![](https://newskerala.net/wp-content/uploads/2025/02/sheeran-1024x576.jpg)
ലോകപ്രശസ്തനായ ഇംഗ്ലീഷ് ഗായകന് എഡ് ഷീരന്റെ ഇന്ത്യന്‍ പര്യടനം രാജ്യത്തെ പ്രമുഖ നഗരങ്ങളെല്ലാം പിന്നിട്ടിരിക്കുകയാണ്. എഡ് ഷീരന്റെ മാത്തമാറ്റിക്സ് മ്യൂസിക്ക് ടൂറിന്റെ ഭാഗമായ സംഗീതയാത്രയുടെ ഇന്ത്യൻ സഞ്ചാരം ജനുവരി 30ന് പുണെയില്‍ നിന്നാണാരംഭിച്ചത് . നേരത്തെയും നിരവധി സെലിബ്രിറ്റികള്‍ പരിപാടികള്‍ക്കായി ഇന്ത്യയിലെത്തിയിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരോ നഗരങ്ങളുടെയും ഹൃദയം കീഴടക്കുകയാണ് എഡ്. ഇന്ത്യന്‍ സംസ്കാരവും സംഗീതവും ആഴത്തില്‍ അടുത്തറിഞ്ഞ് ഇന്ത്യന്‍ നഗരങ്ങളുടെ ഭംഗി ആസ്വദിച്ച് ഇന്ത്യയിലെ ആരാധകരുമായി സൗഹൃദം പങ്കിട്ടാണ് എഡ് ഷീരന് തന്റെ സംഗീതയാത്ര മുന്നോട്ട് കൊണ്ടുപോയത്. എഡ് ഷീരന്
എഡിന്റെ ഇന്ത്യന്‍ ടൂര്‍ സാമൂഹിക മാധ്യമങ്ങളിലും വന്‍ വൈറലാണ്. ഇന്ത്യയിലെ ഓരോ അനുഭവങ്ങളും ഏറെ പ്രാധാന്യത്തോടെ അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. തന്റെ സുഹൃത്തും ഇന്ത്യന്‍ ഗായകനുമായ അരിജിത് സിങ്ങിനൊപ്പം ബംഗാളി ഗ്രാമങ്ങളിലൂടെ സ്കൂട്ടറില്‍ കറങ്ങിയതും ജോണ്‍ അബ്രഹാമിനൊപ്പം ഫുട്ബോള്‍ ആസ്വദിച്ചതും ചെന്നൈയിലും ഹൈദരാബാദിലും ഓട്ടോയില്‍ കറങ്ങിയതുമെല്ലാം എഡ് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചെന്നൈയിലെ ഒരു പ്രാദേശിക ബാര്‍ബര്‍ ഷോപ്പില്‍ വെച്ച് ഹെഡ് മസാജ് ചെയ്യുന്ന വീഡിയോ ആരാധകര്‍ ആഘോഷമാക്കി മാറ്റി.
ഓരോ നഗരങ്ങളിലെ കണ്‍സേര്‍ട്ടിന് മുന്‍പും ആ നഗരത്തിന്റെ സംഗീതം ഉള്‍ക്കാള്ളാനും എഡ് ശ്രമിച്ചു. ആ ഭാഷയിലെ ഗായകരോടൊപ്പം മാഷപ്പുകള്‍ ചെയ്തും എഡ് ആരാധകരെ വിസ്മയിപ്പിച്ചു. അരിജിത്ത് സിങ്ങും എ.ആര് റഹ്മാനും ശില്പ റാവുവുമെല്ലാം അദ്ദേഹത്തോടൊപ്പം വേദിയിലെത്തി. എ.ആര് റഹ്മാനോടൊപ്പം ഊര്‍വസി പാടിയും ശില്പ റാവുവിനോടൊപ്പം ചുട്ടമല്ലേ പാടിയും എഡ് ഷീരന് ആരാധകരുടെ കണ്ണ് തള്ളിച്ചു. ഇന്ത്യന്‍ കണ്‍സേര്‍ട്ടുകള്‍ കേള്‍ക്കാനും സിത്താര്‍ പോലുള്ള ഇന്ത്യന്‍ സംഗീതോപകരണങ്ങള്‍ അടുത്തറിയാനും ഇതിനിടയില്‍ അദ്ദേഹം സമയം കണ്ടെത്തി. അതോടൊപ്പം ബെംഗളൂരുവിലെ തെരുവില്‍ പാട്ടുപാടുന്നതിനിടെ പോലീസ് തടഞ്ഞത് അന്തര്‍ദേശീയ മാധ്യമ വാര്‍ത്തയായി.
എഡ് ഷീരന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിറയെ ഇന്ത്യയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ്. രസകരമായ കമന്റുകളുമാണ് ഇതിന് ലഭിക്കുന്നത്. ഇയാള്‍ ഇന്ത്യക്കാരനായി മാറിയെന്നും ഇയാള്‍ക്കൊരു ആധാര്‍ കാര്‍ഡ് കൊടുക്കാന്‍ ആരുമില്ലേ എന്നുമാണ് ഒരാള്‍ കമന്റ് ചെയ്തത്. എഡീഷ്വര് ശ്രീ എന്ന് പേരുമാറ്റാന്‍ സമയമായെന്നാണ് മറ്റൊരാള്‍ നിര്‍ദേശിച്ചത്. എഡ് ഇന്ത്യയിലേക്ക് താമസം മാറ്റിയാല്‍ അത്ഭുതപ്പെടാനില്ലെന്നും കമന്റുകളുണ്ട്. ഒന്നോ രണ്ടോ പാട്ടുകള്‍ ഹിറ്റാവുമ്പോഴേക്ക് സ്വയം മറന്നുപോകുന്ന സെലിബ്രിറ്റികള്‍ നിരവധി ഗ്രാമികള്‍ നേടിയ ഈ ആഗോള സെലിബ്രിറ്റിയുടെ വിനയം കണ്ട് പഠിക്കണമെന്ന് ഉപദേശിക്കുന്നവരും കുറവല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]