കഴിഞ്ഞ ദിവസമാണ് തന്നെ ഇനി മുതല്‍ ഉലകനായകന് എന്ന് വിളിക്കരുത് എന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ചലച്ചിത്രമേഖലയിലെ ബഹുമുഖപ്രതിഭയായ കമല്‍ ഹാസന് ആരാധകരെ ഞെട്ടിച്ചത്. സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച കുറിപ്പിലായിരുന്നു കമല്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ഇനി മുതല്‍ കമല്‍ ഹാസന്, കമല്‍, കെ.എച്ച് എന്നീ പേരുകളിലൊന്ന് തന്നെ വിളിച്ചാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കമല്‍ ഹാസനേക്കാള്‍ മുമ്പ് ടൈറ്റില്‍ പേര് ഉപേക്ഷിച്ച മറ്റൊരു താരം തമിഴിലുണ്ട്. തല അജിത്ത്. അല്ല, അജിത്ത് കുമാര്‍. 2021-ലാണ് അജിത്ത് തന്റെ ‘തല’ വെട്ടിയത്! വലിമൈ എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായാണ് അജിത്ത് ആരാധകരോടും സുഹൃത്തുക്കളോടുമായി അഭ്യര്‍ഥന നടത്തിയത്. തന്നെ ഇനി മുതല്‍ തല എന്നോ മറ്റ് വിശേഷണങ്ങളോ വിളിക്കരുതെന്നും അജിത്ത് കുമാര്‍ എന്നോ എ.കെ. എന്നോ മാത്രം വിളിച്ചാല്‍ മതിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ഥന.
രണ്ട് പതിറ്റാണ്ടോളം നെറ്റിപ്പട്ടം പോലെ കൊണ്ടുനടന്ന തലയെന്ന ടൈറ്റില്‍ അജിത്ത് ഉപേക്ഷിക്കാന്‍ വ്യക്തമായ കാരണം അന്ന് പുറത്തുവന്നിരുന്നില്ല. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കങ്സ് (സി.എസ്.കെ) താരവുമായ മഹേന്ദ്രസിങ് ധോണിയേയും ആരാധകര്‍ തലയെന്നാണ് വിശേഷിപ്പിക്കുന്നത്. ഇരുവരുടേയും ആരാധകര്‍ തമ്മില്‍ സൈബര്‍ ലോകത്ത് നടക്കുന്ന യുദ്ധമാണ് അജിത്ത് ടൈറ്റില്‍ ഉപേക്ഷിക്കാന്‍ കാരണമെന്നായിരുന്നു അന്നത്തെ ഊഹാപോഹം.
അജിത്തും കമല്‍ ഹാസനും തങ്ങളുടെ ‘വിശേഷണങ്ങള്‍’ ഉപേക്ഷിച്ചെങ്കിലും രസകരമായ വിശേഷണങ്ങളുമായി വെള്ളിത്തിരയിലെത്തുന്ന ഒട്ടേറെ താരങ്ങള്‍ തെന്നിന്ത്യയിലുണ്ട്. കങ്കുവ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയെ പിടിച്ചുകുലുക്കാനൊരുങ്ങുന്ന സൂര്യയെ ‘നടിപ്പിന് നായകന്’ എന്നാണ് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്നത്. 2001-ല്‍ പുറത്തിറങ്ങിയ നന്ദ എന്ന ചിത്രം മുതലാണ് അദ്ദേഹത്തിന് ഈ വിശേഷണം ലഭിച്ചത്.
സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന് പ്രഖ്യാപിച്ച വിജയ് ‘ദളപതി’ (നേതാവ്) എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. 1994-ലെ രസിഗന്‍ എന്ന ചിത്രത്തിനുശേഷം ‘ഇളയ ദളപതി’ എന്നാണ് വിജയ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ 2010-ന് ശേഷം അത് ദളപതിയായി മാറുകയായിരുന്നു. കോളിവുഡിന്റെ ദളപതി ടി.വി.കെയിലൂടെ തമിഴ്നാടിന്റെ ദളപതിയായി മാറുമോ എന്നാണ് ഏവരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
രജനികാന്ത് എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെയെല്ലാം മനസിലേക്ക് ഓടിയെത്തുന്നത് രജനി ചിത്രങ്ങളുടെ തുടക്കത്തില്‍ കാണിക്കുന്ന ആ ടൈറ്റില്‍ കാര്‍ഡും മ്യൂസിക്കുമാണ്. സൂപ്പര്‍ സ്റ്റാര്‍ എന്ന ടൈറ്റില്‍ സ്ക്രീനില്‍ തെളിഞ്ഞുവരുമ്പോള്‍ തന്നെ ആരാധകരില്‍ അത് അഡ്രിനാലിന്‍ റഷ് ഉണ്ടാക്കുന്നു. തലൈവ, സ്റ്റൈല്‍ മന്നന് എന്നീ വിശേഷണങ്ങളും രജനികാന്തിന് ആരാധകര്‍ക്കിടയിലുണ്ട്.
വ്യത്യസ്തമായ വേഷങ്ങളിലൂടെ താരമായ വിക്രം ചിയാന്‍ എന്ന ടൈറ്റിലിന് ഉടമയാണ്. മക്കള്‍ സെല്വന് എന്നാണ് വിജയ് സേതുപതിയുടെ വിശേഷണം. അര്ജുന് അറിയപ്പെടുന്നത് ആക്ഷന്‍ കിങ് എന്നാണ്. മലയാളത്തിലൂടെ വെള്ളിത്തിരയിലെത്തി തമിഴ്നാടിന്റെ ഹൃദയത്തില്‍ ഇടം പിടിച്ച നയന്‍ താരയെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. തെന്നിന്ത്യയുടെ റാണി എന്നാണ് തൃഷ അറിയപ്പെടുന്നത്.
എസ്.ജെ. സൂര്യ – നടിപ്പ് അരക്കന്‍, കാര്‍ത്തി – ഗോള്‍ഡന്‍ സ്റ്റാര്‍, ശരത് കുമാര്‍ – സുപ്രീം സ്റ്റാര്‍, വിശാല്‍ – പുരട്ചി ദളപതി, പ്രഭു – ഇളയ തിലകം, സത്യരാജ് – പുരട്ചി തമിഴന്, കാര്‍ത്തിക് – നവരസ നായകന് എന്നിങ്ങനെയാണ് മറ്റ് കോളിവുഡ് താരങ്ങളുടെ ടൈറ്റില്‍ പേരുകള്‍.
മണ്മറഞ്ഞുപോയ തമിഴ് താരങ്ങള്‍ക്കും ഇതുപോലെ പേരുകള്‍ ഉണ്ടായിരുന്നു. എം.ജി.ആര് – നടികര്‍ തിലകം, ജെമിനി ഗണേശന് – കാതല്‍ മന്നന്,
വിജയകാന്ത് – പുരട്ചി കലൈഞ്ജര്‍ / ക്യാപ്റ്റന്‍, എസ്.എസ്. രാജേന്ദ്രന് – ലച്ചിയ നടികര്‍ എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ടവ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]