ആരാധകരെ ഏറെ അത്ഭുതപ്പെടുത്തിയായിരുന്നു നടന് നാഗചൈതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയ വാര്‍ത്തകള്‍ പുറത്തുവന്നത്. ആഗസ്റ്റിലായിരുന്നു ഇരുവരുടെയും നിശ്ചയം. ഇരുവരുടേയും വിവാഹം ഡിംസബര്‍ നാലിന് ഹൈദരാബാദില്‍ വെച്ച് നടക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയായിരിക്കും വിവാഹവേദി. നാലോ അഞ്ചോ വേദി ഇവരുടെ മുന്നിലുണ്ടായിരുന്നുവെങ്കിലും വരനും വധുവും അന്നപൂര്‍ണ തിരഞ്ഞെടുക്കുകയായിരുന്നു.
അക്കിനേനി കുടുംബവുമായി ഏറെ വൈകാരിക ബന്ധമുള്ള സ്റ്റുഡിയോയാണ് അന്നപൂര്‍ണ. അതുകൊണ്ടുതന്നെ തന്റെ വിവാഹ ജീവിതം ഇവിടെനിന്ന് തുടങ്ങണമെന്ന് നാഗചൈതന്യ ആവശ്യപ്പെട്ടുവെന്നാണ് കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ചൂണ്ടിക്കാട്ടി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. അന്നപൂര്‍ണയില്‍ നടന്ന എ.എന്‍.ആര് നാഷണല്‍ അവാര്‍ഡ് ചടങ്ങിനിടെ വധു അക്കിനേനി കുടുംബത്തോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ഫോട്ടോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
നടി സാമന്തയായിരുന്നു നാഗചൈതന്യയുടെ ആദ്യഭാര്യ. 2017-ല്‍ വിവാഹിതരായ ഇവര്‍ നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറില്‍ വേര്‍പിരിഞ്ഞതായി പ്രഖ്യാപിച്ചു. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം നടന്നത്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട വിവാഹമായിരുന്നു നാഗചൈതന്യയുടേയും സാമന്തയുടേയും.
വിവാഹശേഷം സാമന്ത തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ പേരിനൊപ്പം നാഗചൈതന്യയുടെ കുടുംബപ്പേരായ അക്കിനേനി ചേര്‍ത്തിരുന്നു. ഈ പേര് സാമന്ത സ്വന്തം അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്തതോടെയാണ് വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ ശക്തമായത്. ഒടുവില്‍ എല്ലാത്തിനും അവസാനമിട്ട് സംയുക്തമായാണ് രണ്ടുപേരും തങ്ങള്‍ വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]