
തിരുവനന്തപുരം: ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ഇടകലര്‍ന്ന സംഗീതയാത്രയാണ് തന്റേതെന്ന് സംഗീത സംവിധായകന് വിദ്യാധരന് മാസ്റ്റര്‍. പ്രതീക്ഷയോടെ ചെയ്ത ചില പാട്ടുകള്‍ സിനിമയില്‍ ചിത്രീകരിക്കപ്പെട്ടതുപോലുമില്ല. മറ്റു ചിലത് ചിത്രീകരിക്കപ്പെട്ടെങ്കിലും പടങ്ങള്‍ വെളിച്ചം കാണാതെ പോയി. ഇനിയും ചിലത് സിനിമയില്‍ നിന്ന് സൗകര്യപൂര്‍വം ഒഴിവാക്കപ്പെട്ടു. എങ്കിലും നിരാശയില്ല. ആ പാട്ടുകള്‍ മലയാളികള്‍ ഹൃദയത്തില്‍ സ്വീകരിച്ചു എന്നതാണല്ലോ പ്രധാനമെന്ന് മാസ്റ്റര്‍ പറഞ്ഞു. കേരള നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന ‘കഥ പറയും പാട്ടുകള്‍’ എന്ന സംഗീതസംഭാഷണത്തില് രവി മേനോനുമായി സംസാരിക്കുകയിരുന്നു വിദ്യാധരന്. ഗായിക രാജലക്ഷ്മിയും പരിപാടിയില്‍ പങ്കെടുത്തു.
‘പി ഭാസ്കരന്റെ ക്ലാസിക് രചനയായ ‘സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം’ എന്ന ഗാനം ‘കാണാന്‍ കൊതിച്ച്’ എന്ന ചിത്രത്തിന് വേണ്ടി എഴുതിയതാണ്. ചാരുകേശി രാഗത്തിന്റെ വ്യത്യസ്ത ഭാവം ആവിഷ്കരിച്ച ‘കൃഷ്ണതുളസിയും മുല്ലയും’ എന്ന പാട്ട് ‘യാത്രാമൊഴി’ എന്ന പടത്തിന് വേണ്ടിയും. രണ്ടു സിനിമകളും പുറത്തിറങ്ങിയില്ല. ‘ഉത്തര’ത്തിലെ മഞ്ഞിന് വിലോലമാം എന്ന കാവ്യഗീതം ആസ്വദിച്ച് ചെയ്തതാണ്. സിനിമ വന്നപ്പോള്‍ പാട്ടുകളുടെ പൊട്ടും പൊടിയും മാത്രമേ അതിലുള്ളൂ’
മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് എനിക്കാണെന്നറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ പ്രയാസപ്പെട്ടു, മുന്‍പ് എന്റെ ഒരു പാട്ട് ദേശിയ അവാര്‍ഡിന്റെ അവസാന റൗണ്ട് വരെ എത്തി പിന്തള്ളപ്പെട്ട കഥയാണ് ഓര്‍മവന്നത്. പാദമുദ്രയിലെ അമ്പലമില്ലാതെ ആല്‍ത്തറയില്ലാതെ എന്ന പാട്ട് അവസാന നിമിഷം പിന്തള്ളപ്പെട്ടത് അതിന്റെ വരികളിലെ സഭ്യേതര പരാമര്‍ശം ചൂണ്ടിക്കാട്ടിയാണത്രേ. കാമനെ ചുട്ടൊരു കണ്ണില്‍ കനലല്ല കാമമാണിപ്പോള്‍ ജ്വലിപ്പതെന്നോ, കുന്നിന് മകളറിയാതെ ആ ഗംഗയ്ക്ക് ഒളിസേവ ചെയ്യുന്നു മുക്കണ്ണന് എന്ന വരികള്‍ ജൂറിയിലെ ഏതോ അംഗം വികലമായി തര്‍ജമ ചെയ്തു കൊടുത്തതാണത്രേ പ്രശ്നമായത്!, മാസ്റ്റര്‍ പറഞ്ഞു.
മലയാളികള്‍ ഹൃദയപൂര്‍വം സ്വീകരിച്ച കുറെ പാട്ടുകള്‍ ചെയ്തിട്ടും തന്നെ വിദ്യാസാഗര്‍ ആയി തെറ്റിദ്ധരിക്കുന്നവര്‍ ഇന്നുമുണ്ടെന്ന കാര്യം നര്‍മ്മമധുരമായി പങ്കുവെച്ചു വിദ്യാധരന് മാസ്റ്റര്‍. ‘ചിലരൊക്കെ വിദ്യാസാഗര്‍ അല്ലേ എന്ന് ചോദിച്ചുകൊണ്ടാണ് സംസാരം തുടങ്ങുക. ഒരാള്‍ വേദിയില്‍ എന്നെയിരുത്തി ദേവരാജന്‍ മാഷിന് സ്വാഗതം എന്ന് വരെ പറഞ്ഞിട്ടുണ്ട്. ഏറ്റവും അത്ഭുതപ്പെടുത്തിയത് അടുത്തിടെ ഒരാള്‍ വന്നു കൈ തന്ന് വാമനന് നമ്പൂതിരിയല്ലേ എന്ന് ചോദിച്ചതാണ്. എന്നാല്‍ അതിലൊന്നും പരാതിയില്ല. ആളെ അറിയില്ലെങ്കിലും പാട്ടുകള്‍ അറിയാമല്ലോ. എനിക്കത് തന്നെ ധാരാളം.’
അടുത്തിടെ വിട്ടുപിരിഞ്ഞ പ്രിയ സുഹൃത്ത് കൂടിയായ ജയചന്ദ്രനേയും മാസ്റ്റര്‍ അനുസ്മരിച്ചു. ‘തുറന്ന മനസ്സുള്ള ഗായകനായിരുന്നു ജയചന്ദ്രന്. മറ്റൊരാള്‍ പാടിയ പാട്ടാണെങ്കിലും അതിഷ്ടപ്പെട്ടാല്‍ വേദികളില്‍ കഴിയുന്നത്ര പാടി അവതരിപ്പിക്കാന്‍ മടിക്കാറില്ല അദ്ദേഹം. കാല്പ്പാന്തകാലത്തോളം എന്ന പാട്ട് ഏറ്റവുമധികം എന്നെ പാടിക്കേള്പ്പിച്ചിരിക്കുക ജയേട്ടനാകും. അതുപോലെ രാധാമാധവത്തില്‍ എം.ജി ശ്രീകുമാര്‍ പാടിയ ഒരു ഗാനം എന്നെ വേദിയില്‍ ഇരുത്തിത്തന്നെ അദ്ദേഹം പാടിക്കേള്‍പ്പിച്ചിട്ടുണ്ട്. അനസൂയ വിശുദ്ധമായ വ്യക്തിത്വങ്ങള്‍ക്കേ അത്രയും ഹൃദയവിശാലത കാണിക്കാനാകൂ. സിനിമയില്‍ എനിക്ക് വേണ്ടി അധികം പാടിയിട്ടില്ലെങ്കിലും ആല്‍ബങ്ങളില്‍ ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ളത് ജയേട്ടന്റെ ഭാവമധുരമായ ശബ്ദമാണ്. പ്രണയഗാനങ്ങളും ഭക്തിഗാനങ്ങളും ഉള്‍പ്പെടും അതില്‍. ജോണ്സണ് മാസ്റ്ററുടെ കൂടി ഓര്‍മ്മയാണ് എന്റെ ഗ്രാമത്തിലെ ആ പാട്ട്. ‘താന്‍ ആദ്യമായി സ്റ്റുഡിയോയില്‍ കണ്ടക്റ്റ് ചെയ്ത പാട്ട് കല്‍പ്പാന്ത കാലം ആണെന്ന് ജോണ്സണ് പറയാറുണ്ട്, മാസ്റ്റര്‍ പറഞ്ഞു.
പി ഭാസ്കരന്, മുല്ലനേഴി, ഒ എന്‍ വി തുടങ്ങിയ മഹാപ്രതിഭകളുമായി സഹകരിക്കാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ ഭാഗ്യമെന്ന് കരുതുന്നു വിദ്യാധരന്. ‘മൂളിക്കൊടുത്ത ഈണത്തിനനുസരിച്ച് പാടുവാനായ് വന്നു നിന്റെ പടിവാതില്ക്കല് എന്ന മനോഹരമായ കവിത തല്‍ക്ഷണം എഴുതിത്തന്ന് വിസ്മയിപ്പിച്ച ആളാണ് ഒ.എന്‍.വി. ആദ്യമെഴുതി ഈണമിട്ട കവിതയല്ല അത് എന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നും. അതുപോലെ വീണപൂവിലെ കന്നിമാസത്തില് എന്ന പുള്ളുവന്‍പാട്ട് മുല്ലനേഴി ഈണത്തിനനുസരിച്ചു കുറിച്ചതാണെന്ന് ആരെങ്കിലും വിശ്വസിക്കുമോ? ആ ഗാനത്തിലെ പുരുഷ ശബ്ദം യേശുദാസിന്റേതാണ് എന്ന് വിശ്വസിക്കാത്തവര്‍ ഇന്നുമുണ്ട്. അത്രയും ശബ്ദവ്യതിയാനത്തോടെ പൂര്‍ണ്ണമായി പാട്ടിന്റെ രൂപഘടനയും ഭാവവും ഉള്‍ക്കൊണ്ട് ദാസേട്ടന് പാടിയ പാട്ടാണത്, മാസ്റ്റര്‍ വിശദീകരിച്ചു. കല്പ്പാന്തകാലം ഉള്‍പ്പെടെ തന്റെ പ്രശസ്തഗാനങ്ങള്‍ എല്ലാം ഹാര്‍മോണിയം വായിച്ച് പാടി സദസ്സിനെ കേള്‍പ്പിക്കുക കൂടി ചെയ്താണ് വിദ്യാധരന് മാസ്റ്റര്‍ മടങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]