
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനുപിന്നാലെ മാലദ്വീപ് മന്ത്രി അബ്ദുല്ല മഹ്സൂം മാജിദ് എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ച പോസ്റ്റിനെത്തുടർന്നുണ്ടായ വിവാദത്തിൽ പ്രതികരണങ്ങളുമായി കൂടുതൽ പ്രമുഖർ രംഗത്ത്. ലക്ഷദ്വീപിനെ പിന്തുണച്ചുകൊണ്ട് ബിഗ് ബി അമിതാഭ് ബച്ചൻ എത്തിയിരിക്കുകയാണ്. മുൻ ഇന്ത്യൻ ക്രിക്കറ്റ്താരം വീരേന്ദർ സെവാഗിന്റെ എക്സ് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ഈ വിഷയത്തിൽ ബച്ചൻ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.
എല്ലാ വെല്ലുവിളികളേയും അവസരങ്ങളാക്കി മാറ്റാൻ ഇന്ത്യക്കറിയാമെന്നാണ് സെവാഗ് എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞത്. മാലദ്വീപ് മന്ത്രിമാർ നമ്മുടെ രാജ്യത്തിനും നമ്മുടെ പ്രധാനമന്ത്രിക്കും നേരെ നടത്തിയ ഈ കുത്തൽ, വിനോദസഞ്ചാരികളെ ആകർഷിക്കുന്നവിധത്തിൽ നമ്മുടെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും വിനോദസഞ്ചാരമേഖലയിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള മഹത്തായ അവസരം ആണ്. അധികമാരാലും പര്യവേക്ഷണം ചെയ്യപ്പെടാത്ത നിങ്ങളുടെ ഇഷ്ടസ്ഥലത്തിന്റെ പേര് പറയൂ എന്നും അദ്ദേഹം കുറിച്ചു.
ഇത് വളരെ പ്രസക്തവും നമ്മുടെ നാടിന്റെ ശരിയായ മനോഭാവവുമാണ് എന്നാണ് സെവാഗിന്റെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് അമിതാഭ് ബച്ചൻ എഴുതിയത്. ഞാൻ ലക്ഷദ്വീപിലും ആൻഡമാനിലും പോയിട്ടുണ്ട്. അതിശയിപ്പിക്കുന്ന മനോഹരമായ ലൊക്കേഷനുകൾ… അതിമനോഹരമായ കടൽത്തീരങ്ങളും വെള്ളത്തിനടിയിലുള്ള അനുഭവവും അവിശ്വസനീയമെന്നേ പറയേണ്ടൂ. നമ്മുടെ സ്വാശ്രയത്വം ചോദ്യം ചെയ്യപ്പെടരുത്. ബച്ചൻ കുറിച്ചു.
അബ്ദുല്ല മഹ്സൂം മാജിദിന്റെ സോഷ്യൽ മീഡിയാ പോസ്റ്റ് വിവാദമായതിനേത്തുടർന്ന് മാലദ്വീപിനെതിരെ ബഹിഷ്കരണാഹ്വാനവുമായി ബോളിവുഡ് താരങ്ങളടക്കം നിരവധി പേരാണ് രംഗത്തെത്തിയത്. നടന്മാരായ അക്ഷയ് കുമാർ, സൽമാൻ ഖാൻ, വരുൺ ധവാൻ, ശ്രദ്ധാ കപൂർ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ, വെങ്കടേഷ് പ്രസാദ് തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. അവധിയാഘോഷത്തിന് മാലദ്വീപിനുപകരം ഇന്ത്യൻ ദ്വീപുകൾ തിരഞ്ഞെടുക്കൂ എന്നായിരുന്നു ഇവർ ആഹ്വാനം ചെയ്തത്.
ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്നോർക്കലിങ്ങിന്റേതടക്കമുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മാലദ്വീപിന് ബദലായി മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന തരത്തിലുള്ള സോഷ്യൽ മീഡിയ ചർച്ചകളും വ്യാപകമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു മാലദ്വീപ് മന്ത്രിയുടെ ട്വീറ്റ്. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ പരിഹാസവുമായി മാലദ്വീപ് ഭരണകക്ഷി അംഗം രംഗത്തെത്തിയിരുന്നു. ഇതിന് ചുവടുപിടിച്ച് വൻതോതിലുള്ള തർക്കങ്ങളും സമൂഹ മാധ്യമങ്ങളിൽ അരങ്ങേറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മാലദ്വീപ് മന്ത്രിയുടെ പ്രതികരണവും. മാലദ്വീപിൽ പുതിയ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം ഇന്ത്യയുമായുള്ള ബന്ധം വഷളായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]