
പുലികേശി എന്ന സാഹസികനെക്കുറിച്ചായിരുന്നു മിക്കവരും വാചാലരായത്. സമയത്ത് മികച്ച ചികിത്സയ്ക്ക് പണമില്ലാതെ മരണത്തിനു കീഴടങ്ങിയ പുരുഷോത്തമന് എന്ന മനുഷ്യനെക്കുറിച്ചു പറയാന്‍ രണ്ടോ മൂന്നോ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുലികേശി മരിച്ചതിന്റെ പിറ്റേന്നു സന്ധ്യയ്ക്ക് അദ്ദേഹത്തെ അനുസ്മരിക്കാന്‍ എ.വി.എമ്മില്‍ ഒത്തുകൂടിയ ഒരു ചെറിയ കൂട്ടമായിരുന്നു അത്. എല്ലാം കേട്ടിരിക്കെ ത്യാഗരാജന് മറ്റൊന്നാണ് ചിന്തിച്ചത്. ഡ്യൂപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒരു സംഘടനയുണ്ടായിരുന്നുവെങ്കില് അദ്ദേഹം മരണപ്പെടില്ലായിരുന്നു എന്ന് ത്യാഗരാജന് പറഞ്ഞപ്പോള്‍ എല്ലാവരും അത് ശരിവെച്ചു. അന്ന് ഒരു ഫൈറ്റര്‍ക്ക് അഞ്ചുരൂപയാണ് പ്രതിഫലം. ഡ്യൂപ്പിന് പത്തുരൂപയും. ജീവന് പണയപ്പെടുത്തുന്നതിന് പകരം കിട്ടുന്ന തുച്ഛമായ തുട്ടുകള്‍. എഴുപതോളം പേര് അന്ന് പുലികേശിയുടെ ഗ്രൂപ്പിലുണ്ട്. എം.ജി.ആറിനും ശിവാജി ഗണേശനും വേണ്ടി ഫൈറ്റ് ചെയ്യുന്നവരുടെ പ്രത്യേക ഗ്രൂപ്പും അന്ന് മദിരാശിയിലുണ്ട്. എല്ലാവരും ഒത്തുചേര്‍ന്നാല്‍ സ്റ്റണ്ടുകാരുടെ സംഘടന രൂപീകരിക്കാന്‍ കഴിയുമെന്ന ആശയം പരക്കെ സ്വീകരിക്കപ്പെട്ടു. നിര്‍മ്മാതാവും സംവിധായകനുമായ വിട്ലാചാര്യര്‍ യോഗത്തില്‍ പറഞ്ഞു: ‘എന്റെ പടത്തില്‍ ഡ്യൂപ്പിടുന്നവര്ക്ക് നാല്‍പ്പതു രൂപവെച്ച് ഞാന്‍ പ്രതിഫലം നല്‍കാം. ഫൈറ്റര്‍ക്ക് ഇരുപത്തിയഞ്ചു രൂപയും.’ വിട്ലാചാര്യര്‍ മുന്നോട്ടുവെച്ചത് ഒരു വലിയ സംഖ്യയായിരുന്നു. അതോടെ മറ്റു നിര്‍മ്മാതാക്കളും അതേ പ്രതിഫലം തന്നെ നല്കാന് നിര്‍ബ്ബന്ധിതരായി. പുലികേശിയുടെ മരണാനന്തരയോഗത്തില് ത്യാഗരാജന് പറഞ്ഞ വാക്കുകളില്‍നിന്നാണ് സംഘടന എന്ന ആശയം ചര്‍ച്ചയാകുന്നത്. അതുകൊണ്ടുതന്നെ സംഘടന രൂപീകരിക്കുവാന്‍ നേതൃത്വം കൊടുക്കണമെന്ന് സിനിമയ്ക്കകത്തുനിന്നും പുറത്തുനിന്നും ഒട്ടനവധി പേര് ത്യാഗരാജനോടുതന്നെ ആവശ്യപ്പെട്ടു. എന്നാല്‍ അക്കാര്യത്തില്‍ കടമ്പകളേറെയുണ്ടായിരുന്നു.
പുലികേശിയുടെ അനുസ്മരണപരിപാടി കഴിഞ്ഞ് നാടകമന്‍ട്രത്തിലേക്ക് തിരിച്ചെത്തിയ ത്യാഗരാജനെ കാത്തിരുന്നത് വേദനിപ്പിക്കുന്ന കാഴ്ചകളായിരുന്നു. നാടകത്തില്‍ ഉപയോഗിച്ചിരുന്ന വിലപിടിപ്പുള്ള വസ്ത്രങ്ങളും, സിനിമയിലെ ഫൈറ്റിനുവേണ്ടി ഉപയോഗിച്ചിരുന്ന ആയുധങ്ങളും നാടകമന്‍ട്രത്തിലെ പലരും എടുത്തുകൊണ്ടുപോയിരിക്കുന്നു. കുടുംബത്തിന്റെ നാഥന് പോയപ്പോള്‍ ചോദിക്കാന്‍ ആളില്ലാതെ വന്നതുപോലുള്ള അനുഭവം. ത്യാഗരാജനെത്തുംമുമ്പേ കിട്ടാവുന്നതെല്ലാം ശേഖരിച്ച് പലരും പല വഴിക്ക് മറഞ്ഞുകഴിഞ്ഞിരുന്നു. പുലികേശി പതിവായി ഇരിക്കാറുള്ള കസേരയുടെ താഴെ ചാണകം മെഴുകിയ നിലത്ത് ഒരുപാടു നേരം ത്യാഗരാജന് തനിച്ചിരുന്നു. ആശാനില്ലാത്ത നാടകമന്‍ട്രത്തില്‍ തുടരാന്‍ ത്യാഗരാജനാകുമായിരുന്നില്ല. പുലര്‍ച്ചയോടെ നാടകമന്ട്രത്തില്നിന്നിറങ്ങി, തന്റേതുമാത്രമെന്നു പറയാവുന്ന ഇരുമ്പുപെട്ടിയുമെടുത്ത് വടപളനിയില്ത്തന്നെയുള്ള പഴയ രാം ലോഡ്ജിലേക്കാണ് പോയത്. മാസവാടകയ്ക്ക് മുറിയെടുത്തു. പിന്നീട് അവിടെയായി താമസം. നോക്കിനടത്താന്‍ ആളില്ലാതെ മഴയും വെയിലുമേറ്റ് നാടകമന്‍ട്രത്തിന്റെ മേല്‍ക്കൂര ദ്രവിച്ചു ദ്രവിച്ച് നിലംപൊത്തി.
കനത്ത മഴ പെയ്ത ഒരു വെളുപ്പാന്‍കാലത്ത് ത്യാഗരാജനെ അന്വേഷിച്ച് രാം ലോഡ്ജിലേക്ക് ഒരമ്മയും മൂന്നുവയസ്സുള്ള മകളും വന്നു. റിസപ്ഷനില്‍ അവര്‍ കാത്തുനില്ക്കുന്നുണ്ടെന്ന് ലോഡ്ജിലെ പയ്യന് പറഞ്ഞപ്പോള്‍ ഷൂട്ടിങ് സെറ്റിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലായിരുന്ന ത്യാഗരാജന് പുറത്തേക്കിറങ്ങി. ‘ഭര്‍ത്താവ് സുഖമില്ലാതെ കിടപ്പിലാണ്. പ്രയാസമാവില്ലെങ്കില്‍ വീടുവരെ ഒന്നു വരണം.’ സിനിമയിലെ ഡ്യൂപ്പ് ആര്‍ട്ടിസ്റ്റായിരുന്നു അവരുടെ ഭര്‍ത്താവ്. ഒരപകടം പറ്റി കിടപ്പിലായിട്ട് കുറെ നാളുകളായി. ത്യാഗരാജനോട് നേരിട്ട് ഒരു കാര്യം പറയാനാണ് അദ്ദേഹം വീട്ടിലേക്ക് ചെല്ലാന്‍ പറഞ്ഞത്. ഷൂട്ടിങ് കഴിഞ്ഞശേഷം വൈകീട്ട് വീട്ടിലേക്ക് വരാമെന്ന് ത്യാഗരാജന് ഉറപ്പുനല്‍കി. അന്ന് സന്ധ്യയില്‍ ത്യാഗരാജന് വീടന്വേഷിച്ച് ചെല്ലുമ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു. ഏതു നിമിഷവും നിലംപതിക്കാറായ ഓലമേഞ്ഞ കൂരയുടെ ഇറയത്ത് കത്തിച്ചുവെച്ചിരുന്ന മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തുനിന്ന് മകള്‍ അകത്തേക്ക് നീട്ടിവിളിച്ചു, ‘അമ്മാ…’ ആ കുഞ്ഞുകൈകള്‍ ത്യാഗരാജനെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോള്‍ അവളുടെ ഇടംകൈയില്‍ ഇറയത്തുവെച്ചിരുന്ന മണ്ണെണ്ണവിളക്കുമുണ്ടായിരുന്നു.
ആ ഒറ്റവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ ബെഞ്ചില്‍ കിടക്കുന്ന മനുഷ്യനെ ത്യാഗരാജന് കണ്ടു. മരുന്നും ആവശ്യത്തിന് ഭക്ഷണവുമില്ലാതെ ‘ഞാനും കുടുംബവും ഇവിടെ നരകിച്ചു ജീവിക്കുകയാണെ’ന്ന് ശയ്യാവലംബിയായ ആ രൂപം തന്റെ മുഖത്തുനോക്കി പറയുംപോലെ ത്യാഗരാജനു തോന്നി. ദ്രവിച്ച ഓലയ്ക്കിടയിലൂടെ അകത്തേക്ക് വീഴുന്ന മഴവെള്ളം നിലത്ത് തളംകെട്ടാതിരിക്കാന്‍ പലയിടത്തും പാത്രങ്ങള്‍ വെച്ചിട്ടുണ്ട്. ഇരിക്കാന്‍ ഒരു കസേരപോലും ആ വീട്ടിലുണ്ടായിരുന്നില്ല. അതിന്റെ വിഷമം അയാളുടെയും ഭാര്യയുടെയും മുഖത്ത് പ്രകടമായിരുന്നു. അതു മനസ്സിലാക്കി ത്യാഗരാജന് പറഞ്ഞു: ‘ഞാനിവിടെ, ബെഞ്ചിന്റെ അരികിലിരുന്നോളാം.’
ദുര്‍ബ്ബലമായ ആ നെഞ്ചില്‍ കൈ വെച്ച് ത്യാഗരാജന് ചോദിച്ചു: ‘എന്താണ് അങ്ങയുടെ പേര്?’
വിറയാര്‍ന്ന ശബ്ദത്തില്‍ അയാള്‍ പറഞ്ഞു: ‘മാണിക്യം… മാണിക്യം നാടാര്‍.’
‘എത്ര വര്‍ഷമായി അപകടം പറ്റിയിട്ട്?’
ത്യാഗരാജന്റെ ചോദ്യത്തിന് തന്റെ ജീവിതംതന്നെ മാണിക്യം ഉത്തരമായി തുറന്നുവെച്ചു. പന്ത്രണ്ടാം വയസ്സില്‍ മദിരാശിയില്‍ വന്നതാണ്. എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കണമെന്ന മോഹവുമായി. അതിനുള്ള ധൈര്യം പന്ത്രണ്ടു വയസ്സുവരെയുള്ള അനുഭവങ്ങള്‍ മാണിക്യത്തിന് നല്‍കിയിരുന്നു. പല ജോലികളും ചെയ്തു. ഇരുപത്തിരണ്ടാമത്തെ വയസ്സിലായിരുന്നു വിവാഹം. അമ്മ മാത്രമുള്ള ഒരു പാവപ്പെട്ട പെണ്ണിനെയായിരുന്നു ഒപ്പം കൂട്ടിയത്. അതുകൊണ്ടുതന്നെ വിഷമഘട്ടങ്ങളില്‍ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. കിട്ടുന്നത് ഒന്നിനും തികയാതെവന്നപ്പോള്‍ കാശു കൂടുതല്‍ കിട്ടുന്ന ജോലികള്‍ അന്വേഷിക്കാന്‍ തുടങ്ങി. ധൈര്യം കൂട്ടിനുള്ളപ്പോള്‍ വേറെ ജോലിയൊന്നും അന്വേഷിക്കേണ്ടെന്ന് കൂട്ടുകാരനാണ് പറഞ്ഞത്, ‘നടന്മാര്ക്ക് ഡ്യൂപ്പിടാന്‍ പൊയ്ക്കോ. പൈസ കൂടുതല്‍ കിട്ടും. അപകടംപിടിച്ച പണിയാണെങ്കിലും ശ്രദ്ധിച്ചാല്‍ മതി.’ ഈ ഉപദേശമാണ് മാണിക്യത്തെ ജീവന് അപകടത്തിലാക്കുന്ന പണിയിലേക്കെത്തിച്ചത്.
സിനിമയിലാണ് ജോലിയെന്നു മാത്രം ഭാര്യയോട് പറഞ്ഞു. എന്തു ജോലിയാണ് ചെയ്യുന്നതെന്ന് അവള് ചോദിച്ചപ്പോഴെല്ലാം ഡ്യൂപ്പാണെന്ന് പറഞ്ഞു. ഡ്യൂപ്പെന്നാല് എന്താണെന്നൊന്നും അവള്‍ക്കറിയില്ല. ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ‘നടന്മാരില്ലാത്തപ്പോള് അവര്‍ക്കു പകരമായി അഭിനയിക്കണം’ എന്നു പറഞ്ഞ് വിശ്വസിപ്പിച്ചു. പല സ്റ്റണ്ട് ഗ്രൂപ്പുകളിലായി കുറെ സിനിമകളില്‍ ജോലി ചെയ്തു. എ.വി.എം. സ്റ്റുഡിയോയില്‍ എം.ജി.ആര്. പടത്തിന്റെ ഷൂട്ടിങ്ങിനിടയ്ക്കാണ് മാണിക്യത്തിന് അപകടം പറ്റിയത്. സ്റ്റണ്ടുമാസ്റ്റര്‍ ആര്.എന്‍. നമ്പ്യാര്‍ പറഞ്ഞതുപോലെ ചെയ്തു. ഉയരത്തില്‍നിന്ന് മലക്കംമറിഞ്ഞു വീണപ്പോള്‍ പരിക്കുപറ്റിയത് നട്ടെല്ലിനായിരുന്നു. അന്ന് മാണിക്യത്തിന്റെ മകളുടെ ഒന്നാം പിറന്നാളായിരുന്നു. ‘ഇന്ന് പോകണ്ട’ എന്ന് ഭാര്യ പറഞ്ഞിരുന്നു. പോവാതിരുന്നാല്‍ പിന്നീട് ജോലിക്ക് വിളിക്കില്ലെന്ന് മാണിക്യത്തിനറിയാം. വൈകുന്നേരമാകുമ്പോഴേക്കും മകള്‍ക്ക് പുത്തനുടുപ്പും കളിപ്പാട്ടവുമായി തിരിച്ചുവരാമെന്നും അപ്പോഴേക്കും പായസമൊക്കെ ഉണ്ടാക്കി വെക്കണമെന്നും പറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്. പോകാന്നേരം മകള്‍ കരഞ്ഞു. ഭാര്യയുടെ കൈയില്‍നിന്ന് മകളെ വാങ്ങി കുറച്ചുനേരം കൂടി അവളെ കൊഞ്ചിച്ചു. മകളുടെ കരച്ചില് സന്തോഷത്തിലേക്ക് വഴിമാറിയപ്പോള്‍ വീട്ടില്നിന്നിറങ്ങിയെങ്കിലും വീണ്ടും അവള് കരയാന്‍ തുടങ്ങി. ‘അച്ഛന് പോകേണ്ട, പോയാല്‍ അച്ഛനിനി എന്നെ എടുത്തുകൊണ്ടുനടക്കാന്‍ കഴിയില്ലല്ലോ’ എന്നായിരുന്നു തന്റെ മകളുടെ ആ കരച്ചിലിന്റെ അര്‍ത്ഥമെന്ന് പറഞ്ഞ് മാണിക്യം പൊട്ടിക്കരഞ്ഞു. ഒന്നും പറയാനാവാതെ വേദനിക്കുന്ന മനസ്സുമായി മാണിക്യത്തിന്റെ നെഞ്ചത്ത് കൈവെച്ചുകൊണ്ട് ത്യാഗരാജന് ഇരുന്നു.
തന്റെ ജീവിതത്തിന്റെ നേര്‍ച്ചിത്രം പോലെ കുറെ മനുഷ്യര്‍ മദിരാശിയുടെ പുറമ്പോക്കുകളില്‍ നരകയാതനകളനുഭവിച്ചു കഴിയുന്നുണ്ടെന്ന് ബോദ്ധ്യപ്പെടുത്താനാണ് മാണിക്യം ത്യാഗരാജനെ വീട്ടിലേക്ക് വിളിപ്പിച്ചത്. അപകടത്തിനുശേഷം ആശുപത്രിച്ചെലവുകള്‍ വഹിച്ചുവെന്നല്ലാതെ സിനിമക്കാരാരും മാണിക്യത്തെക്കുറിച്ച് അന്വേഷിച്ചിട്ടുപോലുമില്ല. സ്റ്റണ്ടുകാരുടെ സംഘടന വരാന്പോകുന്നുവെന്നും അതിന് മുന്നില്‍നില്‍ക്കുന്നത് പുലികേശിയുടെ ശിഷ്യന് ത്യാഗരാജനാണെന്നും ആരോ പറഞ്ഞതിനാലാണ് മാണിക്യം ത്യാഗരാജനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ‘ഈ കിടപ്പില്‍ ഞാന്‍ ഇനിയെത്ര കാലമുണ്ടാകുമെന്ന് അറിയില്ല. അടുത്ത വീട്ടില്‍ ഭാര്യ ജോലിക്ക് പോകുന്നതുകൊണ്ടാണ് രണ്ടുനേരം ഭക്ഷണം കഴിക്കാനെങ്കിലും പറ്റുന്നത്. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ എന്റെ ഭാര്യയ്ക്കും മോള്‍ക്കും പിന്നെ ആരുമുണ്ടാവില്ല സാര്‍. സംഘടന വരണം, എന്നെപ്പോലെ ഒരുപാട് പേര് കഷ്ടപ്പെടുന്നുണ്ട്. നിങ്ങള്‍ വിചാരിച്ചാല്‍ മാത്രമേ ഞങ്ങളെ സഹായിക്കാന്‍ കഴിയൂ.’ പൊട്ടിക്കരഞ്ഞുകൊണ്ടുള്ള മാണിക്യത്തിന്റെ വാക്കുകള്‍ ത്യാഗരാജന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. കൈയിലുണ്ടായിരുന്ന പതിനഞ്ചുരൂപ ത്യാഗരാജന് മാണിക്യത്തിന്റെ കൈയിലേക്ക് വെച്ചുകൊടുത്തു. മഴ തോര്‍ന്ന നേരം, മാണിക്യത്തിന്റെ ഭാര്യ നല്കിയ മധുരമില്ലാത്ത കട്ടന്‍കാപ്പിയും കുടിച്ച് ആ ഓലപ്പുരയില്നിന്നിറങ്ങുമ്പോഴും മൂന്നു വയസ്സുള്ള മകള്‍ മുന്തിരി ത്യാഗരാജന്റെ കരുത്താര്‍ന്ന കൈകളില്‍ മുറുകെപ്പിടിച്ചിരുന്നു. ഞങ്ങളെ കൈവിടരുതേ എന്ന് പറയുംപോലെ.
ലോഡ്ജിലെത്തുമ്പോള്‍ നേരം ഏറെ വൈകി. മാണിക്യത്തിന്റെ ദയനീയമായ മുഖം പലവട്ടം ത്യാഗരാജന്റെ മനസ്സിലൂടെ കടന്നുപോയി. ഉറക്കം വരാത്ത ആ രാത്രിയില്‍ കൈയും കാലും നടുവുമൊടിഞ്ഞ് കിടപ്പിലായ ഏതൊക്കെയോ മനുഷ്യരുടെ അവ്യക്തമായ മുഖങ്ങളും ആര്‍ത്തനാദങ്ങളും മനസ്സിനെ മഥിച്ചുകൊണ്ടേയിരുന്നു. ‘സംഘടന വരണം’ എന്ന മാണിക്യത്തിന്റെ വാക്കുകള്‍ക്ക് ഒടുവില്‍ മനസ്സുകൊണ്ട് അടിവരയിട്ടു ത്യാഗരാജന്. ആ ആഴ്ചതന്നെ സംഘടനയുടെ പ്രാഥമികയോഗം ചേര്‍ന്നു. പതിനൊന്നു പേരായിരുന്നു പങ്കെടുത്തത്. ത്യാഗരാജന് നിര്‍ദ്ദേശിച്ച ‘സൗത്ത് ഇന്ത്യന്‍ സിനി സ്റ്റണ്ട് യൂണിയന്’ എന്ന പേര് സംഘടനയ്ക്ക് നല്കുവാന് തീരുമാനിച്ചു. ഫൈറ്റര്മാരായ എന്‍.കെ. സാമി പ്രസിഡന്റും എസ്. ശശി സെക്രട്ടറിയും കെ.പി. മജിത്ത് ട്രഷററുമായി വന്നു. പത്തുരൂപ മാസവാടകയ്ക്ക് വടപളനിയില്‍ ഒരു ഓലഷെഡ്ഡിലായിരുന്നു യൂണിയന് ഓഫീസ്. യൂണിയന് പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വിട്ലാചാര്യര്‍ നല്ലൊരു തുക സംഭാവന നല്കി. മെമ്പര്‍ഷിപ്പ് തുകയായി രണ്ടുരൂപ അന്‍പത് പൈസ മെമ്പര്‍മാരില്‍ നിന്നു വാങ്ങി. പതിനെട്ട് വയസ്സുമുതല്‍ മുപ്പത് വയസ്സുവരെയുള്ളവര്‍ക്കു മാത്രമാണ് മെമ്പര്‍ഷിപ്പ് നല്‍കിയത്. പക്ഷേ, പേരിനൊരു യൂണിയനുണ്ടായതുകൊണ്ടു മാത്രമായില്ല, യൂണിയന് ശക്തിപ്പെടുത്തേണ്ടത് അനിവാര്യമായിരുന്നു. എം.ജി. ആറും ശിവാജി ഗണേശനും സംഘടനയോട് യോജിക്കാനാവില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. കാരണം മറ്റൊന്നുമല്ല, ഇരുവര്‍ക്കും സ്റ്റണ്ടുകാരുടെ പ്രത്യേകം ഗ്രൂപ്പ് ഉണ്ടായിരുന്നതുകൊണ്ടുതന്നെ. സ്റ്റണ്ടുകാരുടെ ഗ്രൂപ്പ് എന്നു പറയുന്നതിനെക്കാള്‍ നല്ലത് ഗുണ്ടകളുടെ ഗ്രൂപ്പ് എന്നു പറയുന്നതായിരുന്നു. അതിനപ്പുറം വേറൊരു ഗ്രൂപ്പ് ഇവിടെ വേണ്ട എന്നതായിരുന്നു അവരുടെ നിലപാട്.
സ്റ്റണ്ട് സോമുവായിരുന്നു ശിവാജിയുടെ ഗ്രൂപ്പ് തലവന്‍. മലയാളിയായ ആര്.എന്‍. നമ്പ്യാര്‍ എം.ജി.ആറിന്റെ ഗ്രൂപ്പിന് നേതൃത്വം നല്കി. ഈ ഘട്ടത്തിലാണ് നിമയ്ഘോഷ് പ്രസിഡന്റും എം.ബി. ശ്രീനിവാസന് സെക്രട്ടറിയുമായി സൗത്ത് ഇന്ത്യന്‍ ഫിലിം ഫെഡറേഷന് രൂപംകൊള്ളുന്നത്. കമ്യൂണിസ്റ്റ് ആശയങ്ങളോടും തൊഴിലാളികളോടും വലിയ സ്നേഹമുള്ള മനൂഷ്യനായിരുന്നു എം.ബി. ശ്രീനിവാസന്. ഫെഡറേഷനില്‍ സിനിമയുടെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ ഇരുപത്തിമൂന്ന് യൂണിയനുകളുണ്ടായിരുന്നു. ഇരുപത്തിനാലാമത്തെ യൂണിയനായി സ്റ്റണ്ടുകാരുടെ സംഘടന രജിസ്റ്റര്‍ ചെയ്തു. ശിവാജിയുടെയും എം.ജി.ആറിന്റെയും ഗ്രൂപ്പുകള്‍ സ്റ്റണ്ടുകാരുടെ സംഘടനയ്ക്ക് എതിരാണെന്ന കാര്യം എം.ബി. ശ്രീനിവാസനോട് പറഞ്ഞു. ആ സമയം അദ്ദേഹം മുതുകില്‍ ഒരു ഓപ്പറേഷന് കഴിഞ്ഞ് ഹോസ്പിറ്റലിലായിരുന്നു. ഈ വിവരം അറിഞ്ഞയുടന്‍ ശ്രീനിവാസന് ഹോസ്പിറ്റലില്‍ നിന്നിറങ്ങി. അന്ന് വിജയാ സ്റ്റുഡിയോയില്‍ എം.ജി. ആറിന്റെ കാവല്‍ക്കാരന്റെ ഷൂട്ടിങ് നടക്കുകയാണ്. യൂണിയനിലേക്ക് എം.ജി. ആറിന്റെ ഗ്രൂപ്പിനെ വിട്ടുതരണമെന്ന ആവശ്യവുമായി ശ്രീനിവാസന് വിജയാ സ്റ്റുഡിയോയുടെ മുന്നില്‍ ടെന്റ് കെട്ടി നിരാഹാരം തുടങ്ങി. എം.ജി.ആറിന്റെ കാര്‍ സ്റ്റുഡിയോയിലേക്ക് വന്നപ്പോള്‍ ശ്രീനിവാസന് ഉള്‍പ്പെടെ യൂണിയനിലുള്ളവര്‍ കാര്‍ തടഞ്ഞു. എം.ജി.ആറിനോട് കാര്യങ്ങള്‍ പറഞ്ഞു. ‘സാറിന്റെ ഗ്രൂപ്പിനെ യൂണിയനിലേക്ക് വിട്ടുതരാന്‍ പറ്റുന്നില്ലെങ്കില്‍ ഞങ്ങളെ കാര്‍ കയറ്റി കൊല്ലൂ,’ ശ്രീനിവാസന് വികാരാധീനനായി.
Also Read
Premium
തല്ലാണല്ലേ ജോലി, ആരാണ് നിനക്ക് ത്യാഗരാജൻ …
Premium
അമ്മയിൽ നിന്നു ലഭിച്ച വലിയൊരു തിരിച്ചറിവായിരുന്നു …
Premium
നടനായശേഷമേ തിരിച്ചുവരൂ എന്ന ശപഥവുമായി അമ്മയുടെ …
Premium
‘മെലിഞ്ഞുനീണ്ട നിന്നെ ആര് സിനിമയിലെടുക്കാൻ?’ …
Premium
സിനിമാമോഹവുമായി വന്ന പയ്യനോട് സെറ്റിലുള്ളവർ …
Premium
എല്ലുംതോലുമായ രൂപം കണ്ടപ്പോൾ ചേട്ടൻ പൊട്ടിക്കരഞ്ഞു: …
Premium
കത്തി ഫൈറ്റ് കഴിഞ്ഞപ്പോൾ പുലികേശി പറഞ്ഞു: …
Premium
കൂർത്ത കമ്പിയിൽ തലയിടിച്ചു, അന്നാദ്യമായി …
‘നാളെ രാവിലെ എല്ലാവരും കൂടി എന്റെ വീട്ടിലേക്ക് വരൂ’ എന്നായിരുന്നു എം.ജി.ആറിന്റെ പ്രതികരണം. പിറ്റേന്ന് കാലത്ത് ഫെഡറേഷന്റെ പ്രവര്‍ത്തകര്‍ എം. ജി.ആറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഗ്രൂപ്പും യൂണിയനിലേക്ക് എത്തി. ത്യാഗരാജന്റെ നിര്‍ദ്ദേശപ്രകാരം മാണിക്യത്തിന്റെ കുടുംബത്തെ സഹായിക്കാന്‍ സംഘടനയിലുള്ളവര്‍ മുന്നോട്ടുവന്നു. അപ്പോഴേക്കും അന്‍പതിലേറെ സ്റ്റണ്ടുകാര്‍ സംഘടനയില്‍ അംഗങ്ങളായിക്കഴിഞ്ഞിരുന്നു. അവരെല്ലാവരുംകൂടി നല്കിയ തുക മുന്നൂറുരൂപയിലധികമുണ്ടായിരുന്നു. തുകയ്ക്കു പുറമെ അരിയും വസ്ത്രങ്ങളും മറ്റു ഭക്ഷണസാധനങ്ങളുമായി ത്യാഗരാജനും ഫൈറ്റര്‍ രാമകൃഷ്ണനും മാണിക്യത്തിന്റെ വീടിനു മുമ്പിലെത്തി. അവിടെ കണ്ട കാഴ്ച ത്യാഗരാജന് ഉള്‍ക്കൊള്ളാനായില്ല. മാണിക്യത്തിന്റെ ഓലപ്പുര നിലംപതിച്ചിരിക്കുന്നു. അടുത്ത വീട്ടുകാര്‍ പറഞ്ഞു: ‘കഴിഞ്ഞ ആഴ്ചത്തെ കൊടുങ്കാറ്റില്‍ വീണതാണ്.’
‘മാണിക്യമെവിടെ?’
ചോദിക്കുംമുമ്പേ തലയില്‍ ഇടിത്തീ വീഴുംപോലെ അതും ത്യാഗരാജന് കേള്‍ക്കേണ്ടിവന്നു. ‘ഒരാഴ്ച മുമ്പ് മാണിക്യം മരിച്ചു. കാറ്റിലും മഴയിലും പുര മറിഞ്ഞ് വീണപ്പോള്‍ തലനാരിഴയ്ക്കാണ് ആ അമ്മയും മകളും രക്ഷപ്പെട്ടത്. ഭര്‍ത്താവിന്റെ മരണമേല്‍പ്പിച്ച ആഘാതം വിട്ടുമാറുംമുമ്പ് അന്തിയുറങ്ങിയ കൂരയും കൂടി ഇല്ലാതായപ്പോള്‍ മകളെയുമെടുത്ത് അലറിക്കരഞ്ഞ അവരെ സഹായിക്കാന്‍ അന്നേരം ആരുമില്ലായിരുന്നു. വൈകുന്നേരമായപ്പോള്‍ ഒരു ഡോക്ടറും ഭര്‍ത്താവും അവരെ തേടിയെത്തി. ആ വീട്ടില്‍നിന്ന് ഒന്നുമെടുത്തിട്ടില്ല. അമ്മയെയും മകളെയും അവര്‍ കൊണ്ടുപോയി.’ അയല്പക്കക്കാരുടെ വാക്കുകള്‍ നിസ്സംഗതയോടെ കേട്ടുനില്ക്കേണ്ടിവന്നു ത്യാഗരാജന്. മാണിക്യത്തിനു വേണ്ടി കൊണ്ടുവന്ന സാധനങ്ങളുമായി തിരിച്ചുനടക്കുമ്പോള്‍ ആ വാക്കുകള്‍ വീണ്ടും ത്യാഗരാജന്റെ ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു. ‘സംഘടന വരണം, എന്നെപ്പോലെ ഒരുപാട് പേര് കഷ്ടപ്പെടുന്നുണ്ട.്’ യഥാര്‍ത്ഥത്തില്‍ മാണിക്യത്തിന്റെ ആ വാക്കുകളാണ് സംഘടനയ്ക്ക് മുന്നിലുണ്ടായിരുന്ന വലിയ പ്രതിസന്ധികള്‍ മറികടക്കാന്‍ ത്യാഗരാജന് കരുത്തായത്. ‘ഞങ്ങള്‍ സ്റ്റണ്ടുകാരും മജ്ജയും മാംസവുമുള്ള മനുഷ്യരാണ്’ എന്ന് ഏത് വലിയവന്റെയും മുഖത്തുനോക്കി പറയാന്‍ ഭൂരിപക്ഷം സ്റ്റണ്ടുകാര്ക്കും തോന്നിയത് സംഘടന വന്നതോടെയാണ്. 1966 സെപ്തംബര്‍ 16 ന് പുലികേശിയുടെ മരണത്തെത്തുടര്‍ന്ന് രൂപംകൊണ്ട സൗത്ത് ഇന്ത്യന്‍ സിനി സ്റ്റണ്ട് യൂണിയന് 1967 ഏപ്രില്‍ 17 ന് രജിസ്റ്റര്‍ ചെയ്തു. സിനിമാ മുതലാളിമാരുടെ ക്രൂരതയ്ക്കു മുമ്പില്‍ പ്രതികരിക്കാനാവാതെപോയവര്, പ്രതികരിച്ചതിന് ജോലി നഷ്ടപ്പെട്ടവര്‍ എല്ലാവരുടെയും പ്രശ്നങ്ങളില്‍ സംഘടന ഇടപെടാന്‍ തുടങ്ങി. നിര്‍മ്മാതാക്കള്‍ക്കു തോന്നുന്ന പ്രതിഫലം എന്ന അവസ്ഥ മാറി. സ്റ്റണ്ടുകാര്‍ക്ക് മാന്യമായ പ്രതിഫലം ലഭിക്കാന്‍ തുടങ്ങി. സിനിമയുടെ മണ്ണില്‍ ചോരവീഴ്ത്തി അഭിനയിക്കക്കേണ്ടിവന്ന മനുഷ്യര്‍ പ്രതികരിച്ചു തുടങ്ങി. ‘ആരെടാ’ എന്ന് വിളിക്കുന്നവനോട് ‘ഞാനെടാ…’ എന്ന് സ്റ്റണ്ടുകാര്‍ തിരിച്ചുപറയാന്‍ തുടങ്ങി. എല്ലാം ‘സൗത്ത് ഇന്ത്യന്‍ സിനി സ്റ്റണ്ട് യൂണിയന്’ വന്നതിന്റെ പ്രതിഫലനങ്ങളായിരുന്നു. പക്ഷേ, അവിടെയൊന്നും നേതാവാകാന്‍ ത്യാഗരാജന് ശ്രമിച്ചില്ല. കഷ്ടപ്പെടുന്ന സ്റ്റണ്ടുകാരന്റെ കണ്ണീരൊപ്പാനും കൈത്താങ്ങാകുവാനും മാത്രം മുന്നില്‍ നിന്നു.
(തുടരും)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]