![](https://newskerala.net/wp-content/uploads/2025/02/kunjani-1024x576.jpg)
കോട്ടയ്ക്കല്‍: റേഡിയോ മാത്രം കേട്ടുവളര്ന്നവരാകും നാല്പതിനുമുകളില് പ്രായമുള്ളവര്‍ ഏറെയും. ടി.വി.യുടെയും മൊബൈലിന്റെയും സ്ക്രീനുകളില്തെളിയുന്ന വര്ണക്കാഴ്ചകള്ക്കുമുമ്പ് ലോകം വാണ റേഡിയോ നൊസ്റ്റാള്‍ജിയയായി കൊണ്ടുനടക്കുന്നവര്‍ ഇന്നും ഏറെ. റേഡിയോയെ അങ്ങനെ നെഞ്ചിലേറ്റി നടക്കുന്നവരില്‍ ഒരാളാണ് അഖിലകേരള റേഡിയോ ലിസണേഴ്സ് അസോസിയേഷന്റെ ജില്ലാ പ്രസിഡന്റും ഊര്ങ്ങാട്ടിരിക്കാരനുമായ കുഞ്ഞാണി തെഞ്ചീരി.
റേഡിയോ ഇല്ലാത്തൊരു ലോകത്തെപ്പറ്റി കുഞ്ഞാണിക്ക് ആലോചിക്കാനേ വയ്യ. ‘അതെനിക്ക് കേവലമൊരു വിനോദോപാധിയല്ല, എന്റെ ജീവിതം തന്നെയാണ്…’, കുഞ്ഞാണി റേഡിയോ പ്രേമത്തെക്കുറിച്ച് പറഞ്ഞുതുടങ്ങി: ‘ചെറുപ്പം മുതലേ റേഡിയോ കേള്‍ക്കുന്ന ശീലം ഉണ്ട്. ബാപ്പ നല്ലൊരു റേഡിയോ ശ്രോതാവായിരുന്നു. അതായിരിക്കാം ഞാനും റേഡിയോ സ്നേഹിയായത്. റേഡിയോ എന്നില്‍ ഒരുപാട് മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. മറ്റുള്ളവരോടുള്ള പെരുമാറ്റം, ജീവിതശൈലി തുടങ്ങിയവ രൂപപ്പെടുത്തുന്നതില്‍ റേഡിയോ, പ്രത്യേകിച്ച് ആകാശവാണി നിര്‍ണായക പങ്കു വഹിച്ചു’, സുഭാഷിതം പോലുള്ള പരിപാടികള്‍ ഉദാഹരിച്ച് കുഞ്ഞാണി പറഞ്ഞു. ഉബൈദുള്ള എന്നാണ് യഥാര്‍ഥ പേരെങ്കിലും നാട്ടില്‍ കുഞ്ഞാണിയെന്നാണ് അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെയടക്കം റേഡിയോയെ സ്നേഹിക്കുന്ന ഒരുകൂട്ടം ആളുകളുടെ നിരന്തര ശ്രമങ്ങളുടെ ഫലമാണ് മഞ്ചേരി ആകാശവാണി നിലയം!
ഇപ്പോഴും ആകാശവാണി നിലയങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കു നേരേ പ്രതിഷേധമുയര്‍ത്തുന്നവരുടെ മുന്‍നിരയില്‍ ഉബൈദുള്ള എന്ന കുഞ്ഞാണിയുമുണ്ട്. ഓരോ റേഡിയോ ദിനം വരുമ്പോഴും നിര്‍ധനരും അശരണരുമായവര്‍ക്ക് റേഡിയോ സമ്മാനിക്കുന്നത് കുഞ്ഞാണി തുടരുന്നു. വര്‍ഷങ്ങളായി റേഡിയോ പരിപാടികള്‍ കേട്ടുകൊണ്ടാണ് കുഞ്ഞാണിയുടെ ഓരോദിനവും തുടങ്ങുന്നത്.
രാത്രി 11 മണിക്ക് പരിപാടികള്‍ അവസാനിക്കുന്നതു വരെ കാതില്‍ റേഡിയോ തന്നെ കൂട്ട്. ആകാശവാണി കണ്ണൂര്‍, കോഴിക്കോട്, മഞ്ചേരി നിലയങ്ങള്‍ കേള്‍ക്കും. ഇപ്പോള്‍ ന്യൂസ് ഓണ്‍ എയര്‍ ആപ്ലിക്കേഷന്‍ വന്നതോടുകൂടി മിക്ക റേഡിയോ നിലയങ്ങളുടെയും ആസ്വാദനം എളുപ്പമായി. റേഡിയോ നിലയങ്ങള്‍ക്ക് കത്തെഴുതുന്ന പതിവ് കഴിഞ്ഞ മുപ്പതുവര്‍ഷത്തോളമായി കുഞ്ഞാണിക്കുണ്ട്.
കോഴിക്കോട് ആകാശവാണി അമ്പതാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ക്ഷണിതാക്കളില്‍ ഒരാള്‍ താനായിരുന്നു എന്നത് കുഞ്ഞാണി അഭിമാനത്തോടെ ഓര്‍ക്കുന്നു. പൊതു പ്രവര്‍ത്തനരംഗത്തും സജീവമാണിദ്ദേഹം. ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് മുന്‍അംഗവും മുസ്ലിംലീഗ് നേതാവുമാണ്. ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് അംഗമായ ഹസനത്ത് കുഞ്ഞാണിയാണ് ഭാര്യ. മുഹമ്മദ് നബീഹ്, മുഹമ്മദ് നഹീം എന്നിവര്‍ മക്കള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]