
പ്രണയഗാനങ്ങള്‍ കേള്‍ക്കാനോ ഇടയ്ക്കൊന്ന് മൂളാനോ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. സ്പെഷ്യലായി കേള്‍ക്കാന്‍ പ്ലേലിസ്റ്റില്‍ തിരഞ്ഞെടുത്തിട്ടുള്ള ഗാനങ്ങളില്‍ മിക്കവയും പ്രണയത്തിന്റെ മേമ്പൊടിയില്‍ ഒരുക്കിയ പാട്ടുകളാകാമെന്ന കാര്യവും തീര്‍ച്ച. പ്രണയത്തിന്റേയോ വിരഹത്തിന്റേയോ അലകള്‍ തീര്‍ത്ത് നമ്മെ തഴുകിപ്പോകുന്ന ചില ഗാനങ്ങള്‍ ഈ പ്രണയദിനത്തില്‍ ഒരു വട്ടം കൂടി ആസ്വദിച്ചാലോ?
മറന്നിട്ടുമെന്തിനോ മനസ്സില്‍ തുളുമ്പുന്നു…
അതേ, മറന്നാലും മറന്നാലും മറക്കാനാകാത്ത വികാരമാണ് പ്രണയം അഥവാ അനുരാഗം. ലാല്‍ ജോസ് സംവിധാനം ചെയ്ത രണ്ടാം ഭാവം എന്ന സിനിമയിലെ മനോഹരഗാനം ആലപിച്ചത് ഭാവഗായകന് പി. ജയചന്ദ്രനും സുജാതയും ചേര്‍ന്നാണ്. വിദ്യാസാഗര്‍ ഈണം നല്കിയ ഗാനത്തിന്റെ വരികള്‍ രചിച്ചത് ഗിരീഷ് പുത്തഞ്ചേരി.
എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ
എത്രയോ സ്നേഹിച്ചിരുന്നിരുന്നൂ…! എത്രയോ തവണ ആരെയോ ഓര്‍ത്ത് നമ്മള് മൂളിയ വരികള്‍, മലയാളികളുടെ ഇഷ്ടഗാനങ്ങളിലൊന്ന്.
അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍…
ഒ.എന്‍.വി കുറുപ്പ് രചിച്ച് ദേവരാജന്‍ സംഗീതം നല്കിയ എക്കാലത്തേയും മികച്ച മലയാളസിനിമാഗാനങ്ങളിലൊന്ന്. ആലാപനം യേശുദാസ്.
നീ അകലെയാണോ…
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിറ്റി ഓഫ് ഗോഡ് എന്ന ചിത്രത്തിലെ അതിമനോഹരമായ ഗാനം. പ്രശാന്ത് പിള്ളൈയുടെ സംഗീതസംവിധാനം. വരികളെഴുതിയത് അനില്‍ പനച്ചൂരാന്. ശ്രീകുമാര്‍ വാക്കിയില്‍, പ്രീതി പിള്ളൈ, സയനോര എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്നു. പൃഥ്വിരാജും റിമ കല്ലിങ്കലും ഗാനരംഗത്തെത്തുന്നു.
വാനം ചായും തീരം താരാട്ടും…
സച്ചി സംവിധാനം ചെയ്ത അനാര്‍ക്കലി എന്ന ചിത്രത്തിലെ പ്രണയവും വിരഹവും ഒത്തുചേര്‍ന്ന ഗാനം. രാജീവ് ഗോവിന്ദന് എഴുതിയ വരികള്‍ക്ക് വിദ്യാസാഗറിന്റെ സംഗീതം കൂടിയായപ്പോള്‍ മലയാളികളുടെ പ്രിയഗാനങ്ങളുടെ പട്ടികയിലേക്ക് ഈ ഗാനവും ഇടം പിടിച്ചു. കെ.എസ്. ഹരിശങ്കറാണ് ഈ ഹിറ്റ് ഗാനം ആലപിച്ചത്. പൃഥിരാജും പ്രിയാല്ഗോറും അഭിനയിച്ചിരിക്കുന്നു.
ഈ കാറ്റ് വന്നു കാതില്‍ പറഞ്ഞൂ…
ദീപക് ദേവിന്റെ ഈണത്തിലൊരുങ്ങിയ മനോഹരമായ മെലഡി. അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഗാനം ആദം ജോണ്‍ എന്ന ചിത്രത്തിലേതാണ്. ബി.കെ. ഹരിനാരായണന് വരികളെഴുതിയ ഗാനം ആലപിച്ചത് കാര്‍ത്തിക്കാണ്.
ഈ നീലമിഴിയാഴങ്ങളില്‍ ഞാന്‍
ഓ വീണലിഞ്ഞു പോകുന്നു താനേ
ഉരുകുമെന് നിശ്വാസമായ്
ഉയിരിനെ പുല്‍കീടുമോ…
ഞാനോ രാവോ ഇരുളുനീന്തി വന്നൂ…
ദിലീപും നമിത പ്രമോദും അഭിനയിച്ച ഗാനരംഗം ചിത്രീകരണമികവ് കൊണ്ട് ഏറെ ശ്രദ്ധ നേടി. ഗോപി സുന്ദര്‍ സംഗീതസംവിധാനം നിര്‍വഹിച്ച ഗാനത്തിന് വരികളെഴുതിയത് റഫീക്ക് അഹമ്മദാണ്. ഹരിചരണും ദിവ്യ എസ്. മേനോനും ചേര്‍ന്നുപാടിയ ഗാനത്തിന് ആരാധകരേറെയാണ്.
മറയുവതെങ്ങിതെങ്ങു നീ…
ഒരു ജന്മം പോരാതെ
പലവഴികള്‍ തിരയുമിനിയുമിവിടെ ഈ ഞാന്‍
കനലായി ഞാന്‍… ആഹാ ആവര്‍ത്തിച്ചുകേള്‍ക്കാന്‍ പ്രരിപ്പിക്കുന്ന വരികള്‍!
മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലില്‍…
കനവറിയാതെ ഏതോ കിനാവുപോലെ വന്ന കാമുകി…അവളെക്കുറിച്ചോര്‍ത്ത് നായകന് പാടുന്ന ഇതുവരെ പറയാത്ത പ്രണയം പാട്ടായി ഒഴുകിയെത്തുകയാണ്…ബിച്ചു തിരുമല രചിച്ച് വിദ്യാസാഗര്‍ ഈണമിട്ട ഗാനം നിറം എന്ന ചിത്രം പോലെ മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളില്‍ ഒന്നായി. യേശുദാസിന്റെ ശബ്ദമധുരിമയില്‍ ഗാനം ഏറെ ആരാധകരെ നേടി. കുഞ്ചാക്കോ ബോബനും ശാലിനിയും ഗാനരംഗത്തിലെത്തി.
അനുരാഗവിലോചനനായി…
വിദ്യാസാഗറിന്റെ സംഗീതസംവിധാനത്തിലൊരുങ്ങിയ മറ്റൊരു ഹിറ്റ് ഗാനം. ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലെ ഗാനം രചിച്ചത് വയലാര്‍ ശരത്ചന്ദ്രവര്‍മ്മയാണ്. ശ്രേയ ഘോഷാലും ശ്രീകുമാര്‍ വാക്കിയിലും ചേര്‍ന്നാലപിച്ച ഗാനം എവര്‍ഗ്രീന്‍ ഹിറ്റായി ഇന്നും ആസ്വദിക്കപ്പെടുന്നു.
കാത്തിരിപ്പോ വിങ്ങലല്ലേ കാലമെന്നും മൗനമല്ലേ മൗനം തീരില്ലേ എന്ന വരികളിലുണ്ട് പ്രണയത്തിന്റേയും വിരഹത്തിന്റേയും മധുരനൊമ്പരം!
ഒരു മെഴുതിരിയുടെ നെറുകയിലെറിയാന്…
ഷഹബാസ് അമന്, മൃദുല വാര്യര്‍ എന്നിവര്‍ ചേര്‍ന്നാലപിച്ച മനോഹരപ്രണയഗാനം. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നത് ഗോപി സുന്ദര്‍. വിശുദ്ധന് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും മിയയും ചേര്‍ന്നഭിനയിച്ച മനോഹര പ്രണയഗാനം.
ഇരവില്‍ വിരിയും പൂ പോലെ…
ഹിറ്റ് ജോഡികള്‍ ഔസേപ്പച്ചനും ഷിബു ചക്രവര്‍ത്തിയും ചേര്‍ന്നൊരുക്കിയ ഗാനം. ആലപിച്ചത് മംമ്ത മോഹന്‍ദാസ്. ബംഗാളി ചെറുകഥയുടെ മലയാള ചലച്ചിത്രാവിഷ്കാരമായ അരികെ എന്ന ചിത്രത്തിലെ ഗാനം. ശ്യാമപ്രസാദാണ് ചിത്രത്തിന്റെ സംവിധായകന്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]