
വർഷങ്ങൾക്കുമുമ്പ് തിരുവനന്തപുരത്തെ ഒരു തിയേറ്ററിൽ സിനിമകാണുകയായിരുന്നു ബാലൻ (ഗാന്ധിമതി ബാലൻ). പൊട്ടിയ കസേരയിൽക്കുരുങ്ങി ഷർട്ട് കീറിപ്പോയി. സംഭവം തിയേറ്റർ ജീവനക്കാരനോട് പറഞ്ഞപ്പോൾ ‘നല്ല തിയേറ്ററിലിരുന്ന് സിനിമകാണണമെങ്കിൽ താൻ ഈ തിയേറ്റർ വാങ്ങിക്ക്’ എന്ന പരിഹാസ പ്രതികരണം.
പ്രതികാരം, അത് വീട്ടാനുള്ളതാണ് എന്ന സിനിമാ ഡയലോഗ് പോലെയായി പിന്നെ കാര്യങ്ങൾ. ബാലൻ ആ തിയേറ്റർ സ്വന്തമാക്കി. നവീകരിച്ച് ധന്യ, രമ്യ എന്നീ പേരുകളിലായി. മികച്ചസിനിമകൾ പ്രദർശിപ്പിക്കാനും വിജയിപ്പിക്കാനും പ്രത്യേകം ശ്രദ്ധിച്ചു. വഴിയേ നിർമാതാവിന്റെ കുപ്പായവുമണിഞ്ഞു.
പകരംവെക്കാനില്ലാത്ത മികച്ച സിനിമകൾ നിർമിച്ചാണ് പത്തനംതിട്ട എലന്തൂരിലെ കെ.പി.ബി. നായർ മലയാളസിനിമയ്ക്ക് പ്രിയപ്പെട്ട ഗാന്ധിമതി ബാലനായത്. പി. പത്മരാജന്റെയും കെ.ജി. ജോർജിന്റെയും വേണു നാഗവള്ളിയുടെയുമെല്ലാം പ്രിയനിർമാതാവും വിതരണക്കാരനും സുഹൃത്തുമായിരുന്നു അദ്ദേഹം.
മലയോരകർഷകകുടുംബത്തിൽ ജനിച്ച ബാലൻ സ്കൂൾകാലംതൊട്ടേ നാട്ടിലെ ഗ്രന്ഥശാലയിലെ സജീവപ്രവർത്തകനായിരുന്നു. അത് പിന്നീട് നല്ലതിരക്കഥകൾ തിരഞ്ഞെടുക്കാൻ പ്രാപ്തനാക്കി. കോഴഞ്ചേരി സെയ്ന്റ് തോമസ് കോളേജിലാണ് ബിരുദം പൂർത്തിയാക്കിയത്. വിവാഹശേഷം തിരുവനന്തപുരത്തേക്കുമാറി. റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞായിരുന്നു ആ മാറ്റം.
ആദ്യം തിയേറ്റർ, പിന്നെ നിർമാണം
തിരക്കുകൾക്കിടയിലും ഓരോ ആഴ്ചയും പ്രദർശനത്തിനെത്തുന്ന സിനിമകളെല്ലാം മുടങ്ങാതെ കാണാറുണ്ടായിരുന്നു അദ്ദേഹം. തിയേറ്റർ നടത്തിവരുന്നതിനിടെ നിർമാതാക്കളുമായും അഭിനേതാക്കളുമായും ബാലൻ സൗഹൃദം സ്ഥാപിച്ചു. ബാലചന്ദ്രമേനോൻ, വേണു നാഗവള്ളി, മണിയൻപിള്ള രാജു, സെഞ്ച്വറി കൊച്ചുമോൻ എന്നിവരടങ്ങുന്ന സുഹൃത്തുക്കളാണ് നിർമാണരംഗത്തേക്ക് ധൈര്യംനൽകിയത്.
1982-ൽ ബാലചന്ദ്രമേനോൻ സംവിധാനംചെയ്ത ‘ഇത്തിരിനേരം ഒത്തിരിക്കാര്യ’മാണ് ആദ്യസിനിമ.
മറ്റൊരു നിർമാതാവ് പാതിവഴിയിൽ ഉപേക്ഷിക്കാനിരുന്ന ഈ സിനിമ വലിയ വിജയമാക്കാൻ ഗാന്ധിമതി ഫിലിംസിന്റെ ബാനറിൽ കഴിഞ്ഞു. നിർമാണക്കമ്പനി തുടങ്ങിയപ്പോൾ അമ്മ ഗാന്ധിമതിദേവിയുടെ പേരു നൽകി. ‘മംഗളം നേരുന്നു’ എന്ന സിനിമയുടെ വിതരണം ഏറ്റെടുത്തുകൊണ്ട് വിതരണരംഗത്തേക്കും ചുവടുവെച്ചു.
കെ.ജി. ജോർജിന്റെ ‘പഞ്ചവടിപ്പാലം’, ജെ. ശശികുമാറിന്റെ ‘പത്താമുദയം’, വേണു നാഗവള്ളിയുടെ ‘സുഖമോ ദേവി’ എന്നീ ശ്രദ്ധേയസിനിമകളാണ് പിന്നീട് നിർമിച്ചത്.
പത്മരാജന്റെ ഉറ്റതോഴൻ
‘മംഗളം നേരുന്നു’ എന്ന സിനിമയുടെ പ്രിവ്യൂ നടക്കുമ്പോഴാണ് പത്മരാജനെ പരിചയപ്പെടുന്നത്. ‘നൊമ്പരത്തിപ്പൂവ്’ നിർമിച്ചുകൊണ്ട് ആ സൗഹൃദയാത്രയ്ക്ക് തുടക്കമിട്ടു. മൂന്നാം പക്കം, തൂവാനത്തുമ്പികൾ, ഈ തണുത്ത വെളുപ്പാൻ കാലത്ത് എന്നീ സിനിമകളും പത്മരാജനൊപ്പം ചെയ്തു. ‘തൂവാനത്തുമ്പികൾ’ എന്ന സിനിമയിൽ വിതരണക്കാരനായിരുന്നു ആദ്യം. ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ നിർമാതാവായ സ്റ്റാൻലിക്ക് ഹൃദയാഘാതമുണ്ടായി. നിർമാണം തുടരാനാകാത്ത അവസ്ഥയിലെത്തിയതോടെ ഗാന്ധിമതി ബാലൻ നിർമാണം ഏറ്റെടുത്തു. സിനിമ റിലീസായപ്പോൾ നിർമാതാവായി സ്റ്റാൻലിയുടെ പേരുതന്നെ ബാലൻ നൽകി. അതേക്കുറിച്ച് പിന്നീട് അദ്ദേഹം പറഞ്ഞതിങ്ങനെ. ‘‘തൂവാനത്തുമ്പികൾ എന്ന സിനിമ കണ്ടെത്തിയത് സ്റ്റാൻലിയായിരുന്നു. ഒരു പേരുകൊണ്ട് ഒന്നും നേടാനില്ല എന്ന തിരിച്ചറിവിലാണ് ആ തീരുമാനമെടുത്തത്’’.
പത്മരാജന്റെ മരണസമയത്ത് ബാലനും ഒപ്പമുണ്ടായിരുന്നു. ഉറ്റസുഹൃത്തിന്റെ മരണം ഉണ്ടാക്കിയ ആഘാതം വലുതായിരുന്നു. സംസ്കാരം കഴിഞ്ഞ് മടങ്ങുന്നതിനിടെ ബാലന്റെ കാർ അപകടത്തിൽപ്പെട്ട് ഏറെക്കാലം കിടപ്പിലായി. പിന്നീട് ജീവിതത്തിലേക്ക് മടങ്ങിവന്നപ്പോൾ സിനിമാരംഗത്ത് സജീവമായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]