
മുംബെെയിലെ പ്രശസ്തമായ ഹാജി അലി ദര്‍ഗ സന്ദര്‍ശിച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍. മുദാസ്സര്‍ അസീസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച കോമഡി ഡ്രാമ ചിത്രം ഖേല്‍ ഖേല്‍ മേം എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കിനിടെയാണ് താരം ദര്‍ഗയിലെത്തിയത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ദര്‍ഗയിലെത്തിയ നടന് പ്രാര്‍ഥിച്ചതിന് ശേഷം കുറച്ച് സമയം ചെലവഴിച്ചാണ് മടങ്ങിയത്. ദര്‍ഗയുടെ പുനരുദ്ധാരണത്തിന് 1.25 കോടി രൂപയും നടന് സംഭാവന ചെയ്തു. ഹാജി അലി ദര്‍ഗ അക്ഷയ് കുമാര്‍ സന്ദര്‍ശിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത ദര്‍ഗ ട്രസ്റ്റ് അക്ഷയ് കുമാറിന് നന്ദിയും പറയുന്നുണ്ട്.
2016-ല്‍ റിലീസ് ചെയ്യപ്പെട്ട ഇറ്റാലിയന്‍ ചിത്രം ‘പെര്‍ഫെക്റ്റ് സ്ട്രേഞ്ചേഴ്സി’ന്റെ റീമേക്ക് ആണ് ‘ഖേല്‍ ഖേല്‍ മേം’. താരത്തിന്റെ തുടര്‍പരാജയങ്ങളില്‍ ആശ്വാസമാകും ഈ ചിത്രം എന്നാണ് പ്രതീക്ഷിക്കുന്നത്. ബോളിവുഡില്‍ ഏറ്റവുമധികം 200 കോടി ക്ലബ്ബ് ചിത്രങ്ങളുള്ള നായകനായിരുന്നു അക്ഷയ് കുമാര്‍. എന്നാല്‍ സമീപകാലത്തിറങ്ങിയ ഒട്ടുമിക്ക അക്ഷയ് കുമാര്‍ ചിത്രങ്ങളും വന്‍പരാജയമായിരുന്നു. ബച്ചന് പാണ്ഡെ, സാമ്രാട്ട് പൃഥ്രിരാജ്, രാം സേതു, സെല്‍ഫി, ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ തുടങ്ങിയ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. അമിത് റായ് സംവിധാനം ചെയ്ത ഓ മൈ ഗോഡ് എന്ന ചിത്രം മാത്രം മികച്ച അഭിപ്രായം നേടുകയും ബോക്സ് ഓഫീസില്‍ വിജയമാവുകയും ചെയ്തു.
ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ അക്ഷയ് ചിത്രം ചിത്രം ‘സര്‍ഫിറാ’ ആയിരുന്നു. സൂര്യയെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്ത ‘സൂരറൈ പ്രോട്രി’ന്റെ ഹിന്ദി റീമേക്കായിരുന്നു ഈ ചിത്രം. എയര്‍ ഡെക്കാണ് എന്ന ആഭ്യന്തര വിമാന സര്‍വീസിന്റെ സ്ഥാപകന്‍ ജി.ആര്. ഗോപിനാഥിന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയായിരുന്നു ഇത്. ജി.ആര്. ഗോപിനാഥ് എഴുതിയ സിംപ്ലി ഫ്ളൈ – എ ഡെക്കാണ് ഒഡീസി എന്ന പുസ്തകത്തെ ആധാരമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്. സുധ കൊങ്കര തന്നെയാണ് ഹിന്ദി റീമേക്ക് സംവിധാനം ചെയ്തത്. ജൂലൈ 12-ന് റിലീസ് ചെയ്ത ചിത്രം എന്നാല്‍ ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. റിലീസ് ദിനത്തില്‍ ഇന്ത്യയില്‍നിന്ന് വെറും 2 കോടി 40 ലക്ഷമാണ് ചിത്രം നേടിയത്. അക്ഷയ് കുമാറിന്റെ 15 വര്‍ഷത്തെ കരിയറിലെ ഏറ്റവും മോശം ഓപ്പണിങ് ആയിരുന്നു. പ്രീബുക്കിങിലും സിനിമ പിന്നോട്ട് പോയി. കോവിഡ് കാലത്ത് ഒടിടിയില്‍ റിലീസ് ചെയ്ത ചിത്രമാണ് ‘സൂരറൈ പോട്ര്.’ ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ചിത്രം ഗംഭീര ഹിറ്റായി മാറി. അതുകൊണ്ടായിരിക്കാം സര്‍ഫിറാ പരാജയപ്പെട്ടത്.
സിനിമകള്‍ പരാജയപ്പെടുന്നതിന്റെ പേരില്‍ താന്‍ കേള്‍ക്കേണ്ടി വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അക്ഷയ് രംഗത്ത് വരികയും ചെയ്തു. ചില സിനിമകള്‍ നന്നായില്ലെന്ന് കരുതി തന്നെ എഴുതിത്തള്ളാന്‍ ശ്രമിക്കുന്നത് അസംബന്ധമാണെന്നാണ് താരം പറഞ്ഞത്. മറ്റുള്ളവരുടെ അഭിപ്രായങ്ങളില്‍ തനിക്ക് വലിയ വിഷമം ഇല്ലെന്നും. മൂന്ന് പതിറ്റാണ്ട് നീണ്ട കരിയറില്‍ ചെയ്തതുപോലെയുള്ള കഠിനാധ്വാനം തുടരുമെന്നും താരം പറഞ്ഞു. ‘ഖേല്‍ ഖേല്‍ മേയുടെ’ ട്രെയിലര്‍ ലോഞ്ചില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]