വിക്രമിനെ നായകനായി ഗൗതം വാസുദേവ് മേനോന് സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച ചിത്രമായിരുന്നു ധ്രുവനച്ചത്തിരം. 2017-ല്‍ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച ചിത്രം പല കാരണങ്ങളാലും റിലീസ് ചെയ്തില്ല. ഒടുവില്‍ 2023 നവംബര്‍ 24-ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് വാര്‍ത്തകള്‍ വന്നു. എന്നാല്‍ അവസാന നിമിഷം അതും മാറ്റി.
ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് മനസ് തുറയ്ക്കുകയാണ് ഗൗതം. ധ്രുവനച്ചത്തിരം വൈകുന്നത് എന്താണെന്ന് ചോദിച്ച് സിനിമാമേഖലയിലെ ആരും തന്റെ അടുത്ത് വന്നില്ലെന്നും സഹായം ആവശ്യമുണ്ടോ എന്നുപോലും ആരും ചോദിച്ചില്ലെന്നും ഗൗതം പറയുന്നു. ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്.
സിനിമയില്‍ ഏറ്റവും കൂടുതല്‍ സഹായം ചെയ്തത് ആരാണെന്ന ചോദ്യത്തിനായിരുന്നു ഗൗതമിന്റെ മറുപടി. ‘എനിക്ക് അങ്ങനെ സഹായിക്കുന്നവരായി ആരുമില്ല. ധ്രുവനച്ചത്തിരം റിലീസ് ആവാതിരുന്ന സമയത്ത് ആരും എന്നെ വിളിച്ചില്ല. എന്താണ് സംഭവിച്ചതെന്ന് ചോദിക്കാന്‍പോലും ആരും ശ്രമിച്ചില്ല. ഒരു സിനിമ നന്നായാല്‍ അവര്‍ ആശ്ചര്യപ്പെടും. അല്ലാതെ സന്തോഷിക്കില്ല. അതാണ് യാഥാര്‍ഥ്യം. നിര്‍മാതാവ് തനു സാറും സംവിധായകന് ലിങ്കു സ്വാമിയും മാത്രമാണ് എന്താണ് പറ്റിയതെന്ന് ചോദിച്ച് വിളിച്ചത്. പക്ഷേ അവര്‍ക്കും അവരുടേതായ കാര്യങ്ങളുണ്ട് ചെയ്യാന്‍.
എല്ലാ സിനിമകള്‍ക്കും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ധ്രുവനച്ചത്തിരത്തിനും സംഭവിച്ചത്. അല്ലാതെ വലിയ പ്രശ്നങ്ങളൊന്നുമില്ല. എന്നാല്‍ ആരാധകര്‍ അങ്ങനെയല്ല. സിനിമയുമായി ബന്ധപ്പെട്ട എന്തെങ്കിലും ചെറിയ അപ്ഡേറ്റ് വന്നാല്‍പോലും അവര്‍ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. അതുകൊണ്ടുമാത്രമാണ് ധ്രുവനച്ചത്തിരം നിലനില്‍ക്കുന്നത്.’-ഗൗതം മേനോന് പറയുന്നു.
2013-ല്‍ സൂര്യയെ നായകനാക്കിയാണ് ഗൗതം മേനോന് ധ്രുവനച്ചത്തിരത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങാനിരുന്നത്. എന്നാല്‍ പിന്നീട് സൂര്യ സിനിമയില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് വിക്രമിനെ നായകനാക്കുകയായിരുന്നു. 2016-ലാണ് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയത്. പിന്നാലെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ സിനിമ റീലീസിന് ഒരുങ്ങുമ്പോഴെല്ലാം സാമ്പത്തികമായും മറ്റുമുള്ള പ്രശ്നങ്ങള്‍ തടസമാകുകയായിരുന്നു. ഗൗതം മേനോന് തന്നെ കഥ എഴുതിയ ചിത്രത്തിലെ വില്ലന്‍ വിനായകനാണ്. ഹാരിസ് ജയരാജാണ് സംഗീതം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]