മോസ്റ്റ് വയലന്റ് ഫിലിം എന്ന അവകാശവാദത്തോട് നൂറ് ശതമാനവും നീതി പുലർത്തുന്നതായിരുന്നു മാർക്കോ നൽകുന്ന തീയേറ്റർ അനുഭവം. ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ ആക്ഷൻ സിനിമകളിലൊന്നായി മാർക്കോ മാറി. ഹിന്ദിയിലും തെലുങ്കിലുമടക്കം മികച്ച അഭിപ്രായം നേടി ഒരു പാൻ ഇന്ത്യൻ ഹിറ്റ് ആയി മാറി ഇപ്പോൾ അതിർത്തികൾ കടന്ന് അങ്ങ് കൊറിയയിൽ വരെ എത്തി നിൽക്കുകയാണ് മാർക്കോയുടെ വിജയഗാഥ. ചിത്രം രാജ്യമൊട്ടാകെ തിളങ്ങി നിൽക്കുമ്പോഴും പൊതുവേദികളിൽ അഭിനേതാക്കളും ടെക്നീഷ്യൻമാരും നിറഞ്ഞുനിൽക്കുമ്പോഴും ഇതുവരെ തിരശ്ശീലയ്ക്ക് മുന്നിൽ വരാത്ത ഒരാളുണ്ട്. ക്യാപ്റ്റൻ ഓഫ് ദ ഷിപ്പ് – ഹനീഫ് അദേനി. മാർക്കോയുടെ വിജയത്തെപ്പറ്റി, അണിയറകഥകളെപ്പറ്റിയും പൊതുവേദികളിലെ അസാന്നിധ്യത്തെക്കുറിച്ചും ഹനീഫ് അദേനി മാതൃഭൂമി ഡോട്ട്കോമിന് നൽകിയ അഭിമുഖം.
പാൻ ഇന്ത്യൻ ഹിറ്റ് മാർക്കോ
മാര്‍ക്കോ ഒരു വിജയമാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. പക്ഷെ ഇത്രയും വലിയ വിജയം ചിന്തിച്ചിരുന്നില്ല. പ്രത്യേകിച്ച് എ സര്‍ട്ടിഫിക്കറ്റ് കിട്ടിയ ഒരു ചിത്രത്തിന് കേരളത്തിന് പുറത്തടക്കം ഇത്രയും വലിയ പ്രതികരണം ലഭിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ട്. മാർക്കോയുടെ ഹിന്ദി പതിപ്പിൽ ഒരു പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ തെലുങ്കില്‍ കിട്ടിയ പ്രതികരണം അപ്രതീക്ഷിതമായിരുന്നു.
ഹനീഫ് അദേനി | ഫോട്ടോ: Special Arrangement
അല്ലു അര്‍ജുന്റെ അഭിനന്ദനം
ഏറ്റവും കൂടുതൽ സന്തോഷം നൽകിയ സംഭവങ്ങളിലൊന്നായിരുന്നു അല്ലു അര്‍ജുന്റെ ഫോൺ കോൾ. കുറച്ച് നേരം ഞങ്ങൾ സംസാരിച്ചു. സിനിമയെയും അണിയറപ്രവർത്തകരെയും അഭിനന്ദിച്ചു. ചിത്രത്തിന്റെ മെയ്ക്കിങ്ങിനെയും ക്വാളിറ്റിയെയും കുറിച്ച് അദ്ദേഹം പ്രത്യേകം എടുത്ത് പറഞ്ഞു. മാത്രമല്ല എന്നോട് ഹൈദരാബാദിലേക്ക് വരാനും നേരിട്ട് കാണാനും അദ്ദേഹം ക്ഷണിച്ചിട്ടുണ്ട്. അല്ലു അര്‍ജുനെ പോലെ ഒരു സ്റ്റാറുമായി സംസാരിക്കാൻ കഴിയുന്നത് തന്നെ വലിയ ഭാഗ്യമാണ്. അതുകൊണ്ടുതന്നെ വളരെ സന്തോഷം തോന്നി.
ഉണ്ണി മുകുന്ദന്
മിഖായേലില്‍ വളരെ കുറച്ച് സീനുകളില്‍ മാത്രമാണ് ഉണ്ണി മുകുന്ദന് ഉണ്ടായിരുന്നത്. പക്ഷെ ഉണ്ണിയുടെ മാര്‍ക്കോ ജൂനിയര്‍ എന്ന കഥാപാത്രമുണ്ടാക്കിയ ഇംപാക്ട് വളരെ വലുതായിരുന്നു. അതിൽ നിന്നാണ് ഒരു ഈ പ്രോജക്ട് ഉണ്ടാകുന്നത്. മിഖായെലിന്റെ സമയത്ത് തന്നെ നമ്മള് ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇപ്പോഴാണ് സമയവും സാഹചര്യവുമൊക്കെ ഒത്തുവന്നത്. ഉണ്ണിയെ കഥയും കഥാപാത്രവും പറഞ്ഞുകൊടുത്താൽ തന്നെ കൃത്യമായിട്ട് അത് ഉൾക്കൊള്ളും. ഒരു കഥാപാത്രത്തിന് വേണ്ടി അദ്ദേഹം എടുക്കുന്ന കഠിനാധ്വാനം വളരെ വലുതാണ്. പ്രത്യേകിച്ച് ആക്ഷന്‍ രംഗങ്ങളൊക്കെ കൈകാര്യം ചെയ്യുന്നതില്‍.
ഹനീഫ് അദേനി | ഫോട്ടോ: Special Arrangement
‘കൂള്‍’ പ്രൊഡ്യൂസര്‍
ഷെരീഫ് മുഹമ്മദ് എന്ന പ്രൊഡ്യൂസറുടെ ധൈര്യമാണ് മാര്‍ക്കോ എന്ന സിനിമയുണ്ടാകാനുള്ള കാരണമെന്ന് പറയാം. ഉണ്ണി മുകുന്ദന് വഴിയാണ് മാര്‍ക്കോയുടെ ഷെരീഫ് മുഹമ്മദിനെ പരിചയപ്പെടുന്നത്. ആദ്യം കഥ പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന് വളരെ നന്നായി ഇഷ്ടപ്പെടുകയും കണക്ടാകുകയും ചെയ്തു. പിന്നെ എനിക്ക് വേറെ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. ഒരു നല്ല സിനിമയുണ്ടാക്കാന്‍ എന്തൊക്കെ സപ്പോര്‍ട്ട് വേണോ അതെല്ലാം ഷെരീഫ് തന്നു. കൂടെ നിന്നു. ഒരുപാട് ഫൈറ്റും സിറ്റുവേഷനുകളുമുള്ള സിനിമയായിട്ട് തന്നെയാണ് മാര്‍ക്കോ ആദ്യ ഘട്ടം മുതല്‍ തന്നെ പ്ലാന്‍ ചെയ്തത്. ഡിസ്കഷനുകളിലൂടെ അതിന്റെ ക്യാന്‍വാസും വലുതായി. മികച്ച ടെക്നീഷ്യന്മാരും കൂടി വന്നതോടെ സിനിമയുടെ ബഡ്ജറ്റും കൂടി. പക്ഷെ ക്വാളിറ്റിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത പ്രൊഡ്യൂസറെ കൂടി കിട്ടിയതുകൊണ്ട് ബഡ്ജറ്റ് ഒരു പ്രശ്നമായിരുന്നില്ല.
കലൈ കിംഗ്സൺ
മിഖായേല്‍ ചെയ്യുന്ന സമയത്ത് കലെെ കിംഗ്സൺ അതില്‍ അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്തിരുന്നു. അങ്ങനെ നേരത്തെ എനിക്ക് കലൈ കിംഗ്സണെ അറിയാമെങ്കിലും മാര്‍ക്കോ തുടങ്ങുന്ന സമയത്ത് റഫറന്‍സ് നോക്കാന്‍ പോലും അദ്ദേഹത്തിന്റെ ഒറ്റ സിനിമ റിലീസായിട്ടുണ്ടായിരുന്നില്ല. പക്ഷെ അദ്ദേഹവുമായി സംസാരിക്കുന്ന സമയത്ത് ആ ഒരു ഫയര്‍ എനിക്ക് മനസ്സിലായി.
വളരെ പ്രശസ്തരായ ഫൈറ്റ് മാസ്റ്റര്‍മാരെ കൊണ്ടുവരാന്‍ പ്രൊഡ്യൂസര്‍ റെഡി ആയിരുന്നു. പക്ഷെ എന്റെ ഒരു ആത്മവിശ്വാസമായിരുന്നു കലൈ തന്നെ മതി എന്നുള്ളത്. സിനിമ ഇറങ്ങിയതിന് ശേഷം എല്ലാവരും അദ്ദേഹത്തെ അഭിനന്ദിക്കുന്നത് കാണുമ്പോള്‍ വളരെയധികം സന്തോഷമുണ്ട്.
ഹനീഫ് അദേനി | ഫോട്ടോ: Special Arrangement
സാധാരണ സിനിമകളില്‍ കാണുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായ രീതിയിലുള്ള ഫെെറ്റുകൾ മാര്‍ക്കോയില്‍ വേണമെന്നുണ്ടായിരുന്നു. അത് അനുസരിച്ച് തന്നെയായിരുന്നു കൊറിയോഗ്രഫി ചെയ്തത്. മാസ്റ്റര്‍ വരുന്നതിന് മുന്‍പ് തന്നെ മൊത്തം ടീമിന് ഇതിനെപറ്റി നല്ല ധാരണയും ഉണ്ടായിരുന്നു. അത് കലൈയുടെ ഇന്‍പുട്ട് കൂടിയായപ്പോള്‍ വിചാരിച്ചതിനപ്പുറമുള്ള ഫൈറ്റുകള്‍ നമുക്ക് കിട്ടി.
അതുപോലെ ഫൈറ്റ് സീനുകള്‍ രൂപപ്പെടുത്തുന്നതില്‍ മങ്കിമാനും ജോണ്‍ വിക്കുമെല്ലാം നമ്മളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഇത്തരം ചിത്രങ്ങളിലുള്ളത് പോലെ നമ്മുടേതായ പരിമിതിയില്‍ നിന്നുകൊണ്ട് ഇന്റന്‍സായ ഫൈറ്റ് സീനുകള്‍ എടുക്കണം എന്ന ചിന്തയില്‍ നിന്നാണ് മാര്‍ക്കോയിലെ ഫൈറ്റ് സീനുകളുണ്ടാകുന്നത്.
മോസ്റ്റ് വയലന്റ് മൂവി
സെന്‍സറിങ് ഒരു വലിയ കടമ്പയായിരുന്നു. റിപ്പീറ്റ് ചെയ്തിട്ടാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. ഇത്തരം വയലന്റ് സീനുകള്‍ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നുള്ളതിന് ഒരു ആകാംക്ഷയുണ്ടായിരുന്നു. പിന്നെ ഇത് മുതിര്‍ന്നവര്‍ക്ക് മാത്രമുള്ള സിനിമയാണെന്ന് തുടക്കം മുതല്‍ തന്നെ ഞങ്ങള്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ നമ്മുടെ വീടുകളില്‍ രാത്രി 10-11 മണിക്ക് ശേഷം ക്രൈം ന്യൂസുകളില്‍ വരുന്ന അത്ര വയലന്‍സ് ഒന്നും മാര്ക്കോയിലില്ല.
സിനിമയിലെ സെന്‍സറിങ്
സെന്‍സര്‍ ബോര്‍ഡ് ഉള്ളതുകൊണ്ട് തന്നെ ആ നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് തന്നെ നമ്മള് സിനിമകള്‍ ചെയ്യേണ്ടി വരും. സെന്‍സര്‍ ബോര്‍ഡ് വേണോ വേണ്ടയോ എന്നുള്ളത് വലിയൊരു ചര്‍ച്ചയ്ക്കുള്ള വിഷയമാണ്. ആ ചര്‍ച്ചകള്‍ നടക്കട്ടെ എന്നുള്ളതാണ് എന്റെ അഭിപ്രായം. വ്യക്തിപരമായി പറയുകയാണെങ്കില്‍ സിനിമയ്ക്ക് സെന്‍സറിങ് പാടില്ല. ഒരു എഴുത്തുകാരന്റെയോ സിനിമ എടുക്കുന്നവരുടെയോ ആവിഷ്കാരസ്വാതന്ത്ര്യത്തെ അത് ബാധിക്കാന്‍ പാടില്ല. അല്ലെങ്കിൽ ആർ-സർട്ടിഫിക്കറ്റ് ഒക്കെ നൽകി കത്രിക വെക്കാതെ തന്നെ നമ്മുടെ ചിന്തയിലുള്ള സിനിമകൾ പ്രേക്ഷകരെ കാണിക്കാൻ സാധിക്കണം.
ഹനീഫ് അദേനി | ഫോട്ടോ: Special Arrangement
മാര്‍ക്കോ ശരിക്കും മുതിര്‍ന്നവര്‍ക്ക് വേണ്ടി മാത്രം സെര്‍ട്ടിഫൈ ചെയ്ത ചിത്രമാണ്. അത് കുട്ടികള്‍ കാണുന്നത് ഒട്ടും അഡൈ്വസിബിള് അല്ല. അങ്ങനെ തന്നെയാണ് ഞങ്ങള്‍ ഈ സിനിമയെ മാര്‍ക്കറ്റ് ചെയ്തതും. കുട്ടികള്‍ ഇത്തരം വയലന്‍സുകള്‍ കാണുന്നതിനോട് എനിക്കും ഒട്ടും യോജിപ്പില്ല. തീയേറ്ററുകളില്‍ സെര്‍ട്ടിഫിക്കറ്റ് കൊടുക്കുമ്പോഴും മറ്റ് മാധ്യമങ്ങളിൽ വരുന്ന കണ്ടന്റുകള്‍ക്ക് ഒന്നും യാതൊരു സെന്‍സറിങ്ങും നടക്കുന്നില്ല. പിന്നെ എന്തുകൊണ്ട് സിനിമയ്ക്ക് മാത്രം അത്തരത്തില്‍ സെന്‍സറിങ് ഏര്‍പ്പെടുത്തുന്നു എന്ന ചോദ്യമാണ് എനിക്കുള്ളത്.
സിനിമയിലെ ഗ്രാഫിക്സ്
മാര്‍ക്കോയെക്കുറിച്ച് പറയുമ്പോള്‍ നമ്മുടെ ഫൈറ്റ് മാസ്റ്ററെ പോലെ തന്നെ എടുത്തുപറയേണ്ട ആള്‍ക്കാരാണ് സി.ജി. ചെയ്ത പ്രശാന്ത്. അതുപോലെ തന്നെയാണ് ആര്‍ട്ട് ചെയ്ത സുനിലേട്ടന്. ഇവരൊക്കെ പുതിയ ആള്‍ക്കാരാണ്. മേക്കപ്പ് ചെയ്ത സുധി ക്യാമറ ചെയ്ത ചന്ദ്രു ഇവരെയൊക്കെ സംബന്ധിച്ചിടത്തോളം ഒരു ആക്ഷന്‍ പടം അവര്‍ ആദ്യമായിട്ട് ചെയ്തതാണ്. ഇവരെയൊക്കെ എനിക്ക് കാലങ്ങളായിട്ട് അറിയുന്ന എന്റെ ടീമിലുള്ള ആള്‍ക്കാരാണ്. അതുകൊണ്ട് തന്നെ അവരുടെ ഏറ്റവും ബെസ്റ്റ് ഔട്ട് എനിക്ക് ഇതില്‍ കിട്ടി എന്ന് ഞാന്‍ വിശ്വസിക്കുന്നു. അവരെ അവതരിപ്പിക്കാന്‍ എനിക്ക് സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്.
മാര്‍ക്കോയുടെ വിഎഫ്എക്സ് – സിജിഐ വര്‍ക്ക് ചെയ്ത പ്രശാന്ത് കഴിവുള്ള കലാകാരനാണ്. നമ്മള് പ്രതീക്ഷിച്ചതിനെക്കാള്‍ നല്ല ഔട്ട് ഉദ്ദേശിച്ചതിനെക്കാള്‍ നേരത്തെ വളരെ ഭംഗിയായിട്ടാണ് പ്രശാന്ത് ചെയ്തുതന്നത്. വലിയ പ്രതീക്ഷയാണ് പ്രശാന്തില്‍ എനിക്കുള്ളത്. അദ്ദേഹം ഇനി വരാനിരിക്കുന്ന വലിയ സിനിമകളുടെ ഭാഗമാകും എന്നെനിക്കുറപ്പാണ്. നമ്മുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് അന്താരാഷ്ട്ര നിലവാരമുള്ള സിനിമകള്‍ സൃഷ്ടിക്കാന്‍ സി.ജി.ഐ സപ്പോര്‍ട്ട് അത്യാവശ്യമാണ്.
ഹനീഫ് അദേനി | ഫോട്ടോ: Special Arrangement
സിനിമയുടെ തീമിന് അനുസരിച്ച് തന്നെ ആര്‍ട്ട് ചെയ്ത സുനിലേട്ടനും പ്രശാന്തും കോസ്റ്റ്യൂം ചെയ്ത ധന്യയുമൊക്കെ പ്രവർത്തിച്ചു. വസ്ത്രങ്ങളും സെറ്റ്വർക്കുകളുമൊക്കെ സിനിമയുടെ തീം എസ്റ്റാബ്ലിഷ് ചെയ്യാൻ സഹായിച്ചു. മൂന്നാറില്‍ ഷൂട്ട് ചെയ്തപ്പോള്‍ സാധാരണ ചെയ്യാറുള്ള പോലെ അവിടുത്തെ തേയിലത്തോട്ടങ്ങളൊന്നും നമ്മള് ഷൂട്ട് ചെയ്തിട്ടില്ല. വേറൊരു മൂഡ് ആയിരുന്നു നമുക്ക് ആവശ്യം. അക്കാര്യം ആദ്യം ലൊക്കേഷന്‍ കാണുമ്പോള്‍ തന്നെ തീരുമാനം ആയിരുന്നു. ആ കളര്‍ പാലറ്റില്‍ തന്നെ മറ്റ് ലൊക്കേഷനുകളും കൊണ്ടുവരാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പിന്നെ മാർക്കോയുടെ തിരക്കഥയൊരുക്കാനും പ്രീ പ്രൊഡക്ഷൻ, പ്രൊഡക്ഷൻ പ്ലാനിങ്ങിലുമൊക്കെ ഉപയോഗിച്ചത് സ്ക്രിപ്റ്റിൽ എന്ന സോഫ്റ്റ്വെയറാണ്. ഇത് ഒരുപാട് സമയം ലാഭിച്ചിട്ടുണ്ട്. ഇതെല്ലാം സിനിമയ്ക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരുടെയും വിജയമാണ് മാര്‍ക്കോ.
വില്ലന്മാരുടെ മാർക്കോ
ഞാന്‍ ജഗദീഷേട്ടനോടു കഥ പറയുമ്പോള്‍ തന്നെ അദ്ദേഹം വളരെ ത്രില്ലിലായിരുന്നു. ഇത്തരമൊരു കഥാപാത്രം ചെയ്യണം എന്ന വലിയ ആഗ്രഹം ജഗദീഷേട്ടനുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി അദ്ദേഹം വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്തുവരുന്നുണ്ട്.
കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ അഭിമന്യു എക്സൈറ്റഡ് ആയിരുന്നു. ‘ഞാന്‍ ഇങ്ങനെ ചെയ്യട്ടെ, അതോ അങ്ങനെ ചെയ്യട്ടെ?’ എന്നൊക്കെ അവന് ഫോണ്‍ വിളിച്ചൊക്കെ സംശയങ്ങള്‍ ചോദിക്കുമായിരുന്നു. ആ കഥാപാത്രമാകാന്‍ അവന് നന്നായി ശ്രമിച്ചു. ഡയലോഗുകളൊക്കെ അവന് ഇടയ്ക്ക് വിളിച്ചുചോദിക്കുമായിരുന്നു. എന്റെ ഒരു രീതി വെച്ച് ഞാന്‍ ഡയലോഗുകളൊന്നും ആര്‍ക്കും നേരത്തെ കൊടുക്കാറില്ല. അവന് എന്നോട് ഒരുപാട് വട്ടം ചോദിച്ചെങ്കിലും എനിക്ക് അതുകൊണ്ട് കൊടുക്കാന്‍ കഴിഞ്ഞില്ല. പക്ഷെ അഭിമന്യുവില്‍ എനിക്ക് കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു. അവന് റസ്സൽ എന്ന കഥാപാത്രം വളരെ കൂള്‍ ആയിട്ട് തന്നെ ചെയ്തു.
ഹനീഫ് അദേനി | ഫോട്ടോ: Special Arrangement
കബീര്‍ സിങ്, യുക്തി എന്നിവരൊക്കെ നമ്മുടെ കാസ്റ്റിംഗ് ഡയറക്ടര്‍ ഷമീം വഴിയാണ് മാര്ക്കോയിലെത്തിയത്. ഇവരെല്ലാം ഇതിനകം തന്നെ സിനിമയിലഭിനയിച്ചിട്ടുള്ള ആളുകളായിരുന്നതുകൊണ്ട് അവരെ ഈ കഥാപാത്രങ്ങളിലേക്ക് കൊണ്ടുവരാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.
അതുപോലെ ഇതില്‍ വിക്ടര്‍ എന്ന കഥാപാത്രം അഭിനയിച്ച ഇഷാന്. ഇഷാന്റെ ഒരു ഷോര്‍ട്ട് ഫിലിം ഞാന്‍ മുമ്പ് കണ്ടിരുന്നു. അതിലെ അഭിനയം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. വിക്ടര്‍ എന്ന അന്ധനായ കഥാപാത്രത്തിന് സ്ഥിരം കാണുന്ന രീതിയിലുള്ള കണ്ണടയോ ഒന്നും വേണ്ടെന്നും നാച്ചുറല്‍ ആയ രീതിയില്‍ തന്നെ കഥാപാത്രം ചെയ്യാനുമാണ് ഞാന്‍ പറഞ്ഞത്. അവന് അത് നന്നായി തന്നെ ചെയ്തിട്ടുണ്ട്. അന്ധനായിട്ടുള്ള ഒരു ക്യാരക്ടര്‍ ആദ്യമായി ചെയ്യുന്നു എന്ന ഒരു പ്രശ്നവുമില്ലാതെ ഇഷാന് അത് നന്നായി അവതരിപ്പിച്ചു.
അഭിന്യുവിന്റെയും ഇഷാന്റെയും കാര്യത്തില്‍ അവര്‍ക്ക് രണ്ട് പേര്‍ക്കും നല്ല ഭാവിയുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഓരോ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുമ്പോള്‍ അതൊക്കെ അവര്‍ വളരെ ഭംഗിയായിട്ട് തന്നെ ഫോളോ ചെയ്തിരുന്നു.
പൊതുപരിപാടിയിൽ പങ്കെടുക്കാത്തത്…
എന്റെ ഒരു കംഫര്‍ട്ട് സോണിന് പുറത്തായത് കൊണ്ടാണ് ഞാന്‍ ഈ ഇന്റര്‍വ്യൂവില്‍ പൊതുപരിപാടികളിലൊന്നും പങ്കടുക്കാത്തത്. നമ്മള് ഒരു സിനിമ ഷൂട്ട് ചെയ്യുമ്പോള്‍, 1000-2000 പേര് നമ്മള് മുന്നില്‍ വന്നാല്‍ പോലും നമ്മള് ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതുകൊണ്ട് മറ്റൊന്നും ചിന്തിക്കില്ല. എന്നാല്‍ 10 പേര് ഇരിക്കുന്ന ഒരു ചടങ്ങില്‍ ഔപചാരികമായി സംസാരിക്കാന്‍ എനിക്ക് ഇപ്പോഴും അറിയില്ല. അതുകൊണ്ട് തന്നെ ഔപചാരികമായ സ്ഥലങ്ങളെല്ലാം എനിക്ക് അണ്‍കംഫര്‍ട്ടബിള്‍ ആണ്. അതുകൊണ്ടാണ് ഞാന്‍ ഈ ഇന്റര്‍വ്യൂകളിലോ പൊതുപരിപാടികളിലോ ഒന്നും പങ്കെടുക്കാത്തത്.
മാര്‍ക്കോ 2-ല്‍ വിക്രം?
മാര്‍ക്കോ 2 എന്തായാലും ഉണ്ടാകും. അതില്‍ സംശയമില്ല. പക്ഷെ അതില്‍ വരുന്ന ആര്ട്ടിസ്റ്റുകളാരാണെന്നോ എന്താണെന്നോ ഒന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല. അതിന്റെ അപ്ഡേറ്റുകളൊക്കെ അതിന്റേതായ സമയത്ത് വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]