
നടൻ സത്യന്റെ മകൻ സതീഷ് സത്യന് ‘അമ്മ’യിൽ അംഗത്വം നൽകാൻ സംഘടന തീരുമാനിച്ചു. ‘അമ്മ’യിൽ അംഗത്വം വേണമെന്ന സതീഷ് സത്യന്റെ ആവശ്യം കഴിഞ്ഞ ഭരണസമിതി അംഗീകരിച്ചിരുന്നില്ല. വിഷയത്തിൽ സതീഷ് സത്യന്റെ പ്രതികരണം മാതൃഭൂമി ന്യൂസ് വാർത്തയാക്കിയതിനുപിന്നാലെയാണ് സംഘടനയിൽ നിന്ന് അനുകൂല തീരുമാനമുണ്ടായത്.
താരസംഘടനയിൽ അംഗത്വം നേടാനായതിൽ സന്തോഷമുണ്ടെന്നുപറഞ്ഞ സതീഷ് സത്യൻ മാതൃഭൂമി ന്യൂസിന്റെ ഇടപെടലിനേയും പ്രശംസിച്ചു. മലയാള സിനിമാ കുടുംബത്തിലെ ഒരംഗമായി സ്നേഹത്തോടെയും സന്തോഷത്തോടെയും എന്നെ ചേർക്കാൻ താത്പര്യം കാണിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. വെള്ളിത്തിരയിൽ പുതിയ വേഷങ്ങൾക്കായി കാത്തിരിക്കുകയാണ്. ഒരു കലാകാരന് ഏതുപ്രായത്തിലും ഒരവസരം വന്നാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്നാണ് തന്റെ വിശ്വാസം. ഒരങ്കത്തിനുകൂടി ബാല്യമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും സതീഷ് സത്യൻ പറഞ്ഞു.
അമ്മയിലെ അംഗത്വത്തിന് ഇടവേള ബാബു ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ താൻ കത്തയച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് രണ്ടുദിവസം മുൻപ് സതീഷ് സത്യൻ തുറന്നടിച്ചത്. യാതൊരുവിധ സാമ്പത്തിക നേട്ടവും പ്രതീക്ഷിച്ചല്ല താൻ അംഗത്വത്തിന് അപേക്ഷിക്കുന്നതെന്നും കത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നു. എന്നിട്ടും തനിക്ക് അംഗത്വം നിഷേധിച്ചു. താനിപ്പോൾ സിനിമയിൽ അഭിനയിക്കുന്നില്ല എന്നതാണ് അതിന് കാരണമായി പറഞ്ഞതെന്നും അദ്ദേഹം പരാതിപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണിപ്പോൾ താരസംഘടനയുടെ പുതിയ ഭരണസമിതിയിൽനിന്ന് അനുകൂല തീരുമാനം ഉണ്ടായിരിക്കുന്നത്.
രണ്ടുദിവസം മുൻപേ അമ്മയുടെ പുതിയ ഭരണസമിതി ചുമതലയേറ്റതിനുശേഷമുള്ള ആദ്യ എക്സിക്യൂട്ടീവ് യോഗം ചേർന്നിരുന്നു. തുടർന്ന നടന്ന വാർത്താ സമ്മേളനത്തിൽ സതീഷ് സത്യനെ സംഘടനയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് ജനറൽ സെക്രട്ടറി സിദ്ദിഖും പ്രസിഡന്റ് മോഹൻലാലും അറിയിച്ചിരുന്നു. സതീഷ് സത്യനെ ജനറല്‍ സെക്രട്ടറി ബന്ധപ്പെട്ട് അംഗത്വക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അവർ അറിയിച്ചിരുന്നു.