
കുട്ടിക്കാനം മരിയന്‍ കോളേജിലെ മാധ്യമ പഠനവിഭാഗവും കുട്ടിക്കാനം മെഡിയോസ് ടോക്കീസ് ഫിലിം സൊസൈറ്റിയും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ (കേരളം) യുടെയും സംയുക്ത പങ്കാളിത്തത്തോടുകൂടി നടത്തുന്ന ആറാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള (കിഫ്) നവംബര്‍ 8, 9, 10, 11 തീയതികളില്‍ മരിയന്‍ കോളേജില്‍ നടക്കും. നവംബര്‍ 9 ന് നടക്കുന്ന സമ്മേളനത്തില്‍ പ്രശസ്ത സംവിധായകനും അഭിനേതാവുമായ ജോണി ആന്റണി മേള ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിന് ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. പീരുമേട് എം എല്‍ എ വാഴൂര്‍ സോമന്, കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. അജിമോന് ജോര്‍ജ് എന്നിവരും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും പ്രതിനിധികളും ചടങ്ങില്‍ സംസാരിക്കും.
മേളയുടെ ഭാഗമായി സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബി, ഡയറക്ടറും ഛായാഗ്രാഹകനുമായ സണ്ണി ജോസഫ് എന്നിവര്‍ നയിക്കുന്ന മാസ്റ്റര്‍ ക്ലാസുകള്‍, ഓപ്പണ്‍ ഫോറം, വിവിധ കലാപരിപാടികള്‍ എന്നിവയും ഉണ്ടായിരിക്കുന്നതാണ്. യുദ്ധങ്ങളുടെ പരിണിത ഫലങ്ങള്‍ ഇത്തവണത്തെ വിഷയമായതിനാല്‍ ‘കിഫ് – കലിംഗ’ എന്നാണ് മേളയ്ക്കു പേരു നല്‍കിയിരിക്കുന്നത്. മേളയുടെ ഭാഗമായി പതിവായി നടത്തിവരുന്ന ഹ്രസ്വചലച്ചിത്ര മത്സരം ഇത്തവണയും ഉണ്ടായിരിക്കുന്നതാണ്. മികച്ച ചിത്രത്തിന് 10000 രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്ന പുരസ്കാരം ലഭിക്കും.
ഇടുക്കി ജില്ലയില്‍ കലാമൂല്യമുള്ള നല്ല സിനിമകള്‍ക്ക് പ്രദര്‍ശനവേദി ഉണ്ടാകണമെന്നുള്ള ലക്ഷ്യത്തിലാണ് 2018 ല്‍ കിഫ് ആരംഭിക്കുന്നത്. കാലാകാലങ്ങളില്‍ ഉണ്ടാകുന്ന സാമൂഹികമാറ്റങ്ങളെ സിനിമകളിലൂടെ അഭിസംബോധന ചെയ്യുന്നതില്‍ മേള ഇതിനോടകം തന്നെ വിജയിച്ചിട്ടുണ്ട്. 2018 ല്‍ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്ന ചിത്രങ്ങളുമായി ‘മല്‍ഹാര്‍’, 2019 ല്‍ അധികാരത്തിന്റെ സെന്‍സര്‍ കത്രികകള്‍ക്കെതിരെ സംസാരിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ‘കത്രിക’, 2020 ല്‍ ചാപ്പകുത്തപ്പെടുന്ന മനുഷ്യരുടെ ജീവിതപരിവേദനങ്ങള്‍ അവതരിപ്പിച്ച ‘ചാപ്പ’, 2021 ല്‍ കോവിഡ് പശ്ചാത്തലത്തില്‍ പ്രതിസന്ധികള്‍ക്കു ശേഷം തീരത്തണയുന്ന ജനതയുടെ ചിത്രം വരച്ചിടുന്ന ‘തീരം’, 2022 ല്‍ സ്നേഹത്തിന്റെ വിവിധ ഭാവങ്ങള്‍ അവതരിപ്പിച്ച ‘സിര’ എന്നിവയായിരുന്ന കിഫിന്റെ മുന്‍പതിപ്പുകള്‍. സംവിധായകന് ഡോ. ബിജു, എഡിറ്റര്‍ രഞ്ജന്‍ എബ്രാഹം, കവി വയലാര്‍ ശരത്ചന്ദ്രവര്‍മ്മ , തിരക്കഥാകൃത്ത് ഷാഹി കബീര്‍ തുടങ്ങിയവര്‍ മുന്‍കാലങ്ങളില്‍ മേളയിലെത്തുകയും ഡെലിഗേറ്റുകളുമായി സംവദിക്കുകയും ചെയ്തിട്ടുണ്ട്.
കിഫിന്റെ ആറാം പതിപ്പില്‍ യുദ്ധങ്ങളുടെ വിവിധ ഭാവങ്ങള്‍ രേഖപ്പെടുത്തുന്ന 23 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുക. വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് സിനിമാ ആസ്വാദകര്‍ക്കും മേളയില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് 250 രൂപയും മറ്റുള്ളവര്‍ക്ക് 300 രൂപയുമാണ് പ്രവേശന ഫീസ് . ആവശ്യക്കാര്‍ക്കായി മിതമായ നിരക്കില്‍ ഭക്ഷണ താമസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്. മേളയില്‍ പങ്കെടുക്കുന്നതിനും ഹ്രസ്വചിത്രങ്ങള്‍ സമര്‍പ്പിക്കുന്നതിനും www.mediostalkies.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9562779455 എന്ന നമ്പറില്‍ ബന്ധപ്പെടുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]