
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതില്‍ പോലീസ് അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിൽ അങ്കമാലി മജിസ്ട്രേറ്റായിരുന്ന ലീനാ റഷീദിനെതിരേ ഗുരുതര ആരോപണമാണ് അതിജീവിത ഉന്നയിച്ചിരിക്കുന്നത്. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കേസിൽ എട്ടാംപ്രതിയായ നടൻ ദിലീപിനും അഭിഭാഷകർക്കും അവർ തന്റെ ലാപ്ടോപ്പിൽ കാണിച്ചുനൽകിയെന്നും പ്രോസിക്യൂഷന്റെ നിർദേശം മറികടന്നായിരുന്നു ഇതെന്നും അഡ്വ. ടി.ബി. മിനി വഴി ഫയൽചെയ്തിരിക്കുന്ന ഉപഹർജിയിൽ ആരോപിക്കുന്നു.
എന്നാൽ ഇവരെയടക്കം മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച എല്ലാവരെയും സംരക്ഷിക്കുന്ന അന്വേഷണ റിപ്പോർട്ടാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നതെന്നും വിശദീകരിക്കുന്നു.
2017 മാര്‍ച്ച് അഞ്ചിന് അങ്കമാലി മജിസ്ട്രേറ്റായി ലീനാ റഷീദ് ചുമതലയേറ്റശേഷമാണ് കാര്യങ്ങള്‍ മാറിമറിയുന്നത്. 2017 ഡിസംബര്‍ 15-ന് കേസില്‍ എട്ടാംപ്രതിയായ നടന് ദിലീപ് രണ്ട് അഭിഭാഷകരോടൊപ്പം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ എത്തി. അവര്‍ നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ മജിസ്ട്രേറ്റ് തന്റെ ലാപ്ടോപ്പില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചു.
ദിലീപ് നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കാണിച്ചതെന്ന് അങ്കമാലി മജിസ്ട്രേറ്റ് നല്കിയ മൊഴി അന്വേഷണറിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത് തെറ്റും നടപടി ആവശ്യപ്പെടുന്ന പെരുമാറ്റദൂഷ്യവുമാണ്.
അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍വെച്ച് ദിലീപിന്റെ അഭിഭാഷകര്‍ ദൃശ്യങ്ങള്‍ കണ്ടുവെന്നത് അന്വേഷണറിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല. നടിയെ ആക്രമിച്ച കേസില്‍ പ്രതിഭാഗത്തിനെതിരായി ഉപയോഗിക്കാന്‍ കഴിയുന്നതാണിത്. അതൊരുവീഴ്ചയായി കാണാനാകില്ല. ഇത് ജുഡീഷ്യല്‍ ഓഫീസറുടെ നിഷ്പക്ഷതയില്‍ സംശയം ജനിപ്പിക്കുന്നതാണ്.- ഹർജിയിൽ പറയുന്നു
അങ്കമാലി മജിസ്ട്രേറ്റ് പെന്‍ഡ്രൈവും മെമ്മറി കാര്‍ഡും സ്വന്തം കൈവശം സൂക്ഷിച്ചുവെന്നത് റിപ്പോര്‍ട്ടില്‍നിന്നുതന്നെ വ്യക്തമാണ്.
മജിസ്ട്രേറ്റിന്റെ വീഴ്ചയും അന്വേഷണത്തിലെ അപാകവും ഇങ്ങനെ
* മജിസ്ട്രേറ്റ് മെമ്മറികാര്‍ഡും പെന്‍ഡ്രൈവും വീട്ടില്‍ കൊണ്ടുപോയത് സംബന്ധിച്ച് ശരിയായ അന്വേഷണം നടത്തിയില്ല. ലൈംഗികാതിക്രമ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ഇത്തരത്തില്‍ കൊണ്ടുപോകാനാകില്ല.
* ദിലീപിനും അഭിഭാഷകര്‍ക്കും ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ മജിസ്ട്രേറ്റ് അനുമതി നല്‍കിയത് മുന്‍ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് സംശയിക്കണം.
* മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനായി യാതൊരുവിധ പരിശോധനയും നടത്തിയിട്ടില്ല.
ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് നടി
കൊച്ചി: കോടതിയില്‍ സൂക്ഷിച്ചിരുന്ന, തന്നെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക പോലീസ് സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയെ സമീപിച്ചു. മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് നല്കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. അങ്കമാലി മജിസ്ട്രേറ്റ് കോടതി, ജില്ലാ സെഷന്‍സ് കോടതി, എറണാകുളം സി.ബി.ഐ. പ്രത്യേക കോടതി എന്നിവിടങ്ങളിലിരിക്കെ മെമ്മറി കാര്‍ഡ് പരിശോധിച്ചിട്ടുണ്ടെന്നാണ് ജില്ലാ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസിന്റെ റിപ്പോര്‍ട്ട്.
തെറ്റെങ്കിലും ഇപ്പോള്‍ നടപടി വേണ്ടെന്ന് റിപ്പോര്‍ട്ട്
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയില്‍ സൂക്ഷിച്ചിരിക്കേ പരിശോധിച്ചത് മൂന്ന് തവണയാണെന്നാണ് ജില്ലാ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായി നടി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നു.
2018 ജനുവരി ഒമ്പതിന് അങ്കമാലി മജിസ്ട്രേറ്റായിരുന്ന ലീനാ റഷീദാണ് പരിശോധിച്ചത്. 2018 ഡിസംബര്‍ 13-ന് ജില്ലാ സെഷന്‍സ് കോടതിയിലെ സീനിയര്‍ ക്ലാര്‍ക്ക് മഹേഷ് മോഹനും പരിശോധിച്ചു.
കോടതിയുടെ അനുമതിയോടെയായിരുന്നു ഇത്. ഈ രണ്ടുപരിശോധനയിലും തെറ്റില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 2021 ജൂലായ് 19-ന് എറണാകുളം സി.ബി.ഐ. പ്രത്യേക കോടതിയിലെ ശിരസ്തദാര്‍ താജുദ്ദീന് മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധന അനധികൃതമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ നിലവില്‍ തുടര്‍നടപടികള്‍ ആവശ്യമില്ലെന്നും ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയായശേഷം തുടര്‍നടപടികള്‍ മതിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും നടിയുടെ ഹര്‍ജിയില്‍ വിശദീകരിക്കുന്നു.
സി.ബി.ഐ. കോടതിയിലിരിക്കെ മെമ്മറികാര്‍ഡ് അനധികൃതമായി പരിശോധിച്ചപ്പോള്‍, അന്വേഷണംനടത്തിയ ജഡ്ജിയായിരുന്നു അവിടെ ന്യായാധിപച്ചുമതലയിലുണ്ടായിരുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
മെമ്മറി കാര്‍ഡിന്റെ ഹാഷ്വാല്യു മാറിയെന്ന ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് നടി നല്കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വസ്തുതാന്വേഷണത്തിന് ഉത്തരവിട്ടത്. ജില്ലാ സെഷന്‍സ് ജഡ്ജി അന്വേഷിക്കണമെന്നായിരുന്നു ഉത്തരവ്.
ഇത് മറികടന്ന് വിചാരണജഡ്ജികൂടിയായ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വസ്തുതാന്വേഷണം നടത്തിയതും നടി ചോദ്യംചെയ്യുന്നു.
മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചവരെ രക്ഷിക്കുന്നതാണ് റിപ്പോര്‍ട്ടെന്നും പോലീസിന്റെയോ വിദഗ്ധരുടെയോ സഹായം തേടാതെ അന്വേഷിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
ജില്ലാ സെഷന്‍സ് കോടതിയിലെ സീനിയര്‍ ക്ലാര്‍ക്ക് മഹേഷ് കാര്‍ഡ് വീട്ടില്‍കൊണ്ടുപോയി പരിശോധിച്ചുവെന്നും ആരോപിക്കുന്നു. ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലുള്ള കേസ് വിചാരണയെ ബാധിക്കാത്തവിധം അന്വേഷണംനടത്താന്‍ ഉത്തരവിടണമെന്നാണ് ആവശ്യം. ഹര്‍ജി അടുത്ത ദിവസം ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]