
ബോക്സോഫീസിൽ മികച്ച വിജയം നേടിയ തെലുങ്ക് ചിത്രം ഹനുമാൻ്റെ ചിത്രീകരണത്തിനിടെ നേരിട്ട വെല്ലുവിളികൾ തുറന്നുപറഞ്ഞ് നടൻ തേജ സജ്ജ. ചിത്രീകരണത്തിനിടെ താൻ മരിച്ചുപോകുമെന്ന് തോന്നിയെന്ന് താരം പറഞ്ഞു. ചിത്രത്തിലെ എല്ലാ ആക്ഷൻ രംഗങ്ങളും താൻ തന്നെയാണ് ചെയ്തതെന്നും നടൻ കൂട്ടിച്ചേർത്തു.
‘ഞങ്ങൾ വളരെയധികം അപകടം നിറഞ്ഞ സ്റ്റണ്ടുകളാണ് ചെയ്തത്. ഞങ്ങൾക്ക് നിരവധി നിയന്ത്രണങ്ങളുണ്ടായിരുന്നു. ബോഡി ഡബിൾ പോലും ഞങ്ങൾക്ക് ഇല്ലായിരുന്നു. സിനിമയിൽ നിങ്ങൾ കണ്ട എല്ലാ ആക്ഷൻ രംഗങ്ങളും ഞാൻ തന്നെയാണ് ചെയ്തത്’, തേജ സജ്ജ പറഞ്ഞു.
ചിത്രീകരണത്തിനിടെയുണ്ടായ ബുദ്ധിമുട്ടുകൾ സംവിധായകൻ പ്രശാന്ത് വർമ്മയും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഒരുപാട് അപകടങ്ങളിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും തേജ സജ്ജയും നായികയും മരിച്ച് പോകുമെന്ന് തോന്നുന്ന തരത്തിലുള്ള സംഭവങ്ങളുണ്ടായെന്നും സംവിധായകൻ പറഞ്ഞു. ഒരു രംഗം ചിത്രീകരിക്കുന്ന സമയത്ത് അവിടെ ഒരു പാമ്പ് ഉണ്ടായിരുന്നുവെന്നും ആ സമയത്ത് തങ്ങളാരും അത് അറിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്ത പാൻ ഇന്ത്യ ചിത്രം ‘ഹനുമാൻ’ ബോക്സോഫീസിൽ വമ്പൻ കുതിപ്പാണ് നടത്തിയത്. അമൃത അയ്യർ നായികയായും വിനയ് റായ് പ്രതിനായകനായും എത്തിയ ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് വരലക്ഷ്മി ശരത്കുമാറാണ്. ഗെറ്റപ്പ് ശ്രീനു, സത്യ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരും ചിത്രത്തിലുണ്ട്.
തെലുങ്ക്, ഹിന്ദി, മറാത്തി, കന്നഡ, തമിഴ്, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയൻ, ചൈനീസ്, ജാപ്പനീസ് തുടങ്ങി നിരവധി ഇന്ത്യൻ ഭാഷകളിലായി ജനുവരി 12-നാണ് തിയേറ്റർ റിലീസ് ചെയതത്. ചൈതന്യ അവതരിപ്പിച്ച ചിത്രം പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയാണ് നിർമ്മിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]