയെത്തി. ഇതോടെ സംഘാടകര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുന്നയിച്ചാണ് നിരാശരായവര്‍ മടങ്ങിപ്പോയത്.
സംഗീതനിശ വിവാദമായ ഈ സാഹചര്യത്തില്‍ പിതാവിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് മക്കളായ റഹീമ റഹ്മാനും ഖദീജ റഹ്മാനും. റഹ്മാന്റെ ആരാധകന് പങ്കുവച്ച ഇന്‍ഫോഗ്രാഫിക് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചാണ് ഇരുവരും പിതാവിന് പിന്തുണ പ്രഖ്യാപിച്ചത്.
”കഴിഞ്ഞ രാത്രി മുതല്‍ സോഷ്യല്‍ മീഡിയ എ.ആര്. റഹ്മാനെക്കുറിച്ച് സംസാരിക്കുകയാണ് ( ഒരു തട്ടിപ്പുകാരനെപ്പോലെ). ചിലര്‍ അതിനുള്ള തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുന്നു.
നൂറ് ശതമാനവും സംഘാടകരുടെ ഭാഗത്ത് നിന്ന് സംഭവിച്ച വീഴ്ചയാണ്. പക്ഷേ റഹ്മാന് ഉത്തരവാദിത്തം ഏറ്റെടുത്തു.
പേമാരിയും വെള്ളപ്പൊക്കവും സാരമായി ബാധിച്ച ആളുകള്‍ക്ക് വേണ്ടി 2016-ല്‍ നെഞ്ചേ യേഴ് എന്ന പേരില്‍ ചെന്നെയിലും കൊയമ്പത്തൂരിലും മധുരയിലും നടന്ന സംഗീതനിശ നടത്തി.
2018- കേരളത്തിലെ ജനങ്ങളെ മഴയും വെള്ളപ്പൊക്കവും ബാധിച്ചപ്പോള്‍ വിദേശത്ത് പരിപാടി സംഘടിപ്പിച്ച് അവര്‍ക്ക് കൈത്താങ്ങേകി.
2020- കോവിഡ് കാലത്ത് സഹായം ആവശ്യമുള്ള കുടുംബങ്ങളെ മാസങ്ങളോളം സഹായിച്ചു.
2022- അര്‍ഹരായ ലെറ്റ്മാന് ക്രൂവിനും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി സൗജന്യമായി സംഗീത പരിപാടി സംഘടിപ്പിച്ചു.
സംസാരിക്കുന്നതിന് മുന്‍പ് ചിന്തിക്കുക”
ആരാധകര്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക് റഹ്മാന് ആരാധകരോട് മാപ്പ് പറഞ്ഞു. സംഭവിച്ച വിഷയങ്ങളില്‍ താന്‍ വളരെയേറെ അസ്വസ്ഥനാണെന്ന് പറഞ്ഞ അദ്ദേഹം ആരുടെയും നേരെ വിരല്‍ ചൂണ്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നും സ്വയം ഉത്തരവാദിത്തം കാണിക്കുമെന്നും പറഞ്ഞു.
തങ്ങള്‍ക്ക് കൈകാര്യം ചെയ്യാനാവുന്നതിനുമപ്പുറമുള്ള ജനങ്ങളുടേയും സ്നേഹത്തിന്റേയും സുനാമിക്കാണ് ഞായറാഴ്ച സാക്ഷിയായത്. ഒരു സംഗീതസംവിധായകന് എന്ന നിലയില്‍, തന്റെ ജോലി ഗംഭീരമായ ഒരു ഷോ നല്‍കുക എന്നതുമാത്രമായിരുന്നു. കഴിഞ്ഞതവണത്തേപ്പോലെ മഴ പെയ്യരുത് എന്ന് മാത്രം ചിന്തിച്ച്, പുറത്ത് എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഉള്ളില്‍ സന്തോഷത്തോടെ പ്രകടനം നടത്തുകയായിരുന്നു ഞാന്‍. നല്ല ഉദ്ദേശത്തോടെയാണ് എല്ലാം ചെയ്തത്. പക്ഷേ പ്രതികരണം എല്ലാവരുടേയും പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നുവെന്ന് താന്‍ കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]