
എ.ആർ. റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ച ആദ്യ മലയാളചിത്രമായിരുന്നു യോദ്ധ. ചിത്രത്തിലെ പാട്ടുകൾ പിറന്ന വഴികളേക്കുറിച്ച് അന്തരിച്ച സംവിധായകൻ സംഗീത് ശിവൻ മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിനുവേണ്ടി എഴുതിയ പാട്ടോർമകൾ. തയ്യാറാക്കിയത് – ജി. ജ്യോതിലാൽ
റഹ്മാൻ അന്ന് ദിലീപായിരുന്നു. പരസ്യചിത്രങ്ങളുടെ സംഗീത സംവിധായകൻ. മികച്ച ജിംഗിൾസിലൂടെ ഇതിനകം ശ്രദ്ധേയനായി പരസ്യലോകത്ത് തിളങ്ങി തുടങ്ങിയ വ്യക്തിത്വം. മണിരത്നം അദ്ദേഹത്തിന്റെ റോജയിൽ സംഗീതം നൽകാൻ ക്ഷണിച്ചിട്ടുണ്ട്. ചിന്ന ചിന്ന ആസൈ എന്ന പാട്ട് കമ്പോസ് ചെയ്തുകഴിഞ്ഞിട്ടുണ്ട്.
കൊല്ലത്തെ റൂബി സ്വീറ്റ്സിനു വേണ്ടി ഒരു പരസ്യചിത്രം സംവി ധാനം ചെയ്തപ്പോൾ അതിന് ജിംഗിൾസ് വേണമായിരുന്നു. അങ്ങനെയാണ് ദിലീപിനെ കാണാൻ പോവുന്നത്. അന്ന് അദ്ദേഹത്തിന് ചെറിയൊരു സ്റ്റുഡിയോ ആണ്. ഡൽഹിയിൽ നിന്നുവന്ന മാൽഗുഡി ശുഭ എന്ന ഗായിക ആദ്യം പാടുന്നത് ഈ പരസ്യചിത്രത്തിനു വേണ്ടിയാണ്. ജിംഗിൾസ് ഒരുക്കുന്നതിനിടയിൽ റോജയിലെ ചിന്ന ചിന്ന ആസൈ എന്ന പാട്ടും അദ്ദേഹം കേൾപ്പിച്ചു തന്നു.
യോദ്ധയിൽ ആദ്യം പാട്ട് തീരുമാനിച്ചിട്ടുണ്ടായിരുന്നില്ല. പുതിയ ആൾക്കാരെ സിനിമയിലേക്ക് കൊണ്ടുവരുന്നതിൽ അന്നും ഇന്നും എനിക്ക് വളരെ താത്പര്യമുള്ളൊരു കാര്യമാണ്. യോദ്ധയുടെ ചർച്ചകൾക്കിടയിൽ ഇങ്ങനെയൊരു സംഗീതജ്ഞന്റെ കാര്യം ഞാൻ പ്രൊഡ്യൂസർമാരോട് പറഞ്ഞു. ചില പാട്ടുകൾ അവർക്ക് കേൾപ്പിച്ചു കൊടുത്തു. അങ്ങനെയാണ് യോദ്ധയുടെ സംഗീതം എ.ആർ. റഹ്മാനെ ഏല്പിക്കുന്നത്. അന്ന് ഒരു സംഗീത സംവിധായകനെ നിശ്ചയിച്ചാൽ ഹാർമോണിയത്തിൽ ഒരു രാഗം മൂളി, റിഥം കണ്ടെത്തി പാട്ടും എഴുതി രണ്ടോ മൂന്നോ ദിവസംകൊണ്ട് പാട്ടെല്ലാം തീർക്കുമായിരുന്നു. പക്ഷേ, റഹ്മാന്റെ സ്ഥിതി അതല്ല. കഥ മുഴുവൻ കേൾക്കണം. സിറ്റുവേഷൻ പ്രത്യേകം പറയണം. ശേഷം അഞ്ചോ ആറോ ദിവസമെടുത്ത് മൂന്നാല് ട്യൂണുകൾ കേൾപ്പിക്കും. അത് ഹാർമോണിയത്തിൽ തലോടി ചുമ്മാ ഒരു ഗാനമായിരിക്കില്ല. ഏതാണ്ട് ഫുൾ ഓർക്കസ്ട്രേഷനോടുകൂടിയൊരു ഗാനമായിരിക്കും. ഇഷ്ടപ്പെട്ടില്ലെങ്കിൽ Will do another എന്ന ഭാവത്തിലായിരിക്കും.
ഞങ്ങൾക്ക് പാട്ടിനൊപ്പം പശ്ചാത്തല സംഗീതവും വേണമായിരുന്നു. പരസ്യചിത്രങ്ങൾക്ക് സംഗീതം പകർന്നതുകൊണ്ട് കട്ടിനും സിങ്കിനും അടിവരകൾ ഇടുന്ന സംഗീത നിയന്ത്രണം, കൈയടക്കവും റഹ്മാന് വേണ്ടപോലെ ഉണ്ടായിരുന്നു. ‘കുനു കുനെ…’ എന്ന പാട്ട് ആദ്യം തന്നു. അതുപ്രകാരം നേപ്പാളിൽ പോയി ഞങ്ങൾ ഷൂട്ട് ചെയ്തു. തിരിച്ചെത്തി ഫൈനൽ വേർഷൻ തന്നപ്പോൾ അതിൽ ഒരുപാട് ഇംപ്രവൈസേഷനുകൾ വന്നിരിക്കുന്നു. ഇതാദ്യമേ കിട്ടിയിരുന്നെങ്കിൽ കുറേക്കൂടി ഷോട്ടുകൾ എടുക്കാമായിരുന്നില്ലേ എന്നു ഞാൻ ചോദിച്ചിട്ടുണ്ട്.
പിന്നെ ഓരോന്നിന്റെയും ലേറ്റസ്റ്റ് വേർഷൻ തരുമ്പോ അതിലെന്ത് സർപ്രൈസാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നതെന്ന് ആലോചിച്ചാണ് പാട്ട് കേൾക്കുക. മാമ്പൂവും നല്ല പാട്ടായിരുന്നു. അതിന്റെ ലെങ്ത് കാരണം പക്ഷേ, സിനിമയിൽ ഉപയോഗിച്ചില്ല. അതിന്റെ തീം മാത്രം എടുക്കുകയായിരുന്നു.
‘പടകാളി ചണ്ടി ചങ്കരി…’യാണ് കൂടുതൽ സമയമെടുത്തത്. സിറ്റു വേഷൻ കേട്ടപ്പോ എനിക്ക് കേരളത്തിലെ കുറേ നാടോടി ഗാനങ്ങൾ കേൾക്കണമെന്നാണ് ആദ്യം ആവശ്യപ്പെട്ടത്. ഗാനരചന ബിച്ചു തിരുമലയായിരുന്നല്ലോ. അദ്ദേഹത്തിന്റെ കൈയിൽ ഇഷ്ടംപോലെ നാടൻ പാട്ടുകളുണ്ടായിരുന്നു. അദ്ദേഹമത് കേൾപ്പിച്ചു. കൂട്ടത്തിൽ ഒരു പാട്ട് ഏതാണ്ട് പടകാളി താളത്തിലുള്ള ഒരെണ്ണത്തിൽ അദ്ദേഹം ഉടക്കി നിന്നു. പിന്നെ അതിൽ നിന്നൊരു ഈണവും താളവും ഒഴുകിവന്നു.
ദാസേട്ടൻ അന്ന് തരംഗിണിയിൽ മാത്രം പാടുന്ന കാലമാണ്. റഹ്മാൻ തന്റെ സ്റ്റുഡിയോയിലാണ് എല്ലാ വരെയും പാടിക്കുന്നത്. ഞങ്ങൾ അല്പം മടിച്ചാണ് ദാസേട്ടനോട് കാര്യങ്ങൾ അവതരിപ്പിച്ചത്. കുഴപ്പമില്ല ഞാൻ വരാം എന്നദ്ദേഹം പറഞ്ഞപ്പോൾ ആശ്വാസമായി. എം.ജി. ശ്രീ കുമാർ അദ്ദേഹത്തിന്റെ ഭാഗം പാടിക്കഴിഞ്ഞിരുന്നു. ചില വാക്കുകളുടെ ഉച്ചാരണം പ്രശ്നമാവുന്നോ എന്നു തോന്നിയപ്പോൾ മാറ്റി എഴുതാം എന്ന് ബിച്ചു ചേട്ടൻ പറഞ്ഞെങ്കിലും ദാസേട്ടൻ സമ്മതിച്ചില്ല. “വേണ്ട കോംപിറ്റേഷൻ സോങ് അല്ലേ, ആവേശം കളയണ്ട” എന്ന് പറഞ്ഞ് കുറച്ച് സ്ട്രെയിൻ എടുത്ത് തന്നെയാണ് അദ്ദേഹവും പാടിയത്. പശ്ചാത്തല സംഗീതമൊരുക്കിയതും ദിവസങ്ങൾ ചെലവഴിച്ചാണ്. ഏതാണ്ട് പത്ത് പന്ത്രണ്ട് ദിവസം. അന്ന് ട്രാക്ക് ഉണ്ടാക്കി വെച്ച് റെക്കോഡിങ് ചെയ്യുമ്പോ ടൈമിങ് കറക്ടാ വണമായിരുന്നു. മാനുവൽ ആയിട്ടാണ്. ഇന്നത്തെപോലെ സാങ്കേതിക വിദ്യ വികസിച്ചിട്ടില്ല. അതിലുപരി പെർഫെക്ഷന് വേണ്ടിയുള്ള ഒരു തപസ്സായിരുന്നു റഹ്മാന് സംഗീതം. അതുകൊണ്ടാണ് ഉയരങ്ങളിലേക്കദ്ദേഹം ഒരു വിജയ ഗീതമായി പടർന്നുകയറിയത്. എന്നാൽ റഹ്മാൻ ഇത്രയും ഉയരത്തിലെത്തുമെന്നോ, ഓസ്കർ അവാർഡും ഹോളിവുഡും താണ്ടി ലോകമാകെ പടരുന്നൊരു സംഗീത വിസ്മയമാവുമെന്നോ എന്നൊന്നും അന്ന് ആലോചിച്ചിട്ടുണ്ടായിരുന്നില്ല. ഇരുപത്തഞ്ച് വർഷങ്ങൾക്ക് ശേഷം ഇങ്ങനെയൊരു കുറിപ്പ് എഴുതേണ്ടി വരുമെന്നും സ്വപ്നത്തിൽപ്പോലും തോന്നിയിട്ടുണ്ടായിരുന്നില്ല. കാലം സാക്ഷി!
യോദ്ധയിലെ പാട്ടുകൾ
ശിധരൻ ആറാട്ടുവഴിയുടെ തിരക്ക ഥയിൽ സംഗീത് ശിവൻ ഒരുക്കിയ ഈ ചിത്രമാണ് യോദ്ധ. ചിത്രത്തിലെ “പടകാളി ചണ്ടിച്ചങ്കിരി…’ അടക്കം എല്ലാ ഗാനങ്ങളും ഹിറ്റായിരുന്നു. ഈ ഗാന രംഗത്തിൽ മോഹൻലാലും ജഗതിയും മത്സരിച്ചഭിനയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുനു കുനെ ചെറു കുറുനിരകൾ…, മാമ്പൂവേ… മഞ്ഞുതിരുന്നോ… എന്നിവ യാണ് ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ. യേശുദാസ് എം ജി ശ്രീകുമാർ, സുജാത, മാൽഗുഡി ശുഭ എന്നിവരാണ് പാടിയത്. രചന ബിച്ചുതിരുമലയായിരുന്നു.
(സ്റ്റാർ ആൻഡ് സ്റ്റൈൽ 2017 ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)