ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ചിത്രികരണം പൂര്‍ത്തിയായി. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡര്‍ ഷിയാസ് ഹസ്സന്, യു .എ .ഇ യിലെ ബില്‍ഡിങ് മെറ്റീരിയല്‍ എക്സ്പോര്‍ട്ട് ബിസിനസ് സംരംഭകന് ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് നരിവേട്ട നിര്‍മ്മിക്കുന്നത്.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ പാക്കപ്പിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ടൊവിനോ കുറിപ്പ് പങ്കുവെച്ചു. ഒത്തൊരുമിച്ചുള്ള ഷൂട്ടിങ് കാലത്തെ കുറിച്ചും നരിവേട്ടയുടെ പ്രാധാന്യത്തെ കുറിച്ചുമാണ് ടൊവിനോ കുറിപ്പില്‍ പറയുന്നത്.
‘നരിവേട്ട ഷൂട്ടിങ് പൂര്‍ത്തിയായി. കുട്ടനാട്ടില്‍ മൂന്നുപാടും കായലുള്ള വീട്ടിലായിരുന്നു തുടക്കം. കാവാലത്തും പുളിങ്കുന്നിലും ചങ്ങനാശ്ശേരിയിലും ആദ്യ ഷെഡ്യൂള്‍. പിന്നെ, ചുരം കയറി വയനാടെത്തി. കൊതുമ്പുവള്ളത്തിലും ബോട്ടിലും നടന്ന കഥാപാത്രം നേരെ കാട്ടില്‍, മരങ്ങള്‍ക്കിടയിലേക്ക്… പുലര്‍ച്ചെ, കോടമഞ്ഞിറങ്ങുന്ന ലൊക്കേഷനിലേക്കുള്ള യാത്ര. നൂറുകണക്കിന് ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പമുള്ള ഷൂട്ട്.
രാത്രി കൊടുംതണുപ്പിലും ഫുള്‍ ഓണായി നില്ക്കുന്ന സെറ്റ്. എടുത്തുവെക്കാന്‍ ഒരുപാടുള്ള, നല്ല അധ്വാനംവേണ്ട സിനിമയായിരുന്നെങ്കിലും അത്രമേല്‍ അടുപ്പം തോന്നിയ ക്രൂവിനൊപ്പം ആയിരുന്നതുകൊണ്ട്, 65 ദിവസും ആസ്വദിച്ചാണ് വര്‍ക്ക് ചെയ്തത്. സുഖവും സന്തോഷവും തോന്നുന്ന ഒരുപാട് ഓര്‍മകള്‍ ഈ ഷൂട്ടിങ് കാലം എനിക്കു തന്നു. മുന്‍പ് ഒരുമിച്ചു സിനിമ ചെയ്തവരും പുതുതായി സൗഹൃദത്തിലേക്കു വന്നവരുമായ കുറേപ്പേര്‍ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ സമ്മാനിച്ചു.
സിനമയൊരു ഫുട്ബോള്‍ മാച്ചുപോലെയാണെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു കളിക്കാരന് ഒറ്റയ്ക്കു വിചാരിച്ചാല്‍ ടീം ജയിക്കില്ല. നല്ല ഗോളി; പഴുതടച്ച ഡിഫന്‍സ്; തന്ത്രങ്ങളൊരുക്കുന്ന മിഡ്ഫീല്‍ഡ്; സുന്ദരമായി ഫിനിഷ് ചെയ്യുന്ന ഫോര്‍വേഡ്: ഇതിനെല്ലാം അപ്പുറം ഗ്രൗണ്ടിലിറങ്ങുന്ന പതിനൊന്നു പേര് തമ്മിലുള്ള അപാരമായ ഒത്തിണക്കം വേണം. മഞ്ഞും മഴയും വെയിലും കൊണ്ട്, രാവിലെ മുതല്‍ രാത്രിവരെ സിനിമയൊരുക്കുന്ന സെറ്റിലും പരസ്പരസ്നേഹവും സഹകരണവും വേണം. നരിവേട്ടയില്‍ ഒറ്റമനസോടെ, ഒരു സ്വപ്നത്തിനുവേണ്ടി ഒരുകൂട്ടം ആളുകള്‍ മുന്നും പിന്നും നോക്കാതെ ഓടിനടന്നു. വലിയൊരു സിനിമ, തീരുമാനിച്ച സമയത്ത്, പരമാവധി പൂര്‍ണതയില്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്, എല്ലാവരും സ്നേഹത്തിലും ബഹുമാനത്തിലും ജോലി ചെയ്തതുകൊണ്ടാണ്.
നരിവേട്ട ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണ്. ധൈര്യത്തോടെ പറയുകയും ചര്‍ച്ചയാവുകയും ചെയ്യേണ്ട ഒരു വിഷയമാണെന്ന് വിശ്വസിക്കുന്നു. തീയറ്ററില്‍ നിറഞ്ഞ മനസോടെ ആസ്വദിക്കാനും തീയറ്റര്‍ വിട്ടിറങ്ങിയാല്‍ ചിന്തിക്കാനും പ്രേരിപ്പിക്കുന്ന ഒരു സിനിമയായിരിക്കുമെന്നാണ് പ്രതീക്ഷ. ദീര്‍ഘകാല സുഹൃത്തായ അനുരാജ് മനോഹര്‍ ഇഷ്കിനു ശേഷം സംവിധാനം ചെയ്യുന്നു. കാണെക്കാണെയ്ക്കു ശേഷം, പ്രിയപ്പെട്ട സുരാജേട്ടനുമായി വീണ്ടുമൊരു സിനിമ കൂടി. നടനായും സംവിധായകനായും നമ്മളെ ഇന്‍സ്പൈര്‍ ചെയ്ത ചേരന് സര് ആദ്യമായി മലയാളത്തിലേക്ക് എത്തുകയാണ്.
കല്യാശ്ശേരി തീസിസിലൂടെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ അബിന്‍ ജോസഫാണ് എഴുത്ത്. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ആദ്യ സിനിമയാണിത്. മലയാള സിനിമയിലേക്കു കടന്നുവരുന്ന ടിപ്പുവിനെയും ഷിയാസ്ക്കയെയും സ്നേഹത്തോടെ അഭിനന്ദിക്കുന്നു. മെക്സിക്കന്‍ അപാരതയിലും ഫോറന്‍സിക്കിലും എആര്‍എമ്മിലും കൂടെയുണ്ടായിരുന്ന, അടുത്ത സുഹൃത്തായ ഷമീര്‍ മുഹമ്മദാണ് എഡിറ്റര്‍.
മിന്നല്‍ മുരളിയില്‍ സമീര്‍ക്കയുടെ അസിസ്റ്റന്റായിരുന്ന വിജയ്, ഇരട്ടയ്ക്കും ഗോളത്തിനും ശേഷം ക്യാമറാമാനായി എത്തുന്നതിന്റെ സന്തോഷമുണ്ട്. അനുഭവസമ്പന്നനായ ബാവക്കയാണ് ആര്‍ട്ട്, രതീഷ് കുമാറാണ് ചീഫ് അസോസിയേറ്റ്.. മ്യൂസിക് ഒരുക്കുന്ന ജെയ്ക്സേട്ടനും ഫൈറ്റ് മാസ്റ്ററായ ഫീനിക്സ് പ്രഭുവിനുമൊപ്പം വീണ്ടുമൊരു സിനിമ ചെയ്യാനായതിന്റെ സന്തോഷമുണ്ട്.
വൈകാരികമായൊരു യാത്രയായിരുന്നു നരിവേട്ടയിലെ കഥാപാത്രത്തിനൊപ്പം നടത്തിയത്. ജീവിതത്തിന്റെ രസവും ആനന്ദവും പ്രതിസന്ധിയും വേദനയും അയാള്‍ക്കൊപ്പം ഞാനും അനുഭവിച്ചു. അഭിനയ ജീവിതത്തില്‍ ഞാന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. കാരണം, മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ്, നരിവേട്ട.’ ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
വലിയ ക്യാന്‍വാസില്‍ വന്‍ ബജറ്റില്‍ ഒരുങ്ങുന്ന നരിവേട്ടയിലൂടെ തമിഴ് താരം ചേരന് ആദ്യമായി മലയാള സിനിമയില്‍ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ,ആര്യ സലിം, റിനി ഉദയകുമാര്‍, എന്നിവരും ചിത്രത്തിലുണ്ട്. കുട്ടനാട്ടിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്.
നിര്‍മാതാക്കളില്‍ ഒരാളായ ഷിയാസ് ഹസ്സനാണ് സ്വിച്ച് ഓണ്‍ നടത്തി സിനിമക്ക് തുടക്കമിട്ടത്. എന്‍.എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ജേക്സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഡിഒപി വിജയ്, ആര്‍ട്ട് ബാവ, കോസ്റ്റ്യൂം അരുണ്‍ മനോഹര്‍, മേക്ക് അപ് അമല്‍ സി ചന്ദ്രന്, പ്രൊജക്റ്റ് ഡിസൈനര്‍ ഷെമി ബഷീര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് ജിനു പി.കെ, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, പി.ആര്.ഒ & മാര്‍ക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]