
ലോകമെമ്പാടുമുള്ള സെലിബ്രിറ്റികളാണ് അനന്ത് അംബാനിയുടേയും രാധികാ മെർച്ചന്റിന്റെയും വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇത്തരം ചടങ്ങുകളോടുള്ള തന്റെ അനിഷ്ടം പ്രകടിപ്പിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ അനുരാഗ് കശ്യപിന്റെ മകളും ഇൻഫ്ളുവൻസറുമായ ആലിയ കശ്യപ്. അംബാനിയുടെ വീട്ടിൽ നടക്കുന്ന ചടങ്ങുകൾ വെറും സർക്കസാണെന്ന് ആലിയ പറഞ്ഞു. ആത്മാഭിമാനം ഉള്ളതുകൊണ്ടാണ്, ക്ഷണം ലഭിച്ചിട്ടും അവിടേയ്ക്ക് പോകാതിരിക്കുന്നതെന്നും അവർ വ്യക്തമാക്കി.
ഇൻസ്റ്റഗ്രാം ബ്രോഡ്കാസ്റ്റ് ചാനലിലൂടെയാണ് ആലിയ അംബാനി കുടുംബത്തിൽ നടക്കുന്ന വിവാഹച്ചടങ്ങുകൾക്കെതിരെ തുറന്നടിച്ചത്. ‘ചില ചടങ്ങുകളിൽ പങ്കെടുക്കാൻ എന്നെ ക്ഷണിച്ചത് അവർ പിആർ വർക്ക് ചെയ്യുന്നതു കൊണ്ടാണെന്നു തോന്നുന്നു.(എന്തിനാണെന്ന് എന്നോട് ചോദിക്കരുത്). എന്നാൽ ഒരാളുടെ വിവാഹത്തിന് എന്നെ വിൽക്കുന്നതിനേക്കാൾ അൽപ്പം കൂടുതൽ ആത്മാഭിമാനം എനിക്കുണ്ടെന്ന് വിശ്വസിക്കാൻ ഞാനാഗ്രഹിക്കുന്നു. അതിനാൽ ഞാൻ ഇല്ല എന്ന് പറഞ്ഞു,’ ആലിയ കുറിച്ചു.
അംബാനിയുടെ കുടുംബത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ചടങ്ങുകളെ സർക്കസ് അഭ്യാസത്തോടാണ് ആലിയ ഉപമിച്ചത്. വിവാഹത്തോടനുബന്ധിച്ച് മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിന്റെ ഭാഗങ്ങൾ അടച്ചുപൂട്ടിയ നടപടിയും ആലിയ ചൂണ്ടിക്കാട്ടി. അതേസമയം ആഡംബര കല്യാണത്തിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചെങ്കിലും സമ്പന്നരുടെ ജീവിതരീതിയിൽ ആകർഷണം തോന്നിയിട്ടുണ്ടെന്ന് ആലിയ പറഞ്ഞു. ഇക്കാരണംകൊണ്ട് വിവാഹത്തെക്കുറിച്ചുള്ള വാർത്തകളും ചടങ്ങുകളുടെ ചിത്രങ്ങളും താൽപര്യത്തോടെ ശ്രദ്ധിക്കാറുണ്ടെന്നും ആലിയ വ്യക്തമാക്കി.
ജൂലായ് 12നാണ് മുകേഷ് അംബാനി–നിത അംബാനി ദമ്പതികളുടെ ഇളയ മകന് അനന്തിന്റെയും എന്‍കോര്‍ ഹെല്‍ത്ത് കെയര്‍ ഉടമ വിരേന്‍ മെര്‍ച്ചന്റിന്റെയും ഷൈല വിരേന്‍ മെര്‍ച്ചന്റിന്റെയും മകൾ രാധികയുടെയും വിവാഹം. ചലച്ചിത്രതാരങ്ങളടക്കം നിരവധി പേരാണ് മുംബൈയിൽ നടക്കുന്ന ആഡംബര വിവാഹത്തിൽ പങ്കെടുക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്. സൽമാൻ ഖാൻ, റിതേഷ്-ജനിലീയ ദമ്പതികൾ, രൺബീർ കപൂർ-ആലിയ, സൽമാൻ ഖാൻ, രജനികാന്ത്, മാധുരി ദീക്ഷിത്, സംവിധായകൻ അറ്റ്ലീ തുടങ്ങി നിരവധി പേർ അംബാനി കുടുംബത്തിലെ വിവാഹത്തിന്റെ വിവിധ ചടങ്ങുകളിൽ സംബന്ധിച്ചു.
അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹാഘോഷത്തിന്റെ ഭാഗമായി നടന്ന ‘സംഗീത് ’ ചടങ്ങിൽ പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ ഗാനങ്ങൾ അവതരിപ്പിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു പരിപാടി. നാട്ടിലേക്ക് മടങ്ങിയ ജസ്റ്റിൻ ബീബർ ഇൻസ്റ്റഗ്രാമിൽ ഇന്ത്യ സന്ദർശനത്തിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിട്ടുണ്ട്. വധൂവരന്മാർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]