![](https://newskerala.net/wp-content/uploads/2025/02/Oru-Vadakkan-Veeragathaa-re-release-1024x576.jpg)
തിരുവനന്തപുരം: കാലമേറെക്കഴിഞ്ഞിട്ടും തിളക്കം കുറയാത്ത ഒരു ചുരികച്ചുഴറ്റുപോലെ ‘ഒരു വടക്കന്‍ വീരഗാഥ’ എന്ന ടൈറ്റില്‍ സ്ക്രീനില്‍ തെളിഞ്ഞു. ‘ഇരുമ്പാണിക്കു പകരം മുളയാണിവെച്ചും, പൊന്‍കാരം കൊണ്ടു വിളക്കിയും’ ചതി ഒളിപ്പിച്ച മാറ്റച്ചുരിക ആരോമലുണ്ണിയും കണ്ണപ്പനുണ്ണിയും വീണ്ടും കൈയിലെടുത്തു. പുത്തന്‍ തികവോടെ മലയാളത്തിന്റെ ചന്തു വീണ്ടും തിയേറ്ററില്‍ കൈയടി നിറച്ചു. പുത്തന്‍ സാങ്കേതികവിദ്യയില്‍ റീ-റിലീസ് ചെയ്ത ‘ഒരു വടക്കന്‍ വീരഗാഥ’യാണ് ക്ഷണിക്കപ്പെട്ട സദസ്സില്‍ പ്രദര്‍ശിപ്പിച്ചത്.
ദൃശ്യ-ശ്രാവ്യ മികവോടെ എത്തിയ ചിത്രം നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്. ഗൃഹലക്ഷ്മി പ്രൊഡക്ഷനുവേണ്ടി സിനിമ നിര്‍മിച്ച പി.വി.ഗംഗാധരന് ആദരമര്‍പ്പിച്ചാണ് നിളാ തിയേറ്ററില്‍ പ്രത്യേക പ്രദര്‍ശനം ഒരുക്കിയത്. മമ്മൂട്ടിയുടെ ഓരോ ഡയലോഗിനും കൈയടിയും ആര്‍പ്പുവിളിയും നിറഞ്ഞപ്പോള്‍ പുത്തന്‍ മമ്മൂട്ടി ചിത്രം റിലീസ് ചെയ്ത പ്രതീതിയായിരുന്നു തിയേറ്ററില്‍.
എം.ടി.-ഹരിഹരന്-മമ്മൂട്ടി കൂട്ടുകെട്ടിന്റെ നിത്യവിസ്മയമായ സിനിമ കാണാന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, കോണ്‍ഗ്രസ് നേതാവ് എം.എം.ഹസന്, നടന് സുധീര്‍ കരമന, മജീഷ്യന്‍ ഗോപിനാഥ് മുതുകാട് തുടങ്ങി നിരവധി പ്രമുഖര്‍ എത്തി. പി.വി.ഗംഗാധരന്റെ ഭാര്യ ഷെറിന്, മക്കളായ ഷെനുഗ, ഷെര്‍ഗ എന്നിവരും പ്രദര്‍ശനം കാണാനെത്തി. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തിയേറ്ററില്‍ കേക്ക് മുറിച്ചും ചെണ്ടമേളം നടത്തിയുമാണ് പ്രദര്‍ശനത്തെ വരവേറ്റത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]