![](https://newskerala.net/wp-content/uploads/2024/11/1731407625_Rupali-Ganguly-1024x576.jpg)
തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഭര്‍ത്താവിന്റെ ആദ്യവിവാഹത്തിലെ മകളായ ഇഷ വര്‍മയ്ക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ചെയ്ത് നടി രുപാലി ഗാംഗുലി. ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നും ഇതുകാരണം വ്യക്തിപരമായും പ്രൊഫഷണല്‍ രംഗത്തും തന്റെ സല്‍പ്പേരിന് കളങ്കമുണ്ടായെന്നും ഇതിന് നഷ്ടപരിഹാരമായി 50 കോടി രൂപ നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. പ്രമുഖ അഭിഭാഷകയായ സന റയീസ് ഖാന് മുഖേനയാണ് നടി രുപാലി ഗാംഗുലി ഇഷ വര്‍മയ്ക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ചെയ്തത്.
രുപാലിയുടെ ഭര്‍ത്താവ് അശ്വിന് വര്‍മയുടെ ആദ്യവിവാഹത്തിലെ മകളാണ് ഇഷ വര്‍മ. അച്ഛനും തന്റെ അമ്മയും വേര്‍പിരിയാന്‍ കാരണം രണ്ടാനമ്മയായ രുപാലി ഗാംഗുലിയാണെന്നായിരുന്നു ഇഷ വര്‍മയുടെ ആരോപണം. രുപാലി ഗാംഗുലി മാനസികമായി ശാരീരികമായും തന്നെയും തന്റെ അമ്മയായ സപ്ന വര്‍മയെയും ഒരുപാട് ഉപദ്രവിച്ചിട്ടുണ്ടെന്നും ഇഷ ആരോപിച്ചിരുന്നു. 2020-ല്‍ ഇതേ കാര്യം ആരോപിച്ച് ഇഷ വര്‍മ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. ഇത് വീണ്ടും ഓണ്‍ലൈനില്‍ പ്രചരിച്ചതോടെയാണ് ഇഷ വര്‍മ ആരോപണങ്ങള്‍ ആവര്‍ത്തിച്ചത്.
തന്റെ അമ്മയുമായി ദാമ്പത്യബന്ധം നിലനില്‍ക്കെ തന്നെ അച്ഛന് രുപാലിയുമായി ബന്ധമുണ്ടായിരുന്നെന്നും ഇഷ പറഞ്ഞിരുന്നു. രുപാലി ഗാംഗുലി തനിക്കും തന്റെ അമ്മയ്ക്കും നേരേ വധഭീഷണി മുഴക്കിയതായും ഇഷ വര്‍മ ആരോപിച്ചിരുന്നു.
അതേസമയം, രുപാലി ഗാംഗുലി മാനനഷ്ടക്കേസ് ഫയല്‍ചെയ്തതിന് പിന്നാലെ കഴിഞ്ഞദിവസം ഇതേ ആരോപണങ്ങള്‍ ഉന്നയിച്ച് പോസ്റ്റ് ചെയ്ത വീഡിയോ ഇഷ വര്‍മ ഇന്‍സ്റ്റഗ്രാമില്‍നിന്ന് നീക്കംചെയ്തിട്ടുണ്ട്. ഇതിനുപുറമേ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇഷ വര്‍മ പ്രൈവറ്റാക്കുകയുംചെയ്തു.
അശ്വിന് വര്‍മ-സപ്ന വര്‍മ ദമ്പതിമാരുടെ മകളാണ് ഇഷ വര്‍മ. 2008-ല്‍ അശ്വിനും സപ്നയും വേര്‍പിരിഞ്ഞു. തുടര്‍ന്ന് 2013-ലാണ് അശ്വിന് വര്‍മയും നടി രുപാലി ഗാംഗുലിയും വിവാഹിതരായത്. ഇവര്‍ക്ക് ഒരു മകനുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]